Monday 28 September 2020

History & Liturgy of MOSC: ക്വിസ് മത്സര പരമ്പര / ഡെറിന്‍ രാജു വാകത്താനം

 

ക്വിസ് നമ്പർ 1 : ചോദ്യങ്ങൾ

1: ഞാൻ ഒരു ട്രഷറി സൂക്ഷിപ്പുകാരനാണ്. എന്റെ യജമാനൻ യിസ്രായേൽക്കാരെ സ്വന്തദേശത്തിലേക്ക് പോകാൻ അനുവദിച്ചു. അപ്പോൾ ഞാനാണ് ദേവാലയത്തിലെ ഉപകരണങ്ങൾ മറ്റും അവർക്ക് പുറത്ത് എടുത്ത് കൊടുത്തത്. ആരാണ് ഞാൻ?

2. ശൂശാനകളിൽ മരുവും നീ
ആപ്പിൾ കനിയൊടു സന്നിഭനാം
നിബികളിലും ദേവാത്മജരാം
ശ്ലീഹരിലും നീ രമണീയൻ
നോക്കി പാർത്തേൻ നിൻപേർക്കായ്..

ഏത് ശുശ്രൂഷയിലെ ഗീതത്തിലെ വരികളാണിവ? ഇതേ അർഥം വരുന്ന പാട്ട് മറ്റ് ഒന്നു രണ്ടിടത്ത് പാടുന്നുണ്ട്. ഇതേ വരികൾ തന്നെ വരുന്നത് പറയണം.

3. ഇഗുപ്തായക്കാരെ കൂടാതെ യവുനായക്കാരും റോമാക്കാരും ഇംഗ്ലീഷുകാരും രം പട്ടണത്തിൽ ഉണ്ടു. അർമ്മനായക്കാരായ ചില വ്യാപാരികളും ഉണ്ടെങ്കിലും അവർക്ക് പള്ളിയില്ല. അരി മുതലായ സാമാനങ്ങൾ ആവശ്യം പോലെ വാങ്ങിപ്പാൻ oരം പട്ടണത്തിൽ ഉണ്ടായിരുന്നതിനാൽ ബൊമ്പായിൽ നിന്നു കരുതിയിരുന്ന അരിയും പിന്നീടു കപ്പൽക്കാരോട് രണ്ടു രൂപായ്ക്ക് വാങ്ങിയതും ചിലവായിപ്പോയതു കൊണ്ട് ഉണ്ടായിരുന്ന മനസ്താപം ഇവിടെവച്ചു തീർന്നു.

ആരുടെ വാക്കുകളാണിവ. എവിടെയാണ് പറഞ്ഞിരിക്കുന്നത്?

4. 1581-ലെ അന്ത്യോഖ്യായുടെ ഇഗ്നാത്തിയോസ് ദാവൂദ്ശായുടെ തിരഞ്ഞെടുപ്പിന്റെ സുന്നഹദോസ് മിനുട്സ് ബുക്കിനു മലങ്കര സഭയുടെ ചരിത്രത്തിലുള്ള പ്രാധാന്യം എന്താണ്?

5. 1938, 1976, 1979, 1982, 2009 - ഈ വർഷങ്ങൾക്ക് പൊതുവായി എന്ത് പ്രത്യേകതയാണ് മലങ്കര സഭയുടെ ചരിത്രത്തിലും വളർച്ചയിലും ഉള്ളത്.?

ക്വിസ് നമ്പർ 1 : ഉത്തരങ്ങൾ

1 : മിത്രെദാത്ത് (പാർസി രാജാവായ കോരെശിന്റെ ഭണ്ഡാര വിചാരകൻ) :- എസ്രാ (1:8)

2. : സൈത്ത് കൂദാശ (ഒന്നാം ശുശ്രൂഷ)

3. : പരുമല തിരുമേനി. തിരുമേനി 1895 -ൽ എഴുതിയ ഊർശ്ശേം യാത്രാ വിവരണത്തിൽ നിന്ന്. മലയാളത്തിൽ അച്ചടിച്ച ആദ്യ യാത്രാവിവരണം ഇതാണ്.

4: മലങ്കരയുടെ അന്ത്യോഖ്യൻ ബന്ധത്തിന്റെ ലഭ്യമായതിൽ ഏറ്റവും പഴയ കൃത്യമായ രേഖയാണിത്. ഇതിൽ ആദ്യം എഴുതിയിരിക്കുന്ന പേര് കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ് - കിഴക്കിന്റെയും ഇന്ത്യയുടെ, അതായത് പരിശുദ്ധനായ തോമാശ്ലീഹായുടെ സിംഹാസനത്തിന്റെയും കാതോലിക്കോസായ ബസേലിയോസ്.

5. : ഈ വർഷങ്ങളിൽ എല്ലാം മലങ്കരസഭയിൽ പുതിയ ഭദ്രാസനങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് ( പുന: ക്രമീകരിച്ചിട്ടുണ്ട്)

ക്വിസ് നമ്പർ 2 : ചോദ്യങ്ങൾ

1. വേദപുസ്തകത്തിൽ പരാമർശിക്കുന്ന ആദ്യ അഭൗമിക (ഭൂമിയിലുള്ളതല്ലാത്ത) ജീവി?

2. കുരുത്തോല (ഉണങ്ങിയതോ പച്ചയോ) ഉപയോഗിക്കുന്ന 3 ശുശ്രൂഷകൾ?

3. "പിന്നെയും വാത്സല്യമുള്ളവരെ, നമ്മുടെ വിശുദ്ധസഭയുടെ അഭിവൃദ്ധിയെ ഉദ്ദേശിച്ചു നാം ആഗ്രഹിച്ചിരുന്ന ആഗ്രഹങ്ങളിൽ പലതും സാധിക്കാതെ കിടപ്പുണ്ട്. അതിൽ സർവ്വപ്രധാനമായി നാം കരുതിയിരുന്നത് നമ്മുടെ തൊഴുത്തിൽ നിന്ന് വിട്ടു പോയ ആടുകളെ തൊഴുത്തിലേക്കു വീണ്ടും ചേർക്കണമെന്നുള്ളതായിരുന്നു. ഇതിനായി നാം പല സന്ദർഭങ്ങളിലും ശ്രമം ചെയ്തു എങ്കിലും അതിലേക്കു ദൈവം നിശ്ചയിച്ചിട്ടുള്ള സമയവും നാഴികയും വരാത്തതിനാലോ നമ്മുടെ ബലഹീനതയുടെ പാപം നിമിത്തം ഈ ദിവ്യ വേലയെ പൂർത്തീകരിക്കാൻ നാം അയോഗ്യനെന്ന് തോന്നിയിട്ടോ ഈ ആഗ്രഹം സാധിച്ചു കാണ്മാൻ... ''

ഒരു അന്ത്യകൽപനയിലെ വാക്കുകളാണിവ. ആരുടെയാണ്.

4. വിവാഹ കൂദാശയുടെ മോതിരം വാഴ്വിന്റെ ക്രമത്തിലെ പ്രാർഥനയിൽ പരാമർശിക്കുന്ന പഴയനിയമത്തിലെ വിവാഹം നിശ്ചയം.

5. എന്റെ സഹോദരൻ മലങ്കര സഭയിലെ ഒരു മെത്രാപ്പോലീത്താ ആയിരുന്നു. പരുമല തിരുമേനിയുടെയും മാർ ദീവന്നാസിയോസ് അഞ്ചാമന്റെയും ജിവചരിത്രങ്ങൾ ഉൾപ്പെടെ ഞാൻ എഴുതിയിട്ടുണ്ട്. പാത്രിയർക്കീസ് പഴയ സെമിനാരിയിൽ വിളിച്ചു കൂട്ടിയ അസോസിയേഷനിൽ എഴുന്നേറ്റ് നിന്ന് 'പാത്രിയർക്കീസിനു ലൗകികാധികാരം കൊടുക്കാൻ പാടില്ല എന്നു ആദ്യമായി പ്രസ്താവിച്ചത് ഞാനാണ്. എന്നെ മനസിലായോ?

ക്വിസ് നമ്പർ 2 : ഉത്തരങ്ങൾ

1. കെരൂബ് (ക്രൂബേൻമാർ) ഏദനിൽ ജീവവൃക്ഷം കാക്കുവാൻ ഇവർ നിയോഗിക്കപ്പെട്ടു (ഉൽപത്തി 3:24).

ഇവിടെ വന്ന മറ്റ് ഉത്തരങ്ങൾ ആത്മാവ്, ലിവ്യാഥൻ എന്നിവയായിരുന്നു. ദൈവത്തിന്റെ ആത്മാവ് ഒരു ജീവിയല്ല. ലിവ്യാഥാൻ അഭൗമിക ജീവി തന്നെയാണ്; എന്നാൽ ഇയ്യോബിന്റെ പുസ്തകത്തിലും സങ്കീർത്തനങ്ങളിലുമാണ് നമ്മൾ അതിനെ കാണുന്നത്. അതിനാൽ ആദ്യം കാണുന്ന അഭൗമിക ജീവി കെരുബ് തന്നെയാണ്. ബെന്നിന്റെ സംശയം കെരൂബ് ജീവിയാണോ എന്നാണ്! അതെ നാലു മുഖങ്ങളുള്ള ജീവിയാണ് കെരൂബുകൾ (ക്രൂബേൻമാർ). ക്രൂബേൻമാരെ പൂട്ടിയ രഥത്തിൽ കർത്താവ് ഇരിക്കുന്ന എന്ന സങ്കല്പമുണ്ട്. അവർ പാടുന്ന പാട്ട് ബ്രീക്കൂയിക്കോറെ എന്ന് പറയുന്നു. (കർത്താവിന്റെ ബഹുമാനം തൽസ്ഥാനത്ത് ...) നിന്റെ രഥത്തിൽ പൂട്ടപ്പെട്ട 4 മുഖമുളള ജീവിയെ പ്രതി കരുണ ചെയ്യണമേ എന്ന് കുർബാനയിലെ ഒരു പ്രുമിയോനിൽ ഉണ്ട്.

2. തീജ്വാലശുശ്രൂഷ, ഓശാന പെരുന്നാൾ, വലിയ വെള്ളിയാഴ്ച കബറടക്കം. (എല്ലാവരും തന്നെ ശരിയാക്കി)

3. പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് അഞ്ചാമൻ.ജാതി ഐക്യ പ്രസ്ഥാനങ്ങളോടുള്ള അദ്ദേഹത്തിന്റെ താൽപര്യം അന്ത്യ കൽപനയിലും നിഴലിക്കുന്നുണ്ട്.

4. ഇസഹാക്കിന്റെയും റിബേക്കയുടെയും (കൂദാശ ക്രമങ്ങൾ പേജ് 76). മറ്റ് ഉത്തരം വന്നത് താമാറിന്റെ കാര്യമാണ്. താമാർ തന്റെ അമ്മായപ്പനായ യെഹൂദയെക്കൊണ്ട് തന്റെ ആവശ്യം നിവർത്തിക്കുന്നതാണ് പലയിടത്തും പ്രതിപാദിക്കുന്നത്. അതിൽ വിവാഹനിശ്ചയമില്ല.

5. എം.പി വർക്കി. ഇദ്ദേഹം മുക്കാഞ്ചേരിൽ പത്രോസ് മാർ ഒസ്താത്തിയോസിന്റെ സഹോദരനായിരുന്നു.

ക്വിസ് നമ്പർ 3 : ചോദ്യങ്ങൾ

1. ഞാൻ ഒരു അടിമയായിരുന്നു. എന്റെ പേരിന്റെ അർഥം പ്രയോജനമുള്ളവൻ എന്നാണ്. എന്റെ യജമാനന്റെ അടുക്കൽ നിന്ന് ഒളിച്ചോടിപ്പോയ ഞാൻ കാരാഗൃഹത്തിൽ വച്ച് പൗലോസിനെ കണ്ടുമുട്ടിയപ്പോൾ മാനസാന്തരപ്പെട്ട് ക്രിസ്ത്യാനിയായി തീർന്നു. ശ്ശീഹായുടെ ലേഖനത്തിൽ എന്നെപ്പറ്റി പറഞ്ഞിരിക്കുന്നു. [തീക്കടുത്തവനായ ഇഗ്നാത്തിയോസ് എഫേസ്യർക്ക് എഴുതിയ ലേഖനത്തിൽ എന്നെപ്പറ്റി പരാമർശം ഉണ്ട്. അന്ന് ഞാൻ അവിടുത്തെ മെത്രാനായിരുന്നു.] ആരാണ് ഞാൻ?

2. മാമോദീസാ കൂദാശയിൽ പരാമർശിക്കുന്ന തുറമുഖ നഗരം? അത് ബേപ്പൂരോ പൂവാറോ ആകാമെന്ന് പഠനങ്ങളുണ്ട്.

3. '' അവിടത്തെ പാപ്പ എന്നെ സന്ദർശിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ കൂടെ ആദരവോടെ ശുശ്രൂഷിക്കുന്ന ഒരു ശിഷ്യനുമുണ്ട്. കത്തനാർ വൃത്തിയുള്ള നീല അങ്കി ധരിച്ചിരിക്കുന്നു. നല്ല രൂപലാവണ്യമുള്ള ഒരു പരമഭക്തനാണ് കത്തനാർ. ഇദ്ദേഹത്തിന് സുറിയാനിയും മലയാളവും ഒഴികെ ഒരു ഭാഷയും അറിഞ്ഞു കൂടാ. എങ്കിലും ഞങ്ങൾ തമ്മിൽ മുഖദാവിൽ സംസാരിച്ച് ആശയവിനിമയം ചെയ്യാൻ സാധിച്ചു എന്നത് ഒരു അത്ഭുതമായി ഞാൻ കാണുന്നു.''

ആര് ആരെക്കുറിച്ച് പറഞ്ഞതാണീ വാക്കുകൾ ?

4. 203-ാം നമ്പർ കൽപ്പനയിൽ യാക്കൂബ് തൃതിയൻ പാത്രിയർക്കീസ് തോമാശ്ലീഹാ മലങ്കരയിൽ സിംഹാസനം സ്ഥാപിച്ചില്ല; മറിച്ച് സുവിശേഷം പ്രസംഗിച്ചതേയൊള്ളു എന്നതിനു പിൻബലമായി കാണിക്കുന്ന പുരാതന ഗ്രന്ഥം. [ സൂചന: രചയിതാവ് - ബാർ എബ്രായ - സിംപിളായില്ലെ?]

5. മാർത്തോമാശ്ലീഹായാൽ സ്ഥാപിതമായ തിരുവിതാംകോട് അരപ്പള്ളിയിൽ വച്ച് ലഭ്യമായ രേഖകൾ പ്രകാരം, മലങ്കര സഭയുടെ ഒരു മേൽപ്പട്ടക്കാരന്റെ സംസ്കാരശുശ്രൂഷയെ (കബറടക്കമല്ല; ഒരു ക്രമം) നടത്തപ്പെട്ടിള്ളൊള്ളു. ആരുടെയാണ്?

ക്വിസ് നമ്പർ 3: ഉത്തരങ്ങൾ

1. ഒനേസിമോസ് (പൗലോസ് ശ്ലീഹാ ഫിലേമോനെഴുതിയ ലേഖനത്തിൽ പരാമർശിക്കുന്നു. ആറാം വാക്യം.)

2. ഓഫീർ ( ഓഫീർ തങ്ക തുകിലങ്കി അണിഞ്ഞോളെ ഹാലേലുയ്യ
നോക്കുക കേൾക്കുക ചെവി ചായിക്ക)

3. ഫ്രാൻസിസ് ബുക്കാൻ പുലിക്കോട്ടിൽ ഇട്ടൂപ്പ് അച്ചനെപ്പറ്റി (പിന്നീട് ദിവന്നാസിയോസ് രണ്ടാമൻ) പറഞ്ഞത്.

4. ബാർ എബ്രായുടെ എക്ളീസിയസ്റ്റിക്കി - അഹറോന്റെ കാലം മുതൽ ബാർ എബ്രായയുടെ കാലം വരെയുള്ള ചരിത്രം രണ്ട് ഭാഗങ്ങളായി തിരിച്ച് പറഞ്ഞിരിക്കുന്നു. ഒന്നാം ഭാഗത്ത് അന്ത്യോഖ്യൻ പാത്രിയർക്കീസൽമാരുടെയും രണ്ടാം ഭാഗത്ത് പേർഷ്യയിലെ സഭയുടെയും ചരിത്രം നൽകിയിരിക്കുന്നു.

5. തമിഴ്നാട്ടിലെ നെയ്യൂർ ആശുപത്രിയിൽ വച്ച് കാലം ചെയ്ത ഗീവറുഗീസ് പ്രഥമൻ ബാവായുടെ സംസ്കാര ശുശ്രൂഷയുടെ ഒരു ഭാഗം തിരുവിതാംകോട് അരപള്ളിയിൽ വച്ച് നിർവഹിക്കപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ക്വിസ് നമ്പർ 4: ചോദ്യങ്ങൾ

1. യിസ്രായേലിന്റെ രണ്ടാമത്തെ രാജാവായി ഞാൻ വാഴിക്കപ്പെട്ടു. ശൗലിന്റെ മരണശേഷം ഞാൻ രാജാവായി. മഹയനീയത്തിൽ വച്ചാണ് ഞാൻ വാഴിക്കപ്പെട്ടത്. ഗിലയാദ്, അശൂരി, ബെന്യാമിൻ, എഫ്രയിം തുടങ്ങിയ ഗോത്രങ്ങളെയൊക്കെയും ഞാൻ ഭരിച്ചു. ആരാണ് ഞാൻ? [വേദപുസ്തകം]

2. "പിതാവേ, നാം ഒന്നായിരിക്കുന്ന പ്രകാരം ഇവരും ഒന്നാകേണ്ടതിന്നു തന്നെ " എന്നു പ്രാർഥിച്ച പരമരക്ഷകന്റെ ഐക്യത്തിന്റെ മനസ്ഥിതി എവിടെ? അവിടുത്തെ പ്രതിനിധികളെന്നഭിമാനിക്കുന്ന സഭാധ്യക്ഷൻമാരുടെ വിപ്ലവമനസ്ഥിതി എവിടെ? ക്രിസ്തുവിന്റെ പേർ പറഞ്ഞു ഈ നേതാക്കൻമാർ കാട്ടിക്കൂട്ടുന്ന തോന്ന്യാസങ്ങൾ തന്നെയും അവിടുത്തെ നാമത്തിലാണ് ഇവർ ചെയ്യുന്നതെന്ന് അഭിമാനിക്കുന്നതു കാണുമ്പോൾ ലജ്ജിക്കയല്ലാതെ എന്താ ചെയ്യുക?

ഈ പ്രവാചകശബ്ദം പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു യാത്രാ വിവരണത്തിൽ നിന്നാണ്. ആരുടെ വാക്കുകളാണിവ? [സഭാ ചരിത്രം]

3. " വീണ്ടും നാം ആചരിച്ചു വരുന്ന നിനുവായക്കാരുടെ നോമ്പ് റോമ്മാക്കാർക്കില്ല. നമ്മെ പോലെ ചിങ്ങമാസത്തിൽ പതിനഞ്ചു നോമ്പോ, ധനുമാസത്തിൽ 25 നോമ്പോ അവർ ആചരിക്കുന്നില്ല. വലിയ നോമ്പിൽ തന്നെയും അവർ മത്സ്യം ഭക്ഷിക്കുകയും ലഹരി പാനീയങ്ങൾ കുടിക്കുകയും ചെയ്യുന്നു. സുറിയാനിക്കാർ അങ്ങനെ ചെയ്യുന്നില്ല. ഇങ്ങനെ നാമും റോമ്മാക്കാരും തമ്മിൽ വളരെ അന്തരമുണ്ട്.

300 വർഷം മുമ്പുള്ള ഒരു കൽപനയിലെ ഭാഗമാണിത്. അരുടെ കൽപനയാണ്? [സഭാ ചരിത്രം]

4. കുരുടനെ സൗഖ്യമാക്കിയ സംഭവം, നല്ല ശമരിയാക്കാരന്റെ ഉപമ, 12 ശിഷ്യൻമാരെ വിളിക്കുന്നത്, കനാന്യസ്ത്രിയുടെ മകളെ സൗഖ്യമാക്കുന്നത്, യായീറോസിന്റെ മകളെ ഉയിർപ്പിക്കുന്നത്. - ഈ അഞ്ച് സുവിശേഷ ഭാഗങ്ങളെ പൊതുവായി ബന്ധിക്കുന്ന സവിശേഷത എന്താണ്? [ആരാധന - കൂദാശ]

5. മലങ്കര പള്ളിയോഗത്തിന്റെ ( 18-ാം നൂറ്റാണ്ടിനു ശേഷം) അദ്ധ്യക്ഷത വഹിച്ച ഏക അൽമായൻ. ആര്? ഏത് യോഗത്തിൽ? [സഭാ ചരിത്രം]

ക്വിസ് നമ്പർ 4: ഉത്തരങ്ങൾ

1. ഈശ്ബോശേത്ത്. യെഹൂദാഗൃഹം ദാവീദിനെ രാജാവായി അംഗീകരിച്ചു. ആ വിവരം ദാവീദ് ദൂതൻമാർ വഴിയായി ഗിലയാദിൽ അറിയിച്ചപ്പോൾ ശൗലിന്റെ സേനാപതി അബ്നേർ ശൗലിന്റെ പുത്രൻ ഈശ്ബോശേത്തിനെ രാജാവായി മഹനീയത്തിൽ വച്ച് വാഴിച്ചു. അവനെ ഗിലെയാദ്, അശൂരി, യിസ്രയേൽ, എഫ്രയീം, ബെന്യാമിൻ എന്നിങ്ങനെ എല്ലാ യിസ്രായേൽക്കാർക്കും രാജാവാക്കി. (2 ശമുവേൽ 2:9) ദാവീദിനെ അപ്പോൾ യെഹൂദാഗൃഹം മാത്രം രാജാവായി പരിഗണിച്ചു; പിന്നീട് ഏഴു വർഷങ്ങൾ കഴിഞ്ഞാണ് ദാവീദ് എല്ലാ യിസ്രായേലിന്റെയും രാജാവാകുന്നത്. മുഴുവൻ യിസ്രായേൽ ഗോത്രങ്ങളെയും ഭരിച്ച രണ്ടാമത്തെ രാജാവ് അങ്ങനെ ദാവീദ് ആകുന്നതും.

2. ചെറിയ മഠത്തിൽ സ്കറിയാ മൽപാൻ. സമാധാനശ്രമവുമായി ഹോംസിൽ അപ്രേം പ്രഥമനെ സന്ദർശിച്ച ഗീവറുഗീസ് ദ്വിതിയൻ ബാവായുടെ സംഘത്തിലെ ഒരു പ്രധാനി. അദ്ദേഹം എഴുതിയ യെറുശലേം യാത്രയിൽ നിന്നുള്ളതാണ് പ്രസ്തുത ഭാഗം. സമാധാനശ്രമങ്ങൾ പരാജയപ്പെടുന്നതിലെ നിരാശ മുഴുവനും ആ വാക്കുകളിൽ ഉണ്ട്.
സ്കറിയാ മൽപ്പാൻ 1894 ൽ ജനിച്ചു. 1952 മെയ് 11 നു അന്തരിച്ചു. വാഴൂർ സെ. പീറ്റേഴ്സ് പള്ളിയിൽ സംസ്കരിച്ചു. സെമിനാരി മൽപാനും പ്രിൻസിപ്പലുമായിരുന്നു. മാത്യൂസ് പ്രഥമൻ ബാവാ ഉൾപ്പെടെയുളള പല പ്രമുഖരുടെയും ഗുരു. വട്ടശേരിൽ മാർ ദീവന്നാസിയോസിന്റെ 1923 ലെ മർദ്ദീൻ യാത്രയിലും ഗീവറുഗീസ് ദ്വിതിയൻ ബാവായുടെ 1935-ലെ ഹോംസ് യാത്രയിലും സഹയാത്രികനായിരുന്നു.

3. 1665-ൽ മലങ്കരയിൽ എത്തിയ യെരുശലേമിന്റെ മെത്രാപ്പോലീത്തായായിരുന്ന ഗ്രീഗോറിയോസ് അബ്ദൽ ജലീലിന്റെ വാക്കുകൾ. അദ്ദേഹം 1668 കുംഭം 5-ന് പറവൂർ, കണ്ടനാട്, മുളന്തുരുത്തി പള്ളിയിലെ വികാരിമാർക്ക് അയച്ച കത്തിൽ നിന്നുള്ള വരികളാണിവ. റോമായിലേക്ക് പോകാതിരിക്കാനും നമ്മുടെ വിശ്വാസം അവരിൽ നിന്ന് വിഭിന്നമാണെന്നും ബോധ്യപ്പെടുത്താനുമുള്ള ശ്രമങ്ങൾ കത്തിൽ കാണാം.

4. ഇത് അഞ്ചും കന്തീലാ ശുശ്രൂഷയുടെ അഞ്ച് ഏവൻഗേലിയോൻ ഭാഗങ്ങളിലെ പരാമർശന വിഷയങ്ങളാണ്. കന്തീല എന്ന വാക്കിനു തിരി എന്നർഥം. അഞ്ച് ശുശ്രൂഷകൾ ഉണ്ട്. രോഗശാന്തിയ്ക്കായി നടത്തപ്പെടുന്നു. വിപുലീകരിക്കപ്പെട്ട തൈലാഭിഷേകം ആയി പരിഗണിക്കാം.

5. ഗബ്രിയേൽ മക്കുദിശ - 1873 സെപ്തംബർ 8 നു പരുമല സെമിനാരിയിൽ കൂടിയ പള്ളി പ്രതിപുരുഷയോഗത്തിൽ അദ്ധ്യക്ഷത തായി കണ്ടനാട് ഗ്രന്ഥവരിയിൽ (ശെമവുൻ മാർ ദീവന്നാസിയോസ്) കാണുന്നു.
ഗബ്രിയേൽ മക്കുദിശ 1846 - ൽ മലങ്കരയിൽ എത്തിയ യുയാക്കീം മാർ കൂറിലോസിന്റെ സഹോദരൻ. തിരുവല്ല ചാലക്കുഴിത്തറവാട്ടിൽ നിന്ന് വിവാഹം ചെയ്ത് അവിടെ താമസിച്ചു. ആ പരമ്പരക്കാർ ഇന്നുമുണ്ട്.

ക്വിസ് നമ്പർ 5: ചോദ്യങ്ങൾ

1. ''നിന്റെ കാലിൽ നിന്ന് ചെരിപ്പ് അഴിച്ചു കളയുക; നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാകുന്നു. ആരോട് പറഞ്ഞതാണീ വാക്കുകൾ?

2. കാനോനിലെ വ്യവസ്ഥകളും സഭാ ഭരണഘടനയിലെ വ്യവസ്ഥകളും തമ്മിൽ വൈരുദ്ധ്യം വന്നാൽ പ്രധാന്യം ഭരണഘടനയ്ക്കാണ്. എന്നാൽ മൗലിക കാര്യങ്ങളിൽ രണ്ടും തമ്മിൽ വ്യത്യാസമില്ല.
ആരുടെ അഭിപ്രായമാണ്? എവിടെയാണ് പറഞ്ഞത്?

3. അഞ്ചാം തുബ്ദേനിൽ പരാമർശിക്കുന്ന ഒരു പിതാവിന്റെ സംസ്കാരശുശ്രൂഷയിൽ 1000-ൽ പരം വൈദികർ പങ്കെടുത്തതായി പാരമ്പര്യമുണ്ട്. ആരുടെയാണ്?

4. ''സഹോദരി സഹോദരൻമാരുടെ മക്കൾ ഓരോ താവഴിയിൽ മുമ്മൂന്നു തലമുറ കഴിഞ്ഞാൽ നാലാം തലമുറയിൽ വിവാഹം ആകാം." ഒരു സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ അനുബന്ധമായി കൂടിയ മാനേജിംഗ് കമ്മിറ്റി നിശ്ചയമാണിത്. ഏതാണ് മറ്റ് പല പ്രധാന തീരുമാനങ്ങളുമെടുത്ത ആ അസോസിയേഷൻ?

5. ''നാളെ ഇവിടെ നിന്നും ഒരു റഷ്യൻ കപ്പൽ യോപ്പായിലേക്ക് പോകുന്നുണ്ടെന്നറിയുകയാൽ അതിന്റെ കപ്പിത്താനെ ചെന്നു കണ്ടു കൂലി കൊടുത്തു ടിക്കറ്റും മറ്റു വാങ്ങിച്ചിരിക്കുന്നു. നാളെ നാലു മണിക്കു ഞങ്ങൾ ഇവിടെ നിന്നും പുറപ്പെടുന്നതാണ്. മറ്റെന്നാൾ രാവിലെ മാത്രമെ ഞങ്ങൾ യോപ്പായിൽ ചെന്നു ചേരുകയൊള്ളു.
ഇതാരുടെ വാക്കുകൾ?

ക്വിസ് നമ്പർ 5: ഉത്തരങ്ങൾ

1. യോശുവായോട് യഹോവയുടെ സൈന്യത്തിന്റെ അധിപതി പറഞ്ഞതാണ്.
(യോശുവ 5:15) മുൾപടർപ്പിൽ നിന്നു മോശ കേൾക്കുന്ന ശബ്ദം "നീ നിൽക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽ നിന്ന് ചെരിപ്പ് അഴിച്ചുകളയുക'' (പുറപ്പാട് 3:5) എന്നാണല്ലോ. ഇവിടെ ചോദിച്ചത് ''നിന്റെ കാലിൽ നിന്ന് ചെരിപ്പ് അഴിച്ചു കളയുക; നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാകുന്നു.''

2. പ.ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ. 1977 ഡിസംബർ 12-നു കോട്ടയം സബ് കോടതിയിൽ നൽകിയ മൊഴി. (രണ്ടാം സമുദായക്കേസ്)

3. മാർ അബഹായി :- നിഖ്യായിലെ മെത്രാപ്പോലീത്ത റോമാ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന തേവോദോസ്യോസിന്റെ കാലത്ത് നിയമിതനായി. ചക്രവർത്തി തന്നെയാണ് നിയമിച്ചത്. 'തെരഞ്ഞെടുക്കപ്പെട്ട മാർ അബഹായി' എന്നു അഞ്ചാം തുബ്ദേനിൽ പരാമർശിക്കുന്നു.

4. 1886 സെപ്തംബർ 14-നു പഴയ സെമിനാരിയിൽ കൂടിയ മാനേജിംഗ് കമ്മറ്റി. സെപ്തംബർ 11 മുതൽ 13 വരെ കൂടിയ അസോസിയേഷനാണ് പള്ളികളുടെ വരുമാനത്തിൽ നിന്ന് അഞ്ച് ശതമാനം സമുദായത്തിനു നൽകണമെന്നും വൈദിക പഠനം സെമിനാരിയിൽ കേന്ദ്രീകരിക്കണമെന്നും തീരുമാനിച്ചത്. കൂടാതെ കൂട്ടു ട്രസ്റ്റിമാരായി കോനാട്ട് കോര യോഹന്നാൻ മൽപാനെയും കുന്നുംപുറത്ത് കോര ഉലഹന്നാൻ മൽപാനെയും തിരഞ്ഞെടുത്തു.

5. കല്ലാശേരി പുന്നൂസ് റമ്പാൻ : യെരുശലേം യാത്രാ മദ്ധ്യേ 1908 മേടം 10നു സൂയ്സ് കനാലിന്റെ മെഡിറ്ററേനിയൻ കവാടമായ പോർട്ട് സെയ്ദിൽ നിന്നയച്ച കത്തിൽ നിന്ന്

ക്വിസ് നമ്പർ 6:

1. ശവപ്പെട്ടിയിൽ അടക്കം ചെയ്തതായി വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി. [വേദപുസ്തകം]

ഉത്തരം യോസേഫ് (ഉൽപ്പത്തി 50:26)

2. ആദാമിനെ സൃഷ്ടിക്കുവാൻ ദൈവം മണ്ണെടുത്ത സ്ഥലത്തിന്റെ പേരെന്താണ്? [കൂദാശ - ശുശ്രൂഷ]

ഉത്തരം ഓദേം സോ
[വലിയ വെള്ളിയാഴ്ച സ്ളീബാ വന്ദനവിന്റെ പ്രൊമിയോൻ സെദറായിൽ പറയുന്നുണ്ട്]

3. പ്രകാശത്തിൽ നിന്നുള്ള ഏകപ്രകാശവും പ്രകാശത്തിന്റെ ഉറവയുമായവന്, മുമ്മൂന്നു കതിരുകളുള്ള ഏക സ്തുതിയും മുമ്മൂന്നു രശ്മികളുള്ള ഏക പുകഴ്ചയും ഉന്മത്ത കാന്തിയുള്ള ഏക അഭ്യുന്നതിയും.. ഉണ്ടായിരിക്കട്ട്.
ഏത് ശുശ്രൂഷയിലെ പ്രാർഥനയാണിത്!
[കൂദാശ - ശുശ്രൂഷ]

ഉത്തരം മേൽപ്പട്ട സ്ഥാനാഭിഷേകം (രണ്ടാം ശുശ്രൂഷ)

4. ഏലിയാസ് ദ്വിതിയൻ, യാക്കോബ് ദ്വിതിയൻ, അബ്ദള്ള ദ്വിതിയൻ ഈ പാത്രിയർക്കീസൻമാർക്ക് മലങ്കരയുമായി ബന്ധപ്പെട്ട പൊതുവായ സവിശേഷത എന്താണ്? ഈ സവിശേഷത ഇല്ലാത്തവരാണ് പത്രോസ് തൃതിയൻ, അപ്രേം പ്രഥമൻ തുടങ്ങിയവർ. [സഭാ ചരിത്രം]

_ഉത്തരം _ ഈ മൂന്നു പാത്രിയർക്കീസൻമാരും മലങ്കര മെത്രാൻമാരെ വാഴിച്ചിട്ടുണ്ട് ഇവർ യഥാക്രമം പാലക്കുന്നത്ത് അത്താനാസിയോസ്, പുലിക്കോട്ടിൽ മാർ ദീവന്നാസിയോസ്, വട്ടശേരിൽ മാർ ദീവന്നാസിയോസ് എന്നിവർക്ക് മെത്രാൻ സ്ഥാനം നൽകി.

5. നമ്മുടെ യാത്രയ്ക്ക് ആവശ്യമുള്ള പണം മുഴുവനും ഇതുവരെയും ഉണ്ടായിട്ടില്ല. നമ്മുടെ അനുഗ്രഹിക്കപ്പെട്ട മക്കൾ മുഖാന്തരം, നമ്മുടെ സഭയെ മുട്ടുകൂടാതെ ഇതുവരെ നടത്തിയിട്ടുള്ള ദൈവത്തിൽ ശരണപ്പെട്ടു കൊണ്ട് നാം പുറപ്പെടുന്നു.പണപ്പിരിവ് ഊർജിതമായി നടന്നു കൊണ്ടിരിക്കുന്നതാണ്...ആപ്പീസിൽ നിന്ന് ഉടൻ തന്നെ രസീത് അയച്ചു തരുന്നതും സംഭാവന ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നതുമായിരിക്കും.''

ഏത് യാത്രയെക്കുറിച്ചാണ് ഈ പറയുന്നത്.
?

ഉത്തരം പ.ഗീവറുഗീസ് ദ്വിതിയൻ ബാവായുടെ എഡിൻബറോ യാത്ര 1937 മിഥുനം 19 നു പഴയ സെമിനാരിയിൽ നിന്നയച്ച കൽപനയിലെ ഭാഗം.

ക്വിസ് നമ്പർ 7:

1. ഞാനൊരു പ്രവാചകനാണ്. എന്റെ തലയിൽ അശേഷം മുടിയുണ്ടായിരുന്നില്ല എന്നർഥത്തിൽ എന്നെ മൊട്ടത്തലയാ എന്നു വിളിച്ച് കുട്ടികൾ കളിയാക്കി. ഉടനെ തന്നെ 2 കരടികൾ വന്ന് അവരെ കൊന്നു കളഞ്ഞു. ഞാനാരാണ്?

ഉത്തരം: എലീശ പ്രവാചകൻ (2 രാജാക്കൻമാർ രണ്ടാം അദ്ധ്യായം) എല്ലാവരും ശരിയാക്കിയെന്ന് തോന്നുന്നു
2. സംഗീതത്താൽ സഭയെ ഉയർത്തിയ പിതാവെന്നു വിശേഷിപ്പിക്കുന്ന അഞ്ചാം തുബ്ദേനിലെ പിതാവ്.

സേവേറിയോസ് (സംഗീതത്താൽ സഭയെ ഉയർത്തിയ സേവേറിയോസ് എന്നു പാടുന്നു.)

3. നിരണം വലിയപള്ളി, പഴയ സെമിനാരി, പരുമല പള്ളി, ഏലിയാ കത്തീഡ്രൽ ഈ ദേവാലയങ്ങൾക്ക് പൊതുവായ സവിശേഷത എന്താണ്? ഈ സവിശേഷത ഇല്ലാത്ത ദേവാലയമാണ് പഴഞ്ഞി പള്ളി.

ഉത്തരം ഇത് നാലും കാതോലിക്കാ വാഴ്ച നടത്തപ്പെട്ട ദേവാലയങ്ങൾ

4. '' വട്ടശേരിൽ തിരുമേനിയുടെ പ്രാർഥനാജീവിതവും സന്യാസ ജീവിതത്തിലുണ്ടായിരുന്ന നിഷ്ഠയും, സഭയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള താൽപര്യവും മാതൃകയാണ്. സഭാ ഐക്യത്തിൽ അദ്ദേഹത്തിനു പ്രത്യേക താൽപര്യമുണ്ടായിരുന്നു. സഭകളുടെ ഐക്യത്തിനു വേണ്ടിയുള്ള ജീവിതാന്ത്യം വരെയും അദ്ദേഹത്തിനുണ്ടായിരുന്നു.'' വട്ടശേരിൽ തിരുമേനിയെപ്പറ്റിയുള്ള ഈ സാക്ഷ്യം ആരുടെയാണ്? [ഓർത്തഡോക്സുകാരന്റെയല്ല]

ഉത്തരം: മാർ ജോസഫ് പൗവ്വത്തിൽ 2004 ഫെബ്രുവരി 24 നു പ. വട്ടശേരിൽ തിരുമേനി വിശുദ്ധനായി പ്രഖ്യാപിച്ച ശുശ്രൂഷാമദ്ധ്യേ ചെയ്ത പ്രസംഗത്തിൽ നിന്ന്. (അലക്സാണ്ടർ ജേക്കബ് എന്ന ഉത്തരം പ്രതീക്ഷിച്ചു; മിക്കവാറും എല്ലാവരും അത് ഇടുകയും ചെയ്തു.)

5. നസ്രാണികളെ മുഴുവനായി അടക്കി ഭരിച്ച ആദ്യ ലത്തീൻ ബിഷപ്പ്?

ഫ്രാൻസിസ് റോസ് (1599 മുതൽ 1624 വരെ നസ്രാണികളെ ഭരിച്ചു) മെനസിസ് ഗോവൻ ആർച്ച് ബിഷപ്പായിരുന്നല്ലോ. നസ്രാണികളെ ഭരിച്ചു എന്നു പറയാൻ പറ്റില്ല.

ക്വിസ് നമ്പർ 8:

1.സാറ, രൂത്ത്, ഫറവോന്റെ മകൾ, സാറാഫാത്തിലെ(സരെപ്തയിലെ) വിധവ എന്നിവർക്ക് പൊതുവായ സവിശേഷത എന്താണ്? ഈ സവിശേഷത ഇല്ലാത്തവരാണ് ലേയയും നവോമിയും. [വേദപുസ്തകം]

ഉത്തരം: നാലു പേരും പുതിയ നിയമത്തിൽ പരാമർശിക്കപ്പെടുന്ന പഴയ നിയമ കഥാപാത്രങ്ങളാണ്.
സാറ - എബ്രായർ 11:11
രൂത്ത് - മത്തായി 1:05
സാറാഫാത്തിലെ വിധവ - ലൂക്കോസ് 4:26
ഫറവോന്റെ മകൾ - പ്രവർത്തികൾ 7:21

2. മോശയുടെ ജീവചരിത്രമെഴുതിയ അഞ്ചാം തുബ്ദേനിലെ പിതാവ്? [ AD 300-നും AD 750 നും ഇടക്കുള്ള സഭാ ചരിത്രം]

ഉത്തരം: നിസായിലെ ഗ്രീഗോറിയോസ് [ഇതിന്റെ ഒരു പരിഭാഷ ഞാലിയാകുഴി ബസേലിയോസ് ദയറാ പ്രസദ്ധീകരിച്ചിട്ടുണ്ട്.]

3. കൊച്ചുമെത്രാച്ചൻ മുതൽപേർ ഊർശ്ലേമിൽ നിന്നു തിരിച്ചുവന്നു. പട്ടശേരിൽ മല്പാൻ അച്ചന്നും....വന്നു വിവരങ്ങൾ ഒക്കെ പറഞ്ഞു. അവർ ഊർശ്ലേം, ബേത്ലഹേം, ബഥാന്യ, ഗാഗുൽത്ത മുതലായ സ്ഥലങ്ങൾ കാണുകയും നേർച്ച മുതലായവ കൊടുക്കുകയും ചെയ്തു. ഊർശ്ലേം മുതലായവയുടെ പടങ്ങൾ ഓശാനയുടെ സൈത്ത്, കുന്തിരിക്കം മാല മുതലായവ കൊണ്ടുവന്നു.
ഇതൊരു ഡയറിക്കുറിപ്പാണ്. ആരുടെയാണ്? [AD 1845-നും 1910-നും ഇടക്കുള്ള സഭാ ചരിത്രം]

ഉത്തരം: കാരുചിറ ഗീവറുഗീസ് റമ്പാൻ. [പ.ബസേലിയോസ് ഗീവറുഗീസ് ഒന്നാമൻ]

4. അത് രണ്ടറ്റത്തും വെള്ളി കെട്ടിയതും മുകൾഭാഗത്ത് മൂന്ന് മണികൾ ഉള്ളതും, ഒരു ചെങ്കോലിന്റെ നീളമുള്ളതും ആയ ഒരു ചുവന്ന വടി ആയിരുന്നു. - എന്തിനെപ്പറ്റിയാണ് ഈ പറയുന്നത്? [1450 നും 1850 നും ഇടക്കുള്ള സഭാചരിത്രം]

ഉത്തരം: നസ്രാണികൾ വാസ്കോഡ ഗാമായ്ക്ക് നൽകിയ ദണ്ഡ്. (കേരളപഴമയിൽ ഗുണ്ടെർട്ടും, ജെസ്യൂട്ട്സ് ഇൻ മലബാറിൽ ഫെറോളിയും ഇക്കാര്യം പറഞ്ഞിരിക്കുന്നു)

5. ഓശാന പെരുന്നാളിനു മെത്രാപ്പോലീത്താ പള്ളിയിൽ പോയപ്പോൾ ബെത്ഗാസാ മുറി കുത്തി തുറന്ന് വിലപിടിപ്പുള്ള വസ്തുക്കളുമായ കടന്ന വ്യക്തി? [1800-നും 1950-നും ഇടക്കുള്ള സഭാചരിത്രം]

ഉത്തരം: ജോസഫ് പീറ്റ് [മിഷനറി, സെമിനാരി അദ്ധ്യാപകനായിരുന്നു; 1841-ൽ മലയാള വ്യാകരണം പ്രസിദ്ധപ്പെടുത്തി. ഈ സംഭവത്തോടെ സഭയുമായി തെറ്റി. 1865-ൽ അന്തരിച്ചു]

ക്വിസ് നമ്പർ 9

1. പഴയ - പുതിയ നിയമങ്ങളിൽ ഒരേ ചുമതല നിർവഹിക്കുന്ന കഥാപാത്രം. [ ഏലിയാവ് പഴയനിയമത്തിൽ പ്രവാചകനാണ്. പുതിയ നിയമത്തിൽ ചിലയിടങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്. താബോർ മലയിൽ പ്രത്യക്ഷപ്പെടുന്നു. കർത്താവിനോട് സംഭാഷിച്ച് അപ്രത്യക്ഷനാകുന്നു. അതായത് പുതിയ നിയമത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും പഴയ നിയമത്തിലെ ചുമതല നിർവഹിക്കുന്നില്ല; ചോദ്യം : പഴയ നിയമത്തിലും പുതിയ നിയമത്തിലും ഒരേ ചുമതല നിർവഹിക്കുന്ന ഒരു കഥാപാത്രം ഉണ്ട്. അത് ആരാണ്?

ഉത്തരം: ഗബ്രിയേൽ: ദൈവത്തിന്റെ ദൂത് മനുഷ്യരെ അറിയിക്കുക എന്ന ദൗത്യം പഴയ നിയമത്തിലും പുതിയ നിയമത്തിലും നിർവഹിക്കുന്നു.
പഴയനിയമം (ദാനിയേൽ : 8:15)
പുതിയനിയമം (ലൂക്കോസ് 1:11)

2. ''... സുറിയാനിക്കാരായ ഞങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായിട്ടുള്ളവയാണ് നെസ്തോറിയതും മറ്റും നിങ്ങളുടെ ഇടയിൽ വിതച്ച രീതികൾ. അവ പിഴുതു മാറ്റണം... അനനുരൂപമായ എല്ലാ ആചാരാനുഷ്ഠാനങ്ങളും ചുവടോടെ പറിച്ചു മാറ്റണം.''
അന്ത്യോഖ്യ പാത്രിയർക്കീസിന്റെ കത്താണ് ഇത്. ആരുടെയാണ്?

പ. ഇഗ്നാത്തിയോസ് ഗീവറുഗീസ് തൃതിയൻ (മാർത്തോമാ അഞ്ചാമന് അയച്ച ഈ കൽപന സെമിനാരി കേസിൽ ഹാജരാക്കിയിട്ടുണ്ട്)

3. സുറിയാനി സംഗീതത്തിലെ നാല് വിഭാഗങ്ങളാണ് എനിയോനോ, കാത്തിസ്മാ, സുഗീസോ. ഇവയ്ക്ക് പൊതുവായ സവിശേഷത എന്താണ്? ഇവയിൽ നിന്ന് വ്യത്യസ്തമാണ് എക്ബോയും ബോവൂസോയും.

ഉത്തരം: ഇവയ്ക്ക് എട്ട് നിറങ്ങൾ എന്ന നിബന്ധന ഇല്ല.

4. ഗീവറുഗീസ് ദ്വിതിയൻ ബാവ, ഔഗേൻ പ്രഥമൻ ബാവ, മാത്യൂസ് പ്രഥമൻ ബാവ, മാത്യൂസ് ദ്വിതിയൻ ബാവ എന്നിവർക്കു പൊതുവായ ഒരു സവിശേഷത എന്താണ്? ആ സവിശേഷത ഇല്ലാത്തവരാണ് ഗീവറുഗീസ് പ്രഥമൻ ബാവായും ദിദിമോസ് പ്രഥമൻ ബാവായും.

ഉത്തരം: ഇവർ നാലു പേരും ഒരു തവണയെങ്കിലും അഞ്ച് മേൽപ്പട്ടക്കാരെ ഒരുമിച്ച് വാഴിച്ചിട്ടുണ്ട്.
ഗീവറുഗീസ് ദ്വിതിയൻ ബാവ (1953) , ഔഗേൻ പ്രഥമൻ ബാവ (1975), മാത്യൂസ് പ്രഥമൻ ബാവ (1985), മാത്യൂസ് ദ്വിതിയൻ ബാവ (1991)

5. ''പട്ടത്വം (പൗരോഹിത്യം) എന്നത് നേരിയ തുണിയാൽ മൂടപ്പെട്ട തീക്കനലാണ്. സൂക്ഷ്മതയോടെ കൈകാര്യം ചെയ്താൽ ആ തീക്കനൽ തുണിക്കകത്ത് ജ്വലിച്ചു കൊണ്ടിരിക്കും. എന്നാൽ അശ്രദ്ധമായി കൈകാര്യം ചെയ്താൽ അത് തുണിയെയും ആളെ ഉൾപെടെയും കത്തിച്ചു കളയും.'' ആരുടെ വാക്കുകളാണ്..!

ഉത്തരം: പ. ഗീവറുഗീസ് ദ്വിതിയൻ ബാവ പ. മാത്യൂസ് ദ്വിതിയൻ ബാവായോട് പറഞ്ഞത്.

ക്വിസ് നമ്പർ 10

1. മോശയുടെ (മരണാനന്തരമുള്ള) ശരീരത്തിന്റെ പരാമർശം ഏത് പുസ്തകത്തിലാണ് കാണുന്നത്?

ഉത്തരം: യൂദായുടെ ലേഖനം (യൂദാ 1:9)

2. നമ്മുടെ വി. കുർബാനയിലെ (അനാഫുറായിലെ) ഒന്നൊഴികെ എല്ലാ പ്രാർഥനകളും പിതാവാം ദൈവത്തെ കേന്ദ്രീകരിച്ചുള്ളതാണ്. അതായത് അവസാനം പറയുന്നത് ...ഞങ്ങൾ നിനക്കും നിന്റെ ഏകജാതനും പരിശുദ്ധ റൂഹായ്ക്കും സ്തുതിയും സ്തോത്രവും...ഇങ്ങനെയാണ്. എന്നാൽ ഒരു പ്രാർഥന മാത്രം പുത്രനെ കേന്ദ്രീകരിച്ചാണ്! ഏതാണ് ആ പ്രാർഥന?

ഉത്തരം: വി.കുർബാനയിലെ ഹുത്തോമോയ്ക്ക് മുമ്പുള്ള പ്രാർഥന അനാഫുറയിലെ അവസാന പ്രാർഥന ഇതാണ്.

3. ''ഇത്രയേറ സ്ഥാനത്തിലും മഹത്വത്തിലും ഇരുന്ന പരിശുദ്ധൻ തന്റെ ജീവിതകാലത്തെ നയിച്ചത് ഒരു വലിയ കരിങ്കല്ലിന്റെ ഉള്ളിൽ കൊത്തിയുണ്ടാക്കിയ ഒരു ചെറിയ ഗുഹയിലാണ്.'' ആരുടെ വാസസ്ഥലത്തെപ്പറ്റിയാണ് പുലിക്കോട്ടിൽ തിരുമേനി ഈ പറയുന്നത്?

ഉത്തരം: ഗ്രീഗോറിയോസ് ബാർ എബ്രായ

4. പരുമല മാർ ഗ്രീഗോറിയോസ്, തോമസ് മാർ തീമോത്തിയോസ്, ദാനിയേൽ മാർ പീലക്സീനോസ്, ജോസഫ് മാർ പക്കോമിയോസ്, എന്നിവർക്ക് പൊതുവായ ഒരു സവിശേഷത എന്താണ്? ഈ സവിശേഷത ഗീവറുഗീസ് മാർ ഒസ്താത്തിയോസ്, അലക്സിയോസ് മാർ തേവോദോസിയോസ് എന്നിവർക്ക് ഇല്ല.

ഉത്തരം: ഇവരെല്ലാവരും മലങ്കര മെത്രാന്റ അസിസ്റ്റന്റായിരുന്നിട്ടുണ്ട്.

5. അൻപതു നോമ്പിന്റെ പേത്തർത്താ നാളാകുന്നു കർത്താവ് വെള്ളം വീഞ്ഞാക്കിയ മുൻപിലത്തെ പ്രത്യക്ഷ നാൾ. അന്ന് നിർബന്ധമായും വീഞ്ഞ് രസിക്കണം എന്ന പരാമർശം കാണുന്നത് (18 - 19 നൂറ്റാണ്ടുകളിലെ ) ഏത് രേഖയിലാണ്?

ഉത്തരം: 1798-ലെ ചാത്തന്നൂർ പഞ്ചാംഗത്തിൽ

ക്വിസ് നമ്പർ 11

1. ദുഷ്ടനു സഹായം ചെയ്യുന്നത് ശരിയാണോ എന്നത് ആരുടെ സംശയമാണ്?

ഉത്തരം: യേഹൂദർശകൻ യെഹോശാഫാത്ത് രാജാവിനോട് ചോദിക്കുന്നതാണ് :- (1 ദിനവൃത്താന്തം 19:2)

2. സെഹിയോൻ മാളിക, ആമീദ്, ഏലിയാ കത്തീഡ്രൽ, കോലഞ്ചേരി. ഇവയ്ക്ക് പൊതുവായ സവിശേഷത എന്താണ്? ഈ സവിശേഷത ലെബനോനും പുതുപ്പള്ളിക്കും ഇല്ല.

ഉത്തരം: ഇവിടങ്ങളിൽ വച്ച് മലങ്കര മെത്രാന്മാർ അവരുടെ മെത്രാൻ സ്ഥാനം പ്രാപിച്ചിട്ടുണ്ട്
സെഹിയോൻ മാളിക - വട്ടശേരിൽ തിരുമേനി
ആമീദ് - പുലിക്കോട്ടിൽ തിരുമേനി
ഏലിയാ കത്തീഡ്രൽ - മാത്യൂസ് പ്രഥമൻ/മാത്യൂസ് ദ്വിതിയൻ ബാവാമാർ
കോലഞ്ചേരി - ദിദിമോസ് പ്രഥമൻ ബാവ

3. 'പരിശുദ്ധാത്മാവിന്റെ ഓടക്കുഴൽ എന്നറിയപ്പെടുന്ന അഞ്ചാം തുബ്ദേനിലെ പിതാവ്?

ഉത്തരം: സെറൂഗിലെ യാക്കോബ് നിസിബിസിലെ യാക്കോബ് അല്ല. അഞ്ചാം തുബ്ദേനിൽ യാക്കോബ് എന്നു മാത്രം പറയുന്നു. (മാർ അപ്രേമും മാർ യാക്കോബും മാർ ഇസഹാക്കും മാർ ബാലായിയും) അത് ഏത് യാക്കോബും ആകാം. എന്നാൽ പരിശുദ്ധാത്മാവിന്റെ മുരളി/ഓടക്കുഴൽ എന്നറിയപ്പെടുന്നത് സെറുഗിലെ യാക്കോബ് ആണ്. നമ്മുടെ ഈശാ നാഥാ വരിക തുണപ്പാൻ .., മശിഹാ സ്കീപ്പാ മൃതി.., മാതൃവിശുദ്ധാ സ്മൃതി..., ഉത്ഥാനത്താൽ തൻ സഭയെ... ഒക്കെ ചിട്ടപ്പെടുത്തിയ സെറുഗിലെ യാക്കോബ്.

4. 'ഈ സമയം പിരിവിനായി ശീമയിൽ നിന്നു ഒരു മെത്രാൻ തന്നെ വന്നിരിക്കുന്നു. അദ്ദേഹം പിരിവിനായി നമ്മുടെ പള്ളികൾ സന്ദർശിക്കുന്നു. അതിനു പുറമേ രണ്ട് മാസം മുമ്പ് ഒരു വിവാഹിതൻ പാത്രിയർക്കീസിന്റെ ഒരു എഴുത്തുമായി വന്നു പള്ളികൾ സന്ദർശിച്ച് പണം പിരി..'' ഇതാരുടെ അഭിപ്രായമാണ്? ആരോട് പറയുന്നതാണ്?

ഉത്തരം: പുലിക്കോട്ടിൽ മാർ ദീവന്നാസിയോസ് അഞ്ചാമൻ തിരുമേനിയുടെ അഭിപ്രായമാണ് 1882 ധനു 25-നു തിരുമേനി കൽദായ മെത്രാനായ മാർ അബ്ദീശോ തൊണ്ടനാട്ടിനയച്ച കത്തിൽ നിന്ന്. [ മാർ അപ്രേം എഴുതിയ മാർ അബ്ദീശോ തൊണ്ടനാട്ടെന്ന പുസ്തകത്തിൽ നിന്നും]

5. മശിഹായുടെ തിരുബാല്യം, പവിഴത്തിന്റെ പുസ്തകം, മക്കാമത്ത്, സ്വർഗത്തിൽ നിന്ന് വന്ന എഴുത്ത്, നർസായുടെ പുസ്തകം, ശകുനപുസ്തകം, പുണ്യവാൻമാരുടെ ചരിത്രം. ഈ പുസ്തകങ്ങളെ പൊതുവായി ബന്ധിപ്പിക്കുന്ന വസ്തുത എന്താണ്?

ഉത്തരം: ഇവ ഉദയംപേരൂർ സുന്നഹദോസിൽ നിരോധിച്ച നെസ്തോറിയൻ പുസ്തകങ്ങളാണ്

ക്വിസ് നമ്പർ 12

1. ഇടങ്കയ്യനായ ഏഹൂദ്, ശൗൽ രാജാവ്, മൊർദ്ദേഖായി, പൗലോസ് ശ്ലീഹാ എന്നിവർക്ക് പൊതുവായ പ്രത്യേകത എന്താണ്? ഈ സവിശേഷത മോശക്കും യോസേഫിനും യൂദാ ഇസ്കറിയോത്തായ്ക്കും ഇല്ല.

ഉത്തരം: ഇവരെല്ലാം ബെന്യാമിൻ ഗോത്രത്തിൽ പെട്ടവരാണ്
ഇടങ്കയ്യനായ ഏഹൂദ് (ന്യായാധിപന്മാർ 3 : 15)
ശൗൽ (1 ശമുവേൽ 9 : 1,2)
മൊർദ്ദേഖായി (എസ്ഥേർ 2 : 5)
പൗലോസ് ശ്ലീഹാ (റോമർ 11 : 1)

2. പെട്ടെന്നുണ്ടായ രണ്ട് സഹോദരിമാരെപ്പറ്റി സ്ളീബ നമസ്കാരത്തിൽ പറയുന്നുണ്ട്. അവർ ആരെല്ലാമാണ്?

ഉത്തരം: ആകാശവും ഭൂമിയും
(..ഗഗനം ധരയെന്നീ, ദ്രുതമുണ്ടായൊരു സോദരിമാർ...)

3. പുത്തൻക്രമം നമസ്കാരവും പട്ടം കെട്ടുകയും കാപ്പയിട്ടു കുർബാന ചൊല്ലുകയും പെൺകെട്ടും മാമ്മോദീസായും പഴയക്രമം നടന്നു കൊള്ളത്തക്കവണ്ണവും ഒരു പടിയോല എഴുതി...ഏത് പടിയോല?

ഉത്തരം: പുതിയകാവ് പടിയോല (1788)

4. നമ്മുടെ പാരമ്പര്യത്തിൽ വചനിപ്പ് പെരുന്നാൾ വരുമ്പോഴൊഴികെ കഷ്ടാനുഭവ ആഴ്ചയിൽ വി.കുർബാന നടത്താറില്ല. എന്നാൽ മലങ്കര സഭയുടെ ഒരു മെത്രാപ്പോലീത്തായുടെ കബറടക്കം കഷ്ടാനുഭവ ആഴ്ചയിലെ ചൊവ്വാഴ്ച നടത്തിയിട്ടുണ്ട്. അന്ന് വി. കുർബാനയും ചൊല്ലിയിട്ടുണ്ട്. ആരുടെയാണ്?

ഉത്തരം: വലിയ മാർ ദീവന്നാസിയോസ്
1808 ലെ കഷ്ടാനുഭവ ആഴ്ച

5. ''തുബ്ദേന്റെ സമയം വലിയ മദ്ധ്യസ്ഥതയുടെ സമയമാണന്നു നാം മനസിലാക്കേണ്ടതാണ്. ഈ സമയത്തിന്റെ ഗൗരവം എല്ലാവരെയും ഉത്ബോധിപ്പിച്ചുകൊണ്ട് ശെമ്മാശൻ ഒന്നാം തുബ്ദേന്റെ അവസാനത്തിൽ വിളിച്ചു പറയുന്നത് ശ്രദ്ധിക്കുക... മഹത്തും, ഭയങ്കരവും പരിശുദ്ധവുമായ ഈ സമയത്ത് ദൈവമായ കർത്താവിനോട് നാം അപേക്ഷിച്ചു പ്രാർഥിക്കണം. വി. കുർബ്ബാനയിൽ ഭയങ്കരവും പരിശുദ്ധവും മഹത്ത്വമുള്ളതുമായ സമയത്താണ് നമ്മൾ അഭക്തിപൂർവ്വം ഇരിക്കുന്നതും അലക്ഷ്യമായി പെരുമാറുന്നതും''
ഒരു പൗരസ്ത്യ കാതോലിക്കായുടെ അഭിപ്രായമാണ്. ആരുടേതാണ്?

ഉത്തരം: പ.ബസേലിയോസ് ദിദിമോസ് പ്രഥമൻ (അദ്ദേഹത്തിന്റെ റഷ്യൻ സഭാ സന്ദർശന യാത്രാ വിവരണത്തിൽ നിന്നു)

ക്വിസ് നമ്പർ 14

1. തന്റേതല്ലാത്ത മുട്ടയ്ക്ക് അടയിരിക്കുന്ന പക്ഷി ഏതാണ്? അന്യായമായ മാർഗത്തിൽ പണം സമ്പാദിക്കുന്നവർ ഈ പക്ഷിയെപ്പോലെയാണ്. [വേദപുസ്തകം]

ഉത്തരം: തിത്തിരി പക്ഷി (യിരമ്യാവ് 17 : 11)

2. ''കൊത്ത്നേയിൽ വെള്ളം വീഞ്ഞാക്കിയതും കുരുടനു കാഴ്ച നൽകിയതും മരുഭൂമിയിൽ ആയിരങ്ങൾക്കു അപ്പം വർദ്ധിപ്പിച്ചതും നീ അല്ലെ?'' ഒരു പെൺകുട്ടി ആരോട് ചോദിക്കുന്നതാണ് ഇത്? [ശുശ്രൂഷ/കൂദാശ]

ഉത്തരം: തോമാ ശ്ലീഹായോട് ചോദിക്കുന്നതാണ് തോമാശ്ലീഹായുടെ ഓർമ്മപെരുന്നാൾ കസോലിക്കി. എബ്രായക്കാരിവിടില്ലെന്നാലും.... എന്നു തുടങ്ങുന്ന ഗീതം

3. ''അഴിമതി നടത്തി വരുന്ന മെത്രാനെ മാറ്റി കാനോൻ പ്രകാരം നടത്തിക്കുന്നതിന് തൊഴിയൂർ മെത്രാനെ വരുത്തി മര്യാദപ്രകാരം രക്ഷിക്കണം.'' ആർക്കെതിരായ പരാതിയാണിത്?

ഉത്തരം: ചേപ്പാട്ട് മാർ ദീവന്നാസിയോസിനെതിരെ 1836 - ൽ നവീകരണ വിഭാഗം റസിഡന്റിനു നൽകിയ പരാതി

4. ഞാൻ അർമീനിയക്കാരനാണ്. കച്ചവടം ആണ് ജോലി. മലങ്കര സഭ മുളന്തുരുത്തി പള്ളിക്കാർ മുഖേന എന്നെ കണ്ടെത്തി, പൗരസ്ത്യ മെത്രാന്മാരേ കൊണ്ടു വരികയായിരുന്നു ദൗത്യം. പറഞ്ഞതുപോലെ രണ്ട് പേരെ കൊണ്ടു വന്നു. കൊണ്ടു വന്നു കഴിഞ്ഞപ്പോൾ കാശ് തന്നില്ല. കൊണ്ടുവന്ന മെത്രാനേയും പിടിച്ചു കൊണ്ട് ഞാൻ തിരിച്ചു പോയി. അപ്പോൾ പള്ളിയിലെ ചാക്കോ കത്തനാർ എവിടെ നിന്നോ പണം ഒപ്പിച്ചു തന്നു. ഞാൻ മാത്രമല്ല എന്റെ സുഹൃത്ത് കുത്തന്തീനും എന്നോടൊപ്പം ഉണ്ടായിരുന്നു. ആരാണ് ഞാൻ?

ഉത്തരം: അറിവാസ് മുളന്തുരുത്തി പള്ളിയിൽ സൂക്ഷിച്ചിരുന്ന പ്രാർഥനാ പുസ്തകത്തിൽ നിന്ന് ചിരനച്ചനാണ് പേരുകൾ കണ്ടെടുത്തത്

5. മാർത്തോമാ ആറാമൻ അഥവാ വലിയ മാർ ദീവന്നാസിയോസിനെ മഹാൻ/വലിയ എന്നു വിശേഷിപ്പിച്ച ഇരുപതാം നൂറ്റാണ്ടിനു മുമ്പുള്ള ഇട്ടൂപ്പ് മുതലായ സഭാ ചരിത്രങ്ങൾക്കപ്പുറത്തുള്ള ഔദ്യോഗിക രേഖ ഏതാണ്?

ഉത്തരം: റോയൽ കോടതി വിധി കോട്ടയം ചെറിയപള്ളിക്കേസിലും അപ്രകാരം തന്നെ പരാമർശിച്ചിരിക്കുന്നു. മാവേലിക്കര പടിയോല പോലെ സഭയുമായി ബന്ധപ്പെട്ട പലതിലും ഈ പേര് പരാമർശിച്ചിട്ടുണ്ടെങ്കിലും അതിനപ്പുറം ഉള്ളതാണ് ചോദിച്ചത്.

ക്വിസ് നമ്പർ 15

1. തിരുവെഴുത്തുകളെ ഓരോ ദിവസവും പരിശോധിച്ചികൊണ്ടിരുന്നത് ആരാണ്?[വേദപുസ്തകം]

ഉത്തരം: ബെരോവയിലെ ആളുകൾ പ്രവർത്തികൾ 17:11

2. മലമുകളിൽ അഗ്നിമയൻമാരുടെ സാന്നിദ്ധ്യത്തിൽ നടന്ന കബറടക്കം ആരുടെയാണ്.? [ശുശ്രൂഷ/കൂദാശ]

ഉത്തരം : മോശയുടെ വൈദികരുടെ സംസ്കാരക്രമത്തിലും മറ്റ് ചില ഗീതങ്ങളിലും പറയുന്നു.

3. ദൈവമാതാവിന്റെ ഒരു വാങ്ങിപ്പ് പെരുന്നാൾ ദിവസം മലങ്കരസഭാ ചരിത്രത്തിൽ ഇദംപ്രഥമമായി ഒരു സംഭവം നടക്കുകയുണ്ടായി. എന്താണ് ആ സംഭവം? അതേ സംഭവം തോമാശ്ലീഹായുടെ ഒരു ഓർമ്മപെരുന്നാൾ ദിവസം ആവർത്തിച്ചിട്ടുമുണ്ട്.

ഉത്തരം മലങ്കരയിൽ ആദ്യത്തെ മുറോൻ കൂദാശ 1876 - ൽ പത്രോസ് തൃതീയൻ നിർവഹിച്ച മൂറോൻ കൂദാശ. ഔഗേൻ ബാവാ 1967 ഡിസംബർ 21 - നു മൂറോൻ കൂദാശ നിർവഹിച്ചിട്ടുണ്ട്.

4. '' ആറാം ശതാബ്ദത്തിൽ മലയാളക്കര സന്ദർശിച്ച കോസ്മോസ് ഇൻഡിക്കോ പ്ളെസ്റ്റസ് എന്നയാൾ കഴിഞ്ഞാൽ പിന്നെ കേരളവുമായി അടുത്ത ബന്ധത്തിൽ ഏർപെട്ട ഗ്രീക്കുകാരൻ ഞാനാണെന്നു തോന്നുന്നു... ആറു മാസം മുമ്പാണ് ഞാൻ ഇവിടുത്തെ നസ്രാണികളുമായി ഞാൻ പരിചയപ്പെട്ടത്. നിങ്ങൾ യഥാർഥ ക്രിസ്ത്യാനികൾ ആണെന്നും, നിങ്ങൾ ക്രിസ്തുമതത്തിന്റെ ഏറ്റവും പ്രാചീനവും പരിശുദ്ധവുമായ പാരമ്പര്യങ്ങൾ പുലർത്തി പോരുന്നവരാണെന്നും ഞാൻ മനസിലാക്കി'' ആരുടെ അഭിപ്രായമാണ്?

ഉത്തരം: ഗ്രീസിലെ പീറ്റർ രാജകുമാരൻ ചിങ്ങവനത്ത് പീസ് ലീഗിന്റെ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് ചെയ്ത പ്രസംഗത്തിൽ നിന്നും.

5. അന്ത്യോഖ്യ പാത്രിയർക്കീസുമാർ തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ നിർത്താൻ സ്ഥിരമായി ഉപയോഗിക്കുന്നതാണ് 'പട്ടത്വത്തിൽ നിന്ന് തള്ളപ്പെട്ടവനും ഉരിയപ്പെട്ടവനും' എന്ന പ്രസ്താവന. ചോദ്യം - താൻ പറഞ്ഞത് അനുസരിച്ചില്ലായെങ്കിൽ നിങ്ങൾ പട്ടത്വത്തിൽ നിന്ന് ഉരിയപ്പെട്ടവനായിരിക്കുമെന്ന് ആദ്യമായി പാത്രിയർക്കീസ് ഭീഷണി മുഴക്കുന്നത് ആരോടാണ്?

ഉത്തരം ഗീവറുഗീസ് തൃതിയൻ പാത്രിയർക്കീസ് മാർത്തോമ്മാ അഞ്ചാമനോട് അദ്ദേഹം പറഞ്ഞത് കേൾക്കാൻ കൂട്ടാക്കിയില്ല എന്നത് വേറെ കാര്യം.

ക്വിസ് നമ്പർ 16

1. യോസേഫ്, മോശ, ദാവീദ്, അബ്ശാലോം, എസ്ഥേർ എന്നിവരെ പൊതുവായി ബാധിക്കുന്ന ഒരു വിശേഷണം എന്താണ്?

ഉത്തരം : ഇവരെ സുന്ദരൻ/സൗന്ദര്യമുള്ളവർ എന്നു വേദപുസ്തകം വിശേഷിപ്പിക്കുന്നു.
യോസേഫ് : ഉൽപത്തി 39:6
മോശ : പ്രവർത്തികൾ 7:20
ദാവീദ് : 1 ശമുവേൽ 16 : 12
അബ്ശാലോം : 2 ശമുവേൽ 14 : 25
എസ്ഥേർ : എസ്ഥേർ 2 : 7

2. സൈന്യങ്ങളും പെരുമ്പാമ്പുകളും തന്നെ ചുറ്റി വളഞ്ഞതായി സ്വപ്നം കണ്ടത് ആരാണ്?[ശുശ്രൂഷ/കൂദാശ]

ഉത്തരം : പീലാത്തോസിന്റെ ഭാര്യ ദുഃഖവെള്ളിയാഴ്ച രാത്രി നമസ്കാരം നാലാം കൗമായിൽ ധ്യാനിക്കുന്നു.

3. ''... നാം നിങ്ങളുടെ അപേക്ഷയെ നിവർത്തിച്ചു തന്നതു പോലെ നിങ്ങളും നിങ്ങളെ നാം ഭരമേൽപ്പിച്ചിരിക്കുന്ന നിധിയെ തിരികെ ഏൽപിക്കേണ്ടതാകുന്നു..'' ഇതിൽ പരമാർശിക്കുന്ന നിധി എന്താണ്? ആ നിധിയെ ദൗർഭാഗ്യവശാൽ തിരികെ ഏൽപിക്കാൻ നസ്രാണികൾക്കായില്ല.

ഉത്തരം മാർ ബസേലിയോസ് യൽദോ മഫ്രിയാനയും മാർ ഈവാനിയോസ് ഹിദായത്തുള്ളയും ഇഗ്നാത്തിയോസ് അബ്ദേദ് മശിഹാ ഒന്നാമന്റെ കൽപനയിലെ പരാമർശമാണിത്. യൽദോ ബാവാ പതിന്നാലാം പക്കവും മാർ ഈവാനിയോസ് ഒമ്പതു വർഷങ്ങൾക്കുശേഷവും മലങ്കരയിൽ വച്ച് കാലം ചെയ്തു.

4. രണ്ടാമത്തെ മാർത്തോമാശ്ലീഹാ എന്നു വിശേഷിപ്പിക്കപ്പെട്ട മലങ്കര സഭാ ചരിത്ര രേഖകളിൽ മെത്രാപ്പോലീത്ത. (ഇദ്ദേഹം മലയാളിയല്ല)

ഉത്തരം : മാർ ഈവാനിയോസ് ഹദിയള്ള (ഹിദായത്തുള്ള) സെമിനാരി കേസിൽ GGG അക്കമായി ഹാജരാക്കിയ കോനാട്ട് ലൈബ്രറിയിലെ ഒരു ശ്ഹീമാ നമസ്കാര പുസ്തകത്തിലാണ് ഈ പരാമർശമുള്ളത്.

5. ''..ഒ.എം. ചെറിയാനെ കൂട്ടിക്കൊണ്ട് പഴയ സെമിനാരിയിൽ പോയി. വലിയ മെത്രാച്ചനുമായി ഭരണഘടന സംബന്ധിച്ച് സംസാരിച്ചു. പണ സംബന്ധമായ കാര്യങ്ങളിൽ പരമാധികാരം ജനങ്ങൾക്ക് ഇരിക്കണമെന്നുള്ളതാണ് തർക്ക വിഷയം. അതിനെപ്പറ്റി പറഞ്ഞ് ഒരു ഒത്തുതീർപ്പിലെത്താൻ കഴിഞ്ഞില്ല...ഭരണഘടനയെ സംബന്ധിച്ച് മെത്രാച്ചനുമായി കുറേ സമയം സംസാരിച്ചു. യോജിക്കുന്ന മട്ട് കണ്ടില്ല.'' ഒരു കാലത്തെ കൃത്യമായി വരച്ച് കാണിക്കുന്ന ഈ ഡയറിക്കുറിപ്പുകൾ ആരുടെയാണ്?

ഉത്തരം: പാറേട്ട് മാത്യൂസ് കത്തനാർ പിന്നീട് കോട്ടയം ഭദ്രാസനത്തിന്റെ പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ്.

ക്വിസ് നമ്പർ 17

1. മുന്തിരിക്കുല, അത്തിപ്പഴം, മാതളപ്പഴം എന്നിവയെ പൊതുവായി ബന്ധിപ്പിക്കുന്ന കാര്യം എന്താണ്? ഒലിവിനും ദേവദാരുവിനും ഈ സവിശേഷത ഇല്ല.

ഉത്തരം : ഈ മൂന്നും കനാൻദേശം ഒറ്റുനോക്കുവാൻ പോയവർ കൊണ്ടുവന്ന ഫലങ്ങളാണ് (സംഖ്യാ പുസ്തകം 13:23)

2. മന്നായിട്ടു വച്ച ചെപ്പും സാക്ഷിയിൻ പെട്ടകവും ഇതിനെ ദൃഷ്ടാന്തീകരിക്കുന്നു. ഏതിനെയാണ്? അഹറോന്റെ തളിർത്തവടിയും ഗിദയോന്റെ രോമക്കെട്ടും അതിനെ സൂചിപ്പിക്കുന്നില്ല.

ഉത്തരം : മുറോന്റെ പാത്രം
_മന്നായുടെ ചെപ്പും
സാക്ഷിപ്പെട്ടകവും ധന്യ പിതാവേ!
തൃകൈയിലിരിക്കും തൈലപാത്രത്തെ സൂചിപ്പിച്ചു
(മൂറോൻ കൂദാശ :- ഒന്നാം ശുശ്രൂഷ)_

3. ഒരു കോളേജ് ചാപ്പലിൽ വച്ച് 20-ാം നൂറ്റാണ്ടിൽ മലങ്കരയിലെ ഒരു മെത്രാൻ സ്ഥാനാഭിഷേകം നടന്നിട്ടുണ്ട്. ആരുടെ സ്ഥാനാഭിഷേകമാണ്.?

ഉത്തരം : അലക്സിയോസ് മാർ തേവോദോസിയോസ്, തോമ്മാ മാർ ദീവന്നാസിയോസ് 1941 ഏപ്രിൽ 8-നു ആലുവാ യു.സി കോളേജ് ചാപ്പലിൽ വച്ച് ഗീവറുഗീസ് ദ്വിതിയൻ ബാവാ ഇവരെ മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തി

4. ''പള്ളിക്രമങ്ങൾ നടത്തുന്നതിൽ അദ്വിതീയനാണ് മുറിമറ്റത്തിൽ പൗലോസ് മാർ ഈവാനിയോസ് തിരുമേനി'' ആരുടെ സമകാലിക സാക്ഷ്യമാണിത്.

ഉത്തരം : കോനാട്ട് മാത്തൻ മൽപാൻ 1908-ൽ പുറത്തിറക്കിയ നടപടിക്രമത്തിന്റെ മുഖവുരയിൽ നിന്ന്

5. ''മാർ ഈവാനിയോസ് ഹിദായത്തുള്ള ബാവായുടെ ഓർമ്മ അതിവിപുലമായി മുളന്തുരുത്തി പള്ളിക്കാരും ബസേലിയോസ് മഫ്രിയാനയുടെ ഓർമ്മ സെപ്തംബർ 20 നു കോതമംഗലം പള്ളിക്കാരും ആഘോഷിക്കുന്നുണ്ട്. ഒരു വിദേശ മേൽപ്പട്ടക്കാരന്റെ 18-ാം നൂറ്റാണ്ടിലെ ഒരു രേഖയിൽ കാണുന്നതാണ് ഈ പരാമർശം. ആരുടെയാണ്?

ഉത്തരം മാർ ബസേലിയോസ് ശക്രള്ള ബാവാ ഈ കാര്യം യാക്കോബ് തൃതീയൻ പാത്രിയർക്കീസിന്റെ ഇന്ത്യയിലെ സുറിയാനി സഭ എന്ന പുസ്തകത്തിൽ ഉള്ളതാണ്. ഈ പരാമർശം ശ്രീ കുര്യൻ തോമസ് ഒന്നു രണ്ടിടങ്ങളിൽ ഉപയോഗിച്ചിട്ടുമുണ്ട്.

 

ക്വിസ് നമ്പർ 18

1 : ദാവീദ്, നെഹെമ്യാവ്, ദാനിയേൽ, എസ്ഥേർ, പൗലോസ് എന്നിവർക്കു പൊതുവായ ഒരു സവിശേഷത എന്താണ്?

ഉത്തരം : ഇവരെല്ലാം ഉപവസിച്ചതായി വേദപുസ്തകം സാക്ഷിക്കുന്നു
ദാവീദ് : (2 ശമുവേൽ 12 : 16)
നെഹമ്യാവ് : (നെഹ 1 : 4)
ദാനിയേൽ : (ദാനിയേൽ 9 : 3)
കൊർന്നല്യോസ് : (പ്രവർത്തികൾ 10 : 30)
എസ്ഥേർ : (എസ്ഥേർ 4 : 16)
പൗലോസ് : (2 കൊരിന്ത്യർ 11 : 27)

പൗലോസ് ശ്ലീഹായുടെ കാര്യത്തിൽ (2 കൊരി 11 : 27) ഉപവാസം എന്ന പദം BSI യുടെ സത്യവേദപുസ്തകത്തിൽ കാണുന്നില്ല. POC, വിശുദ്ധഗ്രന്ഥം തുടങ്ങിയ മറ്റ് എല്ലാ പരിഭാഷകളിലും ഉണ്ട്. അതേ പോലെ കൊർന്നല്യോസിന്റെ കാര്യത്തിൽ (പ്രവർത്തികൾ 10 : 30) ഉപവാസം എന്ന പദം BSI യുടെയും POC യുടെയും ബൈബിളിൽ ഇല്ല. പെഷീത്തായുടെ പരിഭാഷയിൽ ഉണ്ട്.

2 : ''വചനത്തിന്റെ മരണം കൊണ്ടേ മനുഷ്യരുടെ ദ്രവത്വം നീക്കാൻ പറ്റൂ. പക്ഷേ വചനത്തിനു മരണമില്ല; വചനം പിതാവിന്റെ പുത്രനാണ്. അതിനുള്ള പോംവഴി എന്താണ്? വചനം മരണമുള്ള ജഡം എടുത്തു. ആ ജഡത്തിൽ എല്ലാവർക്കും വേണ്ടി മരിച്ചു.''

ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങൾ തന്നെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ച ഈ ലേഖന ഭാഗം അഞ്ചാം തുബ്ദേനിൽ നാം ഓർക്കുന്ന ഒരു വലിയ പിതാവിന്റെയാണ്. ആരുടെയാണ്?

ഉത്തരം : മാർ അത്താനാസിയോസ് നിഖ്യാ വിശ്വാസപ്രമാണത്തിന്റെ ക്രോഡീകരണത്തിനായി പോരാടിയ അത്തനാസിയോസ് എഴുതിയ വചനത്തിന്റെ മനുഷ്യാവതാരം എന്ന ലേഖനത്തിൽ നിന്നും.

3. പത്രോസ് മൂന്നാമൻ പാത്രിയർക്കീസ് വാഴിച്ച 6 മെത്രാന്മാരിൽ, (മെത്രാൻ സ്ഥാനാരോഹണ ശുശ്രൂഷകളുമായി ബന്ധപ്പെട്ട്) മുറിമറ്റത്തിൽ മാർ ഈവാനിയോസിനു മാത്രം മറ്റ് അഞ്ച് പേരിൽ നിന്ന് ഒരു കാര്യത്തിൽ വ്യത്യാസമുണ്ട്. എന്തിലാണ്?

ഉത്തരം : സുന്ത്രോണീസോ മുറിമറ്റത്തിൽ മാർ ഈവാനിയോസിന്റെ സുന്ത്രോണീസോ മാമ്മലശേരി പളളിയിൽ വച്ച് നടത്തിയതായി രേഖയുണ്ട്. പത്രോസ് തൃതീയൻ വാഴിച്ച മറ്റ് അഞ്ചു പേർക്കും സുന്ത്രോണീസോ നടത്തിയതായി രേഖയില്ല.

4. മേൽപ്പട്ടക്കാർ കാലം ചെയ്യുമ്പോൾ അംശവസ്ത്രങ്ങൾ ധരിപ്പിച്ച്, സ്ഥാന ചിഹ്നങ്ങൾ അണിയിച്ച് കസേരയിൽ ഇരുത്തുകയാണല്ലോ പതിവ്. കാസാ - പീലാസകൾ കൈയിൽ പിടിപ്പിക്കാറില്ല. എന്നാൽ ചരിത്രത്തിൽ ഒരു മെത്രാന്റെ സംസ്കാരത്തിൽ മെഴുകു കൊണ്ടുള്ള കാസാ - പീലാസാകൾ ഉപയോഗിച്ചതായും അതുണ്ടാക്കിയതിനു നാല് ചക്രം ചെലവായതായും രേഖയുണ്ട്. ആരുടെ സംസ്കാര ശുശ്രൂഷയിൽ ആണ് ഇപ്രകാരം കാസാ - പീലാസകൾ ഉപയോഗിച്ചത്?

ഉത്തരം: വലിയ മാർ ദീവന്നാസിയോസിന്റെ നിരണം പള്ളിക്കാരാണ് കാസാ - പീലാസാകൾ നിർമ്മിച്ചത്.

5.'' കോട്ടയത്തുള്ള വലിയ പള്ളി, പുത്തൻ പള്ളി, കുരിശു പള്ളി ഈ മൂന്നു പള്ളികളിലെയും മണികൾ മൂന്നു ദിവസത്തോളം ഇടവിടാതെ ദു:ഖവാർത്തയെ അറിയിച്ചുകൊണ്ടിരുന്നു. മാർ ദീവന്നാസിയോസ് സിമ്മനാരിയും താഴത്തങ്ങാടി ഇംഗ്ലീഷ് പള്ളിക്കൂട്ടും മലയാം പള്ളിക്കൂട്ടങ്ങളും സ്വാമിഭക്തി സൂചകമായി മൂന്നു ദിവസത്തേക്കു പൂട്ടപ്പെട്ടു. തിരുനക്കരയിലും താഴത്തങ്ങാടിയിലുമുള്ള സുറിയാനി കച്ചവട പീടികകൾ എല്ലാം രണ്ടു ദിവസത്തേക്കു അടയ്ക്കപ്പെട്ടു. എല്ലാ പള്ളികളിലും മൂന്നു ദിവസത്തെ ഉപവാസവും നമസ്കാരവും കുർബ്ബാനയും കാലം ചെയ്ത പിതാവിന്റെ ആത്മശാന്തിക്കുവേണ്ടി ആചരിക്കപ്പെടുകയും....''

ആരുടെ മരണവാർത്തയെ തുടർന്നുള്ള സംഭവവികാസങ്ങളാണ് ഇവ.

ഉത്തരം : പത്രോസ് തൃതിയൻ പാത്രിയർക്കീസിന്റെ ഇടവക പത്രിക 1070 കന്നി 30

ക്വിസ് നമ്പർ 19

1. എലെയാസർ (അഹറോന്റെ പുത്രൻ), യിരമ്യാവ്, യെഹസ്ക്കിയേൽ, സഖറിയാ (പ്രവാചകൻ) എന്നിവർക്ക് പൊതുവായ സവിശേഷത എന്താണ്?

ഉത്തരം : ഇവരെല്ലാം ലേവി ഗോത്രത്തിൽ ജനിച്ചവരാണ്

2. പത്രോസ് പൗലോസ് ശ്ലീഹൻമാരുടെ ഓർമ്മ, സ്വർഗാരോഹണ പെരുന്നാൾ, പെന്തിക്കോസ്തിക്കു ശേഷം ആറാം ഞായറാഴ്ച, ശവസംസ്കാരം - ഒന്നാം ശുശ്രൂഷ എന്നിവയ്ക്കു പൊതുവായ സവിശേഷത എന്താണ്?

ഉത്തരം : ഈ സന്ദർഭങ്ങളിലെല്ലാം അഞ്ചാം നിറമാണ് ഉപയോഗിക്കേണ്ടത്

3. സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ പ്രസിഡണ്ട് ജീവനോടെ ഇരിക്കെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമില്ലാതെ വൈസ്പ്രസിഡണ്ട് അദ്ധ്യക്ഷതവഹിച്ച മലങ്കര അസോസിയേഷൻ?

ഉത്തരം : 1974 ലെ നിരണം അസോസിയേഷൻ പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് അദ്ധ്യക്ഷത വഹിച്ചു

4. ഉദയംപേരൂർ സുന്നഹദോസിൽ നസ്രാണികളെ സൂചിപ്പിക്കുവാൻ ഉപയോഗിച്ചിട്ടുള്ള വാക്കേതാണ്?

ഉത്തരം : എണങ്ങർ മാർത്തോമാ നസ്രാണിയിടവകയിലെ പട്ടക്കാരെയും എണങ്ങരെയും (ഇണങ്ങരെയും) കൂട്ടി... എന്നാണ് കാനോനകളിൽ കാണുന്നത്. ഡോ. സ്കറിയാ സക്കറിയായെ പോലെയുള്ള ഭാഷാ പണ്ഡിതർ നസ്രാണി സമുദായത്തിന്റെ സഹോദര്യവും സമഭാവനയുമായി ഈ പദത്തെ ചേർത്ത് അവതരിപ്പിച്ചിട്ടുണ്ട്.

5. ''കുറച്ച് മാസങ്ങൾക്കു മുമ്പ് ഞാൻ വന്നപ്പോൾ എന്നെ പള്ളിയിൽ കയറ്റാതെ അവർ അടച്ചുകളഞ്ഞു; പോലീസിനെക്കൊണ്ടാണ് ഞാൻ വാതിൽ തുറപ്പിച്ചത്. ഞാൻ കുർബാന സമയത്ത് തിരുശരീര രക്തങ്ങൾ ഉയർത്തിയപ്പോൾ അവർ കണ്ണുകൾ അടച്ചു കളഞ്ഞു... ഏതാനും വർഷങ്ങൾക്ക് മുമ്പ് നമ്മുടെ മാതാവിന്റെ ഒരു പ്രതിമ ഞാൻ കാണിച്ചപ്പോൾ ഇവരിൽ പലരും കണ്ണുപൊത്തുകയും, ഞങ്ങൾ ക്രിസ്ത്യാനികളാണ്, വിഗ്രഹങ്ങളെ ആരാധിക്കുന്നവരല്ല; ആ വൃത്തികെട്ട സാധനം കൊണ്ടു പോകണം എന്നു പറയുകയും ചെയ്തു.'' - ആരാണീ പറയുന്ന ഞാൻ?

ഉത്തരം:  ഫ്രാൻസിസ് റോസിനോട് മെനെസിസ് പറഞ്ഞതാണ് . ഗുവായയുടെ ജെർണാദയിലും മെക്കൻസിയുടെ ചരിത്രത്തിലും ഇത് കാണുന്നുണ്ട്.

ക്വിസ് നമ്പർ 20

1. തന്നെ ദയതോന്നി കൊന്നു കളയണമെന്ന് യഹോവയോട് പറഞ്ഞ പ്രവാചകൻ ആരാണ്?

ഉത്തരം: മോശെ (സംഖ്യ 11 : 15)

2. ''ആദാമിന്റെ ഇടതുഭാഗത്ത് നിന്ന് ഹവ്വാ പുറപ്പെട്ടതു പോലെ, പുതിയ ആദാമിന്റെ ഇടതുഭാഗത്ത് നിന്ന് സഭ അടിസ്ഥാനപ്പെട്ടിരിക്കുന്ന രണ്ട് കൂദാശകൾ പുറപ്പെട്ടു.'' വിശുദ്ധ അഗസ്തീനോസിന്റെ അഭിപ്രായമാണിത്. എന്നാൽ ഇതിനോട് ചേർന്ന അഭിപ്രായം പറഞ്ഞ പൗരസ്ത്യ പിതാക്കന്മാരും ഉണ്ട്. കർത്താവിന്റെ വിലാപ്പുറത്ത് നിന്ന് ഒഴുകിയ രക്തവും വെള്ളവും വി.കുർബാനയെയും മാമോദീസായെയും സൂചിപ്പിക്കുന്നു എന്നു പറഞ്ഞ അഞ്ചാം തുബ്ദേനിൽ ഓർക്കുന്ന പിതാവ് ആരാണ്? (രണ്ട് പേരുണ്ട്; ഒരു പേര് പറഞ്ഞാൽ മതിയാകും)

ഉത്തരം സ്വർണനാവുകാരനായ ഈവാനിയോസും മാർ കൂറീലോസും

3. ചെങ്ങന്നൂർ ചെങ്കൽ ഇട്ടി ശെമ്മാശനെയും കുറവിലങ്ങാട് കിഴക്കേടത്ത് കുര്യൻ ശെമ്മാശനെയും സഭാ ചരിത്രത്തിൽ എവിടെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്?

ഉത്തരം : ഇവർ രണ്ടു പേരുമാണ് മൈലാപ്പൂരിൽ തടവിൽ കഴിഞ്ഞിരുന്ന അഹത്തുള്ള ബാവായെ സന്ദർശിച്ചത്

4. സുറിയാനിക്കാരുടെ കാനോനാകൾക്കും, ചട്ടത്തിനും വിശ്വാസത്തിനും വിരോധമായി തമ്പുരാനെപ്പെറ്റ മാതാവിനോടും പരിശുദ്ധൻമാരോടും പ്രാർഥിക്കണ്ട എന്നും, മരിച്ചവർക്കു വേണ്ടിയുള്ള പ്രാർഥനാ വേണ്ട എന്നും, ഇവകൾ കൊണ്ട് യാതൊരു ഉപകാരവും ഗുണവും ഇല്ലെന്നത്രെ ഈ ആളിന്റെ വിശ്വാസവും പ്രവൃത്തിയും...പാലക്കുന്നത്ത് അത്താനാസിയോസിന്റെ ഈ ചരമക്കുറിപ്പ് ആരെഴുതിയതാണ്?

ഉത്തരം : കരവട്ടുവീട്ടിൽ ശെമവൂൻ മാർ ദീവന്നാസിയോസ് അദ്ദേഹത്തിന്റെ നാളാഗമത്തിൽ കാണാവുന്നതാണ്

5. ''ദീവന്നാസിയോസ് മെത്രാനു മലങ്കര മെത്രപ്പോലീത്തായുടെ പിൻഗാമി എന്ന നിലയിൽ സ്താത്തിക്കോൻ കൊടുത്താൽ പിന്നെ എന്തിനാണ് ഞാൻ പോകുന്നത്; ഞാൻ പേകുന്നതല്ല.'' ആരാണീ ഞാൻ?

ഉത്തരം സ്ളീബാ മാർ ഒസ്താത്തിയോസ് വട്ടിപ്പണക്കേസിൽ, ഒസ്താത്തിയോസിനു മലങ്കര മെത്രാൻ സ്ഥാനത്തിനു ആഗ്രഹമുണ്ടായിരുന്നു എന്ന് എങ്ങനെ മനസിലായി എന്ന ചോദ്യത്തിനു വട്ടശേരിൽ തിരുമേനി നൽകിയ മറുപടി.

ക്വിസ് നമ്പർ 21

1. ഫറവോൻ, ബിലെയാം, ആഖാൻ, ദാവീദ്, ശിമയി, ഹിസ്കിയാവ്, ശൗൽ, ഇയ്യോബ് എന്നിവർക്ക് പൊതുവായ ഒരു സവിശേഷത എന്താണ്? ഇതേ സവിശേഷത മീഖായ്ക്കും നെഹമ്യാവിനും ഉണ്ട്.

ഉത്തരം : ഈ പത്തു പേരും ഞാൻ പാപം ചെയ്തു എന്നു ഏറ്റുപറഞ്ഞതായി വേദപുസ്തകം സാക്ഷിക്കുന്നു

ഫറവോൻ (പുറപ്പാട് 9:27)
ബിലെയാം (സംഖ്യ 22:33)
ആഖാൻ (യോശുവ 7:20)
ശൗൽ (1 ശമുവേൽ 26:21)
ദാവീദ് (2 ശമുവേൽ 24:10)
ശിമയി (2 ശമുവേൽ 19:20)
ഹിസ്കിയാവ് (2 രാജാക്കൻമാർ 18:14)
ഇയ്യോബ് (ഇയ്യോബ് 7:20)
മീഖ (മീഖാ 7:9)
നെഹെമ്യാവ് (നെഹമ്യാവ് 1:6)

2. ''പഴയനിയമത്തിൽ പലപ്പോഴും യേശുവിന്റെ പീഡാനുഭവവും ഉയിർപ്പും ഒരുമിച്ചാണ് പ്രവചിച്ചിരിക്കുന്നത്. യെശയ്യാവ് അമ്പത്തിമൂന്നാം അദ്ധ്യായത്തിലും ദാവീദ് രണ്ടാം സങ്കീർത്തനത്തിലും മോശ ഉല്പത്തി നാൽപത്തി ഒമ്പതാം അദ്ധ്യായം ഒമ്പതാം വാക്യത്തിലും യേശുവിന്റെ പീഡാനുഭവവും ഉയിർപ്പും ഒന്നിച്ചു പറഞ്ഞു. അതുപോലെ യേശുവും ഇവിടെ തന്റെ കഷ്ടാനുഭവവും ഉയിർപ്പും ഒന്നിച്ചു പറഞ്ഞു. യേശുവിന്റെ കഷ്ടാനുഭവം അവന്റെ നിത്യതയ്ക്കു തടസമല്ല.'' യോഹന്നാന്റെ സുവിശേഷം 12-ാം അദ്ധ്യായത്തിന്റെ ഒരു വ്യാഖ്യാനമാണിത്. 5-ാം തുബ്ദേനിൽ അനുസ്മരിക്കുന്ന ഏത് പിതാവിന്റെ വ്യാഖ്യാനമാണിത്?

ഉത്തരം : സ്വർണനാവുകാരനായ മാർ ഈവാനിയോസ് യോഹന്നാന്റെ സുവിശേഷത്തിനെഴുതിയ വ്യാഖ്യാനത്തിൽ നിന്നും.

3. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ചരിത്രത്തിൽ ആദ്യമായി റിട്ടേണിങ് ഓഫീസറായ വനിത.

ഉത്തരം: ഒ.പി. ശോശാമ്മ 2007 മാർച്ച് 21 നു ചേർന്ന അസോസിയേഷന്റെ റിട്ടേണിംഗ് ഓഫീസർ. തമിഴ്നാട് ലാന്റ് റവന്യു കമ്മീഷനറായിരുന്നു.

4. ആദ്യമായി സൈത്ത് കൂദാശ നിർവഹിച്ച പൗരസ്ത്യ കാതോലിക്ക ആരാണ്?

ഉത്തരം: ബസേലിയോസ് ഗീവറുഗീസ് പ്രഥമൻ 1101 ഇടവം 15-നു വള്ളിക്കാട്ട് ദയറായിൽ വച്ച് 25 കുപ്പി സൈത്ത് കൂദാശ ചെയ്തു പള്ളികൾക്കു കൊടുത്തു എന്നു കാണുന്നു. പൗലോസ് പ്രഥമൻ ബാവാ സൈത്ത് കൂദാശ നിർവഹിച്ചതായി രേഖയൊന്നും ഇല്ല.

5. ഒരു കത്താണ് കണ്ടു പിടിക്കേണ്ടത്. ഈ കത്ത് എഡേസയിലെ രാജകീയ ഗ്രന്ഥശാലയിൽ വച്ച് താൻ കണ്ടു എന്ന് യൗസേബിയോസ് തന്റെ സഭാ ചരിത്രത്തിൽ പറയുന്നു. അതിന്റെ കോപ്പി ഇന്ന് ബ്രിട്ടീഷ് മ്യൂസിയത്തിൽ ഉണ്ട്. 1850 - നോടടുത്ത് ഈജിപ്തിലെ നിത്രിയൻ സന്യാസാശ്രമത്തിൽ നിന്നാണ് മ്യൂസിയത്തിൽ കത്ത് എത്തുന്നത്? ഈ കത്ത് എഴുതിയ വ്യക്തിയെ നമ്മൾ വലിയനോമ്പിന്റെ ഇടയിൽ അനുസ്മരിക്കുന്നുണ്ട്. ആര് ആർക്കെഴുതിയ കത്തിനെപ്പറ്റിയാണ് ഈ പറയുന്നത്?

ഉത്തരം: അബ്ഗാർ രാജാവ് കർത്താവിനയച്ച കത്ത് ഇദ്ദേഹത്തെ പാതി ബുധനാഴ്ച പ.സഭ പ്രത്യേകമായി അനുസ്മരിക്കുന്നു.

ക്വിസ് നമ്പർ 22

1. യിശ്മായേൽ, ഇസഹാക്ക്, യോശിയാവ്, കോരെശ്, ശലോമോൻ, യോഹന്നാൻ സ്നാപകൻ, എന്നിവരെ പൊതുവായി ബന്ധിക്കുന്ന സവിശേഷത എന്താണ്?

ഉത്തരം :- ഇവരുടെയെല്ലാം പേരുകൾ ജനനത്തിനു മുമ്പ് തന്നെ നൽകപ്പെട്ടു/വിളിക്കപ്പെട്ടു.

യിശ്മായേൽ (ഉല്പത്തി 16:11)
യിസഹാക്ക് ( ഉല്പത്തി 17 : 19)
ശലോമോൻ (1 ദിനവൃത്താന്തം 22:9)
യോശിയാവ് (1 രാജാക്കൻമാർ 13:2)
കോരശ് (ഏശായ 44:28)
യോഹന്നാൻ (ലൂക്കോസ് 1:13)

2. ഹൗദ് മാലാഖേ, മാർ സേവേറിയോസിന്റെ മാനീസ, ഉയരപ്പെട്ടവന്റെ മറവിലിരിക്കുന്നവനായ..എന്ന അപേക്ഷ, മോറാൻ യേശുമശിഹ.. എന്നീ പ്രാർഥനകളെ പൊതുവായി ബന്ധിക്കുന്ന സവിശേഷത എന്താണ്? ഈ സവിശേഷത കർത്തൃ പ്രാർഥനയ്ക്കില്ല.

ഉത്തരം :- ഈ പ്രാർഥനകളെല്ലാം പുത്രൻ തമ്പുരാനെ കേന്ദ്രീകരിച്ചുള്ളതാണ് അഥവ പുത്രൻ തമ്പുരാനോടുള്ളതാണ്

3. ബസേലിയോസ് പൗലോസ് പ്രഥമൻ, ബസേലിയോസ് ഗീവറുഗീസ് ദ്വിതിയൻ, ബസേലിയോസ് ഔഗേൻ പ്രഥമൻ, ബസേലിയോസ് മാത്യൂസ് പ്രഥമൻ, ബസേലിയോസ് മാത്യൂസ് ദ്വിതിയൻ, ബസേലിയോസ് ദിദിമോസ് പ്രഥമൻ എന്നീ കാതോലിക്കാ ബാവാമാർ അവർ മെത്രാൻ സ്ഥാനം നൽകിയപ്പോൾ പാലിച്ച പൊതുവായ കീഴ്വഴക്കം കൊണ്ടു സമാനത പുലർത്തുന്നു. അതിനു സാധിക്കാതെ പോയത് ഗീവറുഗീസ് പ്രഥമൻ ബാവായ്ക്ക് മാത്രമാണ്. എന്താണ് ആ പൊതുവായ കാര്യം?

ഉത്തരം :- തങ്ങൾ കാതോലിക്ക/പാത്രിയർക്കീസ് സ്ഥാനം പ്രാപിച്ചശേഷം നിർവഹിക്കുന്ന ആദ്യ മേൽപ്പട്ട സ്ഥാനാഭിഷേകത്തിലെ ഒരു സ്ഥാനാർഥിക്കു തങ്ങളുടെ എപ്പിസ്കോപ്പൽ നാമം നൽകുക എന്ന കീഴ്വഴക്കം ഇവരെല്ലാം തന്നെ പാലിച്ചിട്ടുണ്ട്.

പൗലോസ് പ്രഥമൻ ബാവാ തന്റെ എപ്പിസ്കോപ്പൽ നാമമായ ഈവാനിയോസ് നൽകി 1913-ൽ യുയാക്കിം മാർ ഈവാനിയോസിനെ വാഴിച്ചു

ഗീവറുഗീസ് ദ്വിതിയൻ ബാവാ 1929 -ൽ നടത്തിയ ആദ്യ മേൽപ്പട്ട വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായ ഗ്രീഗോറിയോസ് നൽകി കുറിയാക്കോസ് മാർ ഗ്രീഗോറിയോസിനെ വാഴിച്ചു.

ഔഗേൻ പ്രഥമൻ ബാവാ 1966 -ൽ നടത്തിയ ആദ്യ മേൽപ്പട്ട വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായ തീമോത്തിയോസ് നൽകി തോമസ് മാർ തീമോത്തിയോസിനെ വാഴിച്ചു.

മാത്യൂസ് പ്രഥമൻ ബാവാ - 1977 -ൽ നടത്തിയ ആദ്യ മേൽപ്പട്ട വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായ അത്താനാസിയോസ് നൽകി യൂഹാനോൻ മാർ അത്താനാസിയോസിനെ വാഴിച്ചു.

മാത്യൂസ് ദ്വിതിയൻ ബാവാ - 1991 -ൽ നടത്തിയ ആദ്യ മേൽപ്പട്ട വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായ കൂറീലോസ് നൽകി ഗീവറുഗീസ് മാർ കൂറീലോസിനെ വാഴിച്ചു.

ദിദിമോസ് പ്രഥമൻ ബാവാ 2009 -ൽ നടത്തിയ ആദ്യ മേൽപ്പട്ട വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായ തീമോത്തിയോസ് നൽകി മാത്യൂസ് മാർ തീമോത്തിയോസിനെ വാഴിച്ചു.

4. പരിശുദ്ധ കാതോലിക്കാ ബാവായിൽ നിന്ന് 'ശ്രേഷ്ഠനായ സംഗീത സംവിധായകൻ' എന്ന പുരസ്കാരം നേടിയ വ്യക്തി. നന്ദിയോടെ ഞാൻ സ്തുതി പാടിടും, അതിശുദ്ധ ത്രോണോസിൻമേൽ തുടങ്ങിയ പാട്ടുകൾ ഇദ്ദേഹം രചിച്ചതാണ്.

ഉത്തരം :- പി.ജെ.ഏബ്രഹാം പടിഞ്ഞാറേത്തലക്കൽ ഇദ്ദേഹമാണ് മാർത്തോമാ സിംഹാസനത്തിൽ.. എന്നു തുടങ്ങുന്ന കാതോലിക്കാ മംഗളഗാനവും രചിച്ചത്.

5. പതിനൊന്നു മാലാഖമാരെ നമുക്ക് എവിടെയാണ് കാണുവാൻ സാധിക്കുന്നത്?

ഉത്തരം :- പൗരസ്ത്യ കാതോലിക്കാമാരുടെ മുദ്രയിൽ

ക്വിസ് നമ്പർ 23

1. മോശെ, ദാവീദ്, ശമുവേൽ, ശെമയ്യാവ്, ഏലിയാവ്, എലീശ എന്നിവർക്കു (പ്രവാചകൻമാർക്ക്) പൊതുവായ സവിശേഷത എന്താണ്?

ഉത്തരം: ഇവരെല്ലാം ദൈവപുരുഷൻമാർ എന്ന് വേദപുസ്തകം സാക്ഷിക്കുന്നു
മോശെ (ആവർത്തനം 33:1)
ദാവീദ് (2 ദിന: 8:14)
ശമുവേൽ (1 ശമുവേൽ 9:6)
ശെമയ്യാവ് (1 രാജ 12:22)
ഏലിയാവ് (2 രാജ 1:10)
എലീശ (2 രാജ 4:7)

2. കാർത്തേജ് എന്ന ഉത്തരാഫ്രിക്കൻ നഗരത്തിനു പട്ടംകൊട ശുശ്രൂഷയുമായി എന്താണ് ബന്ധം?

ഉത്തരം : പട്ടംകൊട ശുശ്രൂഷയിൽ സ്ഥാനാർഥി വായിക്കുന്ന അമാലോഗ്യ (വിശ്വാസപ്രഖ്യാപനം) ക്രോഡീകരിച്ചത് കാർത്തേജിൽ വച്ചാണ്

3. നിക്കോളാസ് മൈക്കളോവിച്ച് സെർനോവ് എന്ന ഓക്സ്ഫോഡിലെ അദ്ധ്യാപകനായിരുന്ന റഷ്യക്കാരൻ മലങ്കരസഭയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ഉത്തരം : ഇദ്ദേഹം സഭയുടെ കാതോലിക്കേറ്റ് കോളേജിൽ പ്രിൻസിപ്പൽ ആയിരുന്നു 1952-53 കാലഘട്ടത്തിൽ

4. ''ആകാശം വിതാനവും ഭൂമി കിടക്കയും കൈത്തണ്ട തലയിണയുമായി ആ ക്രൈസ്തവ ഭിക്ഷു ശത്രുക്കളുടെ കണ്ണിൽ ഒരേടും പെടാതെ ഓടി നടന്നു. അന്വേഷിച്ചു നടന്നവർ നാല്പതു മൈൽ വീതം ഒരു മാസം ഓടുന്ന കുതിരയെ കിട്ടാഞ്ഞ് തോറ്റു മടങ്ങി. പിടിച്ചു കൊടുക്കുന്നവർക്ക് 500 നാണയം സമ്മാനമായി കൊടുക്കാമെന്നുള്ള വിളംബരം കായ് കായിക്കാത്ത മുരിക്കിൻപൂ പോലെ നിഷ്ഫലമായി'' - റാവു സാഹിബ് ഒ.എം. ചെറിയാൻ ആരെക്കുറിച്ചാണ് ഈ പറയുന്നത്?

ഉത്തരം : യാക്കോബ് ബൂർദാന (കാതോലിക്കാ സിംഹാസനം - ഒ.എം. ചെറിയാൻ)

5. വി.കുർബാനയ്ക്കുള്ള അനാഫുറകൾ മിക്കവാറും എല്ലാം തന്നെ പതിമൂന്നാം നൂറ്റാണ്ടിലോ അതിനു മുമ്പോ രചിക്കപ്പെട്ടതാണ്. 70-ഓളം ക്രമങ്ങൾ സുറിയാനിയിൽ ഉണ്ടെങ്കിലും മലയാളത്തിൽ തർജമ ചെയ്യപ്പെട്ടത് 15-ഓളം എണ്ണം മാത്രമാണ്. യാക്കോബിന്റെ ക്രമം, ഈവാനിയോസിന്റെ ക്രമം, ക്സൊസ്ത്തോസിന്റെ ക്രമം, ദീവന്നാസിയോസിന്റെ ക്രമം എന്നിവ പ്രാധാന്യത്തോടെ വ്യാപകമായി ഉപയോഗിക്കുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മലങ്കര സഭയുടെ സ്വന്തമായി ഒരു ക്രമമുണ്ട്. ഒരു വിശേഷ അവസരത്തിനുവേണ്ടിയാണ് അത് ക്രോഡീകരിക്കപ്പെട്ടത്. ഏതാണ് ആ ക്രമം? ആരാണ് ക്രോഡീകരിച്ചത്.

ഉത്തരം: മാർത്തോമായുടെ ക്രമം - ക്രോഡീകരിച്ചത് മാത്യൂസ് പ്രഥമൻ ബാവ മാർത്തോമാശ്ലീഹായുടെ ചരമശതാബ്ദിയോട് അനുബന്ധിച്ച് തയ്യാറാക്കിയത്. യാക്കോബിന്റെ ഒഴികെയുള്ള അനാഫുറയിലെ പ്രാർഥനകൾ സാധാരണ ഞങ്ങൾ നിനക്കും നിന്റെ ഏകപുത്രനും പരിശുദ്ധ റൂഹായ്ക്കും സ്തുതിയും സ്തോത്രവും സമർപ്പിക്കുമെന്ന് അവസാനിപ്പിക്കുമ്പോൾ ഈ ക്രമത്തിൽ ഞങ്ങൾ നിനക്കും ഞങ്ങളുടെ കർത്താവും ദൈവവുമായ നിന്റെ ഏകപുത്രനും പരിശുദ്ധ റൂഹായ്ക്കും...എന്നായിരുന്നു അവസാനിച്ചിരുന്നത്.

ക്വിസ് നമ്പർ 24

1. ''എന്നോട് ചോദിച്ചുകൊൾക'' എന്ന് ദൈവം പറഞ്ഞിട്ടുള്ള മൂന്ന് പഴയനിയമ വ്യക്തികൾ/സന്ദർഭങ്ങൾ ഏതൊക്കെയാണ്?

ഉത്തരം :- മശിഹായോട് (സങ്കീ 2 : 9 & എബ്രായർ 1), ശലോമോനോട് (1 രാജ 3 : 5), ആഹാസിനോട് (യെശയ്യാവ് 7 : 11)

2. വി.കുർബാന, മാമ്മോദീസാ, പട്ടംകൊട, മൂറോൻ എന്നീ കൂദാശകൾക്കു പൊതുവായുള്ള അനുഷ്ഠാനപരമായ സവിശേഷത എന്താണ്? ആ അനുഷ്ഠാനം വിവാഹം, പളളികൂദാശ, തൈലാഭിഷേകം എന്നിവയ്ക്കില്ല.

ഉത്തരം : ഈ നാലു കൂദാശകൾക്കാണ് ക്രൊയിത്തോദ് റൂഹോ കാദീശോ എന്ന പരിശുദ്ധാത്മാഹ്വാനം ഉള്ളത്

3. കാതോലിക്കാമാരുടെ സ്വകാര്യ ചാപ്പൽ ആരുടെ നാമത്തിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്?

ഉത്തരം : വലിയ മാർ ബസേലിയോസിന്റെയും മാർ ബർസൗമായുടെയും

4. അഞ്ചാം തുബ്ദേനിൽ ഓർക്കുന്ന ഒരു പിതാവിനെ കണ്ടെത്തണം.
ഇദ്ദേഹം റോമിലെ മെത്രാപ്പോലീത്താ ആയിരുന്നു. പൗലോസ് ശ്ലീഹാ ഫിലിപ്യർക്കെഴുതിയ ലേഖനത്തിൽ പരാമർശിക്കുന്നത് ഇദ്ദേഹത്തെയാണെന്ന് യൗസേബിയോസും ഓറീഗണും അഭിപ്രായപ്പെട്ടിട്ടുണ്ട്. നാലാം നൂറ്റാണ്ട് വരെ ഇദ്ദേഹത്തിന്റെ ലേഖനങ്ങൾ പള്ളികളിൽ വായിക്കുക പതിവായിരുന്നു.

ഉത്തരം :- മാർ ക്ലീമ്മീസ് (ഫിലിപ്യർ 4 : 3) കാതോലിക്ക - പാത്രിയർക്കാ സ്ഥാനാരോഹരണങ്ങളിൽ ഇദ്ദേഹം ക്രോഡീകരിച്ച ഒരു പ്രാർഥനയും ഉപയോഗിക്കുന്നുണ്ട്.*

5. പത്രോസ് തൃതിയൻ പാത്രിയർക്കീസ് അവസാനമായി മലങ്കരയിൽ സന്ദർശിച്ച പള്ളി ഏതാണ്? അവിടെവച്ചാണ് പുതുതായി വാഴിച്ച മെത്രാൻമാർ ആദ്യമായി പട്ടം കൊടുത്തത്.

ഉത്തരം :- ചാലിശേരി പള്ളി (1877 ഇടവം 8) അവിടെനിന്ന് 1877 ഇടവം 9 നു പട്ടാമ്പി റെയിൽവേ സ്റ്റേഷനിലേക്കും തുടർന്ന് ബോംബയിലേക്കും പോവുകയായിരുന്നു.

No comments:

Post a Comment