Monday 28 September 2020

വീണ്ടും ചില ഫെമിനിസ്റ്റ് ചിന്തകൾ.. / ഡെറിന്‍ രാജു

  

ന്യൂസ് ഫീഡിൽ വീണ്ടും 'ഫെമിനിച്ചി' എന്ന സംബോധനയോടെയുള്ള പോസ്റ്റുകൾ നിറഞ്ഞ ദിവസമാണ് ഇന്നലെ. അതിൻ്റെ കാരണം ഭാഗ്യലക്ഷ്മിയും സുഹൃത്തും കൂടി യൂട്യൂബിലൂടെ അസഭ്യം പറഞ്ഞ വ്യക്തിയെ സാമാന്യം നന്നായി കൈകാര്യം ചെയ്ത സംഭവമായിരുന്നു.
ഫെമിനിസ്റ്റ് ആയിരിക്കുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. പുരുഷാധിപത്യത്തിൻ്റെ, ആണഹങ്കാരത്തിൻ്റെ ഈ വർത്തമാനകാലത്തിൽ പ്രത്യേകിച്ചും. എവിടെയും സ്ത്രീവിരുദ്ധതയാണ്; സ്ത്രീവിരുദ്ധമല്ലാത്ത ഏത് മതമാണ് ഇവിടെയുള്ളത്? ഏത് രാഷ്ട്രീയമാണ് ഇവിടെയുള്ളത്? എവിടെയും എന്തിലും സ്ത്രീവിരുദ്ധതയാണ്.
പാലത്തായിയിലും വാളയാറും കുട്ടികൾ പീഡിപ്പിക്കപ്പെട്ടപ്പോൾ ഇവർ എവിടെയായിരുന്നു? സ്ത്രീകൾ ഉന്നമനത്തിനായി ചെയ്യേണ്ടത് ഇതല്ല അതാണ്; തുടങ്ങിയ നിരവധി ചോദ്യങ്ങൾ ഇന്നലെ മുതൽ ഉയർന്നു കേൾക്കുന്നു. മിതമായി പറഞ്ഞാൽ ഈ ചോദ്യങ്ങളാണ് സ്ത്രീവിരുദ്ധത. ഒരു സ്ത്രീ എന്ത് പറയണമെന്നും എങ്ങനെ പ്രവർത്തിക്കണമെന്നും തീരുമാനിക്കേണ്ടത് അവൾ മാത്രമാണ്. അവൾ അങ്ങനെ ചെയ്യണമെന്ന് ആവശ്യപ്പെടാൻ വേറെ ഒരാൾക്കും അവകാശമില്ല. എന്ത് ധരിക്കണമെന്നും എന്ത് കഴിക്കണമെന്നും എന്ത് പറയണമെന്നും എപ്പോൾ വരണമെന്നും എങ്ങനെ ഇരിക്കണമെന്നും എല്ലാം. അവളുടെ ശരീരത്തിനും മനസിനും അധികാരി അവൾ മാത്രമാണ്. അതിനെ സംബന്ധിക്കുന്ന തിരുമാനങ്ങൾ അതിനാൽ തന്നെ എടുക്കേണ്ടത് അവൾ മാത്രമാണ്.
തുല്യനീതിയാണ് ഫെമിനിസം മുന്നോട്ട് വയ്ക്കുന്നത്. ഫെമിനിസത്തെ എന്തോ പാപമായോ തമാശയായോ ചിത്രീകരിച്ചതിൽ 90-കളിലെ മലയാള സിനിമയ്ക്കും അന്നു തുടങ്ങി ഇന്നോളം തുടരുന്ന കോമഡി ഷോകൾക്കും വലിയ പങ്കുണ്ട്. എന്നാൽ മരുമക്കത്തായ കേന്ദ്രീകൃതമായ കേരള പശ്ചാത്തലത്തിൽ സ്ത്രീക്ക് ഒരു വലിയ സ്ഥാനം 19-ാം നൂറ്റാണ്ടിൻ്റെ അവസാനം വരെയെങ്കിലും ഉണ്ടായിരുന്നു. മക്കത്തായ സംവിധാനങ്ങളുടെ വരവും വിക്ടോറിയൻ മൂല്യങ്ങളും സെമിറ്റിക് മതങ്ങളും എല്ലാം കൂടി കേരളത്തിൽ സ്ത്രീകളെ, അവരുടെ ചിന്തകളെ എങ്കിലും മൂടുപടമിട്ടു മൂടി. രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളും അതിൽ നിന്ന് വ്യത്യസ്തമല്ല. എന്തിന് ലോകം ഏതാണ്ട് മുഴുവനായി തന്നെ ആൺകോയ്മയ്ക്ക് വിധേയപ്പെട്ട് കഴിയേണ്ടവരായി സ്ത്രീകളെ പരിഗണിച്ചു. ഇതിൽ നിന്ന് ഒരു മാറ്റമാണ് ഫെമിനിസം മുന്നോട്ട് വയ്ക്കുന്നത്.
സ്ത്രീകൾ ജീൻസിട്ടാൽ ഗർഭപാത്രം താഴ്ന്നു പോകുമെന്ന് പറഞ്ഞ വ്യക്തിക്ക് ആരാധകരും ആർമിയും ഉണ്ടായ നാടാണിത്. കഴിഞ്ഞ ദിവസം തല്ലുകൊണ്ടയാളും നാളെ ആരുടെ എങ്കിലുമൊക്കെ ആരാധനാപാത്രമാകാം. ആ ആരാധകവൃന്ദത്തിൽ സ്ത്രീകളും ഉണ്ടാകാം. അതും സ്വാഭാവികമാണ്. അത്രയേറ സ്ത്രീവിരുദ്ധമാണ് നമ്മുടെ ചിന്തകളും താൽപര്യങ്ങളും പൊതുബോധവും.
ഇനി ഇന്നലത്തെ തല്ലിൻ്റെ കാര്യം. നിയമത്തിൻ്റെ വഴിക്ക് കാര്യങ്ങൾ പോകണമെന്ന് ഒരു കൂട്ടമാളുകൾ പറയുന്നത് കേട്ടു. എന്നാൽ സൈബർ ബുള്ളിയിംഗിന് എന്ത് ശിക്ഷയാണ് ഇവിടെ ഉള്ളത്? കടലാസിൽ ശിക്ഷ ഉണ്ടെങ്കിലും എത്ര പേർ ശിക്ഷിക്കപ്പെടുന്നുണ്ട്? ഒരു മൊബൈൽ ക്യാമറയും ഇൻ്റർനെറ്റ് കണക്ഷനുമുണ്ടങ്കിൽ ആർക്കും ആരെയും എന്തും പറയാം. അത് എത്രത്തോളം സ്ത്രീവിരുദ്ധമാകുന്നോ അത്രത്തോളം വ്യൂവർഷിപ്പും കൂടുമെന്നതാണ് ഈ വീഡിയോ തെളിയിക്കുന്നത്. ഒരു പൊരിച്ച മീൻ കഥ എത്ര ട്രോളുകൾ ആഘോഷിച്ചതാണ്.
ഇനിയും ഇന്നലത്തെ തല്ലിൽ അസ്വസ്ഥരാകുന്നവരോട്: നിങ്ങളുടെ ആണഹങ്കാരത്തിൻ്റെ ചെകിട്ടത്താണ് ആ അടി കിട്ടിയിരിക്കുന്നത്. ആരും അറിയാതെ അത് തൂത്ത് മാറ്റുക.
ഡെറിൻ രാജു
27.09.2020

No comments:

Post a Comment