John Steinbeck ന്റെ ഒരു പ്രസ്താവനയുണ്ട്: ''All war is a symptom of man's failure as a thinking animal."
കൃത്യമാണത്.
ചിന്തിക്കാനും പരിഹാരം കാണുവാനും സാധിക്കുന്ന മനുഷ്യന് എങ്ങനെയാണ് യുദ്ധം ചെയ്യുവാൻ സാധിക്കുന്നത്? എന്താണതിന്റെ ആവശ്യം? അനാഥരെയും അംഗഹീനരെയും സൃഷ്ടിക്കുന്ന ഒരു യുദ്ധത്തിൽ എന്ത് അളവുകോലാണ് വിജയം നിർണയികുന്നത്?
ഒരു ഭാഗത്ത് മാത്രം ആൾനാശം വരുത്തിയ ഒരു യുദ്ധവും ചരിത്രത്തിലില്ല. ഓരോ യുദ്ധത്തിന്റെയും അവസാനം ബാക്കിയാവുന്നത് വേദനയും ദുരിതവും തീരാത്ത കണ്ണുനീരും മാത്രമാണ്. പ്രതീക്ഷയാകണം നമ്മുടെ മുമ്പിൽ നിൽക്കേണ്ടത്. പ്രതീക്ഷാനിർഭരമായ ഒരു ലോകത്തെയാകണം നമ്മുടെ കുട്ടികൾ കണ്ട് ഉണരേണ്ടത്. യുദ്ധം സൃഷ്ടിക്കുന്ന പ്രതിസന്ധികളാകരുത് നമ്മുടെ കുട്ടികൾ കണ്ട് വളരേണ്ടത്. കബന്ധങ്ങളുടെ നടുവിൽ അലമുറയിടുന്ന ഗാന്ധാരിയെ കാട്ടിത്തന്ന വ്യാസൻ സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ആ കെടുതികൾ നമ്മെ ബോദ്ധ്യപ്പെടുത്തിയതാണ്.
യുദ്ധം ഒരിക്കലും ഒരു പരിഹാരമാർഗമല്ല. കുഞ്ഞുങ്ങളോളം യുദ്ധം മുറിവേല്പ്പിക്കുന്നവർ ഇല്ല. തങ്ങൾ എന്തിനു കൊല ചെയ്യപ്പെട്ടു എന്ന് അറിയാതെ മരിച്ചു വീഴുന്ന ഓരോ കുഞ്ഞും മനുഷ്യകുലത്തിന്റെ തന്നെ ശാപമാണ്. അനാഥരാക്കപ്പെടുന്ന ഓരോ ബാല്യങ്ങളും മനുഷ്യരാശിയുടെ തന്നെ ബാധ്യതയും വേദനയുമാണ്.
സ്നേഹവും സഹവർത്തിത്തവുമാണ് പുലരേണ്ടത്. അസ്തമയത്തിനപ്പുറം ഉദയവും ഇരുട്ടിനപ്പുറം വെളിച്ചവുമുണ്ടെന്ന സനാതന സത്യവും പ്രതീക്ഷയുമല്ലെ നമ്മെ ഭരിക്കേണ്ടത്. പരിഹരിക്കാനാകാത്ത ഒരു പ്രശ്നവും സൃഷ്ടിക്കാൻ മനുഷ്യനാകില്ല എന്നും അത് പരിഹരിക്കുന്നത് ആളുകളെ ഇല്ലാതാക്കിയല്ലായെന്നും ഏതു മനുഷ്യനും പഠിക്കേണ്ട പ്രാഥമിക പാഠമാണ്.
- ഡെറിൻ രാജു.