Thursday 16 June 2022

ക്രിസ്തുമാർഗത്തെ ഹൃദയങ്ങളിലേക്ക് വിറ്റവർ

വള്ളപ്പടിയിലും മലഞ്ചെരുവിലും ഒക്കെയിരുന്ന് ഒരുവൻ പറഞ്ഞ കാര്യങ്ങളാണ് പിന്നീടും ഇന്നും ലോകമൊക്കെയും ഘോഷിക്കപ്പെടുന്നതെന്ന് മനസിലാക്കുമ്പോഴാണ് ആ വാക്കുകളുടെ ചൈതന്യവും കാലാതീതസ്വഭാവവും ബോധ്യപ്പെടുന്നത്.

ക്രിസ്തുവിനു ശേഷം ആ കാലാതിവർത്തിയായ സന്ദേശങ്ങൾ ആദ്യമേ ഉൾക്കൊണ്ടതും ആദ്യമവയെ പ്രചരിപ്പിച്ചതും ആ പന്ത്രണ്ടംഗ സംഘമാണ്. ചട്ടക്കൂടിനും നിയമാവലിക്കും അകത്തിട്ട് ഞെരുക്കാത്ത ക്രിസ്തുവിനെയും അവൻ മുന്നോട്ട് വച്ച സ്നേഹമതത്തെയും പകർന്ന ഒരു സാർത്ഥവാഹക സംഘം. തിരിച്ചൊന്നും വാങ്ങാതെ അങ്ങോട്ട് ക്രിസ്തുമാർഗത്തെ ഹൃദയങ്ങളിലേക്ക് വിറ്റവർ. സ്നേഹമതത്തെ അതിൻ്റെ ആത്മാവിൽ, അതിൻ്റെ തനിമയിൽ പകർന്നു നൽകിയവർ. സ്നേഹിക്കേണ്ടത് വാക്കുകൊണ്ടും നാവു കൊണ്ടും അല്ല; പ്രവൃത്തിയിലും സത്യത്തിലുമാണെന്ന് അവരിൽ ഇളയവൻ പിന്നീട് എഴുതുക കൂടി ചെയ്തു.
വലയും വഞ്ചിയും നിറഞ്ഞിരുന്നപ്പോഴും ചുങ്കം പിരിച്ച് ഭണ്ഡാരത്തിൽ ഇടുമ്പോഴുമൊക്കെയാണ് അവരിൽ പലരും ക്രിസ്തു മാർഗത്തെ പുൽകിയത്. ആ സേഫ് സോണിൽ "നിന്ന് ഒന്നുമില്ലാത്തവൻ്റെ ''എന്നെ അനുഗമിക്കുക'' എന്ന ഫിനാൻഷ്യലി ഒട്ടുമേ സേഫ് അല്ലാത്ത ഒരു ആഹ്വാനത്തെ പിൻപറ്റാൻ അവർ തയ്യാറായത് എന്തുകൊണ്ടാണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
'പ്രതികാരത്തിൻ്റെ ദൈവ'മെന്ന യാഥാസ്ഥിതികവും ഭീതിദവുമായ യഹൂദ ചിന്തയെ തെറിപ്പിച്ചാണ് സ്നേഹത്തിൻ്റെ ദൈവമെന്ന പനിനീരു പോലെ തെളിമയാർന്ന ഒരു സന്ദേശം ആ നസറേത്തിലെ തച്ചൻ മുന്നോട്ട് വച്ചത്. അതാകാമവരെ സ്വാധീനിച്ച ഒരു ഘടകം. രാജാക്കൻമാരുടെയും ന്യായാധിപൻമാരുടെയും പോരാട്ടക്കഥകൾക്കിടയിലേക്കാണ് ദൈവം സ്നേഹമാകുന്നു എന്നും സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൻ്റെ മക്കളാകുന്നു എന്നൊക്കെ പറഞ്ഞ് അവർ ചെന്നു കയറിയത്.
പുറമേ പൊതിഞ്ഞിരിക്കുന്ന അനാവശ്യ അലങ്കാരങ്ങൾക്കും പുരോഹിത കേന്ദ്രീകൃത നിയമാവലികൾക്കും ക്രിസ്തു പറയാത്ത സങ്കല്പങ്ങൾക്കും ഒക്കെയപ്പുറത്ത് നസ്രായൻ്റെ ചിന്തകൾക്കും അവൻ്റെ മതത്തിനും ഊടും പാവും നെയ്ത് , അതിന് വെള്ളവും വളവും നൽകിയ ആ ചെറിയ സംഘത്തെ ഓർക്കുന്ന ദിനങ്ങളാണിവ. അതിലൂടെ ഓർക്കപ്പെടുന്നത് അവരുടെ ഗുരുവും നാഥനുമായവനെ തന്നെയാണ്. അവൻ്റെ അമരത്വമുള്ള ദർശനങ്ങളെയാണ്; കാലാതീതമായ ചിന്തകളെയാണ്.
ഡെറിൻ രാജു
16.06.2022

Friday 10 June 2022

ക്രിസ്തു സംസാരിക്കുന്നത് സ്നേഹമാണ്; അതാണവന്‍റെ മതം.

തൻ്റെ സകല പ്രബോധനങ്ങളുടെയും ആകെത്തുകയായി ക്രിസ്തു കണ്ടത് സ്നേഹത്തെയാണ്. സകല പ്രമാണങ്ങളും സ്നേഹത്തിൻ്റെ രണ്ട് തലങ്ങളിൽ അടങ്ങിയിരിക്കുന്നു എന്നാണല്ലോ അവൻ പറഞ്ഞത്.

ഒരിക്കൽ അവൻ പറയുന്നുണ്ട്, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നുവെന്ന്. ഒരു മുപ്പത്തിമൂന്ന് വയസുകാരനെ അത് പറയാൻ പ്രാപ്തനാക്കിയത് അവൻ്റെ ബോധ്യമാണ്. താൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറയുന്നതിന് മുമ്പ് അവൻ പറയുന്നത് പരസ്പരം സ്നേഹിക്കുവാനാണ്; ''ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും സ്നേഹിക്കുവാനാണ് '' സ്നേഹത്തിലൂടെയാണ് അവൻ ജയിച്ചത്. ആ സ്നേഹത്തിലൂടെയാണ് അവൻ കാലാതിവർത്തിയായ ബോധ്യങ്ങളെ സൃഷ്ടിച്ചത്.
സ്നേഹത്തിലൂടെയും വിട്ടു കൊടുക്കലിലൂടെയും അവൻ നിർമ്മിച്ചെടുത്തത് രണ്ടായിരം വർഷങ്ങൾക്കും മങ്ങലേല്പിക്കാനാകാത്ത ഒരു ബോധ്യമാണ്. ആ ബോധ്യത്തിൻ്റെ ഉറപ്പിൻമേലാണ് അവൻ്റെ സുഹൃത്തുക്കളിൽ ഒരാൾ പിന്നീട്‌ എഴുതിയത് ദൈവം തന്നെ സ്നേഹമാകുന്നുവെന്ന്. മറ്റൊരുവൻ പറഞ്ഞത് ''സ്നേഹം ഒരുനാളും ഇല്ലാതായി പോവുകയില്ലെന്ന് ''
രണ്ടായിരത്തിൽപ്പരം വർഷങ്ങളായി ക്രിസ്തു സംസാരിക്കുന്നത് സ്നേഹമാണ്. അതാണവന്‍റെ മതം. സ്ഥാപനവൽക്കരിക്കപ്പെട്ട മതക്കൂടിൻ്റെ അങ്ങകത്ത് കാമ്പായും കാതലായും ഉള്ളതും ഉണ്ടാകേണ്ടതും അവൻ കാണിച്ചു തന്ന സ്നേഹമാണ്. അത് ബോധ്യപ്പെട്ട ഒരുവനാണ് എല്ലാത്തിലും വലുത് സ്നേഹമാണ് എന്ന് പിന്നീട് എഴുതിയത്.
വെറുപ്പും സംശയവും സ്പർദ്ധയും നിറയുന്ന വർത്തമാനക്കാലത്ത് വെളിച്ചം പകരുവാൻ സ്നേഹം കൊണ്ടേ സാധിക്കുകയുള്ളു. വെറുപ്പും അവിശ്വാസവും അല്ല; സ്നേഹവും സഹവർത്തിത്തവുമാണ് പുലരേണ്ടത്. അയൽക്കാരനെ സ്നേഹിക്കാനാണ് അവൻ പറഞ്ഞത് ; അവിടെ ഒരു കണ്ടീഷനും നോക്കാൻ അവൻ പറഞ്ഞില്ല. കുറഞ്ഞപക്ഷം അവൻ പറഞ്ഞതെങ്കിലും കേൾക്കാനുള്ള ബാധ്യത അവൻ്റെ അനുകാരികൾക്കുണ്ട്.
ഡെറിൻ രാജു
09.06.2022

കുരിശ് സംസാരിക്കുന്നത് സ്നേഹം | ഡെറിന്‍ രാജു

രണ്ടായിരം വർഷങ്ങൾക്കപ്പുറം ജറുശലേമിൻ്റെ വെളിമ്പ്രദേശത്ത് നാട്ടിയ കുരിശ് സംസാരിച്ചതും ഇന്നും സംസാരിക്കുന്നതും സ്നേഹമാണ്. രാജ്യമില്ലാത്ത രാജാവ...