Monday, 18 August 2025

കുഞ്ഞാടിനെ ജനിപ്പിച്ച വൃക്ഷം.

 


മോറിയ മലയിലേക്ക് ഒരു കൽപന നിവർത്തിക്കായി കയറിപ്പോവുകയാണ് അബ്രഹാമും വാർദ്ധക്യത്തിൽ തനിക്കു ജനിച്ച വാഗ്ദത്ത പുത്രനായ ഇസഹാക്കും. പുത്രനെ ബലി കഴിക്കണമെന്ന നിർദേശത്തെ തുടർന്നാണ് ഈ യാത്ര! വിറകും തീയും കത്തിയും മാത്രം കരുതിപ്പോകുന്ന അപ്പനോട് ചുമലിൽ വിറക് ഇരിക്കുമ്പോഴും ഇസഹാക്ക് ഒരു സംശയം ചോദിക്കുന്നുണ്ട്. എവിടെയാണ് യാഗത്തിനുളള കുഞ്ഞാട്? അപ്പൻ നൽകുന്ന മറുപടി കർത്താവ് കരുതുമെന്നതാണ്. വാഗ്ദാന പൂർത്തീകരണത്തിനായി തൻ്റെ മകനെ വരെ നൽകുവാൻ തയ്യാറായ അബ്രഹാം ആ പരീക്ഷണത്തിൽ വിജയിക്കുകയാണ്. അങ്ങനെ അവസാനം ഒരു കോലാട്ടുകൊറ്റനെ മരച്ചില്ലകൾക്കിടയിൽ നിന്ന് ലഭിച്ചപ്പോൾ അതിനെ തൻ്റെ പുത്രനു പകരം അബ്രഹാം ബലി കഴിക്കുകയാണ്. 

മരച്ചില്ലകൾക്കിടയിൽ നിന്ന് ഉണ്ടായ കുഞ്ഞാട് വിമല കന്യകയിൽ നിന്നുള്ള വ്യാഖ്യാനാതീതമായ നിലയിലുള്ള വചനത്തിൻ്റെ മനുഷ്യാവതാരത്തിൻ്റെ സൂചനയായി സുറിയാനി പിതാക്കൻമാർ ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യ സുറിയാനി ആരാധനാക്രമത്തിൽ അത് വളരെ പ്രകടമാണ്. എങ്ങനെയോ മരച്ചില്ലകളിൽ കുടങ്ങിയ ഒരു ആട് എന്ന ചിന്തയല്ല അവിടെയുള്ളത്. പ്രത്യുത ആടിനെ ജനിപ്പിച്ച വൃക്ഷം ( ܐܝܠܢܐ ܕܐܘܠܕ ܐܡܪܐ) എന്നതാണ്. കുഞ്ഞാടതിനെ ജനിപ്പിച്ചൊരു മരം ഉണ്ടായവിടെ ... എന്ന് യാക്കോബ് മൽപ്പാൻ്റെ ഒരു പാട്ടിൽ കാണുന്നു. ബുധനാഴ്ച മൂന്നാം മണി നമസ്കാരത്തിലും ഈ ആശയം കാണുന്നുണ്ട്.

ഈ നോമ്പ് കാലത്ത് നമ്മൾ ഉടനീളം കണ്ടത് ഒരു സാധരണ പെൺകുട്ടിയുടെ നിശ്ചയദാർഡ്യത്തിൻ്റെ കഥയാണ്. അവളുടെ വിശ്വാസത്തിൻ്റെ ഉറപ്പിൻ്റെ ചരിത്രമാണ്. സന്ദേശവാഹകൻ ''നിനക്കു സമാധാനം'' എന്നു പറഞ്ഞ ശേഷം പറഞ്ഞത് സകലവും അവിവാഹിതയായ, നിരാലംബയായ, ലോകം കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടിയുടെ സമാധാനം കെടുത്തുന്നതായിരുന്നു; ഭാവിയെ കശക്കിയെറിയുന്നതായിരുന്നു;  എന്നാൽ തൻ്റെ നിയോഗത്തോട്, തന്നെ വിളിച്ചവൻ്റെ വിളിയോട് അവൾ അങ്ങേയറ്റം വിശ്വസ്തത പുലർത്തി. ദാവിദ് ഒന്നാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്ന കൃത്യസമയത്ത് ഫലം കായിക്കുന്ന വൃക്ഷമായിത്തീർന്നു. 

കടൽത്തീരത്തടിഞ്ഞു കിടക്കുന്ന ശംഖ് ചെവിൽ വച്ചാൽ കടലിരമ്പം നമുക്കു കേൾക്കാം. ശംഖ് കടലിനെ ഉള്ളിലൊതുക്കുന്നു എന്നത് ഒരു സങ്കല്പമാണ്.  അതുപോലെ രണ്ടായിരം വർഷത്തെ ക്ഷാമ-ക്ഷേമ കാലങ്ങൾക്കും പ്രളയ -വരൾച്ചകൾക്കും ഒരു പ്രതിസന്ധിക്കും തടഞ്ഞു നിർത്താൻ സാധിക്കാതെ പോയ നസറേത്തിലെ വിപ്ലവകാരിയായ ആ മഹാസമുദ്രമടങ്ങിയത് വിമലകന്യകയെന്ന ചെറിയ ശംഖിലാണ്. 

ആ ഓർമ്മ ഒരു ഔഷധമാണ്!

ആ ഓർമ്മ ഒരു ധൈര്യമാണ്.!

ആ ഓർമ്മ ഒരു ഊർജവവും ഒരു പ്രത്യാശയുമാണ്.

ഡെറിൻ രാജു,

ശൂനോയോ നോമ്പ്  വീടൽ

No comments:

Post a Comment