മാനവരാശിയുടെ ചരിത്രത്തെ, അതിൻ്റെ അവസ്ഥാന്തരങ്ങളെ സ്വാധീനിച്ച ഒരു Yes! മനുഷ്യകുലത്തിനു മുഴുവനും വേണ്ടി മറിയാം പറഞ്ഞ ഒരു Yes! മനുഷ്യൻ്റെ ബലഹീനതകളോടും ഇല്ലായ്മകളോടും താദാത്മ്യം പ്രാപിച്ചവനെ വഹിക്കുവാൻ തൻ്റെ മനവും ഉദരവും തയ്യാറാണെന്ന ഒരു സാധു പെൺകുട്ടിയുടെ മറുപടിയുടെ ദിവസം. ആ ഒരു മറുമൊഴിയ്ക്കായി പ്രപഞ്ചമൊന്നാകെ ശ്വാസമടക്കിപ്പിടിച്ച് കാത്തുനിന്ന ദിവസം. ഒരു സന്ദേശവാഹകൻ അയാൾ അന്നയോളം പരിചയിച്ച ഭാവത്തിനു ചേരാത്ത ഒരു വിധേയത്വഭാവത്തിൽ അയാൾക്ക് ശീലമില്ലാത്ത അനന്യസാധാരണമായ ബഹുമാനത്തോടെ ചോദിച്ച ചോദ്യത്തിനു നിഷ്കളങ്കമായി അവൾ പറഞ്ഞ മറുപടി, ആ ഒരു Yes! അതിനെ വീണ്ടും വീണ്ടും ഓർക്കുന്ന ഒരു സുന്ദരമായ പ്രകാശപൂർണമായ ഒരു ദിവസം! പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിൽ ക്രിസ്തുമസിനു മുമ്പുള്ള അഞ്ചാം ഞായറാഴ്ച!
സന്ദേശവാഹകൻ്റെ ചോദ്യത്തിനോടുള്ള മറിയാമിൻ്റെ ആദ്യ പ്രതികരണം സ്വാഭാവിക സംശയമായിരുന്നു. ആ സംശയം അങ്ങേയറ്റം നൈസർഗികവുമായിരുന്നു. എന്നാൽ അവൻ കാട്ടിക്കൊടുത്ത ഉദാഹരണത്തിലും അവൻ്റെ ധൈര്യപ്പെടുത്തലിലും ബോധ്യപ്പെട്ട അവൾ നൽകുന്ന മറുപടി സുന്ദരമാണ്; ഋജുവാണ്; നിഷ്കളങ്കമാണ്. അത് കാലാതിവർത്തിയാകുന്നതും അതിലെ നിഷ്‌കളങ്കഭാവം കൊണ്ടാണ്. അതാണ് താരതമ്യങ്ങൾക്കപ്പുറമുള്ള ഔന്നത്യത്തിലേക്ക് ആ ബാലികയെ ഉയർത്തിയതും!
മറിയമിൻ്റെ മറുപടി അതീവ സുന്ദരമായതു പോലെ അത്രമേൽ പവർഫുളളുമായിരുന്നു. അതിൻ്റെ കാരണം ആ മറുപടിയിലായിരുന്നു നമ്മുടെ ആകെ പ്രത്യാശയും അടങ്ങിയിരുന്നതെന്നതുമായിരുന്നു..
ഡെറിൻ രാജു
23-11-2024
No comments:
Post a Comment