Monday, 24 March 2025

അമ്മയുടെ വിമോചനാശയം | ഡെറിൻ രാജു

 വീണ്ടും, വസന്തകാലത്ത് കേട്ട ആ സുന്ദരവാർത്തയുടെ അനുസ്മരണമാണ്.

ദേവാലയവാസിയായിരുന്ന നസറേത്തിലെ ആ സാധു ബാലികയോട് ഒരു സന്ദേശവാഹകൻ, മംഗളവാർത്ത അരുളിയ ദിവസം. തലമുറകൾക്കും അപ്പവും അറിവും ഏകുന്നവൻ അവളിൽ നിന്നുദിക്കുമെന്ന് അവളെ ബോധ്യപ്പെടുത്തി, ധൈര്യപ്പെടുത്തിയ ദിവസം! അവൻ്റെ അഭിസംബോധന മുതൽ അനിതരസാധാരണമായ വിധേയത്വഭാവമാണ് നിഴലിക്കുന്നത്. അത് അവന് ഒട്ടുമേ സ്വതസിദ്ധമായിരുന്നതോ പരിചയിച്ചു പോന്നതോ അല്ല. അവൻ്റെ സ്വഭാവം ഉഗ്രതയാണ്. ആംഗ്യം തന്നെ ഭീതിജനകമാണ്. സുറിയാനിക്കാരുടെ ആരാധനാക്രമത്തിൽ വലിയ വെള്ളിയാഴ്ച ചോദിക്കുന്നുണ്ടല്ലോ ഗബ്രിയേലേ! നിൻ്റെ ഉഗ്രത എവിടെയെന്ന്? അവനാണ് വിധേയത്വഭാവത്തിൽ ഈ വാർത്ത അറിയിക്കുന്നത്.
ആറ് മാസം മുമ്പ് ഇതുപോലൊരു വാർത്ത മറ്റൊരാളോട് പറഞ്ഞ അവൻ്റെ ഭാവം ഇതായിരുന്നില്ലല്ലോ! തൻ്റെ വാക്കിനോട് ഒരു സ്വാഭാവിക സംശയം ചോദിച്ച ആ വൃദ്ധപുരോഹിതനോട് അവൻ്റെ മറുപടി കഠിനമായിരുന്നല്ലോ! അതേ ഗബ്രിയേലാണ് മറിയാമിൻ്റെ സംശയത്തോട് അങ്ങേയറ്റം emphathetic ആയിട്ട് മറുപടി കൊടുത്ത് അവളെ വിളി ബോദ്ധ്യപ്പെടുത്തുന്നത്. ആ വിളി ഏറ്റെടുക്കാൻ ധൈര്യപ്പെടുത്തുന്നത്. അതാണ് വിമലകന്യകയുടെ ഔന്നത്യത്തിൻ്റെ ആദ്യ സൂചന.
ആ ഔന്നത്യം അവളെ കൂടുതൽ സ്ഥിരചിത്തയാക്കുകയായിരുന്നു. കൂടുതൽ വിശാലമായ അർഥത്തിൽ ലോകത്തെ നോക്കി കാണാൻ ഇടയാക്കുകയായിരുന്നു. അതിലൂടെയാണ് മറിയാം തൻ്റെ സോഷ്യലിസ്റ്റ് പ്രഖ്യാപനം നടത്തുന്നത്! "പ്രബലരെ സിംഹാസനങ്ങളിൽ നിന്ന് മറിച്ചിട്ട് വിനീതരെ ഉദ്ധരിക്കുന്ന, വിശന്നിരിക്കുന്നവരെ നന്മകൾക്കൊണ്ട് സമൃദ്ധരാക്കുന്ന'' ഒരു നല്ല കാലത്തിൻ്റെ പ്രഖ്യാപനം. ഒരു സോഷ്യലിസ്റ്റായ ദൈവസങ്കല്പം. അവൾ അത് പറയുന്നത് മറ്റൊരുദാഹരണം കണ്ടെത്തിയല്ല. സ്വന്തം ജീവിതത്തെ കണ്ടുകൊണ്ടാണ്. അതുകൊണ്ടു കൂടിയാണ് ഇന്നത്തെ അറിയിപ്പ് മംഗളവാർത്തയാകുന്നത്.
അവളിൽ നിന്നു ജനിച്ചവൻ പിന്നീട് പള്ളിയിൽ വച്ച് ഉപദേശിക്കുമ്പോൾ ഏശായായുടെ പ്രവചനം ഉദ്ധരിച്ചു കൊണ്ട് തൻ്റെ പ്രകടനപത്രിക അവതരിപ്പിക്കുന്നുണ്ട്. ബദ്ധൻമാർക്കു വിടുതൽ നൽകുന്ന, പീഡിതരെ വിട്ടയയ്ക്കുകയാണ് തൻ്റെ നിയോഗമെന്ന അറിയിപ്പ്. അമ്മയുടെ വിമോചനാശയത്തെ ഒരു പടി കൂടി ഉയർത്തി ഒരു പ്രഖ്യാപനമാക്കിയ മകൻ.
അതവൻ പറഞ്ഞൊഴിഞ്ഞില്ല; കാൽവറിവരെ അവൻ ആ പ്രഖ്യാപനത്തോട് നീതിപുലർത്തി. അത് കണ്ട് കുരിശിൻ ചുവട്ടിൽ വരെ അവൻ്റെ അമ്മയും ഉണ്ടായിരുന്നു.

മംഗളവാർത്താ ദിവസം, 2025

No comments:

Post a Comment