Saturday 31 August 2024

സമാധാനവും പ്രത്യാശയും

സമാധാനത്തോളം നിർമ്മലയായ ആശംസ എന്താണുള്ളത്? അത്രത്തോളം അപരനെ, അവൻ്റെ നിലനിൽപ്പിനെ വിലമതിക്കുന്ന ഏത് മംഗളമരുളലാണുള്ളത്?

നസറേത്തിലെ സാധുബാലികയുടെ അകത്തളത്തിൽ അവളറിയാതെ കടന്നു വന്നവൻ പറഞ്ഞ ആദ്യ വാകൃത്തിലുള്ളതും ഈ ഒരാശംസയാണുള്ളത്.
''നിനക്കു സമാധാനം!''
തുടർന്നു അവൾ കേട്ട സകല വാചകങ്ങളും അവിവാഹിതയായ നിരാലംബയായ ഒരു പെൺകുട്ടിയുടെ അന്തഃകരണത്തെ കറക്കിയെറിയുവാൻ പര്യാപ്തമായിരുന്നതായിരുന്നെങ്കിലും അവൾ ആദ്യം കേട്ട വാക്ക് ഒരു ധൈര്യമായിരുന്നു; ഒരു പ്രത്യാശയായിരുന്നു. മനുഷ്യരാശിയുടെ ആകെ പ്രത്യാശാഭാരമാണ് താൻ വഹിക്കുന്നതെന്ന് യാതൊരു ബോധ്യവുമില്ലാതെയാണ്, ഒരു സമാധാനാശംസയിലും അതിനു ശേഷമവൻ പറഞ്ഞൊരു കൃപയിലും ധൈര്യപ്പെട്ട് അവൾ ഒരു നുകമെടുത്തണിഞ്ഞത്.
സമാധാനവും പ്രത്യാശയും പലപ്പോഴും പൂരകങ്ങളാണ്. ഒന്ന് ഒന്നിനെ പരിപോഷിപ്പിച്ചു കൊണ്ടേയിരിക്കും. ആ പ്രത്യാശയുടെ പുറത്താണ് അവൾ ആ വിരുന്നുശാലയിൽ ആധിപിടിച്ചോടിയവരോട് അവനെന്തെങ്കിലും പറഞ്ഞാൽ അത് ചെയ്യാൻ പറഞ്ഞത്. അവളുടെ മകനും ആ പ്രത്യാശ പകർന്നവനാണ്. രാവ്വേറെ മീൻ കിട്ടാതെ തളർന്നവരോട് ഒരിക്കൽ കൂടി ധൈര്യത്തോടെ വലയെറിയാൻ അവൻ പറഞ്ഞത് ആ പ്രത്യാശയിലാണ്. വിജനഭൂമിയിൽ അയ്യായിരം പേർക്ക് ഭക്ഷണം കണ്ടെത്താൻ അവൻ തൻ്റെ സ്നേഹിതരോട് പറഞ്ഞ ധൈര്യത്തിൻ്റെ പേരും പ്രത്യാശയെന്നാണ്. വലനിറയെ മീൻ കണ്ടവരും വിശപ്പ് മാറുവോളം ഭക്ഷണം കഴിച്ചവരും നേടിയത് ആ പ്രത്യാശയുടെ ഫലമായ സമാധാനമാണ്. ആ സമാധാനവും പ്രത്യാശയും അമ്മ മകനു നൽകി. മകൻ തന്നെ കേട്ടറിഞ്ഞു കൂടെ നടന്നവർക്കും !
ആരെങ്കിലും അവൻ്റെ കല്ലറ വാതിൽക്കൽ നിന്നു കല്ല് മാറ്റിത്തരുമെന്ന വിശ്വാസത്തിൽ സുഗന്ധതൈലമൊരുക്കി അതിരാവിലെ ഇരുട്ടുള്ളപ്പോൾ തന്നെ, കല്ലറയോളം ഓടിയെത്തുവാൻ തക്ക വിധത്തിൽ അവരുടെ പ്രത്യാശ വളരുകയും ചെയ്തു. ആത്യന്തികമായ സമാധാനമായിരുന്നല്ലോ ആ പ്രത്യശയുടെ ഫലവും!
ഡെറിൻ രാജു

Friday 16 August 2024

ചൈതന്യവത്തായ ഒരോർമ്മ

എല്ലാ ചിത്രങ്ങളും കൈകൊണ്ട് വരയ്ക്കുന്നതല്ല!

അകക്കണ്ണുകൊണ്ട് നമ്മൾ വരയ്ക്കുന്ന ചിത്രങ്ങളുണ്ട്.
മറിയാമിനെപ്പറ്റി അത്തരം ചില ചിത്രങ്ങളുണ്ട്. ഒരു സന്ദേശവാഹകൻ അയാൾക്ക് ഒട്ടുമേ പരിചിതമല്ലാത്ത ഒരു വിധേയത്വഭാവത്തിൽ നടത്തുന്ന ഒരു അഭിസംബോധനയിലും ആഹ്വാനത്തിലും പരിഭ്രമിക്കുന്ന ഒരു നിരാലംബയായ ദേവാലയവാസിയായ ഒരു പെൺകുട്ടിയുടെ ചിത്രമാണതിൽ ആദ്യത്തേത്. പിന്നീട്, വഴിയമ്പലങ്ങളിൽ ഇടമില്ലാതെ ഒരു മുറി എവിടെങ്കിലും കണ്ടെത്താൻ പരതുന്ന ഒരു ഗർഭിണിയിൽ തുടങ്ങി വാളിൻ്റെ വായ്ത്തലകൾക്കിടയിലൂടെ ഒരു കുഞ്ഞിനെ മാറോടണച്ചോടുന്ന ഒരമ്മയിൽ തുടർന്ന എത്രയധികം ചിത്രങ്ങളാണ് മറിയാമിനെപ്പറ്റി ഓർക്കുമ്പോൾ നമ്മുടെ മുമ്പിൽ തെളിയുന്നത്? അവസാനം മതനിന്ദയും രാജനിന്ദയും ആരോപിച്ച് കൊല ചെയ്ത ഒരു വിപ്ലവകാരിയുടെ കഴുമരത്തിൻ്റെ ചുവട്ടിൽ നിന്ന ലോകപ്രകാരം ഹതഭാഗ്യയായ അവൻ്റെ അമ്മ.
ആത്മസംഘർഷങ്ങളുടെ കടലാഴങ്ങളിലും അവൾ സ്ഥിരചിത്തയായിരുന്നു. കോട്ടകൾ പോലെ തൻ്റെ മുമ്പിലുയർന്ന പ്രതിസന്ധികളേയും പരിഹാസങ്ങളെയും അവൾ എങ്ങനെയായിരിക്കും അതിജീവിച്ചിട്ടുണ്ടാകുക? ഭ്രാന്തനായ നസറേത്തുകാരൻ്റെ അമ്മയെന്ന ആക്ഷേപം എത്രവട്ടമവൾ കേട്ടിരിക്കാം. എങ്കിലും തൻ്റെ നിയോഗത്തെ അവിശ്വസിക്കാതെ തൻ്റെ വിളിയിൽ നിലനിന്ന ഒരുവൾ. ആ നിലനിൽപ്പിൻ്റെ ഫലമാണ് കാലാതിവർത്തിയായ ആ സ്മരണ. തലമുറകളുടെ പൈദാഹങ്ങളെ അടക്കിയ ഉറവ ഉദയം ചെയ്ത ഭൂമിയാണവൾ. ആ ഓർമ്മ തന്നെ ഒരു ധൈര്യമാണ്; ആനന്ദദായകമായ തെളിനീരു പോലൊരു ഓർമ്മ.
മനസ് ചഞ്ചലമാകുമ്പോൾ, ബോധ്യങ്ങളുലയുമ്പോൾ ഉറപ്പിച്ചു നിർത്തുവാനുള്ള ഒരു കടിഞ്ഞാണാണ് വിമല കന്യകയുടെ ഓർമ്മ. എക്കാലവും നിലനിൽക്കുന്ന ചൈതന്യവത്തായ ഒരോർമ്മ. ആ ജീവിതമപ്പാടെ ഒരു ധ്യാനമായിരുന്നു; പൂർണ അർഥത്തിൽ ഒരു പ്രാർഥനയായിരുന്നു. ഇരുൾ മൂടിയ നമ്മുടെ പാതയോരങ്ങളിൽ വെളിച്ചമേകി തെളിഞ്ഞ് കത്തുന്ന ഒരു വഴിവിളക്കാണത്. കാറ്റിലുലയാത്ത, മഴയിൽ കെടാത്തയൊന്ന്.
ഡെറിൻ രാജു
ആഗസ്റ്റ് 14, 2004

Monday 12 August 2024

പുത്രാഗ്നിയിൽ എരിയാത്തോൾ | ഡെറിൻ രാജു

പുത്രാഗ്നിയിൽ എരിയാത്തോൾ എന്ന് പാശ്ചാത്യ സുറിയാനി ആരാധനാ സാഹിത്യത്തിൽ ഒരു പ്രയോഗമുണ്ട്.

മറിയാമിനെ കുറിച്ചാണ് !
സോമയാഗത്തിനു അഗ്നി സൃഷ്ടിക്കുന്നത് അരണിയുടെ രണ്ട് കട്ടകൾ കടഞ്ഞാണല്ലോ. അഗ്നിയും വിറകും പ്രായോഗികതലത്തിൽ പരസ്പരം രമ്യതയിൽ കഴിയാൻ സാധിക്കാത്തവയായിരിക്കുമ്പോഴും, അഗ്നിക്കു സ്വാഭാവികമായി അരണിയിൽ അടങ്ങുവാൻ സാധിക്കുകയില്ലെങ്കിലും അഗ്നിയെ നൽകുവാൻ അരണിയ്ക്കു സാധിക്കുന്നു. മറിയാമിൻ്റെ ചരിതവും മറ്റെന്താണ്? തൻ്റെ നിർമ്മലതയിൽ, വിധേയത്വത്തിൽ, വിനയത്തിൽ അവളൊരു അഗ്നി സൃഷ്ടിക്കുകയായിരുന്നു. അല്ലെങ്കിൽ അഗ്നി അവളിൽ നിന്നുരുവാകുകയായിരുന്നു.
യാതൊരു പ്രത്യേകതകളോ അസാധാരണത്ത്വമോ അവകാശപ്പെടാനില്ലാത്ത ഒരു ബാലിക നടന്നു കയറിയ ഔന്നത്യവും നിർമ്മിച്ചെടുത്ത ബോധ്യവും താരതമ്യങ്ങൾക്കപ്പുറമാണ്. തൻ്റെ നിഷ്കളങ്കതയിൽ, നിർമ്മലതയിൽ അവൾ നസ്രായനെ വഹിച്ചു ലോകത്തിനു നൽകുമ്പോൾ അവൻ ലോകത്തിൻ്റെ ദാഹം പരിഹരിക്കുവാൻ പര്യാപ്തമാകുന്ന നീർച്ചാലായി പരിണമിക്കുമെന്നവൾ വിചാരിക്കാൻ ഒട്ടുമേ തരമില്ല.
തൻ്റെ സന്തോഷത്തിൽ അവൾ ഒരു പ്രഖ്യാപനം നടത്തുന്നുണ്ട്. ഒരു സോഷ്യലിസ്റ്റ് പ്രഖ്യാപനം! ബലവാൻമാരെ സിംഹാസനങ്ങളിൽ നിന്നിറക്കി വിനീതരെ ഉദ്ധരിക്കുന്ന ഒരു ദിവസത്തെക്കുറിച്ചുള്ള ഒരു വിപ്ലവപ്രഖ്യാപനം. അവിടെയും അവൾ സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും തൻ്റെ വിനീതാവസ്ഥയിൽ തന്നെയാണ്. തൻ്റെ ഭൗതികമായ ഒരു സ്ഥാനമോ നേട്ടമേ അവളെ സ്പർശിക്കുന്നില്ല. അതൊരു തിരഞ്ഞെടുപ്പാണ്.
കഴുകനെ പോറ്റി വളർത്തിയ പ്രാവെന്നവളെ ഒരു കവി വിശേഷിപ്പിക്കുന്നു. കവിതയുടെ അലങ്കാരപരമായ ഒരു പ്രയോഗം എന്നതിനപ്പുറം അത് അവൾ നേരിട്ട പ്രതിസന്ധിയുടെ ഒരു ചിത്രീകരണവുമാണ്. കരുതുവാനും പങ്കുവയ്ക്കുവാനും ആ വിപ്ലവകാരിയായ കഴുകനെ, നസറേത്തിലെ പരോപകാരിയായ ആ യുവാവിനെ ആദ്യം ശീലിപ്പിച്ചതവളാണ്. ആ പാഠമവൻ പഠിച്ചതുകൊണ്ടാണ് വിശന്നവരെ കണ്ടവൻ മനസിലഞ്ഞത്, കരയുന്നവരെ കണ്ടവൻ കരഞ്ഞത്, തന്നെ വേണ്ടവരുടെ മദ്ധ്യത്തിലേക്ക് അക്ഷോഭ്യനായി നടന്നടുത്തത്.
കടലുള്ളിലുറങ്ങിയ ശംഖുപോലൊരുവൾ, ഊഷരഭൂമിൽ പെയ്തിറങ്ങിയ പുതുമഴ പോലൊരുവൾ. ആ ഓർമ്മകൾ തന്നെ സൗരഭ്യദായകമാണ്. കാറ്റിൽ കെടാതെ നയിക്കുന്നൊരു വിളക്കാണ്.
12-08-2024