Tuesday 9 April 2024

അവൻ നിർമ്മിച്ച ബോധ്യങ്ങൾ ഇന്നും വെളിച്ചമാണ്

 പുതുഞായർ ആണ്.

ഞായറാഴ്ചകളുടെ അർഥം മാറിയതിനെ ഈ ദിനം കുറിക്കുന്നു. ഒരു ഉത്ഥാനം ചരിത്രഗതിയെ മാത്രമല്ല; കാലഗതിയെ തന്നെ മാറ്റിയിരിക്കുന്നു.
ആഴ്ചയുടെ ഒരു ദിവസം മാത്രമായിരുന്ന ഞായറാഴ്ച പ്രത്യാശയുടെ ഒരു ഉടുപ്പ് അണിഞ്ഞിരിക്കുന്നു. ഞായറാഴ്ച പുതിയൊരു അർഥത്തെ സ്വീകരിച്ചിരിക്കുന്നു. ഞായറാഴ്ച പുതിയതായിരിക്കുന്നു. തൻ്റെ വീണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നു എന്ന് ഒരു മനുഷ്യൻ സഹസ്രാബ്ദത്തിനു അപ്പുറം പാടിപ്പറഞ്ഞതിനു ഒരു അർഥമുണ്ടായത് ഞായറാഴ്ചയാണ്.
വാതിലുകൾ പൂട്ടി മുറിക്കകത്ത് ഇരുന്ന ഒരു കൂട്ടത്തിനു പ്രത്യാശ പകർന്നു അവരുടെ ഗുരു കടന്നു വരുമ്പോൾ നീങ്ങുന്നത് ഭയമാണ്. മോർ വാലോഹ് എന്ന് പറഞ്ഞു അതിൽ ഒരുവൻ പ്രഖ്യാപിച്ചത് ഒരു ബോധ്യമായിരുന്നു. കാലവും സമയവും നിർമ്മിച്ചെടുത്ത ഒരു ബോധം. ആ ബോധ്യത്തിൻ്റെ ഉറപ്പിന്മേലാണവർ സാമ്രാജ്യങ്ങളോട് എതിർത്തത്; നസറായൻ്റെ സ്നേഹമതത്തെ ലോകത്തിനു പകരമൊന്നും വാങ്ങാതെ വിറ്റത്.
നസറായനെ തൊട്ടറിഞ്ഞവനെ ഓർക്കുന്ന ഒരു ദിനം കൂടിയാണിന്ന്.
അവൻ നിർമ്മിച്ച ബോധ്യങ്ങൾ ഇന്നും വെളിച്ചമാണ്;
പ്രത്യാശയാണ്;
തെളിനീരൊഴുകുന്നൊരു പുഴയാണ്;
അത് തലമുറകളുടെ ദാഹം തീർത്തൊഴുകുകയാണ്;
അനസ്യൂതം..
ഡെറിൻ രാജു
പുതുഞായർ 2024