Saturday 26 December 2020

റാമായിലെ കരച്ചിലുകൾ അവസാനിക്കുന്നില്ല.!

 

ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഡിസംബർ 27 ഒരു കൂട്ടക്കൊലയെ സ്മരിക്കുന്ന ദിവസമാണ്. ശിശുവധമെന്ന് പറയുന്നു. (Massacre of the innocents). റോമൻ രീതിയിൽ അത് ഡിസംബർ 28-നും കിഴക്കൻ രീതിയിൽ അത് ഡിസംബർ 29 നും ആണ്. യേശുവിനെ കാണുവാൻ ബേതലഹേമിലേക്ക് പുറപ്പെട്ട ജ്ഞാനികൾ വഴി തെറ്റി ഹെറോദോസിൻ്റെ (King Herod, the Great BC 37 - 4) കൊട്ടാരത്തിൽ എത്തിചേരുന്നു. അവിടെ വച്ച് മ്ശിഹായുടെ ജനനം നടക്കേണ്ടത് ബേതലഹേമിലാണ് എന്ന് മനസിലാക്കിയ അവർ അവിടേക്ക് പോകുമ്പോൾ കുട്ടിയെ കണ്ടെത്തിയാൽ തന്നെയും അറിയിക്കണമെന്ന് ഹെറോദോസ് ഉപദേശിക്കുന്നു. എന്നാൽ കുട്ടിയെ വകവരുത്തുകയാണ് ഹെറോദോസിൻ്റെ പദ്ധതിയെന്നു മനസിലാക്കിയ ജ്ഞാനികൾ കുട്ടിയെ കണ്ടതിനു ശേഷം വേറെ ഒരു വഴിയിലൂടെ അവരുടെ ദേശത്തിലേക്ക് മടങ്ങി പോയി. ഇതിൽ കുപിതനായ ഹേറോദോസ് ബേതലഹേമിലും അതിൻ്റെ നാലതിരുകളിലും ആളയച്ചു രണ്ട് വയസ്സിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങളെയും കൊന്നുകളഞ്ഞു. ഇതാണ് ശിശുവധത്തെപ്പറ്റി ബൈബിൾ നൽകുന്ന വിവരണം.
എന്നാൽ ജോസീഫസ് ഉൾപ്പെടെയുള്ള ചരിത്രകാരൻമാരും ഹെറോദോസിൻ്റെ ചരിത്രകാരൻമാരും ഈ സംഭവത്തെപ്പറ്റി മൗനമാണ് പുലർത്തുന്നത്. അതിനാൽ തന്നെ ഈ വധം ചരിത്രമല്ല ബൈബിളിൽ മാത്രമുള്ള ഒരു ചിത്രീകരണമാണെന്ന വാദം ശക്തമായി നിലവിലുണ്ട്. എന്നാൽ അധികാരം നഷ്ടമാകുമെന്ന ഭീതിയിൽ തൻ്റെ തന്നെ മൂന്ന് മക്കളെ ഹെറോദോസ് കൊന്നു കളഞ്ഞത് ജോസീഫസ് തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിനാൽ തന്നെ ഇത്തരം ഒരു പ്രവൃത്തിക്ക്‌ ഹെറോദോസിന് മടിയുണ്ടാകും എന്നു കരുതാനാകില്ല. മാത്രമല്ല അക്കാത്തെ ജനസംഖ്യയുടെ തോത് വച്ച് പരിശോധിച്ചാൽ രണ്ട് വയസിൽ താഴെയുള്ള പരമാവധി 10-12 കുട്ടികളെ മാത്രമാണ് ഹെറോദോസ് കൊന്നു കളഞ്ഞിരിക്കാൻ സാധ്യത. അത് പ്രാധാന്യമുള്ളതായി ജോസിഫസ് കണ്ടിരിക്കാൻ വഴിയില്ല എന്ന വാദവും മുഖവിലയ്ക്കെടുക്കാവുന്നത്. ജോസീഫസ് അങ്ങനെ അപ്രധാനമായി കരുതിയ മറ്റ് പല പ്രധാന സംഭവങ്ങളും ഉണ്ട് എന്ന വസ്തുതയും ഇതുമായി കൂട്ടിവായിക്കാം
'റാമായിൽ വലിയ കരച്ചിൽ കേട്ടു' എന്ന ജെറമിയായുടെ പ്രവചനമാണ് നിറവേറിയത് എന്ന് ബൈബളിൽ കാണുന്നു. കുരുന്നുകളുടെയും അവരുടെ മാതാപിതാക്കളുടെയും പ്രലാപം ബേതലഹേമിനെ പ്രകമ്പനം കൊള്ളിച്ചുവത്രെ. എന്നാൽ ആ വിലാപം ഇന്നും തുടരുകയല്ലെ വാസ്തവത്തിൽ.?
ഏതു കെടുതിയും; അത് യുദ്ധമായിക്കൊള്ളട്ടെ, ക്ഷാമമായിക്കൊള്ളട്ടെ ആദ്യം ബാധിക്കുന്ന ഒരു കൂട്ടർ കുഞ്ഞുങ്ങളാണ്. യുനീസെഫിൻ്റെ കണക്കുകൾ പ്രകാരം 2017 വരെ 1000 - ലധികം കുഞ്ഞുങ്ങളാണ് അമേരിക്ക - ഇറാഖ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. പരുക്കേറ്റവർ 1500 ഓളവും. ഇന്നും പശ്ചിമേഷ്യ സംഘർഷത്തിലാണ്. യു. എന്നിൻ്റെ തന്നെ 2018 - ലെ ഒരു കണക്കു പ്രകാരം ആ വർഷം മാത്രം അറുപതോളം കുട്ടികളാണ് ഇസ്രായേൽ - പാലസ്തീൻ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. രണ്ടായിരത്തിലധികം കുട്ടികൾക്കു പരിക്കുപറ്റി. 2013 നും 2017 നുമിടയ്ക്ക് 10 രാജ്യങ്ങളിൽ മാത്രം ആറ് ലക്ഷത്തോളം കുട്ടികളാണ് മരിച്ചത്. 'Save the Children' റിപ്പോർട്ടുകൾ പ്രകാരം 2017 മുതൽ ലോകത്തിൽ 420 മില്യണ് കുട്ടികൾ ജീവിക്കുന്നത് യുദ്ധ മേഖലയിലാണ്. അഫ്ഗാനിസ്ഥാൻ, സെൻട്രൽ ആഫ്രിക്ക റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോ, ഇറാഖ്, മാലി,നൈജീരിയ, സൗത്ത് സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിലെ കുട്ടികളാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. ഏറ്റവും സുന്ദരകാലമായ ബാല്യം ശപിക്കപ്പെട്ടതായി തോന്നുന്നവരാണ് സിറിയ ഉൾപ്പെടെയുള്ള നാടുകളിലെ കുട്ടികൾ.
യുദ്ധം അവസാനമാർഗമാകട്ടെ എന്നു പറയുന്നതിൻ്റെ ഒരു പ്രധാനകാരണവും ഇതൊക്കെ തന്നെയാണ്. തങ്ങൾ എന്തിന് കൊല ചെയ്യപ്പെട്ടു എന്ന് അറിയാതെ മരിച്ചു വീഴുന്ന കുട്ടികൾ മാനവരാശിയുടെ തന്നെ ശാപവും വേദനയുമാണ്. പ്രതീക്ഷാനിർഭരമായ ഒരു ഭാവിയെ നോക്കിക്കണ്ട് നമ്മുടെ കുട്ടികൾ വളരട്ട്. സ്നേഹവും സഹവർത്തിത്വവും സാഹോദര്യവും നമ്മെ ഭരിക്കട്ട്. റാമായിലെ വിലാപങ്ങൾ എന്നേക്കുമായി ഒടുങ്ങട്ട്.
ഡെറിൻ രാജു
27.12.2020

Friday 25 December 2020

ഈ കെട്ടകാലത്തിനപ്പുറത്തേക്ക് പ്രതീക്ഷയോടെ...

 കാലാതിവർത്തിയായ ബോദ്ധ്യങ്ങളെ നിർമ്മിച്ച വലിയ തച്ചൻ്റെ ജൻമദിനമാണ്.

എന്താണ് ഈ ദിവസം ചിന്തിക്കേണ്ടത്? ഒരുപാടുണ്ട്; എങ്കിലും ആ ജീവിതത്തെ ആകെ ഒന്ന് ഓർക്കാതെ പോകുന്നത് എങ്ങനെ? തൻ്റെ ജീവിതത്തിലുടെനീളം ദരിദ്രരോടും ഓരം ചേർക്കപ്പെട്ടവരോടും അവനോളം താദാത്മ്യം പ്രാപിച്ച മറ്റാരുണ്ട്? ഒരു സത്രം പോലും ലഭ്യമാകാതെ പലായനമദ്ധ്യേ ആരുടെയോ കാലിത്തൊഴുത്തിൽ പിറന്നു വീണ ഒരു അഭയാർഥി. വീണ്ടും കാലമധികമാവാതെ തന്നെ ഈജിപ്തിലേക്കുള്ള ഓടിപ്പോകൽ. ദരിദ്രരോട് സുവാർത്തകൾ അറിയിക്കുക എന്നത് തൻ്റെ നിയോഗമായി കരുതിയ വിപ്ലവകാരി. അവസാനം മറ്റാരോ മറ്റാർക്കോ വേണ്ടി നിർമ്മിച്ച കല്ലറയിൽ ഉറങ്ങേണ്ടി വന്ന അഗതി. ബേതലഹേം മുതൽ കാൽവറിയോളം അവൻ അഗതിയായി; അഭയാർഥിയായി.
അവൻ പറഞ്ഞ ഗഹനകാര്യങ്ങളോളം ഒരുപക്ഷേ മറ്റാരും പറഞ്ഞു കാണില്ല. എന്നാൽ അതിൻ്റെ കാതലറിഞ്ഞത് വേശ്യയും കള്ളനും ചുങ്കക്കാരനുമൊക്കെയായിരുന്നു. കാരണം അവൻ പറഞ്ഞ സകലതും തൻ്റെ സ്നേഹമതത്തിൽ അധിഷ്ഠിതമായിരുന്നു. അന്യോന്യം സ്നേഹിപ്പിൻ! സ്നേഹിപ്പിൻ എന്നവൻ എത്ര തവണ പറഞ്ഞിരിക്കുന്നു. ആ സ്നേഹത്തിൻ്റെ കരുത്തറിഞ്ഞ ഒരുവൻ പിന്നീട് എഴുതി 'ദൈവം തന്നെ സ്നേഹമാകുന്നു.'
സകല പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും മദ്ധ്യേ അക്ഷോഭ്യയായി നിന്ന അവൻ്റെ അമ്മയെക്കൂടി ഓർക്കാതെ ഈ ദിവസം എങ്ങനെ കടന്നു പോകാനാണ്? ബേതലഹേമിലെ കല്ലടാവിൽ അവൾ അണിഞ്ഞ അതേ ഭാവമല്ലെ കാൽവറിയിലും നമ്മൾ കണ്ടത്. എങ്കിലും 'ആ തലതെറിച്ചവൻ്റെ അമ്മ'യെന്ന പരിഹാസം എത്ര തവണ അവൾ കേട്ടിരിക്കാം. എന്നാൽ പുൽക്കൂട് മുതൽ കല്ലറ വരെ അവൾ അക്ഷോഭ്യയായി. മകൻ മുന്നോട്ട് വച്ച സ്നേഹമതം തന്നെ ആ അമ്മയും പുലർത്തി പോന്നിരിക്കാം.ഒരു പക്ഷേ അത് അമ്മയിൽ നിന്ന് പഠിച്ചതുമാകാം.
ആ സ്നേഹചിന്ത തന്നെയാകട്ടെ ഈ ക്രിസ്തുമസിൻ്റെ സന്ദേശവും. സ്പർദ്ധയും വെറുപ്പും വിദ്വേഷവും കുടഞ്ഞെറിഞ്ഞ് ഈ കെട്ടകാലത്തിനപ്പുറത്തേക്ക് പ്രതീക്ഷയോടെ നമുക്ക് കടന്നു ചെല്ലാം.
ക്രിസ്തുമസ് ആശംസകൾ..
ഡെറിൻ രാജു
ക്രിസ്മസ്, 2020

Tuesday 22 December 2020

വൈകി വന്ന നീതി

 28 വർഷങ്ങൾക്കിപ്പുറം സിസ്റ്റർ അഭയയ്ക്ക് നീതി കിട്ടുമ്പോൾ സംഘടിത മതങ്ങൾ പൊതു സമൂഹത്തിൽ സൃഷ്ടിക്കുന്ന അദൃശ്യമായ secure bubble -ളുകൾ വളരെ അപൂർവ്വമായെങ്കിലും ഒന്നു പൊട്ടി പോവുകയാണ്. പൗരോഹിത്യ ദുഷ്പ്രഭുത്വത്തിൻ്റെ ഒരിരയ്ക്കെങ്കിലും നീതി കിട്ടുന്നു എന്നതും ആശ്വാസകരമാണ്. പൗരോഹിത്യത്തിന് സംഭവിക്കുന്ന അപചയങ്ങൾ അതത് സമൂഹങ്ങളോ മതങ്ങളോ മൂടിവച്ച് ഇല്ലാതാക്കുന്ന സംഭവങ്ങൾ ഈ 2020 ലും എത്രയധികമാണ്! മതമെന്ന ചട്ടക്കൂട് പൊളിച്ച് പുറത്ത് വരാൻ അനുവദിക്കാത്ത തരത്തിൽ സംഘടിത മതങ്ങൾ ദൈവത്തെ തന്നെ തളച്ചിട്ടിരിക്കുകയാണോ എന്ന് സംശയം തോന്നിപ്പോവുകയാണ്.

അലക്സാന്ത്രിയായിലെ ഹൈപേഷ്യ മുതൽ ഇങ്ങോട്ട് എണ്ണി തുടങ്ങിയാൽ എത്ര പേരാണ് മതത്തിൻ്റെയും പൗരോഹിത്യത്തിൻ്റെയും ധാർഷ്ട്യത്തിനു മുമ്പിൽ നിസഹായരായി ജീവിതം തന്നെ ഹോമിച്ച് കടന്നു പോയത്? സിസ്റ്റർ അഭയ ഒരവസാനമല്ല; പൗരോഹിത്യമെന്ന കോന്തലയിൽ മതം കെട്ടിയിടപ്പെട്ട കാലത്തോളം അഭയമാർ സൃഷ്ടിക്കപ്പെടും. ജോമോൻ പുത്തൻപുരയ്ക്കലും അടയ്ക്കാ രാജുവും പോലുള്ള പ്രവാചകൻമാർ എഴുന്നേൽക്കുമെന്നതു മാത്രമാണ് പ്രതീക്ഷയുടെ അവശേഷിക്കുന്ന ഏക കൈത്തിരി വെട്ടവും.
ഡെറിൻ രാജു
22.12. 2020