Saturday 24 July 2021

യെരുശലേം പാത്രിയർക്കീസ് / ഡെറിൻ രാജു

ക്രൈസ്തവമതത്തിലെ ഏറ്റവും പ്രധാനപെട്ട നഗരമാണ് യെറുശലേം. ക്രിസ്തു ജീവിച്ച്, മരിച്ച്, ഉയിർത്തെഴുന്നേറ്റത് ആ പട്ടണത്തിൽ വച്ചായതിനാലാണ് യെരുശലേമിനു വലിയ സ്ഥാനം ലഭിച്ചത്. യെരുശലേമിൻ്റെ ആദ്യത്തെ  പ്രധാനാചാര്യൻ കർത്താവിൻ്റെ സഹോദരനായിരുന്ന യാക്കോബ് ആയിരുന്നു. ഇദ്ദേഹത്തെയാണ് ഊർശ്ലേമിൻ്റെ ഒന്നാമത്തെ പ്രധാനാചാര്യനും പുണ്യവാനും ശ്ശീഹായും സഹദായുമെന്ന് അഞ്ചാം  തുബ്ദേനിൽ നമ്മൾ ഓർക്കുന്നത്. ആദിമസഭയെ സംബന്ധിച്ച സുപ്രധാനമായ ചില  നിശ്ചയങ്ങൾ കൈക്കൊണ്ടത് ഏ.ഡി 50-ൽ യെരുശലേമിൽ കൂടിയ സമ്മേളനത്തിൽ വച്ചാണ്. യെരുശലേം സുന്നഹദോസ് എന്ന് അത് അറിയപ്പെടുന്നു. മാർ യാക്കോബായിരുന്നു അതിൻ്റെ അദ്ധ്യക്ഷൻ. 

ഏ.ഡി 70-ൽ യെരുശലേം നഗരം നശിപ്പിക്കപ്പെട്ടു. പിന്നീടുള്ള രണ്ടര നൂറ്റാണ്ട് റോമാ സാമ്രാജ്യത്തിലെ ക്രൈസ്തവസമൂഹം വളരെയധികം പീഡിപ്പിക്കപ്പെട്ടു. എന്നാൽ 313 ലെ മിലാൻ വിളംബരത്തിലൂടെ ക്രിസ്തുമതം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. 

തുടർന്ന് സാമ്രാജ്യത്തിലെ ക്രിസ്തുമതത്തെയും നാലു ഭാഗങ്ങളിലായി വിഭജിച്ചു; നാലു പാത്രിയർക്കീസൻമാരുടെ കീഴിലാക്കി. റോം, അലക്സാന്ത്രിയ, എഫേസൂസ്, അന്ത്യോഖ്യാ. എന്നാൽ റോമാ സാമ്രാജ്യത്തിൻ്റെ തലസ്ഥാനം കുസ്തന്തീനോസ്പോലീസിലേക്ക് മാറ്റിയതിനെത്തുടർന്ന് ഏ.ഡി 381 - ൽ എഫേസോസിലെ സിംഹാസനം കുസ്തന്തീനോസ്പ്പോലീസിലേക്ക് മാറ്റി. 

ക്രിസ്തുമതത്തിലെ ഏറ്റവും പ്രധാനകേന്ദ്രമായിരുന്നു എങ്കിലും പുതിയ രാഷ്ട്രീയ പശ്ചാത്തലത്തിൽ യെരുശലേമിനു ലഭിച്ച സ്ഥാനം വളരെ പരിമിതമായിരുന്നു. കൈസറിയായുടെ മെത്രാപ്പോലീത്തായുടെ കീഴിലുള്ള ഒരു എപ്പിസ്കോപ്പ മാത്രമായിരുന്നു യെരുശലേമിൻ്റെ മേൽപ്പട്ടക്കാരൻ. ഈ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യെരുശലേമിന്നു ഒരു പ്രത്യേക പദവി (പാത്രിയർക്കീസ്) നൽകുവാൻ തീരുമാനിച്ചത്. ഹൂദായ കാനോൻ അത് ഇങ്ങനെ രേഖപ്പെടുത്തുന്നു; '' പീലിപ്പോസ് കേസറിയായിലെ മെത്രാപ്പോലീത്തായുടെ അധികാരത്തിനു വിധേയമായി എപ്പിസ്കോപ്പാ സ്ഥാനമുണ്ടായിരുന്ന ഊർശ്ലേമിന് ഇനിമേലിൽ അഞ്ചാമത്തെ പാത്രിയർക്കീസെന്ന ബഹുമതി ഉണ്ടായിരിക്കേണ്ടതും, അവിടുത്തെ മേലധികാരം കേസറിയയിലെ മെത്രാപ്പോലീത്തയ്ക്ക് തന്നെ ഇരിക്കേണ്ടതും  ആകുന്നു.'' (ഏഴാം അദ്ധ്യായം ഒന്നാം ഖണ്ഡിക) അതായത് കേസറിയായുടെ മെത്രാപ്പോലീത്തായുടെ കീഴ്സ്ഥാനി ആയിരിക്കുമ്പോഴും പാത്രിയർക്കീസ് എന്ന് യെരുശലേമിൻ്റെ മേൽപ്പട്ടക്കാരൻ സംബോധന ചെയ്യപ്പെട്ടു.

ഇങ്ങനെ റോമാസാമ്രാജ്യത്തിൽ അഞ്ച് പാത്രിയർക്കേറ്റുകൾ സ്ഥാപിക്കപ്പെട്ടു. എന്നാൽ 451-ലെ കൽക്കദോൻ  സുന്നഹദോസിനോടനുബന്ധിച്ച് സഭയിൽ വിഭജനം സംഭവിച്ചപ്പോൾ വിവിധ സഭകൾ യെരുശലേം പാത്രിയർക്കീസ് എന്ന സ്ഥാനം നിലനിർത്തുവാൻ താൽപ്പര്യം കാണിച്ചു. അന്ത്യോഖ്യ, റോം, ഗ്രീക്ക്, അർമീനിയൻ സഭകൾക്ക് വിവിധ കാലങ്ങളിൽ യെരുശലേമിൽ പാത്രിയർക്കേറ്റുകൾ സ്ഥാപിക്കപ്പെട്ടു.

ഇങ്ങനെ സ്ഥാപിക്കപ്പെട്ട പാത്രിയർക്കേറ്റുകളിൽ അന്ത്യോഖ്യൻ സഭയുടെ കീഴിലുള്ള പാത്രിയർക്കേറ്റിലെ പ്രധാന തലവൻ ഇടക്കാലത്ത് സ്വീകരിച്ചിരുന്ന സ്ഥാനനാമമാണ് ഗ്രീഗോറിയോസ് എന്നത്. സുറിയാനി സഭയിലെ മൂന്നാമത്തെ സ്ഥാനി എന്ന അർഥത്തിലാണ് ഗ്രീഗോറിയോസ് എന്ന നാമം നൽകിയതെന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. (ആദ്യ സ്ഥാനമായ പാത്രിയർക്കീസിൻ്റെ സ്ഥാനനാമമായ ഇഗ്നാത്തിയോസിൻ്റെ ആദ്യക്ഷരം സുറിയാനിയിലെ ആദ്യാക്ഷരമായ ഓലാഫും, രണ്ടാമത്തെ സ്ഥാനിയായ മഫ്രിയാനയുടെ സ്ഥാനാമായ ബസേലിയോസിൻ്റെ ആദ്യാക്ഷരം സുറിയാനിയിലെ രണ്ടാമത്തെ അക്ഷരമായ ബേത്തും, യെരുശലേം പാത്രിയർക്കീസിൻ്റെ അദ്യാക്ഷരം സുറിയാനിയിലെ മൂന്നാമത്തെ അക്ഷരമായ ഗോമാലും ആണ്.) ഇടക്കാലത്ത് നിന്നു പോയെങ്കിലും നമ്മൾ ഒന്നാം തുബ്ദേനിൽ അനുസ്മരിക്കുന്നത് ഈ യെരുശലേം പാത്രിയർക്കീസായിരുന്ന മാർ ഗ്രീഗോറിയോസ് എന്ന സ്ഥാനനാമമാണ്.

1665-ൽ മലങ്കരയിൽ എത്തി വടക്കൻ പറവൂർ പള്ളിയിൽ കബറടങ്ങിയ മാർ ഗ്രിഗോറിയോസ് അബ്ദൽ ജലീൽ ഇപ്രകാരമുള്ള ഒരു യെരുശലേം പാത്രിയർക്കീസ് ആയിരുന്നു. ഇദ്ദേഹത്തിനു ആദ്യം നൽകിയ പേര് തീമോത്തിയോസ് എന്നാണു യാക്കോബ് തൃതിയൻ പാത്രിയർക്കീസ് ബാവാ 'ഇന്ത്യയിലെ സുറിയാനി സഭാ ചരിത്രത്തിൽ' രേഖപ്പെടുത്തിയിട്ടുണ്ട്.  പാത്രിയർക്കീസ് പദവി നൽകുന്നത് പിന്നീട് നിന്നു പോയെങ്കിലും പിന്നീടും യെരുശലേമിലെ മെത്രാപ്പോലീത്താമാർ ഗ്രീഗോറിയോസ് എന്ന പേര് ഉപയോഗിച്ചിരുന്നു. 19-ാം നൂറ്റാണ്ടിൽ മർക്കോസിൻ്റെ മാളികയുടെ നവീകരണത്തിനായി ധനശേഖരണാർഥം മലങ്കരയിൽ എത്തിയ മാർ ഗ്രീഗോറിയോസ് അബ്ദുൾ നുഹറോയും യെരുശലേമിൻ്റെ മെത്രാപ്പോലീത്താ ആയിരുന്നു. പ. പരുമല തിരുമേനിയോടുണ്ടായിരുന്ന വാത്സല്യത്തെ പ്രതിയാണ് പത്രോസ് തൃതിയൻ പാത്രിയർക്കീസ് അദ്ദേഹത്തിനു  യെരുശലേം പാത്രിയർക്കീസിൻ്റെ സ്ഥാനികനാമമായിരുന്ന ഗ്രീഗോറിയോസ് നൽകിയതെന്നും ഒരു പാരമ്പര്യമുണ്ട്. 

ഗ്രീക്ക്, അർമ്മീനിയൻ സഭകളുടെ പാത്രിയർക്കേറ്റുകൾ  യെരുശലേമിൽ ഇപ്പോൾ ഉണ്ട്. പതിനൊന്നാം നൂറ്റാണ്ടിൽ റോമൻ സഭയുടെ ലത്തീൻ പാത്രിയർക്കേറ്റ് സ്ഥാപിക്കപ്പെട്ടു. ഇടക്കാലത്ത് പ്രവർത്തനത്തിൽ മാറ്റങ്ങൾ സംഭവിച്ചു എങ്കിലും 19-ാം നൂറ്റാണ്ടിൽ ഇപ്പോഴത്തെ നിലയിൽ പുന:സ്ഥാപിച്ചു. അന്ത്യോഖ്യൻ സുറിയാനി സഭയിൽ പാത്രിയർക്കീസ് എന്ന സ്ഥാനം യെരുശലേമിൻ്റെ മെത്രാപ്പോലീത്തായ്ക്ക് നൽകുന്നുമില്ല എന്നു നേരത്തെ കണ്ടിരുന്നുവല്ലോ. ഇതാണ് യെരുശലേം പാത്രിയർക്കേറ്റിൻ്റെ പൊതുവായ ചരിത്രവും നിലവിലെസ്ഥിതിയും.

No comments:

Post a Comment