Tuesday 31 May 2022

നീർമാതളപൂവ് സുഗന്ധം പരത്തുന്നു..

ആമിയുടെ ഓർമ്മകൾക്ക് പതിമൂന്ന് ആണ്ടായെന്നത് മറന്നു പോയിരുന്നു. ഒരു വാട്സപ്പ് സ്റ്റാറ്റസ് കണ്ടപ്പോഴാണ് അതോർത്തത്.

പുന്നയൂർകുളവും നീർമാതളവും കാവും നാലപ്പാട്ട് തറവാടുമൊക്കെ മലയാള സാഹിത്യലോകത്തിനെന്നും ഗൃഹാതുരതയാണ്. ആ നീർമാതളച്ചോട്ടിലേക്ക് മലയാളിയെ കൂട്ടിക്കൊണ്ടു പോയത് ആമി ആയിരുന്നു.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനുഷ്യന്റെ സഹജമായ ആഗ്രഹത്തെയാണ് മാധവിക്കുട്ടി എഴുതി കാണിച്ചത്. ''പ്രകടമാക്കാത്ത സ്നേഹം നിരർഥകമാണ്; പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും.'' നീർമാതളം പൂത്ത കാലത്തിൽ വരച്ചിട്ട ഈ വരി ആ സ്നേഹമതത്തിന്റെ സുവിശേഷമാണ്. ചരിത്രം രാജാക്കന്മാരുടെയും യുദ്ധം ചെയ്തവരുടെയും മാത്രം കഥയല്ല; സ്നേഹിച്ചവരുടേയും കഥയാണ്. സാധാരണ മനുഷ്യരുടെ കഥ" ആ സ്നേഹമാണ് മാധവിക്കുട്ടിയെ രേഖപ്പെടുത്തിയതും.
''ലക്ഷ്മിദേവിക്ക് കമല, ഇന്ദിര, രമ തുടങ്ങിയ പര്യായനാമങ്ങൾ ഉള്ളതുപോലെ മാധവിക്കുട്ടിയുടെ ജീവിതത്തിലെ അവസ്ഥാ ഭേദങ്ങൾക്ക് ഇണങ്ങി നാം അവരെ കമലാദാസെന്നും സുരയ്യ എന്നും വിളിച്ചുപോന്നു; പരിമളം തൂകുന്ന പൂക്കളുടെ അതിഹൃദ്യമായ ഒരന്തരീക്ഷം അവരുടെ പേരുകൾ ഉൾകൊള്ളുന്നുണ്ട്'' :- അഴീക്കോട് മാഷ് പറഞ്ഞതാണ്. മാധവിക്കുട്ടിയുടെ പല കഥകളും ഈ ദ്വന്ദവ്യക്തിതത്വത്തെ മുന്നോട്ട് വച്ചു എന്നു വിശ്വസിക്കാനാണിഷ്ടം. ദേഹവും ദേഹിയുമില്ലാത്ത ഒരു പ്രിയതമനെ അവർ കാണിച്ചു തന്നിട്ടുണ്ട്.
മാധവിക്കുട്ടിക്കെതിരായ വിമർശനങ്ങളുടെ കാതൽ മലയാളിയുടെ പൊള്ളയായ മൂല്യബോധ സങ്കൽപങ്ങളാണ്. പെണ്ണെഴുത്തിൽ ആവിഷ്കാര സ്വാതന്ത്ര്യം ഇത്രയിടം വരെ മതിയെന്ന മലയാളിയുടെ ചിന്തയുടെ ബഹിർസ്ഫുരണമാണ് ആ വിമർശനങ്ങൾ. ആണെഴുത്തിൽ ഇത്തരം വേലിക്കെട്ടുകൾ അശേഷം ഇല്ല. അവന്റെ ഭാവന ഏതു സീമയും ലംഘിക്കാം. ആ സ്വാതന്ത്ര്യം സ്ത്രീക്കില്ല. ആ രീതിശാസ്ത്രത്തോടുള്ള നിരന്തരകലഹമായിരുന്നു ആമിയുടെ രചനകൾ.
നീർമാതളം ഒരാഴ്ചത്തേക്ക് മാത്രമാണ് പൂക്കുന്നതെന്നു അവർ എഴുതി. എന്നാൽ ഇവിടെ ഒരു നീർമാതളപൂവ് മണ്ണിൽ വീണ് ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും വർദ്ധിത ശോഭയോടെ സുഗന്ധം പരത്തുന്നു..
ഡെറിൻ രാജു

Sunday 15 May 2022

അന്ത്യോഖ്യൻ വാലില്ലെങ്കിൽ... | ഡെറിന്‍ രാജു

നസ്രാണിയുടെ സകല രീതികൾക്കും ഒരു അന്ത്യോഖ്യനോ റോമനോ ആയ വിശദീകരണം കണ്ടെത്തണമെന്ന വാശി ആവശ്യമില്ല എന്നാണ് എൻ്റെ അഭിപ്രായം. എല്ലാത്തിനും ഒരു അന്ത്യോഖ്യൻ വാലില്ലെങ്കിൽ എന്തോ കുറവ് ഉണ്ടാകും എന്ന അപകർഷതാബോധമാണോ ഇതിനു കാരണമെന്നും സംശയമുണ്ട്.

റോമാ വിശ്വാസത്തിനു നിരക്കാത്തതെല്ലാം തെറ്റാണെന്ന മെനെസിസിൻ്റെ ചിന്താഗതിയോ അന്ത്യോഖ്യൻ സുറിയാനി വിശ്വാസത്തിനു നിരക്കാത്തത് എല്ലാം പാഷാണ്ഡതയാണെന്ന ഇവിടെ വന്ന സുറിയാനി മെത്രാച്ചൻമാരുടെയും നില ഇക്കാലത്ത് നമ്മൾ വേറൊരു രീതിയിൽ തുടരുകയാണ് ഇത്തരം വിശദീകരണങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും. 

പാശ്ചാത്യ സുറിയാനി ഓർത്തഡോക്സ് ആരാധനയെ ഏറ്റവും നന്നായി സൂക്ഷിക്കുന്നവരാണ് നമ്മൾ. അതിൽ വെള്ളം ചേർക്കാതിരിക്കുക. എന്നാൽ

ശുശ്രൂഷാ - കൂദാശകൾക്ക്  പുറത്തുള്ളവയെ അവ അടിസ്ഥാന വിശ്വാസത്തെ ബാധിക്കുന്നതല്ലായെങ്കിൽ അവയെ തനത് (നടപ്പ്) രീതിയായി വിടുക. അവയ്ക്ക് കാലദേശങ്ങൾക്ക് അനുസരിച്ച് വ്യത്യാസങ്ങളുമുണ്ടാകും. അതങ്ങ് അംഗീകരിക്കുക. അവയ്ക്ക് ഒരു ഏകതാനത ഉണ്ടാക്കുകയോ അവയെ അന്ത്യോഖ്യൻ സഭാവിജ്ഞാനീയവുമായി ബന്ധിപ്പിക്കുകയോ ചെയ്യേണ്ടതില്ല.

Thursday 12 May 2022

മേടം മൂന്നോടിരുപതോ നാലോടിരുപതോ? | ഡെറിൻ രാജു

മേടം നാലോടിരുപതു തന്നിൽ... എന്നാരംഭിച്ചിരുന്ന മാർ ഗീവറുഗീസ് സഹദായുടെ പെരുന്നാൾ ദിവസത്തിലെ ഹൂത്തോമോ പ്രസിദ്ധമായ ഒന്നാണ്. എന്നാൽ കുറച്ച് വർഷങ്ങളായി മേടം മൂന്നോടിരുപതു തന്നിൽ... എന്ന രീതിയാണ് കേൾക്കുന്നത്. ചിലർ പഴയ രീതിയിൽ 'നാലോടിരുപത് ' തന്നെ ഉപയോഗിക്കുന്നു. ഇതിനു പിന്നിലെ കാരണമെന്താണ്?

പാശ്ചാത്യ - പൗരസ്ത്യ സഭകൾ വലിയ സഹദായായി പരിഗണിക്കുന്ന മാർ ഗീവറുഗീസ് സഹദായുടെ പെരുന്നാൾ പൗരസ്ത്യ സുറിയാനിയിൽ നീസാൻ 24 ഉം പാശ്ചാത്യ സുറിയാനിയിൽ നീസാൻ 23 ഉം  ആയിരുന്നു.

സുറിയാനി കണക്കിലായപ്പോൾ നീസാൻ മേടമായി. അങ്ങനെ മേടം 23 -ഉം 24 - ഉം സഹദായുടെ പെരുന്നാളായി. അന്ത്യോഖ്യൻ ബന്ധത്തിനു മുമ്പ് മേടം 24 ആയിരുന്നു പെരുന്നാൾ. 18-ാം നൂറ്റാണ്ടിൽ പാശ്ചാത്യ - പൗരസ്ത്യ പ്രതിസന്ധികൾക്കിടയിൽ ഈ രണ്ട് ദിവസവും പെരുന്നാളായി. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനം ആണല്ലോ പൂർണമായി അന്ത്യോഖ്യൻ രീതിയിലേക്ക് മാറിയത്. പിന്നീട് മേടം 23 തന്നെയായി. എങ്കിലും ഔഗേൻ ബാവാ ഹൂത്തോമോ എഴുതിയപ്പോൾ പഴയ രീതിയുടെ സ്വാധീനം കൊണ്ടാകാം മേടം (നീസാൻ ) 24 (ܥܣܪܝܢ ܘܐܪܒܥ ) തന്നെ ഉപയോഗിച്ചു. സി.പി ചാണ്ടി സാറിൻ്റെ സഹായത്തോടെ അത് മേടം 24 (നാലോടിരുപത്) എന്ന് കാവ്യവത്ക്കരിച്ചു.

സുറിയാനി കണക്ക് നോക്കിയാൽ മേടം 23 എന്നത് മെയ് 6 ആണ്. കൊല്ലവർഷം മേടം 23 നോക്കിയാൽ അത് മെയ് 7 or 8 വരും. പുതുപ്പള്ളി, എടത്വ, ഇടപ്പള്ളി (മെയ് 4) പെരുന്നാളുകൾ ഈ സമയത്താണല്ലോ വരുന്നത്. മാർത്തോമാ ഏഴാമൻ സ്ഥാനം പ്രാപിച്ചതും മേടം 24 (05-05-1796) ഗീവറുഗീസ് സഹദായുടെ പെരുന്നാൾ ദിവസമായിരുന്നു.

ഇപ്പോൾ ഏപ്രിൽ 23 ആണ് ഏതാണ്ട് സാർവ്വത്രികമായി അംഗീകരിച്ച തീയതി. ലത്തീൻ രീതിയിൽ ഏപ്രിൽ 23 ആയിരുന്നു നേരത്തെ തന്നെ.

പ്രുമിയോനുകളും ഹൂത്തോമോകളും എന്ന പുതിയ പുസ്തകത്തിൽ മേടം 23 (മൂന്നോടിരുപത്) എന്നതാണ് ഉപയോഗിച്ചിരിക്കുന്നത്. അവസാനം ഇറങ്ങിയ ആണ്ടക്കമുള്ള ഹൂത്തോമോകളിൽ മേടം 24 (നാലോടിരുപത്) എന്ന് തന്നെ തുടരുന്നു. (പുസ്തകം ഇപ്പോൾ ഔട്ട് ഓഫ് പ്രിൻ്റാണ്.) രണ്ട് പുസ്തകത്തിൽ രണ്ട് രീതിയിൽ കിടക്കുന്നതാണ് രണ്ട് രീതിയിൽ ചൊല്ലി കേൾക്കുന്നതിൻ്റെ  കാരണം. ആണ്ടടക്കമുള്ള ഹൂത്തോമോകളുടെ പുതിയ പതിപ്പ് ഇറക്കുമ്പോൾ രണ്ടും ഒരേ തീയതി ആക്കുന്നതാണ് അഭികാമ്യം. ഏപ്രിൽ 23 എന്ന തീയതിയെ സ്വീകരിച്ചിരിക്കുന്ന സ്ഥിതിക്ക് മേടം 23 (മൂന്നോടിരുപത്) എന്നത് സ്വീകരിക്കുകയായിരിക്കും നല്ലത്. അങ്ങനെ ചെയ്യുന്നപക്ഷം ഹൂത്തോമോ പുസ്തകത്തിലെ സുറിയാനിയിൽ ܒܥܣܪܝܢ ܘܐܪܒܥ എന്നത്  ܒܥܣܪܝܢ ܘܬܠܬ മാറ്റുന്നതുമാകും ഉചിതം.