Thursday 12 January 2023

മലങ്കരസഭാ ചരിത്രം: ചില സംശയങ്ങളും മറുപടിയും | ഡെറിൻ രാജു

1) വട്ടശേരിൽ തിരുമേനി കാതോലിക്കേറ്റിന്  സ സമ്മതമല്ലായിരുന്നു - തിരുമേനിയെ ധിക്കരിച്ച് ഈവാനിയോസ് മെത്രാച്ച൯ സ്വമേധയാ കാതോലിക്കേറ്റിന് വേണ്ടി പ്രവർത്തിച്ചു.

ഉത്തരം:

പൂർണമായും തെറ്റാണ്. വട്ടശേരിൽ തിരുമേനിക്ക് താൽപര്യമില്ലായിരുന്നെങ്കിൽ മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിക്കില്ലായിരുന്നു എന്ന് ഏതൊരാൾക്കും അറിയാവുന്നതാണ്. ബഥനിയുടെ ഗീവറുഗീസ് അബ്ദൽ മശിഹായ്ക്ക് കത്തുകളയച്ചിട്ടുണ്ട്. കത്ത് അയച്ചത് അബ്ദുള്ള മുടക്കുന്ന ആ കാലഘട്ടത്തിൽ തന്നെയാണ്, ഇപ്പോൾ മുടക്കും മുടക്കും എന്ന് കുറച്ച് നാളുകൾ കേട്ടിരുന്നല്ലോ. ആ സമയത്താണ് എഴുത്തുകൾ നടക്കുന്നത്. അത് ഗിരിദീപത്തിൽ ഉണ്ട്. മലങ്കരയിലേക്ക് ആരാണ് അബ്ദൽ മശിഹായെ ക്ഷണിച്ചതെന്ന്  കുന്നംകുളം കേസിൽ വട്ടശേരിൽ തിരുമേനിയോട് ചോദിക്കുന്നുണ്ട്. അതിനുള്ള മറുപടി, ''അദ്ദേഹത്തിന്റെ ആഗ്രഹം മൂലവും,അദ്ദേഹത്തെ വരുത്തണമെന്ന് മലങ്കരസഭയിലെ അനേകരുടെ ആഗ്രഹം ഫാ. ഗീവറുഗീസ് അദ്ദേഹത്തെ അറിയിച്ചതു മൂലവും''  എന്നാണ്. അതായത് ഫാ. ഗീവറുഗീസ്  സഭയുടെ താൽപര്യം അറിയിക്കുക മാത്രമാണ് ഉണ്ടായത്.

2) അബ്ദുൽ മിശിഹാ പാത്രിയർക്കീസ് ബാവ വട്ടശേരിൽ തിരുമേനിയുടെ  മുടക്ക് തീർത്തിട്ടും അബ്ദുല്ലാ പാത്രിയർക്കീസി൯െറ  അടുത്ത് വീണ്ടും പോയി  മുടക്ക് തീർത്തു.

ഉത്തരം:

ഇത് ചരിത്രപരമായി നില നിൽക്കുന്നതല്ല. അബ്ദുള്ള പാത്രിയർക്കീസ് മലങ്കരയിൽ നിന്ന് പോയ ശേഷമാണ് അബ്ദൽ മശിഹ മലങ്കരയിൽ എത്തുന്നത്. 1087 കന്നിയിൽ അബ്ദുള്ള തിരികെ പോയി. 1087 ഇടവമാസത്തിലാണ് അബ്ദൽ മശിഹാ മലങ്കരയിൽ എത്തുന്നത്. ഇവിടെ നിന്ന് പോയ അബ്ദുള്ളയെ പറ്റി വലിയ പിടുത്തമില്ല. 1088 കർക്കിടത്തിലെ മനോരമയിൽ ഇതുവരെ മർദ്ദീനിൽ എത്തിയില്ലെന്നും കണ്ണിനും ചെവിക്കും സുഖമില്ലെന്നും കാണുന്നതാണ് ഏക വിവരം. അതിനാൽ തന്നെ വട്ടശേരിൽ തിരുമേനി അബ്ദൽ മശിഹ വന്നശേഷം പിന്നീട് അബ്ദുള്ളയെ കണ്ടിട്ടു പോലുമില്ല. 

3) കാതോലിക്കേറ്റ് സ്ഥാനത്തിൽ താത്പരൃമില്ലാത്ത വട്ടശേരിൽ തിരുമേനി പങ്കെടുക്കാതെ മാറി നിന്നു. കാതോലിക്കേറ്റ് സ്ഥാപനത്തിന് പ്രയത്നിച്ച മെത്രാ൯ റീത്തിലും ചേർന്നു.

ഉത്തരം:

100 % തെറ്റ്. വട്ടശ്ശേരിൽ തിരുമേനി കാതോലിക്കാ വാഴ്ചയിൽ പങ്കെടുത്തു എന്നു അദ്ദേഹം തന്നെ പറയുന്നു. 1091-ൽ കുന്നംകുളം കേസിന്റെ സാക്ഷി വിസ്താരത്തിൽ തിരുമേനി പറയുന്നത്. ''അദ്ദേഹം (അബ്ദൽ മശിഹ) ഇവിടെ വന്ന കാലത്ത് മാർ ഈവാനിയോസ് മെത്രാനെ കാതോലിക്കായായി വാഴിച്ചിട്ടുണ്ട്. വാഴിച്ച സമയത്ത് ഞാനും കൂടെ ഉണ്ടായിരുന്നു.'' 1912 സെപ്തംബർ 18-ലെ മനോരമയിലും സ്ഥാനാഭിഷേകത്തിൽ വട്ടശേരിൽ തിരുമേനി പങ്കെടുത്തു എന്ന് എഴുതിയിട്ടുണ്ട്. ഇടവഴിക്കൽ സേവേറിയോസിന്റെയും കാരുചിറ ഗീവറുഗീസ് റമ്പാന്റെയും ഡയറിക്കുറിപ്പിലും കൃത്യമായി ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്.

4) സ്ഥാനം അനുസരിച്ച് മലങ്കര മെത്രാപ്പോലീത്തയായിരുന്ന  വട്ടശേരിൽ തിരുമേനി അന്ന് കാതോലിക്കാ ആകേണ്ടിയിരുന്നു.പക്ഷേ മുറിമറ്റത്തിൽ മെത്രാച്ചനാണ് ആ സ്ഥാനത്ത് ആയത്.ഇത് തിരുമേനിയുടെ താത്പരൃക്കുറവിനെ ചൂണ്ടിക്കാണിക്കുന്നു.

ഉത്തരം:

വട്ടശേരിൽ തിരുമേനി തന്നെ കാതോലിക്കാ ആകണമെന്ന് എന്താണ് നിർബന്ധം? നിരവധി കേസുകളുടെ ഇടയിൽ അത് മറ്റൊരാളെ തിരുമേനി ഏൽപ്പിച്ചുവെങ്കിൽ അത് വട്ടശേരിൽ തിരുമേനിക്ക് സഭയോടുള്ള പ്രതിബദ്ധത കൊണ്ടാണ്. എന്താണ് കാതോലിക്കാ സ്ഥാനത്തിന്റെ പ്രാധാന്യമെന്ന് തിരുമേനി തന്റെ അന്ത്യകൽപ്പനയിൽ എഴുതി വച്ചിട്ടുണ്ട്. അത് ഒരു തവണയെങ്കിലും കണ്ടെങ്കിൽ ഈ അഭിപ്രായം പറയില്ലായിരുന്നു.

5) 1958-ലെ സമാധാന കൽപ്പനയിലെ മാർത്തോമാ സിംഹാസനം സമാധാനത്തിന് എതിര്.

ഉത്തരം:

ഭരണഘടന പ്രകാരമേ മലങ്കര സഭയ്ക്ക് പാത്രിയർക്കീസുമായി ബന്ധമുള്ളു. അല്ലാതെ അതൊരു അടിമ-ഉടമ ബന്ധമല്ല. 1934-ൽ പാസാക്കി, അതിന്റെ നിർമ്മാണ രീതികളൊക്കെയും സാധുവെന്ന് 1958ൽ സുപ്രീം കോടതി വിധിച്ച ഭരണഘടന പ്രകാരമാണ് പാത്രിയർക്കീസിനെ സഭ സ്വീകരിച്ചത്. അതുകൊണ്ടാണ് അതിലെ വ്യവസ്ഥകൾ പാത്രിയർക്കീസ് ലംഘിച്ചപ്പോൾ സഭയ്ക്ക് യാക്കോബ് തൃതിയൻ പാത്രിയർക്കീസിനെ പുറത്താക്കുവാൻ സാധിച്ചത്. ഭരണഘടന പ്രകാരം സ്വീകരിച്ചതിന്റെ പ്രാധാന്യം രണ്ടാം സമുദായക്കേസിൽ എറണാകുളം ജില്ലാക്കോടതിയിലെ വിസ്താരവേളയിൽ മാത്യൂസ് പ്രഥമൻ ബാവാ പറയുന്നുണ്ട്.

6) 1964 ൽ അന്തൃോകൃാ സിംഹാസനത്തി൯െറ പരിപാലനയിൽ എക്കാലവും നിന്നോളാം എന്ന് വാക്ക് കൊടുത്ത് ഔഗേന്‍ ബാവ നാണം കെട്ട് കാതോലിക്കായായി.

ഉത്തരം:

ശൽമൂസയിലും അമാലോഗ്യയിലും സ്ഥാനം നൽകുന്നയാളെ അനുസരിക്കുമെന്ന് പറയുന്നുണ്ട്. അത് വിശ്വാസപരമായ കാര്യങ്ങളിലാണ്. അല്ലാതെ പോയി കിണറ്റിൽ ചാടാൻ പറഞ്ഞാൽ അനുസരിക്കണമെന്നല്ല. 203-ാം നമ്പർ കൽപ്പനയിലൂടെ സ്വയം വേദവിപരീതിയായി പ്രഖ്യാപിച്ച പാത്രിയർക്കീസിനെ തള്ളിക്കളയുകയാണ് ചെയ്യേണ്ടത്. അതാണ് ഔഗേൻ ബാവാ ചെയ്തതും.

7) വിദേശത്ത് പളളികളിൽ ഇടപെടരുതെന്ന് പാത്രിക്കീ൯െറ താക്കീത് ലംഘിച്ചു.

ഉത്തരം:

തെറ്റ്. 1964 മെയ് 21-നു സുന്നഹദോസ് നിശ്ചയിച്ചത് മലയാളികൾ ഉള്ള കാലത്തോളം അറേബ്യൻ പ്രദേശങ്ങളിലെ മലയാളി ഇടവകകൾ പൗരസ്ത്യ കാതോലിക്കേറ്റിന്റെ കീഴിൽ തന്നെ നിൽക്കുമെന്നാണ്. അല്ലാതെ വിട്ടുകൊടുക്കുകയായിരുന്നില്ല.

8) ഔഗേന്‍ ബാവയെ മഫ്രീയാനയായി വാഴിച്ചു (കീഴ്സ്ഥാനി). കൽപ്പനയിൽ അങ്ങനെയാണ്.

ഉത്തരം:

പാത്രിയർക്കീസ് എഴുതിയ നിരവധി കൽപ്പനകളിൽ കാതോലിക്ക ഔഗേൻ പ്രഥമൻ എന്നു തന്നെയുണ്ട്. ഔഗേൻ ബാവാ, ബസേലിയോസ് ഗീവറുഗീസ് ദ്വിതിയൻ കാതോലിക്ക ബാവയുടെ പിൻഗാമിയാണ്. ആ സ്ഥാനത്തേക്കാണ് അസോസിയേഷൻ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. അല്ലാതെ ആരുടെയെങ്കിലും കീഴ്സ്ഥാനി പോസ്റ്റിലേക്കല്ല. ആ പൗരസ്ത്യ കാതോലിക്കാ സ്ഥാനത്തേക്കാണ് സിനഡ് അദ്ദേഹത്തെ ഉയർത്തിയത്. അതിൽ പാത്രിയർക്കീസ് സംബന്ധിച്ചു എന്നു മാത്രം.

9) പുനസ്ഥാപനം എന്ന‌‌ാണ് പറയേണ്ടത്. സ്ഥാപിക്കാ൯ ആയിരുന്നു എങ്കിൽ നമുക്ക് സ്ഥാപിക്കാമായിരുന്നു

ഉത്തരം:

സ്ഥാപനം മതി. പുന:സ്ഥാപനം വേണ്ട. പുന:സ്ഥാപനം പറയേണ്ട ബാധ്യത ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്ത് ഉണ്ടായിരുന്നു. അന്ന് സഭ ലക്ഷ്യമിട്ടെത് ശേമ്യരുടെ പട്ടത്വം വച്ചുള്ള വിലപേശലിൽ നിന്നൊരു മോചനം അത്രയുമേ ഒള്ളു. മലങ്കരയുടെ വേദതലവൻ/മൂപ്പൻ സ്ഥാനത്തിന്റെ ക്രമാനുഗതമായ വളർച്ചയുടെ അവസാനമായി കണ്ടാൽ മതി കാതോലിക്കേറ്റ്. അർക്കദിയാക്കോൻ - മാർത്തോമാ മെത്രാന്മാർ - മലങ്കര മെത്രാപ്പോലീത്താ - തുടർന്ന് കാതോലിക്ക. മലങ്കരയിൽ കാതോലിക്കേറ്റ് 1912-ൽ സ്ഥാപിച്ചു. എത്യോപ്യ സ്വതന്ത്രമാകുന്നതും പാത്രിയർക്കേറ്റ് സ്ഥാപിക്കുന്നതും 1958ൽ ആണ്. അവർ അതൊരു ന്യൂനതയായി കണക്കാക്കുന്നില്ല. മലങ്കര സഭ ആരുടെയും വാലല്ല. കാതോലിക്കാ സ്ഥാനത്തേക്ക് ഉയർത്തിയത് സിനഡാണ്. അതിൽ പ്രധാന കാർമികത്വം വഹിച്ചത് കാനോനിക പാത്രിയർക്കീസായിരുന്ന അബ്ദൽ മശിഹാ ആയിരുന്നു എന്നു മാത്രം.

10) പൗരോഹിതൃാ സിംഹാസനത്തി൯െറ ഉറവിടം അന്തൃോകൃാ എന്ന് മതോപദേശസാരങ്ങളിൽ പൗരോഹിതൃത്തി൯െറ ഉറവിടം അന്തൃോകൃാ എന്ന് എഴുതിയിരിക്കുന്നതിനാൽ തിരുമേനി കാതോലിക്കേറ്റിന് അനുകൂലമല്ല‌ായിരുന്നു.

ഉത്തരം:

മതോപദേശസാരങ്ങളിൽ ഗീവറുഗീസ് മൽപ്പാൻ പറയുന്നത് ആ കാലത്തെ കാഴ്ചപ്പാടാണ്. ആ സാമൂഹിക ബോധ്യം കാലാനുസൃതമായി മാറുന്നതാണ്. അന്ത്യോഖ്യൻ സഭാ വിജ്ഞായനീയത്തെ മാത്രം പരിചയിച്ചതുകൊണ്ടാണ് തിരുമേനി അത്തരം ഒരു നിരീക്ഷണം നടത്തുന്നത്. ടോളമി  ഭൂമിയെ സൂര്യൻ ചുറ്റുന്നു എന്നു പറഞ്ഞത് തന്റെ പരിമിതമായ ബോധ്യങ്ങളിൽ നിന്നാണ്. കോപ്പർനിക്കസ് അത്‌ തിരിച്ചു പറഞ്ഞത് കാലം മുന്നേറിയപ്പോഴാണ്. വട്ടശേരിൽ തിരുമേനി അത് മനസിലാക്കിയതു കൊണ്ടാണ് അബ്ദുള്ളായുടെ മുടക്കിനു ശേഷവും പട്ടംകൊട ഉൾപ്പെടെ നിർവഹിച്ചത്.

11) കോടതിയിൽ പറയുന്നത് കളളം തെളിവ് നിയമം വിശ്വാസത്തിന് എതിര്.അതുകൊണ്ട് കോടതി പറയുന്നത് മുഴുവ൯ സതൃമല്ല.

ഉത്തരം:

കോടതി നിയമവും സാമാന്യ നീതിയുമാണ് പരിഗണിക്കുക. മലങ്കര സഭ വെട്ടാനും തല്ലാനും പോയിട്ടില്ല; അങ്ങനെ ആഹ്വാനവും ചെയ്തിട്ടില്ല. ജനാധിപത്യ രാജ്യത്തെ ഏറ്റവും വലിയ മദ്ധ്യസ്ഥനെ അഭയം പ്രാപിക്കുകയാണ് ഉണ്ടായത്. കോടതിയിൽ പോകുന്നത് വിശ്വാസത്തിന് എതിരാണെങ്കിൽ ആലപ്പുഴ കോടതിയിൽ മൊഴി നൽകിയ പരുമല തിരുമേനിയുടെ നടപടി എങ്ങനെ വിലയിരുത്തും.?

12) സഭ ലൗകീകമല്ല. എന്നാൽ ജനങ്ങൾ സഭയുടെ ഭാഗം അവരെ സംരക്ഷിക്കണം. പുറത്താക്കിയാൽ ദെെവമില്ല.

ഉത്തരം:

ആരെയും പുറത്താക്കുന്നില്ല. നിയമാനുസൃതം യോജിപ്പുണ്ടാകാനാണ് സഭ 100 കൊല്ലം കേസ് നടത്തിയത്. എല്ലാവരും ഏകമനസോടെ ആരാധിക്കണമെന്നാണ് സിനഡ് ഔദ്യോഗികമായി ഇറക്കിയ പത്രക്കുറിപ്പിലും കാണുന്നത്. പ്രാദേശികമായി ഇടവകകൾ തലത്തിൽ വിധി നടത്തിപ്പുണ്ടായി ജനങ്ങൾ ഒരുമിച്ച് വരണം. ആരെയും പള്ളിയിൽ നിന്ന് പുറത്താക്കുന്നില്ല.

No comments:

Post a Comment