രണ്ടായിരം വർഷങ്ങൾക്കപ്പുറം ജറുശലേമിൻ്റെ വെളിമ്പ്രദേശത്ത് നാട്ടിയ കുരിശ് സംസാരിച്ചതും ഇന്നും സംസാരിക്കുന്നതും സ്നേഹമാണ്. രാജ്യമില്ലാത്ത രാജാവിൻ്റെ, രക്തം ചെരിയാത്ത വിപ്ലവകാരിയുടെ സ്നേഹമതം.
'എൻ്റെ രാജ്യം ഐഹികമല്ല; ആയിരുന്നുവെങ്കിൽ എന്നെ താങ്കളുടെ കൈയ്യിൽ ഏൽപ്പിക്കാതിരിക്കുവാൻ തക്കവിധം എൻ്റെ ഭടൻമാർ പോരാടുമായിരുന്നു ' എന്നവൻ തൻ്റെ വിചാരണമദ്ധ്യേ പറഞ്ഞത് തൻ്റെ പ്രകടനപത്രികയുടെ അവതരണം തന്നെയായിരുന്നു. കുരിശൊരു യാദൃശ്ചികത അല്ലെന്നു തൻ്റെ ശിഷ്യത്വത്തിൻ്റെ മിനിമം യോഗ്യത അവനൊരിക്കൽ പ്രഖ്യാപിച്ചപ്പോൾ ബോധ്യപ്പെട്ടതാണ്. പിന്നീട് ഓരോ ദിനവും കുരിശിലേക്കാണ് അവൻ നടന്നടുത്തത്.
വിട്ടു കൊടുക്കലിൻ്റെയും നിസാരമാകലിൻ്റെയും ചിത്രമാണ് ഗോഗുൽത്തായിലെ കുരിശ് രേഖപ്പെടുത്തുന്നത്. വെറുപ്പ് നിറയുന്ന വർത്തമാനകാലത്തിൽ കുരിശ് സംസാരിക്കുന്നത് വിമോചന സുവിശേഷമാണ്. അന്ത:കരണങ്ങളെ ഉഴുതുമറിച്ച നസറായൻ്റെ ഫിലോസഫിയുടെ പ്രത്യക്ഷ രൂപമാണ് കുരിശ്.
അത്ഭുതം കാണാനും കഥ കേൾക്കാനും ഭക്ഷണം കഴിക്കാനും വന്നു കൂടിയ ബഹുശതം ആളുകൾ കുരിശിൻ്റെ ചുവട്ടിലേക്ക് എത്തിയതായി കാണുന്നില്ല. അവൻ്റെ അമ്മയും തലേന്ന് അവൻ്റെ നെഞ്ചോട് ചാഞ്ഞിരുന്ന സുഹൃത്തും തുടങ്ങി അവനെ അവനായി കണ്ടറിഞ്ഞ ചിലരെ മാത്രമാണ് കുരിശിൻ്റെ മുമ്പിൽ നിൽക്കുന്നതായി കാണുന്നത്. സകലവും ഉപേക്ഷിച്ച് അവനെ പിൻപറ്റിയെന്ന് പറഞ്ഞവൻ, ആരു പോയാലും ഞാൻ നിന്നെ വിട്ട് പോകില്ല എന്ന് പറഞ്ഞവനുൾപ്പെടെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. നമുക്കും കുരിശ് ഒരു അലങ്കാരമോ ഒരു അധികാര ചിഹ്നമോ മാത്രമായി ചുരുങ്ങുകയാണ്. അതിൽ നിന്നുയരുന്ന ശബ്ദം കേൾക്കാൻ അന്നവർക്ക് സാധിച്ചില്ല. ഇന്നു നമുക്കും സാധിക്കുന്നില്ല.
നസറായൻ്റെ മതത്തിൻ്റെ ഭാഷ സ്നേഹമാണെങ്കിൽ അതെഴുതിയ ലിപിയാണ് കുരിശ്. രാജ്യമില്ലാത്ത രാജാവിൻ്റെ ചെങ്കോലാണത്; അത് നമ്മുടെ ധാർമ്മികതയുടെയും മുൻഗണനകളുടെയും ബോധ്യങ്ങളുടെയും മേൽ സ്പന്ദിക്കുന്ന ഒരു ദിശാസൂചിയായി നിലനിൽക്കുകയുമാണ്.
കുരിശിൻ്റെ പെരുന്നാൾ 2024