Thursday 1 April 2021

വിനയപ്പെടലിൻ്റെ മഹത്ത്വമെന്തെന്ന് അവൻ പഠിപ്പിച്ചു

വൻ കാര്യങ്ങൾ സംഭവിച്ച ആ വലിയ രാത്രിയുടെ സ്മരണയിൽ ഇന്ന് പെസഹാ പെരുന്നാളാണ്.

ഈ രാത്രിക്കപ്പുറം തന്നെ കാത്തിരിക്കുന്നത് കൊടിയ പീഡനവും മർദ്ദനവും കുരിശുമരണവുമാണെന്ന ബോദ്ധ്യത്തോടെയാണ് യേശു പെസഹ ഭക്ഷിക്കുവാനായി ആ വീടിൻ്റെ മുകൾത്തട്ടിലേക്ക് എത്തിയത്. എത്തിയത് തന്നെ ഒരു വലിയ ബഹളത്തിൻ്റെ മദ്ധ്യത്തിലേക്കാണ്. ശിഷ്യർ ചേരിതിരിഞ്ഞും ഒറ്റയ്ക്കും വാഗ്വാദത്തിലാണ്! 'ആരാണ് തങ്ങളിൽ വലിയവൻ?' മൂന്നര വർഷക്കാലം താൻ കൂടെ കൊണ്ട് നടന്നു സകലവും കാണിച്ചും പഠിപ്പിച്ചും ബോദ്ധ്യപ്പെടുത്തിയവർക്ക് ഈ അന്ത്യനാഴികയായിട്ടും അതിൻ്റെ കാതൽ അവർക്ക് മനസിലായില്ലല്ലോ എന്നോർത്ത് അവൻ്റെ മനസ് എത്രയധികം മഥിച്ചിരിക്കാം. അപ്പോഴാണ് അവൻ തൻ്റെ പുറം കുപ്പായം ഊരിയിട്ട് ഒരു പാത്രത്തിൽ വെള്ളമെടുത്ത് അരയിൽ ഒരു തൂവാലയുമായി ആ ബഹളത്തിനിടയിലേക്ക് ഇറങ്ങി അവരുടെ കാൽ കഴുകി അവരെ ഒരു മാതൃക ഭരമേൽപ്പിച്ചത്.
പാരമ്പര്യപ്രകാരം ഭക്ഷണത്തിരിക്കുന്നവരുടെ കാൽ കഴുകേണ്ടത് വീട്ടിലെ ജോലിക്കാരാണ്; ആ ഭക്ഷണത്തിനു മുമ്പ് ശുചിയാവുക എന്നത് നിർബന്ധവുമാണ്. ഒരു പക്ഷേ, ദാസൻമാരാരുമില്ലാത്ത, ഗുരുവും ശിഷ്യൻമാരും മാത്രമുള്ള ആ മാളികമുറിയിൽ ആര് കാൽ കഴുകണമെന്ന ചിന്തയാകാം അവരെ ആ മൂപ്പ് തർക്കത്തിലേക്ക് വലിച്ചിഴച്ചത്. അതിന് പരിഹാരം ആ മഹാനായ ഗുരു തന്നെ കണ്ടെത്തുകയായിരുന്നു. ശുശ്രൂഷകനാകേണ്ടതിൻ്റെ ആവശ്യകത നൂറാവൃത്തി പറഞ്ഞിരുന്നവൻ അത് കാണിച്ചു കൊടുത്തു. വിനയപ്പെടലിൻ്റെ മഹത്ത്വമെന്തെന്ന് അവൻ പഠിപ്പിച്ചു. സ്നേഹിക്കേണ്ടതിൻ്റെ ആവശ്യമവൻ ഊന്നി ഊന്നി പറഞ്ഞു. സകല പ്രമാണങ്ങളും അടങ്ങിയ പരസ്പരം സ്നേഹിക്കണമെന്ന വലിയ കൽപ്പന അവൻ നൽകിയതും ആ രാത്രിയിലാണ്. ആ വലിയ വിനയത്തിലൊടുങ്ങാത്ത ഗർവ്വെന്താണുള്ളത്?
ഡെറിൻ രാജു
പെസഹ, 2021

No comments:

Post a Comment