Thursday, 27 February 2025

പ. വട്ടശേരില്‍ തിരുമേനിയുടെ സഭാസ്വാതന്ത്ര്യ ദര്‍ശനം | ഡെറിന്‍ രാജു

 ആമുഖം

തിരുവെഴുത്തുകളും സഭാപാരമ്പര്യവും നല്‍കുന്ന അറിവിന്‍റെ അടിസ്ഥാനത്തില്‍ നമ്മുടെ കര്‍ത്താവും മാര്‍ ഇഗ്നാത്തിയോസും തമ്മിലൊരു പരിചയമുണ്ട്. എന്നാല്‍ അത്രയെങ്കിലും നേര്‍ത്ത ഒരു പരിചയം പ. വട്ടശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസിയോസ് തിരുമേനിയുമായി ഉളളവരെ ഇന്ന് നമ്മുടെ ഇടയില്‍ കണ്ടെത്തുക എളുപ്പമല്ല. മലങ്കരയില്‍ ഉടനീളം പരിശോധിച്ചാലും കണ്ടെത്താവുന്ന ആളുകളുടെ സംഖ്യ പരമാവധി ഒരു കൈയിലെ വിരലുകളില്‍ നിന്നേക്കും. എന്നാല്‍ തൊണ്ണൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹം പകര്‍ന്നു നല്‍കിയ സ്വാതന്ത്ര്യബോധമാണ് നമ്മെ ഭരിക്കുന്നതും നയിക്കുന്നതും. അതിനു വികാസ-പരിണാമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭരണഘടനയും സുപ്രീം കോടതി വിധികളുമൊക്കെ ആ ബോധ്യത്തിന്‍റെ പരിണാമത്തെ സ്വാധീനിച്ചിട്ടുമുണ്ട്. മലങ്കരസഭയുടെ ജന്മസിദ്ധമായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമ്പോഴും സമാധാനത്തിനായി എല്ലാ വാതിലുകളും തുറന്നിടുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തെ എപ്പോഴും നയിച്ചിരുന്നത് ചില ബോദ്ധ്യങ്ങളാണ്. ആ ബോദ്ധ്യങ്ങള്‍ക്കായി അദ്ദേഹം അവസാനംവരെ നിലനിന്നു. അതിന്‍റെ വലിയ ഉദാഹരണങ്ങളിലൊന്ന് ഭരണഘടനാ നിര്‍മ്മാണ സമയത്തെ പ്രതിസന്ധിയാണ്. എപ്പിസ്കോപ്പസിക്കു മുന്‍തൂക്കമുള്ള ഭരണത്തിനു വാദിച്ച വട്ടശേരില്‍ മാര്‍ ദീവന്നാസിയോസ് ഉള്‍പ്പെടെയുള്ള ഒരു വിഭാഗവും ജനാധിപത്യഭരണത്തിനായി വാദിച്ച പത്രോസ് മത്തായി, ടി. ജോസഫ് തുടങ്ങിയ വേറൊരു വിഭാഗവും രണ്ട് വിഭാഗത്തെയും രമ്യപ്പെടുത്താന്‍ ശ്രമിച്ച കണ്‍വീനര്‍ ഒ. എം. ചെറിയാന്‍ തുടങ്ങിയവരും സഭയിലും സമിതിയിലും ആ സമയത്ത് ഉണ്ടായിരുന്നു. ഏതു നിലപാടാണോ അദ്ദേഹം ഈ നിര്‍മ്മാണപ്രക്രിയ തുടങ്ങിയ സമയത്ത് പുലര്‍ത്തിയത് അതു തന്നെയായിരുന്നു കാലം ചെയ്യുന്നതിനു നാലു മാസം മുമ്പും. 

പാറേട്ട് മാത്യൂസ് കത്തനാരുടെ (പിന്നീട് മാര്‍ ഈവാനിയോസ്) ഡയറിക്കുറിപ്പുകള്‍ അത് അടിവരയിടുന്നുണ്ട്: "മെത്രാച്ചനു ക്ഷീണം കൂടുതലില്ല! ഒ. എം. ചെറിയാന്‍ വന്നിട്ടുണ്ടായിരുന്നു. ഭരണഘടനയെ സംബന്ധിച്ച് മെത്രാച്ചനുമായി കുറേസമയം സംസാരിച്ചു. യോജിക്കുന്ന മട്ട് കണ്ടില്ല." അദ്ദേഹത്തിന്‍റെ ആശയങ്ങളോട് വിയോജിപ്പുള്ളവര്‍ ഉണ്ടാകാമെങ്കിലും അദ്ദേഹത്തിന്‍റെ നിലപാടിലെ ഉറപ്പ് ഒരു സവിശേഷതയായിരുന്നു. മാറ്റങ്ങളെ പരിഗണിക്കാനും പ്രതിസന്ധികളില്‍ അതീവ ബുദ്ധിസാമര്‍ത്ഥ്യം കാണിക്കുവാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. എം. എ. ചാക്കോയെ ഉദ്ധരിച്ചുകൊണ്ട് പുത്തന്‍കാവില്‍ കൊച്ചുതിരുമേനി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ, "തലച്ചോറു പുഴുങ്ങി അരച്ചു അതുകൊണ്ടുണ്ടാക്കപ്പെട്ട മനുഷ്യന്‍" എന്ന്. അതൊരു അതിശയോക്തി അല്ലെന്നു അദ്ദേഹത്തിന്‍റെ ജീവിതവും കോടതിമൊഴികളും നമ്മെ ബോധ്യപ്പെടുത്തും. 

ഇസ്സഡ്. എം. പാറേട്ട് പറയുന്നതില്‍ നിന്ന് വ്യക്തമാകുന്ന ഒരു ചിത്രമുണ്ട്, ആങ്ങേയറ്റം കൃശഗാത്രനായ ഒരു മനുഷ്യന്‍, ഒരു വസ്തുവിന്‍മേല്‍ ദൃഷ്ടി ഉറപ്പിക്കുന്നതുപോലും പാടുപെട്ടാകുന്ന ഒരു മനുഷ്യന്‍! അദ്ദേഹം എങ്ങനെയാണ് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒറ്റയ്ക്ക് ഈ സഭയെ നയിച്ചത്? അങ്ങേയറ്റം പ്രക്ഷുബ്ധമായ സാഹചര്യങ്ങളെ എങ്ങനെ അതിജീവിച്ചു എന്നത് തന്നെ ഒരു അദ്ഭുതമാണ്. ഈ പ്രതിസന്ധികളിലൂടെയാണ് സഭാ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് ഉരുത്തിരിഞ്ഞു വന്നത്. അത് എക്കാലവും മാറ്റങ്ങള്‍ക്ക് വിധേയമാകാതെ നിലനിന്നിരുന്നില്ല. താന്‍ നേരിട്ട പ്രതിസന്ധികളും അഭിമുഖീകരിച്ച പ്രയാസങ്ങളുമൊക്കെ സഭാസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ച ഘടകങ്ങളാണ്. അതോടൊപ്പം നമുക്ക് ചിന്തിക്കേണ്ട ഒന്നാണ് സമാധാനത്തിനായിട്ടുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങളും. രണ്ടും ഇക്കാലവും വളരെ പ്രസക്തവും അപഗ്രഥിക്കേണ്ടതുമാണ്. എന്നാല്‍ അത് എത്രകണ്ട് നമ്മുടെയിടയില്‍ ഉണ്ടാകുന്നുണ്ട് എന്നത് സംശയമാണ്. സഭാ സമാധാനത്തിനായി അക്ഷീണം യത്നിച്ച പിതാവായിരുന്നു അദ്ദേഹം. സഭയുടെ സ്വാതന്ത്ര്യമെന്നത് അക്കാലത്ത് ഏതാണ്ട് ഒരു നവീനാശയമായിരുന്നു. ആ സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിനായി അദ്ദേഹം പോരാടി. അദ്ദേഹം കാലം ചെയ്തതിനുശേഷം ഇറങ്ങിയ ബഥനി മാസികയുടെ ഒരു വിശേഷാല്‍പ്രതി അദ്ദേഹത്തെ മോശയോടു ഉപമിച്ചു. "മലങ്കരസഭയിലെ മോശയ്ക്കു ആ ഭാഗ്യം ലഭിക്കാത്തതില്‍ എന്തിനു പരിതപിക്കുന്നു? മോശ സ്വാതന്ത്ര്യദേശം നോക്കി കണ്ടതുപോലെ ആ വന്ദ്യ തിരുമേനിയും സ്വതന്ത്ര മലങ്കരസഭ സ്വദൃഷ്ടിപഥത്തില്‍ കണ്ടുംകൊണ്ടു തന്നെയത്രെ മൃതിയടഞ്ഞതു എന്നു സമാശ്വസിക്കാം." സഭാഭാസുരന്‍ എന്നാണല്ലോ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്! അത് അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് തന്നെ നല്‍കപ്പെട്ട ഒരു വിശേഷണവുമാണ്. അത് സഭ നല്‍കിയതല്ലായെന്നത് വേറൊരു കൗതുകം. മണലില്‍ അച്ചന്‍ രേഖപ്പെടുത്തുന്നപ്രകാരം മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ നല്‍കിയ പേരാണ് 'ഭാസുരന്‍' എന്നത്. കുന്നംകുളം യൗസേഫ് ശെമ്മാശന്‍റെ ഉടമസ്ഥതയിലുള്ള ആത്മപോഷിണി മാസികയോടു സഹകരിക്കുന്നതിലൂടെയാണ് മഹാകവി തിരുമേനിയെപ്പറ്റി അറിയുന്നതും ഈ അതിസുന്ദരവും അര്‍ത്ഥവത്തുമായ നാമധേയം അദ്ദേഹത്തിനായി നല്‍കിയതും. വെറുതെ ഒരു പേര് നല്‍കുന്ന രീതി അദ്ദേഹത്തിനില്ലായെന്ന് അദ്ദേഹത്തിന്‍റെ കാവ്യങ്ങളെപ്പറ്റി അപഗ്രഥിക്കുമ്പോള്‍ നമുക്ക് മനസിലാകുന്നതുമാണ്. "എന്‍റെ ഗുരുനാഥന്‍" എന്ന് ഗാന്ധിജിയെ അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ടല്ലോ. ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന സൗരയൂഥത്തിന്‍റെ കേന്ദ്രമായി സൂര്യന്‍ വിരാജിക്കുന്നതുപോലെ, നിത്യമായ ഒരു ഊര്‍ജസ്രോതസായി നിലനില്‍ക്കുന്നതുപോലെ, നമുക്കെല്ലാം പ്രകാശം പരത്തുന്നതുപോലെ സഭാ ഭാസുരനും നിലനില്‍ക്കുകയാണ്. ഈ തൊണ്ണൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും നമ്മുടെ സ്വാതന്ത്ര്യബോധം തണുത്ത് പോകാതെ എപ്പോഴും ചൂടുപിടിപ്പിച്ചുകൊണ്ട് അതിങ്ങനെ നിലനില്‍ക്കുകയാണ്. ആദ്യം പറഞ്ഞതുപോലെ സ്വാതന്ത്ര്യം ഒരു ഏകരൂപത്തിലല്ല മലങ്കരയില്‍ കണ്ടെത്താന്‍ സാധിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം നമ്മള്‍ പരിശോധിച്ചാല്‍ അതിനു 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതലൊരു ചരിത്രം പറയുമ്പോഴും 1929-ല്‍ മാത്രമാണ് പൂര്‍ണ സ്വരാജ് എന്ന ആശയം കോണ്‍ഗ്രസിന്‍റെ ലാഹോര്‍ സെഷന്‍ ആവശ്യപ്പെടുന്നത്. 1942-ലാണ് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവും അതിന്‍റെ അവസാനമാണ് സ്വാതന്ത്ര്യലബ്ധിയും. 1600-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആരംഭത്തോടെ തുടങ്ങിയ വിവിധ നിലകളിലുള്ള ബ്രിട്ടീഷ് ഭരണത്തിനാണ് സ്വാതന്ത്ര്യലബ്ധിയിലൂടെ അവസാനമായത്. 1665-ല്‍ ആരംഭിച്ച മലങ്കരയുടെ അന്ത്യോഖ്യന്‍ ബന്ധം വിശകലനം ചെയ്താല്‍ പ. വട്ടശേരില്‍ തിരുമേനിയുടെ നേതൃത്വത്തില്‍ ഉണ്ടായ ഒരു സ്വാതന്ത്ര്യപോരാട്ടത്തിനും ഇപ്രകാരമൊരു വളര്‍ച്ചയും സ്വാതന്ത്ര്യം ഏത് തലത്തില്‍ എന്നതില്‍ ഒരു വികാസവും നമുക്ക് കണ്ടെത്താന്‍ സാധിക്കും. മൂന്നു തലങ്ങളിലൂടെയാണ് ആ സ്വാതന്ത്ര്യമെന്ന സങ്കല്പം വികസിച്ചത്. 

പാത്രിയര്‍ക്കീസിന്‍റെ മുടക്കു മുതല്‍ കാതോലിക്കേറ്റിന്‍റെ സ്ഥാപനം വരെ അതിന്‍റെ ഒന്നാം തലമായി നമുക്ക് കണക്കാക്കാം. കാതോലിക്കേറ്റ് സ്ഥാപനം മുതല്‍ മര്‍ദ്ദീന്‍ യാത്ര വരെ രണ്ടാംഘട്ടമായും മര്‍ദ്ദീന്‍ യാത്രയ്ക്ക് ശേഷമുള്ളത് മൂന്നാംഘട്ടമായും പരിഗണിക്കാം. ഈ മൂന്ന് തലങ്ങളിലൂടെ വികാസം പ്രാപിച്ച വട്ടശേരില്‍ തിരുമേനിയുടെ സഭാസ്വാതന്ത്ര്യ സങ്കല്പത്തെയാണ് വിശകലനം ചെയ്യുന്നത്. ഈ മൂന്ന് ആംഗിളുകളില്‍ മാത്രമല്ല, വട്ടശേരില്‍ തിരുമേനിയുടെ സഭാസ്വാതന്ത്ര്യത്തെ വ്യത്യസ്തമായ വീക്ഷണകോണുകളിലും വിവിധങ്ങളായ മാനങ്ങളിലും അപഗ്രഥിക്കാവുന്നതാണ്. അതില്‍ തന്നെ മൂന്നാമത്തെ തലം സവിശേഷ പ്രാധാന്യമുള്ളതുമാണ്. 

കാതോലിക്കേറ്റിന്‍റെ സ്ഥാപനത്തിന്‍റെ ആസന്ന കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ മുടക്കാണ്. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസിന്‍റെ പൗരോഹിത്യ കനകജൂബിലി ആഘോഷങ്ങളുടെ സമയത്ത് മലങ്കരസഭ മഫ്രിയാന സ്ഥാനം ആഗ്രഹിക്കുകയും ആ സ്ഥാനം ആവശ്യപ്പെട്ട് കോനാട്ട് മാത്തന്‍ മല്പാന്‍ ശീമയ്ക്ക് എഴുത്ത് അയയ്ക്കുകയും ചെയ്തതാണെന്നതും നമുക്ക് അറിയാവുന്നതാണ്. എന്നാല്‍ പാത്രിയര്‍ക്കീസില്‍ നിന്ന് അനുകൂല മറുപടി ലഭിക്കുന്നില്ല. പിന്നീട് ഇതേപ്പറ്റി കാര്യമായ ആവശ്യപ്പെടലും ഇല്ല. എന്നാല്‍ 1911 ഇടവ മാസം 26-ാം തീയതി അബ്ദുളളാ പാത്രിയര്‍ക്കീസ് വട്ടശേരില്‍ തിരുമേനിയെ മുടക്കിയ സാഹചര്യത്തില്‍ മറ്റൊരിക്കലും നാം അഭിമുഖീകരിക്കാത്ത പ്രതിസന്ധിയെ നേരിട്ടപ്പോള്‍ അതില്‍ നിന്നു രക്ഷ നേടുവാന്‍, ആ കുടുക്കില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഏറ്റവും പ്രായോഗികമായ മാര്‍ഗം കാതോലിക്കേറ്റ് സ്ഥാപിക്കുക എന്നതായിരുന്നു. അന്ത്യോഖ്യന്‍ സഭാ വിജ്ഞാനീയത്തില്‍, ആ ബന്ധത്തില്‍ നിലനിന്നുകൊണ്ട് തന്നെയുള്ള ഒരു ക്രമീകരണം. അല്ലാതെ ആ ബന്ധം അവിടെ ഉപേക്ഷിക്കുവാനുള്ള ശ്രമം അപ്പോള്‍ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെയാണ് അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ് ബാവായെ ഇവിടെ കൊണ്ടുവരാനുള്ള തീരുമാനവും ഉണ്ടാകുന്നത്. ഇതാണ് വട്ടശേരില്‍ തിരുമേനിയുടെ സ്വാതന്ത്ര്യത്തിന്‍റെ ആദ്യ നില. മേല്‍പ്പട്ടക്കാരുടെ വാഴ്ചയാണ് മുടക്കിന്‍റെ സമയത്ത് മലങ്കരയിലെ മെത്രാപ്പോലീത്താ അനുകൂല കക്ഷി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. ശ്ലീഹന്മാരുടെ കാനോന്‍പ്രകാരം ഒരു എപ്പിസ്കോപ്പായെ വാഴിക്കുന്നത് രണ്ടോ മൂന്നോ മെത്രാപ്പോലീത്താമാര്‍ ചേര്‍ന്നാകണം എന്നുണ്ടല്ലോ. ഹൂദായ കാനോന്‍ അത് കുറച്ചുകൂടി കൃത്യമായി മൂന്ന് എന്ന് ഉറപ്പിച്ചു പറയുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായത് പാത്രിയര്‍ക്കീസന്മാര്‍ തന്നെ ചെയ്തിട്ടുമുണ്ട്. പത്രോസ് പാത്രിയര്‍ക്കീസ് മലങ്കരയില്‍ ആറ് മേല്‍പ്പട്ടക്കാരെ വാഴിച്ചപ്പോള്‍ മലങ്കര മെത്രാപ്പോലീത്തായെ പോലും ഉള്‍പ്പെടുത്താതെ ഒറ്റയ്ക്കാണ് വാഴിച്ചത്. എന്നാല്‍ കാനോന്‍പ്രകാരം നോക്കിയാല്‍ മലങ്കരയിലെ മെത്രാപ്പോലീത്താ അനുകൂലകക്ഷിക്ക് മെത്രാപ്പോലീത്താമാരുണ്ടാകുന്നത് പ്രയാസമായി. എന്നാല്‍ അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ് മലങ്കരയില്‍ വരികയും കാതോലിക്കേറ്റ് സ്ഥാപിക്കുകയും മൂന്ന് മെത്രാപ്പോലീത്താമാരെ (യൂയാക്കീം മാര്‍ ഈവാനിയോസ്, ഗീവറുഗീസ് മാര്‍ പീലക്സീനോസ്, ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ്) വാഴിക്കുകയും ചെയ്തതോടെ ആ പ്രതിസന്ധി അവസാനിച്ചു. വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിന്‍റെ സഭാസ്വാതന്ത്ര്യ ദര്‍ശനത്തിന്‍റെ ഈ ഒന്നാം തലത്തില്‍ ഉള്‍ഭരണ ക്രമീകരണങ്ങളാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്. അത് മുടക്കിനു മുമ്പുള്ള കാലത്തും പ്രസക്തമാണ്. ആ ഉള്‍ഭരണസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ തിരുമേനി ഒരിക്കലും സമ്മതിച്ചിരുന്നില്ല. അത് വട്ടിപ്പണക്കേസിന്‍റെ വിചാരണവേളയിലും മറ്റും അദ്ദേഹം കൊടുത്ത മൊഴികളില്‍ നിന്നു വ്യക്തമാണ്. മലങ്കരയിലെ ഭരണം മലങ്കരയിലാണ് നടന്നതെന്ന് നമുക്ക് ആ മൊഴികളില്‍ നിന്ന് കൃത്യമാകുന്നുണ്ട്. ഈ ഉള്‍ഭരണസ്വാതന്ത്ര്യത്തിന്‍റെ തലത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം മര്‍ദ്ദീന്‍ യാത്രയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്. ഒന്നാം കാതോലിക്കാ 1913 മെയ് മാസം കാലം ചെയ്തെങ്കിലും കാതോലിക്കാ വാഴ്ചയുടെ ഒരു പ്രധാന ലക്ഷ്യം നിറവേറ്റപ്പെട്ടതിനാലും സമാധാനശ്രമങ്ങള്‍ നടന്നിരുന്നതിനാലും ഉടനെ ഒരു കാതോലിക്കാ വാഴ്ചയിലേക്ക് സഭ കടന്നില്ല. വട്ടിപ്പണക്കേസ് തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ നിന്ന് വീരരാഘവവയ്യങ്കാര്‍ മാര്‍ ദീവന്നാസിയോസിനു എതിരായി വിധിച്ച കാലഘട്ടത്തിലാണ് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സമാധാനശ്രമവും നടന്നത്. അവിടെയും അദ്ദേഹം തന്‍റെ നിലപാടില്‍ മാറ്റം വരുത്തുന്നില്ല. മര്‍ദ്ദീന്‍ യാത്ര ആരംഭിച്ചത് കുണ്ടറയില്‍ നിന്നാണല്ലോ. യാത്ര ആരംഭിക്കുന്നതിനു മുമ്പ് നടത്തുന്ന പ്രസംഗത്തില്‍ എന്തിനാണ് താന്‍ മര്‍ദ്ദീനിലേക്ക് പോകുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. എന്താണ് തന്‍റെ യാത്രയുടെ ഉദ്ദേശ്യമെന്ന് അദ്ദേഹം അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു: "ഇവിടെ നടക്കുന്നത് ഇതൊക്കെയാണെന്ന് അറിയിക്കണം, സഭയില്‍ സമാധാനം ഉണ്ടാകണം.' അത് പാത്രിയര്‍ക്കീസിനോട് അദ്ദേഹം നേരിട്ടു പറയുന്നുമുണ്ട്. പാത്രിയര്‍ക്കീസ് നേരിട്ടു കാണുമ്പോള്‍ എന്തെങ്കിലും പറയാനുണ്ടോ എന്നാണ് ചോദിക്കുന്നത്. അതിന്‍റെ മറുപടി "സഭ ഭിന്നിച്ചു പോകാതെ മേലാല്‍ ന്യായമായി എല്ലാം നടന്നു പോകണം" എന്നാണ്. കൃത്യമായ ഒരു മറുപടി. 'ന്യായമായി എല്ലാം നടന്നു പോകണം!' ന്യായമായി നടന്നാല്‍ ഭിന്നത ഉണ്ടാകില്ല എന്നദ്ദേഹം വ്യക്തമാക്കി. ന്യായമില്ലാത്ത അധികാരപ്രയോഗത്തിനുള്ള ശ്രമമാണ് മലങ്കരയിലെ ഭിന്നതയുടെ ഒരു വലിയ കാരണവും. ന്യായമായി അധികാരം പ്രയോഗിച്ചാല്‍ മുടക്ക് വരില്ല!, കാനോനികമല്ലാത്ത മേല്‍പ്പട്ടവാഴ്ചകള്‍ വരില്ല!, തത്വാധിഷ്ഠിതമല്ലാത്ത അധികാരസ്ഥാനങ്ങള്‍ വരില്ല. കൃത്യമായ ഒരു അനുമാനം. ഇതാണ് വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിന്‍റെ സഭാസ്വാതന്ത്ര്യത്തിന്‍റെ രണ്ടാം തലം. തന്‍റെ മുടക്ക് ഒരു വലിയ കാര്യമായി അദ്ദേഹം പരിഗണിക്കുന്നേയില്ല. അതുകൊണ്ടാണ് മുടക്കിനു ശേഷവും അദ്ദേഹം മേല്‍പ്പട്ടത്വത്തിനടുത്തതായ പ്രവൃത്തികള്‍ ചെയ്തത്. അപ്പോള്‍ മുടക്ക് പ്രശ്നമല്ല. എന്നാല്‍ സമാധാനത്തിനുള്ള മാര്‍ഗം അന്വേഷിക്കണം. നിലപാടുകളില്‍ ഉറച്ചു നിന്നുകൊണ്ട് സമാധാനത്തിനായി ശ്രമിക്കുക. അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ് നല്‍കിയ മേല്‍പ്പട്ടസ്ഥാനങ്ങളും ആ പിതാക്കന്മാര്‍ നടത്തിയ പട്ടത്വദാനങ്ങളും സംബന്ധിച്ച് ഒരു ചര്‍ച്ചയ്ക്കും അദ്ദേഹം തയ്യാറാകുന്നില്ല. അതെല്ലാം സാധുവായതിനാല്‍ അതിനെ പുനഃക്രമീകരിക്കേണ്ട ആവശ്യമില്ല. ഒരു കല്പനയിലൂടെ അംഗീകരിക്കുക മാത്രം ചെയ്യുക. ഈ ശ്രമത്തില്‍ അദ്ദേഹം വിജയിച്ചതുമാണ്. അപ്രകാരമുള്ള കല്പനകളുമായിട്ടാണ് പാത്രിയര്‍ക്കീസും മാര്‍ ദീവന്നാസിയോസും ചേര്‍ന്ന് വാഴിച്ച മാര്‍ യൂലിയോസ് സ്ഥാനമേറ്റ് വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിന്‍റെ ഒപ്പം വന്നത്. ആര്‍ക്കോണത്തു വച്ച് റയില്‍വേ റൂമില്‍ ആ കല്പനകള്‍ മാര്‍ യൂലിയോസ് സഹയാത്രികരെ കാണിച്ചതുമാണ്. മാത്രമല്ല, ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയശേഷം അവിടെ കൂടിയിരുന്നവരോടായി മാര്‍ യൂലിയോസ് കല്പന ഉണ്ടെന്നും പത്തു ദിവസത്തിനകം അത് പുറത്തുവിടുമെന്നും പറഞ്ഞതുമാണ്. എന്നാല്‍ പത്തു ദിവസമെന്നത് പത്തു മാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. രണ്ടാം തലം നമുക്കിവിടെ നിര്‍ത്താം. 

വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിന്‍റെ സഭാസ്വാതന്ത്ര്യത്തിന്‍റെ മൂന്നാമത്തെ തലമാണ് അടുത്തത്. അത് വളരെ പ്രധാനപ്പെട്ടതുമാണ്. മര്‍ദ്ദീന്‍ യാത്ര ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നു വന്നതോടെ സ്വാതന്ത്ര്യചിന്ത പൂര്‍ണ അര്‍ത്ഥത്തിലേക്ക് വളര്‍ന്നു. ആദ്യ പടിയായി രണ്ടാം കാതോലിക്കായെ വാഴിച്ചു. വട്ടിപ്പണക്കേസിന്‍റെ റിവ്യൂ ഹര്‍ജി പരിഗണിച്ച കോടതി അത് മാര്‍ ദീവന്നാസിയോസിനു അനുകൂലമായി വിധിച്ചു. സഭാ ഭരണഘടനയുടെ രൂപീകരണത്തിനായുള്ള ഔദ്യോഗികശ്രമങ്ങളും ആരംഭിച്ചത് ഈ സമയത്തായിരുന്നു. അതിന്‍റെ ദീര്‍ഘമായ ചരിത്രം ഞാന്‍ എഴുതിയ 'മലങ്കരസഭാ ഭരണഘടന: ചരിത്രം, രേഖകള്‍, ഭേദഗതികള്‍' എന്ന പുസ്തകത്തില്‍ ലഭ്യമാണ്. നമുക്ക് ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍, മലങ്കരസഭയ്ക്കു ഒരു ഭരണഘടന ആവശ്യമാണെന്ന് ആദ്യമായി ആവശ്യപ്പെടുന്നത് തിരുവനന്തപുരം സിറ്റി പ്രസില്‍ നിന്ന് എന്‍. ജെ. ഫെര്‍ണാണ്ടസ് പബ്ലീഷറും ജേക്കബ് കുര്യന്‍ പത്രാധിപരുമായ 'സുറിയാനി സഭ' എന്ന മാസികയാണ്. എന്നാല്‍ മാസികയുടെ ആവശ്യത്തോട് ആദ്യഘട്ടത്തില്‍ ഔദ്യോഗിക സഭാനേതൃത്വത്തിനു അത്ര പ്രതിപത്തിയില്ലായിരുന്നു. എന്നാല്‍ പിന്നീട് നിലപാട് മാറുകയും 1930-ല്‍ ഭരണഘടന എഴുതാന്‍ ഒരു കമ്മിറ്റിയെ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. പഴയ സുറിയാനി സഭാ മാസികയുടെ പ്രവര്‍ത്തകരായിരുന്ന അഞ്ചോളം പേര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളുമായിരുന്നു. ആദ്യം പറഞ്ഞതുപോലെ മൂന്ന് താല്‍പര്യക്കാര്‍ കമ്മിറ്റിയിലും സഭയിലും ആ സമയത്ത് ഉണ്ടായിരുന്നു. ഒന്ന് പൂര്‍ണ ജനാധിപത്യവാദികള്‍ - സുറിയാനി സഭാ മാസികയുടെ പ്രവര്‍ത്തകര്‍ ഈ വിഭാഗമായിരുന്നു. രണ്ട്, എപ്പിസ്കോപ്പല്‍ ഭരണത്തിനായി വാദിച്ചവര്‍ - മലങ്കര മെത്രാപ്പോലീത്താ ഉള്‍പ്പെടെയുള്ളവര്‍ ഈ വിഭാഗമായിരുന്നു. മൂന്നാമത്തെ വിഭാഗം രണ്ടു കൂട്ടരെയും കൂടി സംയോജിപ്പിച്ച് ഒരു അഭിപ്രായ ഐക്യത്തിലെത്തിക്കാന്‍ ശ്രമിച്ചവര്‍. തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് സുറിയാനി സഭാ പ്രവര്‍ത്തകരായ അഞ്ചു പേരും ചേര്‍ന്ന് ഒരു ഡ്രാഫ്റ്റും വടക്കന്‍പറവൂര്‍ സ്വദേശിയായ എ. സി. പോള്‍ വേറൊരു ഡ്രാഫ്റ്റും അക്കാലത്ത് ശനിയാഴ്ചതോറും പ്രസിദ്ധീകരിച്ചിരുന്ന 'കേരള കേസരി' പത്രത്തില്‍ പ്രസിദ്ധീകരിച്ചു. അഭിപ്രായഐക്യം ഉണ്ടാകുന്നില്ലായെന്നു കണ്ട വട്ടശേരില്‍ മാര്‍ ദീവന്നാസിയോസ് തന്‍റെ അഭിപ്രായങ്ങള്‍ അതേ കേരള കേസരി പത്രത്തില്‍ 1932 ജൂലൈ 2 മുതല്‍ സെപ്തംബര്‍ 10 വരെയായി പ്രസിദ്ധീകരിച്ചു. സഭാ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിന്‍റെ മൂന്നാം തലം ഇവിടെ കാണുവാന്‍ സാധിക്കും. വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിന്‍റെ ഡ്രാഫ്റ്റ് പരമ്പരയായി പ്രസിദ്ധീകരിച്ചു കഴിഞ്ഞ ഉടനെ തന്നെ ഭരണഘടനാ നിര്‍മ്മാണക്കമ്മറ്റിയുടേതായ ഒരു ഡ്രാഫ്റ്റ് കണ്‍വീനര്‍ ഒ. എം. ചെറിയാന്‍ അദ്ദേഹത്തിന്‍റെ കവറിംഗ് ലെറ്ററോടു കൂടി അയച്ചു കൊടുക്കുകയും പ്രസിദ്ധീരിക്കുകയും ചെയ്തു. ഈ ഡ്രാഫ്റ്റിന്‍റെ ഒരു പരിഷ്ക്കരിച്ച രൂപമാണ് 1934-ല്‍ പാസാക്കിയ ഭരണഘടനയുടേത്. എന്നാല്‍ മാര്‍ ദീവന്നാസിയോസ് തയ്യാറാക്കിയ ഡ്രാഫ്റ്റില്‍ തെളിയുന്ന സ്വാതന്ത്ര്യബോധത്തെ ഒന്നുരണ്ട് വകുപ്പുകളെ മാത്രം മുന്‍നിര്‍ത്തി വ്യക്തമാക്കുകയാണ് ഇവിടെ. 

ആറാം വകുപ്പില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു: "അന്ത്യോഖ്യന്‍ സിംഹാസനവുമായിട്ടുള്ള സംബന്ധം നിലനിര്‍ത്തുന്നത് നമ്മുടെ സ്ഥാനാഭിഷേകം, മൂറോന്‍ കൂദാശ മുതലായ കൂദാശകള്‍ പാത്രിയര്‍ക്കീസിന്‍റെ സംബന്ധമോ അനുവാദമോ സഹകരണമോ കൂടാരെ കഴിച്ചുകൂടായെന്ന വിധത്തിലുള്ള യാതൊരു സംബന്ധമോ ആയിരിക്കരുത്. ആ വിധത്തില്‍ ആകുന്നപക്ഷം ശീമക്കാരും അവരുടെ ദുരാഗ്രഹങ്ങള്‍ക്കു സഹായിക്കുന്ന നമ്മുടെ നാട്ടുകാരും ഇക്കാലത്തുപോലും ചെയ്തുവരുന്ന പതിവനുസരിച്ച് അങ്ങനെയുള്ള കൂദാശകള്‍ക്ക് പാത്രിയര്‍ക്കീസിന്‍റെ സംബന്ധം ഇല്ലാതിരുന്നാല്‍ പൂര്‍ണത ഇല്ലെന്നും അതു മൂലം ആത്മവരം മുതലായതു ലഭിക്കുന്നതല്ലായെന്നും മറ്റും പ്രസ്താവിച്ച് പരമാര്‍ത്ഥികളായ ജനങ്ങളില്‍ കപടഭക്തി വര്‍ദ്ധിപ്പിക്കുകയും സഭയില്‍ ഇടര്‍ച്ചകളും കുഴപ്പങ്ങളും ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്." ഇങ്ങനെ പറയാനുള്ള പ്രധാന കാരണം 1932 ഏപ്രില്‍ മാസം മലങ്കരയില്‍ പൗരസ്ത്യ കാതോലിക്കാ ആദ്യമായി വി. മൂറോന്‍ കൂദാശ നിര്‍വഹിച്ചപ്പോള്‍ മറുവിഭാഗത്തില്‍ നിന്നുണ്ടായ അവഹേളനപരമായ പ്രചാരണമാണ്. ആ വകുപ്പിന്‍റെ അവസാന വാചകമിതിലും ശ്രദ്ധേയമാണ്: "അതിനാല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ സിംഹാസനത്തിനും ആ സിംഹാസനത്തിന്‍റെ കീഴില്‍ ശീമയിലുള്ള നമ്മുടെ സഹോദര സഭയ്ക്കും ലൗകികമായ സഹായം, ആശ്വാസം, ബഹുമാനം എന്നിങ്ങനെയുള്ളതില്‍ മാത്രം സംബന്ധമുണ്ടായിരിപ്പാന്‍ മാത്രം കരുതി പ്രവര്‍ത്തിക്കേണ്ടതും അതുകള്‍ക്കും സ്ഥിരമായ ഒരു അതിര്‍ത്തി ഉണ്ടായിരിക്കേണ്ടതുമാണ്."

ഉപസംഹാരം

വട്ടശേരില്‍ മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ സഭാ സ്വാതന്ത്ര്യത്തെപ്പറ്റിയുളള ചില ദര്‍ശനങ്ങളാണ് ഇവിടെ അവതരിപ്പിച്ചത്. ആദ്യമേ പറഞ്ഞതുപോലെ ഇത് പല വിധത്തില്‍ അപഗ്രഥിക്കാവുന്ന വിഷയവുമാണ്. അദ്ദേഹത്തിന്‍റെ ജീവിത-ഭരണകാലയളവിലെ ചില പ്രധാന സന്ദര്‍ഭങ്ങളെ ആധാരമാക്കി അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യദര്‍ശനങ്ങള്‍ക്കും ചിന്തകള്‍ക്കുമുണ്ടായ വികാസ-പരിണാമങ്ങളാണ് നമ്മള്‍ കണ്ടെത്താന്‍ ശ്രമിച്ചത്. ആദ്യം ഉള്‍ഭരണസ്വാതന്ത്ര്യവും പിന്നീട് അതില്‍ നിലനിന്നുകൊണ്ടുളള സമാധാനശ്രമങ്ങളും അവസാനതലത്തില്‍ പൂര്‍ണസ്വാതന്ത്ര്യവും. ഈ ഓരോ നിലയും അപഗ്രഥിക്കേണ്ടത് അക്കാലത്ത് നിലനിന്നിരുന്ന സഭാവിജ്ഞാനീയത്തിന്‍െ തലത്തിലാണ്. എന്നാല്‍ തൊണ്ണൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും സഭാസമാധാനവും സ്വാതന്ത്ര്യവും സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടുകള്‍ പ്രാഥമികമായി അടിസ്ഥാനപ്പെട്ടിരിക്കുന്നത് അദ്ദേഹത്തിന്‍റെ ആശയങ്ങളില്‍ തന്നെയാണ്. ആ ചിന്തകളില്‍ അടിസ്ഥാനപ്പെട്ടുകൊണ്ടുളള പരിണാമങ്ങളാണ് നമ്മുടെ നിലപാടുകള്‍ക്കും ബോദ്ധ്യങ്ങള്‍ക്കും ഉണ്ടായിട്ടുളളതും. അതുകൊണ്ടാണ് സഭാസ്വാതന്ത്ര്യം സംബന്ധിച്ച നമ്മുടെ ഏതു ചര്‍ച്ചകളും വട്ടശേരില്‍ മാര്‍ ദീവന്നാസിയോസില്‍ കേന്ദ്രീകരിക്കുന്നത്.ഭാരതീയ പാരമ്പര്യത്തില്‍ ഉള്‍ക്കാടുകളിലേക്ക് പുതുവഴി വെട്ടിയാണ് പലപ്പോഴും ഒരു മുനി തന്‍റെ പര്‍ണശാല ഒരുക്കുന്നത്. ആ വഴി ആദ്യമായി കണ്ടതും വെട്ടിയതും ആ മഹര്‍ഷി ആയിരിക്കും. അപ്രകാരം പാത വെട്ടിയ ഒരു മുനിയെയാണ് നമ്മള്‍ ഈ ദിവസങ്ങളില്‍ അനുസ്മരിക്കുന്നത്. ആ അനുസ്മരണം തന്നെ ഒരു നന്ദിപ്രകടനമാണ്, തലമുറകള്‍ക്കുളള ഒരു ചേര്‍ത്തുവയ്പാണ്.

(20-02-2025-ല്‍ കോട്ടയം പഴയസെമിനാരിയില്‍ അവതരിപ്പിച്ച പ്രബന്ധം)

No comments:

Post a Comment