Monday, 11 August 2025

ശലോമോൻ്റെ തിരശീല!



ശലോമോൻ്റെ ഉത്തമഗീതത്തിൽ ഒരു വരിയുണ്ട്. അവൾ ശലോമോൻ്റെ തിരശീലയെപ്പോലെ അഴകുള്ളവൾ ആകുന്നു!
യിസ്രായേലും ദൈവവുമായുള്ള ഒരു ബന്ധത്തിൽ ഉത്തമഗീതം വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ താർഗൂമിൽ ഉത്തമഗീതത്തെ കാണുന്നത് യിസ്രായേലിൻ്റെ ചരിത്രത്തിൽ ഉടനീളം കാണുന്ന ദൈവകൃപയുടെ ദൃഷ്ടാന്തമായിട്ടാണ്. എന്നാൽ ക്രിസ്തുമത പശ്ചാത്തലത്തിൽ രണ്ട് തരം വ്യാഖ്യാനങ്ങളാണ് ഉത്തമഗീതത്തിലെ ചിന്തകൾക്ക് ഉള്ളത്. ഒന്നാമത്തേത് ക്രിസ്തുവും സഭയുമായിട്ടുള്ള ബന്ധമാണ്. പൗരസ്ത്യ സഭയിൽ ഒറിഗൻ ആരംഭിച്ച ഈ വ്യാഖ്യാനം പിന്നീട് വ്യാപിക്കുകയായിരുന്നു. എന്നാൽ കപ്പദോക്യൻ പിതാക്കൻമാരും സുറിയാനി സഭയിൽ അഫ്രഹാത്തും അപ്രേമും ഉത്തമഗീതത്തിലെ സ്ത്രീ കഥാപാത്രത്തെ വിമലകന്യകയായി ചിത്രീകരിച്ചിട്ടുണ്ട്. അങ്ങനെയാണ് അവൾ ശലോമോൻ്റെ തിരശീലയെക്കാൾ അഴകുള്ളവൾ ആകുന്നത്.
ശലോമോൻ താൻ തൻ്റെ ദൈവത്തിനു ഒരു ദേവാലയം പണിതപ്പോൾ അതിൽ വിശേഷപ്പെട്ട തിരശീല നിർമ്മിച്ചതായും അത് അതിവിശുദ്ധസ്ഥലത്തെ മറച്ചിരുന്നതായും യിസ്രായേൽ രാജാക്കൻമാരുടെ വൃത്താന്തപുസ്തകത്തിൽ കാണുന്നുണ്ട്. ദൈവസാന്നിധ്യമുൾക്കൊണ്ട അതിവിശുദ്ധസ്ഥലത്തെ തിരശീല കൊണ്ട് മറച്ചു. അതുപോലെ മറിയാം എന്ന തിരശീലയ്ക്കുള്ളിൽ ദൈവസാന്നിധ്യം കുടികൊണ്ടു. സുന്ദരമായ ഒരു കൽപ്പന!
വിമലകന്യക ഒരു തിരശീലയാണ്. ചരിത്രത്തെ പകുത്ത് കടന്നുവന്നവൻ ലോകത്തിനു വെളിപ്പെട്ടത് ഈ തിരശീല കടന്നാണ്. പാശ്ചാത്യ സുറിയാനി ആരാധനയിൽ ഒരു പാട്ടിൽ കാണുന്നത്, ലോകർക്ക് അവനെ കാണിച്ചവളെ നിനക്ക് ഭാഗ്യമെന്നാണ്! മറിയാമിൽ നിന്നു സ്വീകരിച്ച ശരീരത്തോടെയാണ് അനാദിയായ വചനം നസറായൻ്റെ രൂപത്തിൽ ലോകത്തിനു വെളിപ്പെട്ടത്. ആ ശരീരത്തോടു കൂടിയാണ് അവൻ നമ്മുടെ ഇടയിൽ നടന്നത്; കഥകൾ പറഞ്ഞത്; അവസാനം, ആ ശരീരത്തോടു കൂടിയാണ് അവൻ കാൽവറി കയറിയത്.
ഭാരപ്പെടുന്ന സകലരെയും കരുതുവാൻ വന്നവൻ മറിയാമെന്ന തിരശീലയ്ക്കകത്തു വസിച്ചു. അവൾ വ്യത്യാസമോ കലർപ്പോ കൂടാതെ അവനെ സ്വീകരിച്ചു നമുക്ക് നൽകി. നസറായൻ പ്രഘോഷിക്കപ്പെടുന്ന എല്ലായിടത്തും, അവൻ്റെ ജീവിതം ചർച്ച ചെയ്യപ്പെടുന്ന എല്ലായിടത്തും ഓർക്കപ്പെടേണ്ടതാണ് അവൻ ശരീരം സ്വീകരിച്ച അവൻ്റെ അമ്മയെയും എന്ന് ആ നിർമല ചരിതം നമ്മെ ഓർമ്മിപ്പിക്കുന്നു.
ഡെറിൻ രാജു,
ശൂനോയോ നോമ്പ് - പന്ത്രണ്ടാം ദിവസം.

No comments:

Post a Comment