നസറേത്തിലെ ഒരു സാധാരണ യഹൂദ ബാലികയുടെ ചെറുവീടിന്റെ ജനാലയ്ക്കരികിൽ നിന്ന് ഒരു സന്ദേശവാഹകൻ മൃദുലമായി, അയാൾക്ക് ഒട്ടുമേ പരിചയിച്ച് ശീലമില്ലാത്ത വിധേയത്വഭാവത്തിൽ - അനന്യസാധാരണമായ ബഹുമാനത്തോടെ ഒരു കാര്യമറിയിച്ചതിന്റെ; ഒരു സമ്മതമാരാഞ്ഞതിന്റെ, ഓർമ്മപ്പെടുത്തലാണ് മംഗളവാർത്ത ദിനം.
പാശ്ചാത്യ സുറിയാനി ആരാധനാവർഷത്തിൽ ആ ദിനത്തെ വീണ്ടുമോർക്കുന്നൊരു ദിവസമാണ് ക്രിസ്തുമസിനു മുമ്പുള്ള അഞ്ചാമത്തെ ഞായർ.
എന്തിനു മറുപടി പറയേണ്ടി വരുമ്പോഴും വീണ്ടും കേട്ട് മനനം ചെയ്യാനുള്ളതാണ് അവളുടെ മറുപടി. ആ മറുപടി കാലാതിവർത്തിയാകുന്നത് അതിലെ നിഷ്കളങ്കതകൊണ്ടാണ്; അതിലെ നൈസർഗികത കൊണ്ടാണ്. തന്റെ മറുപടി എന്തായാലും അത് ചരിത്രത്തെ നിർണയിക്കുന്ന ഒന്നാണെന്ന ബോധ്യത്തോടെ ആകില്ല അവൾ ആ അറിയിപ്പുകാരനോട് തന്റെ ഒരു സംശയം ഉന്നയിക്കുന്നത്. എന്നാൽ അവന്റെ ധൈര്യപ്പെടുത്തലിലും അവൻ കാട്ടിയ ഉദാഹരണത്തിലും ബോധ്യപ്പെട്ട അവൾ നടന്നടുത്തത് താരതമ്യങ്ങൾക്കപ്പുറമുള്ള ഔന്നത്യത്തിലേക്കാണ്. അതാണ് അവളുടെ മറുപടിയെ വ്യത്യസ്തമാക്കുന്നത്.
അവളുടെ മറുപടി അത്രമേൽ പവർഫുള്ളാകുന്നത്, സവിശേഷമാകുന്നത് അതിലായിരുന്നു മാനവരാശിയുടെ ആകെ പ്രത്യാശയും അടങ്ങിയിരുന്നതു എന്നത് കൊണ്ടുമാണ്.
No comments:
Post a Comment