Friday 9 December 2022

ഒരു ചെറിയ മനുഷ്യൻ | ഡെറിൻ രാജു

 നിർമ്മമത കണ്ടെത്തപ്പെടാവുന്ന ഒരു മനുഷ്യൻ. അല്ലെങ്കിൽ തന്നെ നസ്രായനെ അടി മുതൽ മുടിവരെ പിന്തുടർന്നവൻ അങ്ങനെ ആകാതിരിക്കുന്നതെങ്ങനെ?

നമുക്കൊക്കെയും ഒരു വലിയ സമസ്യയായി, അതേസമയം ഇങ്ങനെയും ജീവിക്കാമെന്ന ഒരു മാതൃകയെ വച്ചിട്ടും കടന്നുപോയ ഒരു സന്യാസി. ഒരേ സമയം കണ്ട് കീഴടക്കാൻ ആഗ്രഹിക്കുകയും അതേ സമയം ഉയരത്തിന്റെ ഗരിമ കണ്ട് ഭയന്ന് മാറാനും തോന്നിപ്പിക്കുന്ന മഹാശൈലത്തെ അനുസ്മരിപ്പിച്ച ഒരു ചെറിയ മനുഷ്യൻ.
നടപടികളുടെ പുസ്തകത്തിൽ ഒരു ബർന്നബാസ് ഉണ്ടല്ലോ! തനിക്കുണ്ടായിരുന്ന സ്ഥലം വിറ്റ് അതിന്റെ പണം ശിഷ്യൻമാരെ ഏൽപ്പിച്ച ഒരുവൻ. മനുഷ്യരെയും അവരുടെ ഹൃദയങ്ങളെയും മാത്രം നേടിയ, ഉടയതമ്പുരാനല്ലാതെ മറ്റൊരു സമ്പാദ്യവും സ്വരൂപിക്കാതെ കടന്നുപോയ ഒരു ബർന്നബാസ് ഇവിടെയും ഉണ്ടായിരുന്നു എന്ന് ഓർമപ്പെടുത്തുന്ന ഒരു ശ്രാദ്ധദിനം കൂടി കടന്നുപോവുകയാണ്.
പൗലോസ് ഒരിക്കൽ എഴുതിയിട്ടുണ്ട്; ഉയർന്നതോ താഴ്ന്നതോ ആയ ഏത് അവസ്ഥയിലും ജീവിക്കാൻ തനിക്ക് സാധിക്കുമെന്ന്. ഇവിടെ ഒരു പടി കൂടി കടന്ന് എവിടെയും തുല്യനിലയിൽ നില കൊള്ളാൻ സാധിക്കുമെന്ന് തന്റെ ജീവിതം വഴി കാണിച്ചു തന്ന ഒരു മനുഷ്യൻ. പ്രയാസപ്പെടുന്നവരെയും ഭാരപ്പെടുന്നവരെയും ആ വലിയ തച്ചൻ കാണിച്ച അനുകമ്പയിൽ തന്നെ ചേർത്ത് പിടിച്ച ഒരുവൻ. അവരുടെ പ്രയാസങ്ങൾക്ക് തന്റെ പരിമിതികൾക്കപ്പുറമായ പരിഹാരം കണ്ടെത്തിയ ഒരു മനുഷ്യൻ.
സജീവത ഓർമ്മകൾക്ക് വഴിമാറിയിട്ട് ഒരു ദശാബ്ദം പിന്നിടുകയാണ്. എങ്കിലും ഈ കാലത്തേക്ക് സ്പന്ദിക്കുന്ന ഒരു ദിശാസൂചിയായി മരമണിഞ്ഞ ആ മുനിയുടെ ഓർമ്മകൾ സജീവവും ചൈതന്യവത്തുമായി നിലകൊള്ളുന്നു. നമ്മുടെ നിലപാടുകളെയും മുൻഗണനകളെയും അത് കുത്തി നോവിക്കുന്നു.

09-12-2022

No comments:

Post a Comment