Saturday 16 April 2022

പരസ്പരം വിനയപ്പെടുക | ഡെറിൻ രാജു

 ഒരു ഭയങ്കര തർക്കമായിരുന്നു അന്ന് അവൻ കണ്ടത്.

വലിയ ആഗ്രഹത്തോടെയാണ് പെസഹയെ, ആ കടന്നു പോകലിൻ്റെ സ്മരണയെ ആചരിക്കുവാൻ ക്രിസ്തു തൻ്റെ ശിഷ്യന്മാരെ പറഞ്ഞു വിട്ടത്. ആ പെസഹ അവനത്രയും പ്രാധാന്യമുണ്ടായിരുന്നു. അവൻ തന്നെ ഈ പെസഹാ ആചരണത്തിനായി താൻ അദമ്യമായി ആഗ്രഹിച്ചു എന്നു പറയുന്നുണ്ടല്ലോ. അതുകൊണ്ടാണ് പതിവു സങ്കേതങ്ങളോ ഗൃഹങ്ങളോ വേണ്ടായെന്നും ഏറ്റവും മുന്തിയതു തന്നെ തയ്യാറാക്കണമെന്നുമുള്ള നിർദ്ദേശം നൽകി ശിഷ്യരിൽ രണ്ട് പേരെ അയച്ചത്. അവർ തയ്യാറാക്കി.
ആ സമയത്താണ് അവരിൽ ആ തർക്കമുടലെടുക്കുന്നത്; ആരാണ് വലിയവൻ?
മൂന്ന് - മൂന്നര വർഷം കൂടെ കഴിഞ്ഞിട്ടും താൻ പറഞ്ഞതിൻ്റെയും പ്രവർത്തിച്ചതിൻ്റെയും ഒന്നും സത്ത അവർക്ക് ബോദ്ധ്യപ്പെട്ടില്ലല്ലോ എന്നോർത്ത് അവൻ കലങ്ങുന്നുണ്ട്. 2000 കൊല്ലം കഴിഞ്ഞിട്ടും ക്രിസ്ത്യാനിക്ക് അത് ബോദ്ധ്യപ്പെട്ടിട്ടില്ലായെന്നത് വേറെ കാര്യം. ഇത് ആദ്യമായല്ല അവർ ഒന്നാം സ്ഥാനത്തിനായി അടിയുണ്ടാക്കിയത്. നേരത്തെ ഒരിക്കൽ ഇവരിൽ രണ്ട് പേർ, ഒരു ചേട്ടനും അനിയനും വന്നിട്ട് പ്രമുഖ സ്ഥാനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അതിൽ മറ്റുള്ളവർ തങ്ങളുടെ നീരസം അവരോട് പ്രകടിപ്പിക്കുന്നുമുണ്ട്. പിന്നീട് ഒരവസരത്തിൽ ഒരു ശിശുവിനെ ഉയർത്തി കാട്ടിയും വലിയവനാരാണെന്ന ഒരു ചിത്രം അവൻ കാണിക്കാൻ ശ്രമിക്കുന്നുണ്ട്. അതൊന്നും ബോദ്ധ്യപ്പെടാതെ ഇവിടെ വീണ്ടും തർക്കമാണ്, ആരാണ് വലിയവൻ?
അവിടെയാണ് അവൻ പതിവ് ഉപമാരീതികളെ മാറ്റി വച്ചിട്ട് ഒരു പാത്രത്തിൽ വെള്ളവുമായി പന്തിരുവർക്കിടയിലേക്ക് ഇറങ്ങിയത്. ആ കാഴ്ച കണ്ട് മാലാഖമാർ പോലും പരിഭ്രമിച്ചു എന്നു കവിസങ്കല്പം. ക്രിസ്തു താൻ അന്നോളം പറഞ്ഞത് കാണിച്ചു കൊടുക്കുകയായിരുന്നു. വിനയപ്പെടുക, ശുശ്രൂഷിക്കുക എന്നത് തൻ്റെ ദൗത്യത്തിൻ്റെ മുഖമുദ്രകൂടിയായിരുന്നു. ആ മാതൃക താൻ കടന്നു പോകാറായി എന്ന് ബോദ്ധ്യപ്പെട്ട നിമിഷത്തിൽ തൻ്റെ സുഹൃത്തുക്കളും ശിഷ്യരുമായവരെ ഭരമേൽപ്പിക്കുവാൻ വേണ്ടി അവൻ അവരുടെ കാലുകളെ കഴുകി, തുടച്ചു.
പെസഹായുടെ ഏറ്റവും വലിയ സന്ദേശങ്ങളിൽ ഒന്നും ആ വിനയപ്പെടൽ തന്നെയാണ്. ക്രിസ്തു ക്രൂശോളം ആ മാതൃക കാണിച്ചു തന്നതാണ്. ബേതലഹേമിലെ കാലിത്തൊഴുത്ത് മുതൽ കാൽവരിയിലെ ക്രൂശ് വരെ ആ വിനയത്തെ ഘോഷിച്ച പ്രതീകങ്ങളാണ്. ആ ജീവിതം തന്നെ അതാണ് മുന്നോട്ട് വച്ചത്. പരസ്പരം സ്നേഹിക്കുക, പരസ്പരം വിനയപ്പെടുക. അതിലപ്പുറം എന്താണ് പ്രമാണം?
സകല പ്രമാണങ്ങളും അതിൽ അടങ്ങിയിരിക്കുന്നവല്ലോ.
'Let humility be your crown' എന്ന് ടാഗോർ പിന്നീട് എഴുതിയതും അത് തന്നെ.

No comments:

Post a Comment