Tuesday 11 May 2021

മലയാളി സ്ത്രീത്വത്തിൻ്റെ പ്രതിമയും പ്രതിച്ഛായയും

 ജീവിതം തന്നെ സമരമായിരുന്ന വലിയ പോരാട്ടനായികയും മറയുകയാണ്.

എല്ലാ വിശേഷണങ്ങൾക്കും ഉപരിയായി കേരളത്തിൻ്റെ സാമൂഹിക-സാംസ്കാരിക ചിന്തകളെ പരുവപ്പെടുത്തിയ ഒരു പേരാണ് കെ.ആർ.ഗൗരിയമ്മ എന്നത്. എന്താണ് സാമൂഹിക നീതിയെന്ന് ബോധ്യപ്പെടണമെങ്കിൽ ഗൗരിയമ്മയുടെ പ്രസംഗങ്ങളുടെ നിയമസഭാ രേഖകൾ പരിശോധിച്ചാൽ മാത്രം മതിയാകും. വോട്ട് ബാങ്കിനപ്പുറം സാമൂഹിക നീതിയും തുല്യതയും പ്രതീക്ഷിക്കുന്ന ഒരു വലിയ ജനതയുണ്ടെന്ന് അവർ വിളിച്ചു പറഞ്ഞു.
കലഹിച്ചും, പോരാടിയും, ചിലതിനോട് നേരിട്ടേറ്റുമുട്ടിയും കടന്നു പോകുന്ന ആ പോരാട്ടചരിതം ആധുനികകേരള ചരിത്രം തന്നെയാണ്. സർ സി.പി മുന്നോട്ട് വച്ച മജിസ്ട്രേറ്റ് സ്ഥാനം തട്ടിമാറ്റി അവർ ഇറങ്ങിചെന്നത് കേരള സ്ത്രീകളുടെ പ്രതീക്ഷയും പ്രതിനിധിയുമാകാനാണ്. സ്ത്രീ ശാക്തീകരണത്തിൻ്റെ പുതുവഴി വെട്ടിയ ഗൗരിയമ്മയെ മറന്നുകൊണ്ട് മലയാളി സ്ത്രീ മുന്നേറ്റ ചരിതം ആർക്കെഴുതാനാകും? വനിതാ പോലീസുകാർക്ക് വിവാഹമനുവദിച്ചതു മുതൽ എത്രയെത്ര നിയമങ്ങൾ, ഉത്തരവുകൾ...?
കെ.ആർ. ഗൗരിയമ്മയോളം മലയാള രാഷ്ട്രീയ സംസ്കാരത്തെ രൂപപ്പെടുത്തിയ മറ്റൊരു വനിത ഇല്ല എന്നതിൽ രണ്ട് പക്ഷമില്ല. മീൻ വെള്ളത്തിൽ കഴിയുന്നത് പോലെ രാഷ്ട്രീയ പ്രവർത്തകർ ജനങ്ങൾക്കിടയിൽ ജീവിക്കണമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ആ ജനങ്ങളെ ഓർത്തായിരുന്നു അവരുടെ മുഴുവൻ പ്രവർത്തനങ്ങളും. എരിഞ്ഞൊടുങ്ങാൻ ആറടി മണ്ണു പോലുമില്ലാത്തവർക്ക് ഗൗരിയമ്മ ഭൂപരിഷ്ക്കരണ നിയമത്തിലൂടെ മുന്നോട്ട് വച്ചത് മറ്റൊരു ചുവന്ന പുലരിയായിരുന്നു.
എഴുതാനേറെയുണ്ട്; എത്ര എഴുതിയാലും ആ മഹാമേരുവിൻ്റെ പ്രവൃത്തികളെയും ജീവിതത്തെയും അതിൽ ഒതുക്കാനുമാകില്ല; വലിയ ചുടുകാട്ടിൽ കത്തിയമരുന്നത് ആധുനിക കേരളത്തെ രൂപപ്പെടുത്തിയ ഒരു ചുവന്ന താരകമാണ്; മലയാളി സ്ത്രീത്വത്തിൻ്റെ പ്രതിമയും പ്രതിച്ഛായയുമാണ്. വരും തലമുറകൾക്ക് എക്കാലവും കാത്തുവച്ച് കൈമാറാനുള്ള ഒരു പാഠപുസ്തകമാണ്.
കാലം മായ്ക്കാത്ത വിപ്ലവനക്ഷത്രമേ! അന്തിമാഭിവാദനങ്ങൾ
ഡെറിൻ രാജു
11.05.2021

No comments:

Post a Comment