Friday, 9 May 2025

ഹബേമൂസ് പാപ്പം ! (we have a pope)

 


റാഫേൽ വരച്ച മനോഹരമായ ഒരു ചിത്രമുണ്ട്. വത്തിക്കാൻ കൊട്ടാരത്തിൽ കാണുന്ന ആ ചിത്രത്തിൽ റോം ആക്രമിക്കാൻ വരുന്ന ഹൂൺ രാജാവായ ആറ്റിലയെ ലിയോ ഒന്നാമൻ മാർപാപ്പാ കണ്ടുമുട്ടുന്നതാണ് റാഫേൽ ചിത്രീകരിച്ചിരിക്കുന്നത്. ലിയോ ഒന്നാമൻ മാർപ്പാപ്പായുടെ അനുരഞ്ജന ശ്രമങ്ങൾ വഴിയായി ആറ്റില റോം ആക്രമിക്കാതെ പിൻമാറിയെന്നാണ് പറയപ്പെടുന്നത്. ഡീക്കൻ ലിയോ, ലിയോ മാർപാപ്പായായി തിരഞ്ഞെടുക്കപ്പെടാൻ ഏറ്റവും വലിയ യോഗ്യതയായി അന്നു കണ്ടതും അദേഹത്തിൻ്റെ അനുരഞ്ജനത്തിനായുള്ള വൈഭവവും ആയിരുന്നു. എന്നാൽ ഏറ്റവും വലിയ ഭിന്നത കണ്ടതും അദ്ദേഹത്തിൻ്റെ കാലത്തായിരിന്നു. അദ്ദേഹം വിളിച്ചു ചേർത്ത 451 -ലെ കൽക്കദൂൻ സുന്നഹദോസാണ് സഭയിലെ ആദ്യ ഭിന്നത സൃഷ്ടിച്ചതും. പിന്നീട് വന്ന പല ലിയോ മാർപ്പാപ്പാമാരുടെയും കാലഘട്ടങ്ങൾ വലിയ ഭിന്നതകൾ കണ്ടതാണ്. 1054 ൽ പരസ്പരം മുടക്കിക്കൊണ്ട് കിഴക്കും പടിഞ്ഞാറും തമ്മിൽ വേർപിരിഞ്ഞ വലിയ വേർപിരിയൽ നടന്നത് ലിയോ ഒമ്പതാമൻ മാർപാപ്പായുടെ കാലത്താണ്. ലിയോ പത്താമൻ മാർപാപ്പായുടെ കാലഘട്ടത്തിലാണ് മാർട്ടിൻ ലൂഥറിൻ്റെ വിപ്ലവം ഉണ്ടായി പ്രൊട്ടസ്റ്റൻ്റ് സഭ ഉദയം ചെയ്തതും. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിൻ്റെ ഉദയവും ലിയോ പതിമൂന്നാമൻ്റെ കാലത്തായിരുന്നു. കമ്മ്യൂണിസത്തെ എതിർപക്ഷത്തു നിർത്തിയ നിലയിൽ അദ്ദേഹം എഴുതിയ ലേഖനങ്ങൾ സഭയുടെ പിന്നീടുള്ള നിലപാടുകളെ സ്വാധീനിച്ചതാണ്.
ആകെ മാർപാപ്പാമാരുടെ ചരിത്രം പരിശോധിച്ചാൽ ലിയോ വളരെ താൽപര്യമുള്ള ഒരു മാർപാപ്പാനാമമായി കാണാം. 60 വർഷത്തിനിടയിൽ (900 മുതൽ 965 വരെ) നാല് ലിയോ മാർപാപ്പാമാർ സ്ഥാനമേറ്റിറ്റുണ്ട്. ആകെ പേരുകളിൽ ജോൺ, ഗ്രിഗറി, ബനഡിക്ട് എന്നിവ മാത്രമാണ് ലിയോയേക്കാൾ പ്രചാരമുള്ളത്. ഔദ്യോഗിക ലിസ്റ്റ് പ്രകാരം (ആൻ്റി പോപ്പുകളെ ഒഴിവാക്കിയാൽ) ജോൺ എന്ന പേരിൽ 21 മാർപാപ്പാമാരും ഗ്രിഗറി എന്ന പേരിൽ 16 മാർപാപ്പാമാരും ബനഡിക്ട് എന്ന പേരിൽ 15 പാപ്പാമാരും ചരിത്രത്തിലുണ്ട്. അതിനു തൊട്ടു താഴെയാണ് ലിയോയുടെ സ്ഥാനം.
പുതപ്പിനായി വ്യവഹരിക്കുന്നവനു പുറം കുപ്പായം കൂടി വിട്ട് കൊടുക്കാൻ പറഞ്ഞ നസറേത്തിലെ തച്ചൻ്റെ മതം റോമാസാമ്രാജ്യത്തിൻ്റെ ഔദ്യോഗിക മതമായത് കുസ്തന്തീനോസിൻ്റ മിലാൻ പ്രഖ്യാപനം വഴിയാണ്. ആ മതത്തെ കൂടുതൽ വ്യവസ്ഥാപിതമാക്കിയത് നിഖ്യാ സുന്നഹദോസാണ്. സാമ്രാജ്യത്തെ ഭാഗങ്ങളായി തിരിച്ച് പാത്രിയർക്കീസിൻമാരെ നിയമിച്ചത് ഈ സുന്നഹദോസാണത്രെ. 325 മെയ് മാസം കൂടിയ സുന്നഹദോസിൻ്റ 1700 -ാം വാർഷികമായ ഈ മെയ് മാസം റോമിനു പുതിയ പാത്രിയർക്കീസ് ഉണ്ടായിരിക്കുന്നു.
മാർപ്പാപ്പാ തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞ് 'ഹബേമൂസ് പാപ്പം' എന്നാണ് പ്രോട്ടോ ഡീക്കൻ സെ. പീറ്റേഴ്സ് ബസലിക്കായുടെ മട്ടുപ്പാവിൽ നിന്ന് വിളിച്ച് പറയുന്നത്. നമുക്ക് ഒരു പാപ്പാ ഉണ്ട് (we have a pope) എന്നർഥം. റോമിനു മാത്രമല്ല; കത്തോലിക്ക സഭയ്ക്ക് മാത്രമല്ല. ലോകത്തിനാകമാനം! ഒരു മന:സാക്ഷിയായി, ഒരു വഴി വിളക്കായി ഒരാൾ. അതാകട്ടെ 21-ാം നൂറ്റാണ്ടിൻ്റെ ലിയോ.
ഡെറിൻ രാജു
09.05.2025
(ചിത്രം: ലിയോ ഒന്നാമനും ആറ്റിലയുമായുള്ള കൂടിക്കാഴ്ച - റാഫേൽ വരച്ച ചിത്രം. കടപ്പാട്: wikipedia)

No comments:

Post a Comment