മലങ്കരസഭാ ഭരണഘടന തൊണ്ണൂറു വര്‍ഷങ്ങള്‍ പിന്നിടുകയാണല്ലോ. 1934 ഡിസംബര്‍ 26-നു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പാസ്സാക്കുകയും അന്നുതന്നെ എപ്പിസ്കോപ്പല്‍ സിനഡ് അംഗീകരിക്കുകയും അന്നു മുതല്‍ നിലവില്‍ വരികയുമാണ് ചെയ്തത്. സഭ ഔദ്യോഗികമായി ക്രമീകരിച്ച നവതി ആഘോഷങ്ങള്‍ പരിസമാപ്തിയിലും എത്തി. എന്നാല്‍ ഈ ഭരണഘടനാ രൂപീകരണത്തിന് പിന്നില്‍ മുഖമില്ലാതെയും നേരിട്ടും പ്രവര്‍ത്തിച്ച നിരവധി ആളുകള്‍ ഉണ്ട്. പ്രത്യേകിച്ച് അയ്മേനികള്‍. അവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യമായി എങ്ങും പരാമര്‍ശിക്കുന്നില്ലായെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ മുമ്പത്തെ സാഹചര്യത്തില്‍ നിന്ന് വളരെ വ്യത്യാസങ്ങള്‍ ഇന്ന് ഉണ്ടായിട്ടുണ്ട് എന്നതും സമ്മതിക്കേണ്ടതാണ്. അതില്‍ പ്രധാന പങ്കു വഹിച്ചത്, "മലങ്കരസഭാ ഭരണഘടന: ചരിത്രം, രേഖകള്‍, ഭേദഗതികള്‍" എന്ന പുസ്തകമാണ് എന്നതിലും അഭിമാനമുണ്ട്.
2019 ആദ്യമാണ് കാര്യമായ നിലയില്‍ സഭാഭരണഘടനയെപ്പറ്റി പഠിക്കുവാന്‍ ആരംഭിച്ചത്. സഭാ ഭരണഘടന രൂപീകരിക്കപ്പെട്ടിട്ട് 85 വര്‍ഷത്തിനടുത്ത് ആയപ്പോഴാണ് ഈ പഠനം ആരംഭിച്ചതെങ്കിലും ചില ലേഖനങ്ങള്‍ ഒഴികെ കാര്യമായ ഒരു പഠനവും പ്രത്യേകിച്ച് ഭരണഘടനയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒന്നുംതന്നെ ഇല്ലായിരുന്നു എന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടത്. പ. വട്ടശ്ശേരില്‍ തിരുമേനി ഭരണഘടന ഉണ്ടാക്കിയെന്ന് പണ്ടാരോ പറഞ്ഞു പതിഞ്ഞ ഒരു വാചകമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവിടെനിന്നാണ് 2019 ഒക്ടോബറില്‍ പുസ്തകത്തിന്‍റെ ആദ്യ പതിപ്പ് ഇറങ്ങിയത്. രണ്ടാമത്തെ പതിപ്പ് 2023 ഏപ്രിലിലും ഇറങ്ങി. ഉടനെ മൂന്നാം പതിപ്പ് പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അന്നുവരെ നിലനിന്നിരുന്ന നിരവധി തെറ്റിദ്ധാരണകളും അബദ്ധങ്ങളും തിരുത്താന്‍ പുസ്തകത്തിനു സാധിച്ചു എന്ന് അഭിമാനത്തോടെ പറയട്ടെ.
മലങ്കരസഭയുടെ ഭരണം ഒരിക്കലും ഒരു മെത്രാന്‍ സമിതിയുടെ ഏകപക്ഷീയ ഭരണമായിരുന്നില്ല. അതില്‍ വൈദികര്‍ക്കുള്ള അത്രയുമോ അതിലധികമോ ആയ ഒരു ചുമതലയും ഉത്തരവാദിത്തവും അവൈദികര്‍ക്കും ഉണ്ടായിരുന്നു. അവൈദികര്‍ കൂടി ഉള്‍ക്കൊള്ളുന്ന സമിതി അംഗീകരിക്കാത്ത തീരുമാനങ്ങള്‍ മലങ്കരയില്‍ നടപ്പിലാകില്ലായെന്ന് റോമന്‍ കത്തോലിക്കാ രീതികള്‍ മലങ്കരയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച സാക്ഷാല്‍ അലക്സിസ് ഡി മെനസിസിന് വരെ അറിയാമായിരുന്നു. അതിന്‍റെ ഏറ്റവും വലിയ തെളിവ് ഉദയംപേരൂര്‍ സുന്നഹദോസ് വിളിച്ചുകൂട്ടുവാന്‍ ചേന്ദമംഗലത്ത് നിന്ന് 1599 മെയ് മാസം 14-ാം തീയതി അയച്ച സര്‍ക്കുലര്‍ തന്നെയാണ്. അതില്‍ കാണുന്നത് "ജനങ്ങള്‍ പള്ളികളില്‍ സമ്മേളിച്ച് ഉത്തമന്മാരായ നാലുപേരെ വീതം പ്രതിനിധികളായി തെരഞ്ഞെടുത്ത് അധികാരപ്പെടുത്തി സുന്നഹദോസിലേക്ക് അയയ്ക്കണം" എന്നാണ്. മലങ്കരയിലെ കീഴ്നടപ്പ് എന്തായിരുന്നു എന്നതിന്‍റെ പ്രത്യക്ഷ സൂചനയായി ഈ വാചകത്തെ പരിഗണിക്കാം.
വളയമില്ലാതെ ചാടാന്‍, അതിപ്പോള്‍ ആരായിരുന്നാലും നസ്രാണികള്‍ സമ്മതിക്കുമായിരുന്നില്ല. അതു പരദേശത്തുനിന്ന് വന്ന മെത്രാന്മാരായിരുന്നാലും അല്ല മലങ്കര മെത്രാപ്പോലീത്താ ആയിരുന്നാലും അതിനു ഉതകുന്നവിധം അവര്‍ ധാരാളം പടിയോലകളും സുന്നഹദോസ് നിശ്ചയങ്ങളും കാലാകാലങ്ങളില്‍ പാസ്സാക്കിയിട്ടുമുണ്ട്. കണ്ടനാട് പടിയോല, പുതിയകാവ് തീരുമാനങ്ങള്‍, കോട്ടയം ചട്ടവര്യോല എന്നിവയൊക്കെ അവയ്ക്ക് ഉദാഹരണങ്ങളാണ്. ഇവയെ ഒക്കെയും മലങ്കരസഭാ ഭരണഘടനയുടെ പൂര്‍വ്വരൂപങ്ങളായും കണക്കാക്കാവുന്നതുമാണ്. ഇതു കൂടാതെ പല പഴയപള്ളികള്‍ക്കും സ്വന്തമായ ഭരണഘടനയോ ഉടമ്പടിയോ ഉണ്ടായിരുന്നു. ഈ പള്ളികളുടെ ഭരണഘടനകളില്‍ പള്ളി ഇടവകയുടെ ഭരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. കോലഞ്ചേരി, നിരണം, മണ്ണത്തൂര്‍ തുടങ്ങിയ പല പള്ളികള്‍ക്കും 1925-നു മുമ്പുതന്നെ ഇത്തരം ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നു.
1920-ന്‍റെ ആരംഭത്തിലാണ് സഭാഭരണഘടനയുടെ രൂപീകരണം എന്ന ഒരു ആശയം ഒരുപറ്റം ആളുകളുടെ ഇടയില്‍ ബീജാവാപം ചെയ്തത്.
മലങ്കരസഭാ ഭരണഘടനയുടെ രൂപീകരണം കാലഘട്ടത്തിന്‍റെ കൂടി സൃഷ്ടിയാണ്; കാരണം 20-ാം നൂറ്റാണ്ടിന്‍റെ ആരംഭം ലോകത്താകമാനം തന്നെ ജനാധിപത്യത്തിനായുള്ള മുറവിളികള്‍ ശക്തമായ സമയമായിരുന്നല്ലോ. അതിന്‍റെ അനുരണനങ്ങള്‍ മലങ്കരസഭയിലും ഉണ്ടായി. അതിന്‍റെ ഉത്പന്നമായിരുന്നു 1920-ല്‍ ആരംഭിച്ച 'സുറിയാനി സഭാമാസിക.' സഭയിലെ ജനാധിപത്യവാദികള്‍ ഇടവകഭരണത്തിലും സമുദായ ഭരണത്തിലും കൂടുതല്‍ പ്രാതിനിധ്യം ആവശ്യപ്പെടുകയും അതിനായി അവര്‍ അവരുടെ നാവായി സുറിയാനി സഭാമാസികയെ ഉപയോഗിക്കുകയും ചെയ്തു. മലങ്കരസഭാ ഭരണഘടനയുടെ ചരിത്രം പഠിക്കുന്ന ആര്‍ക്കും സുറിയാനി സഭാമാസികയെ മറന്നുപോകാനോ അവഗണിക്കാനോ സാധിക്കുകയില്ല. 1920-ല്‍ തിരുവനന്തപുരം സിറ്റി പ്രസില്‍ നിന്നും എന്‍. ജെ. ഫെര്‍ണാണ്ടസ് പ്രിന്‍ററും പബ്ലീഷറുമായി മാസിക പ്രവര്‍ത്തനം ആരംഭിച്ചു. പി. ജേക്കബ് കുര്യന്‍ (മാവേലിക്കര) പത്രാധിപരും എന്‍. ജെ. ഡേവിഡ് ജോയിന്‍റ് എഡിറ്ററും ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ്, വി. കെ. സഖറിയാ, വി. ഐ. ജേക്കബ്, ഫീലിപ്പോസ് മത്തായി എന്നിവര്‍ പത്രാധിപ സമിതി അംഗങ്ങളും ആയിരുന്നു. 'ജനങ്ങളുടെ ശബ്ദം, ദൈവത്തിന്‍റെ ശബ്ദം' എന്നതായിരുന്നു മാസികയുടെ മുദ്രാവാക്യം. ഇതില്‍നിന്നുതന്നെ ഇതൊരു അത്മായ പ്രസിദ്ധീകരണമായിരുന്നുയെന്ന് വ്യക്തമാണ്. വ്യവസ്ഥാപിതമായ ഒരു ഭരണഘടന മലങ്കരസഭയ്ക്ക് ആവശ്യമാണെന്നും എന്നാല്‍ അത് എപ്പിസ്കോപ്പല്‍ ഭരണരീതിയല്ലെന്നും മാസിക അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മലങ്കര മെത്രാപ്പോലീത്തായുടെ എപ്പിസ്കോപ്പല്‍ മുന്‍ഗണനകളെയും മാസിക ശക്തമായി എതിര്‍ത്തു.
സുറിയാനി സഭാ മാസിക, സഭാചരിത്രത്തെ പുനര്‍വായന നടത്തുകയും മലങ്കര-അന്ത്യോഖ്യന്‍ ബന്ധത്തെ ഒരു വ്യവസ്ഥാപിത രീതിയിലാക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുകൊണ്ട് ഒരു ഭരണഘടനാ ഡ്രാഫ്റ്റ് തന്നെ അവതരിപ്പിച്ചു. കോട്ടയം മാങ്ങാനം സ്വദേശിയായിരുന്ന ടി. ജോസഫ്, അഡ്വ. പത്രോസ് മത്തായി, കെ. കെ. ലൂക്കോസ് (പുതുപ്പള്ളി) തുടങ്ങിയ പലരും ഈ മാസികയോട് സഹകരിച്ചിരുന്നു. 1909-ല്‍ പാത്രിയര്‍ക്കീസിനു ലൗകികാധികാരം കൊടുക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച ശ്രീ. എം. പി. വര്‍ക്കി തന്‍റെ നിലപാട് സുറിയാനി സഭയില്‍ രേഖപ്പെടുത്തുന്നുണ്ട്. അത് ഇപ്രകാരമാണ്: "എന്‍റെ അഭിപ്രായത്തില്‍ എപ്പിസ്കോപ്പല്‍ ഭരണം നമ്മുടെ സഭയില്‍ നടപ്പാക്കുന്നത് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് ലൗകികാധികാരം സമ്മതിച്ച് എഴുതിക്കൊടുക്കുന്നതിനേക്കാള്‍ അപകടമാണ്." ഇതിനോടു ചേര്‍ന്നുപോകുന്ന അഭിപ്രായങ്ങളാണ് മാസികയില്‍ ഏതാണ്ട് പൂര്‍ണ്ണമായും കാണുന്നത്. എം. പി. വര്‍ക്കി തന്നെ വേറൊരിടത്ത് അഭിപ്രായപ്പെടുന്നത് "മലങ്കര അര്‍ക്കദെയാക്കോനെ (പിന്നീട് മെത്രാപ്പോലീത്തായെ) തിരഞ്ഞെടുക്കാനുള്ള അധികാരം മലങ്കരസഭയിലെ പള്ളിപ്രതിപുരുഷന്മാര്‍ക്ക് അഥവാ സുന്നഹദോസിനാണെന്നുള്ളതിന് സംശയമില്ലല്ലോ. ഈ സുന്നഹദോസിന് കൂട്ടം എന്നാണ് പണ്ടുമുതലേ പറഞ്ഞുവരുന്ന പേര്. ഓരോ ഇടവകയില്‍ നിന്നും ഒരു പട്ടക്കാരനെയും രണ്ടു അയ്മേനികളെയും ഇടവകക്കാര്‍ തിരഞ്ഞെടുത്ത് അയയ്ക്കുന്നു. ഈ പ്രതിപുരുഷന്മാരുടെ ഭൂരിപക്ഷപ്രകാരം മെത്രാപ്പോലീത്തായെ തിരഞ്ഞെടുക്കുന്നു. 'കോട്ടയത്തെ കൂട്ടം' എന്നുള്ള വാക്ക് എനിക്ക് ഓര്‍മ്മവെച്ച കാലംമുതല്‍ കേട്ടുതുടങ്ങിയതാണ്." അദ്ദേഹം ഇത് അവസാനിപ്പിക്കുന്നത് റോമാസഭയിലോ ആംഗ്ലിക്കന്‍ സഭയിലോ ഈ സമ്പ്രദായം ഇല്ലെന്ന് സ്പഷ്ടമാണല്ലോ എന്നു പറഞ്ഞാണ്.
1920 മേടം-ഇടവം ലക്കം 'സുറിയാനി സഭ' മാസികയില്‍ 'മലങ്കര സുറിയാനി സഭാ ഭരണനിയമ'ത്തിന്‍റെ കരടു ബില്ലു തന്നെ അവതരിപ്പിച്ചു. ജനാധിപത്യതത്വങ്ങളില്‍ അടിസ്ഥാനമായ ആ രേഖ ഏറെക്കുറെ പൂര്‍ണ്ണമായും മെത്രാന്‍ കേന്ദ്രീകൃത ഭരണത്തെ എതിര്‍ത്തു. ഇടവകയോഗം, മാനേജിംഗ് കമ്മിറ്റി, കൈക്കാരന്‍, സെക്രട്ടറി, മെത്രാസന ഇടവക, മലങ്കര ട്രസ്റ്റികള്‍ തുടങ്ങി പിന്നീട് ഭരണഘടനയുടെ ഭാഗമായ പല വകുപ്പുകളും നമുക്ക് ആ കരട് ബില്ലില്‍ കാണാം. കരട് ബില്ലിനെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായവും ക്ഷണിച്ചു. അടുത്ത ലക്കത്തില്‍ ബില്ലിനെ എതിര്‍ത്തും അനുകൂലിച്ചുമുള്ള അഭിപ്രായങ്ങളും പ്രസിദ്ധീകരിച്ചു. ആ അഭിപ്രായ പ്രകടനങ്ങളെക്കുറിച്ച് തന്നെ കുറെ പറയാനുണ്ടെങ്കിലും പൈലി മത്തായി പറയുന്ന ഒരു ആശയം മാത്രം പറയട്ടെ: "ലോകത്തില്‍ എല്ലായിടത്തും എല്ലാവരും സ്വാതന്ത്ര്യത്തിനായി യത്നിക്കുന്ന ഒരു കാലമാണല്ലോ ഇത്. നമ്മുടെ സമുദായത്തിന്‍റെ ശ്രേയസ്സില്‍ പുരുഷന്മാരെപ്പോലെതന്നെ സ്ത്രീകളും ആകാംക്ഷയുള്ളവരും നമ്മെപ്പോലെതന്നെ പ്രവര്‍ത്തിക്കുന്നതിന് ത്രാണിയും നല്ല മനസ്സുള്ളവരുമാണ്. കരടുനിയമം രണ്ടാം അദ്ധ്യായം ഒന്നാം ഭാഗം അഞ്ചാം വകുപ്പും ഈ വകുപ്പും (ഒന്നാം) കൂടി വായിക്കുമ്പോള്‍ നമ്മുടെ സ്ത്രീകള്‍ക്ക് സഭാഭരണത്തില്‍ പ്രവേശനം നല്‍കുന്നില്ലായെന്ന് കാണുന്നു. ചുരുങ്ങിയപക്ഷം അവര്‍ക്ക് കമ്മിറ്റി മെമ്പര്‍മാരെ തിരഞ്ഞെടുക്കുന്ന യോഗങ്ങളില്‍ വോട്ടവകാശമെങ്കിലും തല്‍ക്കാലം അനുവദിക്കേണ്ടതാണ്." സഭാഭരണഘടനയില്‍ ഈ നിര്‍ദ്ദേശം വരാന്‍ എടുത്ത കാലാവധി 77 വര്‍ഷമാണ്. ഇപ്പോഴും സ്ത്രീകളുടെ പങ്കാളിത്തം ഇടവകഭരണത്തില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു.
സുറിയാനി സഭാ മാസികയുടെ പ്രധാന ലക്ഷ്യം തന്നെ 'സഭയ്ക്കൊരു ഭരണഘടന' എന്നതായിരുന്നു. അതിനുള്ള ആശയസമാഹരണത്തിനുശേഷം ഏതാനും വര്‍ഷത്തിനുശേഷം പ്രവര്‍ത്തനം അവസാനിപ്പിച്ചു. പിന്നീട് 10 വര്‍ഷത്തിനുശേഷം ഔദ്യോഗികമായി ഭരണഘടനാ രൂപീകരണശ്രമങ്ങള്‍ നടന്ന സമയത്ത് മാസികയുടെ 5 പ്രവര്‍ത്തകര്‍ രൂപീകരണ കമ്മിറ്റിയംഗങ്ങളായി നിയമിക്കപ്പെട്ടു.
സുറിയാനി സഭാ മാസികയുടെ പ്രവര്‍ത്തനങ്ങളോടും ഭരണഘടനാ നിര്‍മ്മാണമെന്ന ആശയത്തോടും സഭാനേതൃത്വത്തിന് ആദ്യ ഘട്ടത്തില്‍ താല്‍പര്യമില്ലായിരുന്നുവെങ്കിലും ഒരു 10 വര്‍ഷത്തിനുള്ളില്‍ തന്നെ സാഹചര്യം മാറുന്നുണ്ട്. എന്നാല്‍ അത് എന്ന് എന്നതില്‍ കൃത്യമായ ഒരു ഉത്തരവും കണ്ടെത്താന്‍ സാധിക്കുന്നില്ല. കാരണം ആ കാലഘട്ടത്തിലെ വട്ടശ്ശേരില്‍ തിരുമേനിയുടെ ഡയറിക്കുറിപ്പുകള്‍ നമുക്ക് ലഭ്യമല്ല. അത് കൂടി ലഭ്യമായിരുന്നെങ്കില്‍ ഒരുപക്ഷേ കൃത്യമായ തീയതി നമുക്ക് കിട്ടിയേനെ. പാറേട്ട് മാത്യൂസ് കത്തനാരുടെ 1104 മേടം 5-ലെ ഡയറിക്കുറിപ്പില്‍ നിന്നു വ്യക്തമാകുന്നപ്രകാരം 1929-ല്‍ ഭരണഘടനാ നിര്‍മ്മാണമെന്ന ആശയം സഭ അംഗീകരിച്ചിരുന്നു. അതിനായി എം.ഡി. സെമിനാരിയില്‍ ഉടനെ ഒരു യോഗം ചേരുന്നുമുണ്ട്. യോഗം മേടം 11-ന് കൂടി ഒരു വിഷയനിര്‍ണ്ണയ സമിതിയെ തിരഞ്ഞെടുത്തു. പാറേട്ട് മാത്യൂസ് കത്തനാരുടെ ഡയറിക്കുറിപ്പില്‍ കാണുന്നത്: "10 മണിയോടു കൂടി എം.ഡി. സെമിനാരിയില്‍ യോഗം കൂടി. വിഷയനിര്‍ണ്ണയ കമ്മിറ്റിയെ നിയമിച്ചു പിരിഞ്ഞു. മാമ്മന്‍ മാപ്പിള, എ. എം. വര്‍ക്കി., സി. ഒ. ഉമ്മന്‍, റ്റി. ജോസഫ് മുതലായ പത്തുനൂറ് പേരുണ്ടായിരുന്നു. പൂതക്കുഴി, കലയക്കാട്ടില്‍, എന്‍. ജി. കുര്യാക്കോസ്, റ്റി. വി. ജോണ്‍ എന്നീ വൈദികരും ഉണ്ടായിരുന്നു. ജോണ്‍ വക്കീല്‍ അദ്ധ്യക്ഷത വഹിച്ചു. 12 നിശ്ചയങ്ങള്‍ ചെയ്തു. എമശവേ & ഛൃറലൃ (വിശ്വാസം, ശിക്ഷണം) ഇവയില്‍ മെത്രാന്മാരുടെ സുന്നഹദോസിന് പൂര്‍ണ്ണാധികാരം സമ്മതിച്ചു. മറ്റുള്ളതിന് പൊതുയോഗത്തിന് അധികാരമുണ്ടായിരിക്കണമെന്നാണ് ഭൂരിപക്ഷാഭിപ്രായം." വിഷയനിര്‍ണ്ണയ സമിതിയോഗം ചേര്‍ന്നെങ്കിലും പിന്നീടും തര്‍ക്കങ്ങള്‍ ഉണ്ടായി. 1930 സെപ്റ്റംബര്‍ 4-നു ഭരണഘടന എഴുതാന്‍ ഒരു കമ്മിറ്റിയെ അസോസിയേഷന്‍ നിയമിച്ചു. ഒ. എം. ചെറിയാന്‍ കണ്‍വീനറായ കമ്മിറ്റിയിലെ മറ്റു അംഗങ്ങള്‍ പൂതക്കുഴിയില്‍ അബ്രഹാം കത്തനാര്‍, പാറേട്ട് മാത്യൂസ് കത്തനാര്‍, ഫാ. റ്റി. വി. ജോണ്‍, ചെറിയമഠത്തില്‍ സ്കറിയാ മല്പാന്‍, ഇ. ജെ. ജോണ്‍, കെ. സി. മാമ്മന്‍ മാപ്പിള, എ. എം. വര്‍ക്കി, സി. പി. തരകന്‍, പത്രോസ് മത്തായി, റ്റി. ജോസഫ്, ജേക്കബ് കുര്യന്‍, കെ. റ്റി. മാത്യു, പി. റ്റി. ഈപ്പന്‍, ഇ. ജെ. ഫീലിപ്പോസ്, ഡോ. സി. റ്റി. ഈപ്പന്‍ എന്നിവരായിരുന്നു.
സമിതി പല തവണ യോഗം ചേര്‍ന്നു. 'സുറിയാനി സഭാ മാസിക'യുടെ അനുഭാവികളായ 5 പേര്‍ കമ്മറ്റിയില്‍ ഉണ്ടായിരുന്നു. അവര്‍ തനിയെയും യോഗം ചേര്‍ന്നിരുന്നു. പണസംബന്ധമായ അധികാരം ആരിലായിരിക്കണം എന്നത് പലപ്പോഴും തര്‍ക്കവിഷയമായിരുന്നു. അത് ജനങ്ങള്‍ക്കായിരിക്കണോ മെത്രാന്മാര്‍ക്കായിരിക്കണോ എന്ന തര്‍ക്കം ഉണ്ടായി. 1105 മിഥുനം 23, 26 തീയതികളിലെ പാറേട്ട് മാത്യൂസ് കത്തനാരുടെ ഡയറിക്കുറിപ്പുകളില്‍ അത് വ്യക്തമാണ്. "കോട്ടയത്തു പോയി, അവിടെ വെച്ച് മി. ഒ. എം. ചെറിയാനുമായി കണ്ടു. സഭാകാര്യം മെത്രാച്ചനോട് പറയാന്‍ എന്നെ ഭരമേല്‍പ്പിച്ചു. പഴയസെമിനാരിയില്‍ പോയി മെത്രാച്ചനുമായി സഭാകാര്യവും പള്ളിക്കൂട കാര്യവും സംസാരിച്ചു. പണസംബന്ധമായ കാര്യങ്ങളില്‍ പരമാധികാരം ജനങ്ങള്‍ക്ക് ഇരിക്കണമെന്നാണ് അവര്‍ പറയുന്നത്. അത് മെത്രാച്ചന് തീരെ സമ്മതമല്ല." പിന്നീട് അദ്ദേഹം ഒ. എം. ചെറിയാനെയും കൂട്ടിക്കൊണ്ട് വട്ടശ്ശേരില്‍ തിരുമേനിയെ കാണാന്‍ പോകുന്നുണ്ട്. അവിടെവച്ചും ഇതേ വിഷയം പ്രതിസന്ധിയായി, ഒരു തീരുമാനത്തിലെത്താന്‍ സാധിക്കുന്നില്ല. ഇങ്ങനെ നിര്‍മ്മാണ കമ്മിറ്റിയും വട്ടശ്ശേരില്‍ തിരുമേനിയും ആശയപരമായി രണ്ട് തട്ടിലായി.
ഈ സമയത്ത് മറ്റ് പല പ്രതിസന്ധികളും സഭ നേരിട്ടു. പ്രതിസന്ധികള്‍ തെല്ലൊന്ന് ഒതുങ്ങിയ ഘട്ടത്തില്‍ തന്‍റെ അഭിപ്രായങ്ങള്‍ വട്ടശ്ശേരില്‍ തിരുമേനി, അന്ന് ശനിയാഴ്ചതോറും പ്രസിദ്ധീകരിച്ചിരുന്ന 'കേരളകേസരി' പത്രത്തില്‍ 1932 ജൂലൈ 2 മുതല്‍ സെപ്റ്റംബര്‍ 10 വരെയായി പ്രസിദ്ധീകരിച്ചു. ഈ സമയത്ത് തന്നെ പഴയ ജനാധിപത്യവാദികളുടേതായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡ്രാഫ്റ്റ് എ. സി. പോളും (വടക്കന്‍പറവൂര്‍) കേരള കേസരിയില്‍ പ്രസിദ്ധീകരിച്ചു. ജനാധിപത്യവാദികളായ 5 കമ്മിറ്റിയംഗങ്ങള്‍ ഒപ്പിട്ട ഒരു ഡ്രാഫ്റ്റ് ഭരണഘടനാ നിര്‍മ്മാണ കമ്മിറ്റി അംഗങ്ങള്‍ക്കും മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ക്കും അയച്ചുകൊടുക്കുകയും 'കേരളകേസരി' വഴി പൊതുജനശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു. ഇതിനുശേഷം 1932 നവംബര്‍ 30-ന് ഒ. എം. ചെറിയാന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഒരു നക്കല്‍ ഭരണഘടന അച്ചടിപ്പിച്ച് ഒരു കത്തോടു കൂടി സഭയിലെ പലര്‍ക്കും അയച്ചുകൊടുത്തു. മനോരമയിലും പ്രസിദ്ധീകരിച്ചു. ഈ നക്കല്‍ രേഖയുടെ പരിഷ്ക്കരിച്ച പതിപ്പാണ് 1934-ല്‍ പാസ്സാക്കിയത്.
വട്ടശ്ശേരില്‍ തിരുമേനി കാലം ചെയ്യുന്നതിന് നാലു മാസം മുമ്പുള്ള പാറേട്ട് മാത്യൂസ് കത്തനാരുടെ ഡയറിക്കുറിപ്പിലാണ് ഭരണഘടനയുമായി ബന്ധപ്പെട്ട് അവസാന പരാമര്‍ശം ഉള്ളത്. "മെത്രാച്ചനു ക്ഷീണം കൂടുതലില്ല! ഒ. എം. ചെറിയാന്‍ വന്നിട്ടുണ്ടായിരുന്നു; ഭരണഘടനയെ സംബന്ധിച്ച് മെത്രാച്ചനുമായി കുറെസമയം സംസാരിച്ചു; യോജിക്കുന്ന മട്ടു കണ്ടില്ല."
വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസ് തിരുമേനി 1934 ഫെബ്രുവരി 23-ന് കാലംചെയ്തു. ആ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ഒരു അസോസിയേഷന്‍ കൂടുവാന്‍ ആദ്യം തീരുമാനിച്ചുവെങ്കിലും പിന്നീട് ഡിസംബറിലേക്ക് അത് മാറ്റി. 1934 ഡിസംബര്‍ 26-ന് യോഗം കൂടി. അജണ്ടായിലെ അഞ്ചാമത്തെ വിഷയമായി യോഗം ഭരണഘടന പരിഗണിച്ചു. നവംബറില്‍ മാനേജിംഗ് കമ്മിറ്റി പാസ്സാക്കിയ ബില്‍ അസോസിയേഷന്‍ പാസ്സാക്കുന്നതിനു മുമ്പായി ഓരോ വകുപ്പുകളും പരിഗണിച്ച് ഭേദഗതികള്‍ തയ്യാറാക്കാന്‍ ഒരു സബ്ജക്ട് കമ്മിറ്റിയെ നിയമിച്ചു. 34 പേരുള്ള കമ്മിറ്റി പൂര്‍ണ്ണമായും അയ്മേനികളായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം കമ്മിറ്റി എ. എം. വര്‍ക്കിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഭേദഗതികള്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ബില്ലും ഭേദഗതികളും അസോസിയേഷന്‍ പരിഗണിക്കുകയും ഭേദഗതികളോടെയുള്ള ഭരണഘടന അസോസിയേഷന്‍ പാസ്സാക്കുകയും ചെയ്തു.
ഭരണഘടനാ രൂപീകരണത്തിന്‍റെ 15 വര്‍ഷത്തെ ചരിത്രം ഒരു വലിയ പരിധിയില്‍ അത്മായരുടെ പോരാട്ടത്തിന്‍റെ ചരിത്രമാണ്. ഭരണഘടനാ നിര്‍മ്മാണമെന്ന ആശയം രൂപംകൊള്ളുന്നതു മുതല്‍ അതിന്‍റെ വികസനവും അതിന്‍റെ പൂര്‍ത്തീകരണം വരെ ആ പോരാട്ടം നമുക്ക് കാണാം. ആ പോരാട്ടങ്ങളെ മറന്നുപോകുന്നത് നന്ദികേടാണ്. പോരാട്ടത്തെ അതിന്‍റെ അര്‍ഹിക്കുന്ന പരിഗണനയില്‍ കണ്ട, എതിര്‍ശബ്ദങ്ങള്‍ക്കു വിലകൊടുത്ത നേതൃത്വത്തിന്‍റെ പക്വതയും വില മതിക്കേണ്ടതാണ്. ആദ്യം പറഞ്ഞതുപോലെ, നിര്‍മ്മാണ കമ്മിറ്റി അംഗങ്ങള്‍ക്കപ്പുറമായി മുഖമില്ലാതെ ഈ പോരാട്ടത്തില്‍ പങ്കെടുത്തവരുണ്ട്. സബ്ജക്ട് കമ്മിറ്റിയിലെ അംഗങ്ങളുണ്ട് അങ്ങനെ പലരും. ഭരണഘടനാ രൂപീകരണം കൊണ്ട് അല്‍മായര്‍ എല്ലാം നിര്‍ത്തിയില്ല 1951, 67 തുടങ്ങിയ വര്‍ഷങ്ങളിലെ സമഗ്രമായ ഭേദഗതികളിലൊക്കെയും പലരുടെയും കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. നിയമവിദഗ്ദ്ധരായ അവരില്‍ പലരുടെയും സൂക്ഷ്മമായ പരിശോധനകളാണ് ഈ ഭരണഘടനയുടെ 9 പതിറ്റാണ്ടുകളുടെ നിലനില്‍പ്പിന്‍റെ ഒരു പ്രധാന കാരണവും. അവരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചുകൊണ്ട് ദീപ്തസ്മരണകള്‍ക്കു പ്രണാമം അര്‍പ്പിച്ചുകൊണ്ട് ചുരുക്കുന്നു.
No comments:
Post a Comment