Friday 20 August 2021

കഴുകനെയൊരു മാടപ്രാവ് പോറ്റി വളർത്തി / ഡെറിൻ രാജു


കഴുകനെയൊരു മാടപ്രാവ് പോറ്റി വളർത്തിയെന്ന ഒരു കവികൽപ്പനയുണ്ട്. നസറേത്തിലെ ആ വലിയ തച്ചനെ, വ്യവസ്ഥിതികളോട് നിരന്തരമായി കലഹിച്ച ആ വിപ്ലവകാരിയെ, സ്നേഹമെന്ന മതത്തെ മുന്നോട്ട് വച്ച ആ ദാർശനികനെ പ്രസവിച്ച് വളർത്തിയ ആ മാതാവിനെ സൂചിപ്പിക്കുന്ന ഒരു കൽപ്പനയാണത്.

സകല പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും മദ്ധ്യേ അവൾ അക്ഷോഭ്യയായി നിലകൊണ്ടു. മംഗളവാർത്ത മുതൽ കാൽവറിയിലെ കുരിശ് വരെ അവൾ നേരിട്ട വിഷമതകളെയും വീർപ്പുമുട്ടലുകളെയും കൃത്യമായി ചിത്രീകരിക്കുവാൻ ഒരു ചിത്രകാരൻമാർക്കും ശിൽപ്പികൾക്കും സാധിച്ചിട്ടില്ല. പുൽക്കൂട് മുതൽ അന്ത്യത്തോളം അവൾ അക്ഷോഭ്യയായി. തൻ്റെ അവസാനസമയത്ത് മകൻ, അവളെ സംരക്ഷിക്കുവാൻ ഏൽപ്പിച്ചവൻ പിന്നീട് എഴുതി; ദൈവം സ്നേഹമാകുന്നു! അത് ആ മകൻ പറഞ്ഞതായിരുന്നു. ആ അമ്മയും അത് പഠിപ്പിച്ചിരിക്കാം.
പറഞ്ഞു തീർക്കാവുന്ന പ്രതിസന്ധികളല്ല മറിയം നേരിട്ടത്. ആരുടെയോ പശുക്കൾക്ക് തീറ്റ കൊടുക്കുവാനുള്ള പുൽത്തൊട്ടിയിൽ ഒരഭയാർഥിയെപ്പോലെ തൻ്റെ മകനെ പ്രസവിക്കുക; കാതങ്ങൾ അപ്പുറത്തേക്ക് പാലായനം ചെയ്യപ്പെടുക, എന്നു തുടങ്ങി കവർച്ചയും കൊലയും ചെയ്ത രണ്ട് പേരുടെ മദ്ധ്യേ അപഹാസവചനങ്ങളേറ്റ് കുരിശിൽ കിടക്കുന്ന തൻ്റെ മകനെ കാണുക വരെ എത്രയധികമായ പ്രതിസന്ധികൾ ! എന്നാൽ ഏത് പ്രയാസത്തിലും തൻ്റെ നിയോഗത്തെ മറിയം അവിശ്വസിച്ചില്ല. ആ ധൈര്യത്തിൻ്റെ കൂടെ പിൻബലത്തിലാണ് ഒരിക്കൽ അവൾ ' അവൻ വല്ലതും പറഞ്ഞാൽ അത് ചെയ്യണ'മെന്നാ കലവറക്കാരോട് പറഞ്ഞേൽപ്പിച്ചത്. ആ നിയോഗത്തിൻ്റെയും ആത്മധൈര്യത്തിൻ്റെയും ബലത്തിൽ നിശബ്ദയായി അവൾ തൻ്റെ മകനോടൊപ്പം ചരിത്രത്തിലേക്ക് നടന്നു കയറി.
ആ സുന്ദരജീവിതത്തെ പ്രത്യേകമായി അനുസ്മരിക്കുന്ന ഒരു ദിവസമാണ് നാളെ. കാലങ്ങൾക്കും ബോധ്യങ്ങൾക്കും മായിക്കാനാകാത്ത സുഗന്ധപൂർണ്ണമായ ഒരോർമ്മയായി ആ ചരിതവും മാധുര്യമേറിയ ആ ജീവിതവും നമ്മെ എന്നാളും പ്രചോദിപ്പിക്കും.

No comments:

Post a Comment