Thursday 24 June 2021

പെണ്‍കുട്ടികളും വിവാഹവും ജോലിയും / ഡെറിന്‍ രാജു

രണ്ട് ദിവസത്തിനിടയ്ക്ക് മൂന്ന് മരണങ്ങളാണ് ഗാർഹിക പീഡനങ്ങളെന്ന് സംശയിക്കത്തക്ക നിലയിൽ പുറത്ത് വരുന്നത്. രണ്ട് മൂന്ന് ദിവസത്തെ സാഹിത്യഭംഗി നിറഞ്ഞ വാട്സപ്പ് സ്റ്റാറ്റസുകൾക്കും 'ഇപ്പോൾ തൂക്കിക്കൊല്ലും' എന്ന തരത്തിലുള്ള മാധ്യമ വിചാരണകൾക്കും ശേഷം വാർത്താപ്രളയത്തിനിടയിൽപെട്ട് ഒരാഴ്ചയ്ക്കകം സ്വാഭാവികമായി ഇവയും മറഞ്ഞില്ലാതെയാകും.

സമൂഹത്തെ പേടിക്കാതെ, വകവയ്ക്കാതെ എന്നാണ് നമുക്ക് നമ്മുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കുന്നത്? വിവാഹമെന്നത് അത്രയും പ്രധാനമായ ഒരു കാര്യമാണന്നോ ഇത്ര വയസിനകത്ത് വിവാഹം കഴിച്ചില്ലെങ്കിൽ എന്തോ വലിയ പ്രശ്നമാണന്നോ ഉള്ള മിഥ്യാധാരണയാണ് ആദ്യം മാറ്റേണ്ടത്. വിവാഹാലോചനകൾ ആരംഭിക്കാൻ 18 വയസ്സാകാൻ കാത്തിരിക്കുന്ന മാതാപിതാക്കൾ ഇന്നും നമ്മുടെ ഇടയിൽ ഇല്ലെ? ഇന്നു മരിച്ചതായി കേട്ട ഒരു പെൺകുട്ടിയുടെ പ്രായം 19 ആണ്? 19 വയസ്സുള്ള ഒരു പെൺകുട്ടിയ്ക്ക് എന്ത് സാമൂഹിക ബോധ്യവും എത്രയധികം മാനസിക പക്വതയുമാണ് സാധാരണ ഗതിയിൽ ഉണ്ടാകുക?
ഒരു ജോലി നേടാനുള്ള സഹായമാണ് മാതാപിതാക്കൾ നൽകേണ്ടത്; അല്ലാതെ കെട്ടിച്ചു വിട്ടു ബാധ്യത ഒഴിവാക്കാനല്ല. വിവാഹം കഴിക്കണമെന്ന് തോന്നിയാൽ മാത്രം ആ സമയത്ത് വിവാഹം നടത്തുക; അത് ഒരു സാമൂഹിക ഉത്തരവാദിത്തമോ? നിർബന്ധകടമയോ അല്ല. ഇത്ര പ്രായത്തിനകം നടത്തണമെന്നു നിർബന്ധം പിടിക്കാൻ ഇത് ഏജ് ഓവറായാൽ എഴുതാൻ പറ്റാത്ത പി.എസ്.സി പരീക്ഷ ഒന്നുമല്ലല്ലോ.!
മികച്ച ജോലിയും വരുമാനവും ഉണ്ടായിട്ടും അത് ചെലവാക്കാൻ സാധിക്കാത്ത ഒരുപാട് സ്ത്രീകൾ നമ്മുടെ ഇടയിലുണ്ട്. സ്വന്തം ശമ്പളത്തിൽ നിന്ന് ഭർത്താവിനോട് ചോദിച്ചിട്ട് മാത്രം ചെലവാക്കാൻ അനുവാദമുള്ളവർ. ചോദിച്ചാലോ,
എന്തിന് ഇപ്പോൾ അതിൻ്റെ ആവശ്യമില്ല എന്ന മറുപടി!
ഏത്? ഒരു മാസക്കാലം താൻ ജോലി ചെയ്തതിൻ്റെ ശമ്പളം എന്തിന് ചെലവാക്കണമെന്ന് മറ്റൊരാൾ തീരുമാനിക്കണമത്രെ!
കൂടെ ഒരു ചോദ്യവും നിനക്കിപ്പോൾ ഇവിടെ എന്താണ് കുറവ്?
ആണഹന്തയുടെ അങ്ങേത്തലയ്‌ക്കൽ നിന്നു കൊണ്ട് ഒരു പൊരിച്ച മീനിൻ്റെ കഥയിൽ അസ്വസ്ഥരാകുകയും 'ഗ്രേറ്റ് ഇന്ത്യൻ കിച്ചണും' 'ബിരിയാണിയും ' നടക്കുന്ന വീടുകൾ ഉണ്ടോ എന്ന് സംശയിക്കുകയും ചെയ്യുന്ന എത്ര പേരാണ് ഇന്നലെയും ഇന്നുമായി 'ഇറങ്ങിപ്പോയ്ക്കൂടാരുന്നോ പെങ്ങളെ!' എന്ന് സ്റ്റാറ്റസുകളിൽ വിലപിക്കുന്നത്.
ഒരിക്കൽക്കൂടി, പെൺമക്കൾ ഉള്ള മാതാപിതാക്കൾ ചെയ്യേണ്ടത് അവരുടെ മക്കൾക്ക് ഒരു ജോലി ലഭിക്കുവാൻ ഇടയാകുന്ന വിദ്യാഭ്യാസം നൽകുകയാണ്. അതാണ് അവരുടെ ബാധ്യത; അല്ലാതെ വിവാഹം നടത്തി ഒഴിവാക്കുന്നതല്ല അവരുടെ ചുമതല. അടങ്ങി ഒതുങ്ങി ജീവിക്കാനല്ല പഠിപ്പിക്കേണ്ടത്; തൻ്റേടത്തോടെ ജീവിക്കാനാണ് പഠിപ്പിക്കേണ്ടത്.
പെൺകുട്ടികൾ ചെയ്യേണ്ട ഒരു കാര്യം ജോലി നേടിയ ശേഷം മാത്രം വിവാഹമെന്ന് തീരുമാനിക്കുകയാണ്. ഏത് പ്രതിസന്ധിയിലും സ്വന്തം കാലിൽ നിൽക്കാൻ അതൊരു വലിയ സഹായമാണ്. നിങ്ങൾക്ക് നിങ്ങളുടെ ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനവും നിങ്ങൾക്ക് സ്വർണമുൾപ്പെടെയുളള മറ്റ് സമ്പാദ്യങ്ങൾ ഉണ്ടെങ്കിൽ അതും നിങ്ങളുടെ കൈയ്യിൽ തന്നെ ആയിരിക്കുക. അത് കൈകാര്യം ചെയ്യാൻ മറ്റൊരാളുടെ, അത് ഭർത്താവോ ഭർത്തൃവീട്ടുകാരോ ആരായാലും അവരുടെ അനുമതി നിങ്ങൾക്കാവശ്യമില്ലന്നും അറിഞ്ഞിരിക്കുക.
വാട്സപ്പ് വിലാപങ്ങളുടെ ആയുസ് ഒന്നോ രണ്ടോ ദിവസം മാത്രമാണ്, അടുത്ത ഒരു ഉത്തരയോ വിസ്മയയോ വരുമ്പോൽ മാത്രം വീണ്ടും സംഭവിക്കുന്ന പ്രതിഭാസം. സമൂഹം കൽപ്പിച്ചിരിക്കുന്ന മിഥ്യാബോധ്യങ്ങൾക്കും അളവ്കോലുകൾക്കും അകത്ത് എങ്ങനെയും ജീവിച്ച് തീർക്കേണ്ടതല്ല ഓരോ ജീവിതങ്ങളും എന്ന ബോധ്യം തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരും.
ഡെറിൻ രാജു
22.06.2021

No comments:

Post a Comment