Monday, 4 August 2025

യാക്കോബ് കണ്ട ഗോവണി



ആകാശവും ഭൂമിയും യോജിപ്പിക്കുന്ന ഒരു ഗോവണി എന്നത് ഹൃദ്യമായ ഒരു സങ്കല്പമാണ്. അങ്ങനെ ഒരു സ്വപ്നം പണ്ട് ബഥേലിൽ വച്ച് ഗോത്രത്തിൻ്റെ തലവനായ യാക്കോബ് സ്വപ്നത്തിൽ കാണുകയുണ്ടായല്ലോ! ആകാശത്തോളം എത്തുന്ന ഗോവണി!, അതിൽ ചിലർ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ഇതും കന്യകയുടെ ഒരു ദൃഷ്ടാന്തമാണ്! ശനിയാഴ്ച സന്ധ്യാനമസ്കാരത്തിൽ യാക്കോബ് ഗോവണിയായി ദൃഷ്ടാന്തീകരിച്ചു എന്നു കാണുന്നു. (ഈ ഭാഗം മലങ്കരയിൽ ഉപയോഗിക്കുന്ന നമസ്കാരക്രമത്തിൽ തർജമ ചെയ്ത് ചേർത്തിട്ടില്ല)
മനുഷ്യാവതാരത്തിൻ്റെ പ്രാഥമിക ഉദ്ദേശ്യം തന്നെ ഒരു സംയോജിപ്പിക്കലായിരുന്നല്ലോ! അവൻ നമ്മുടെ സമാധാനമാകുന്നുവെന്നും അവൻ ഇരുപക്ഷത്തേയും ഒന്നാക്കിയെന്നും പൗലോസ് എഴുതിയിട്ടുണ്ടല്ലോ! ആ ഒരു യോജിപ്പിൻ്റെ മാധ്യമം മറിയാമായിരുന്നു. വേറൊരു രീതിയിൽ പറഞ്ഞാൽ മറിയാമെന്ന ഗോവണിയിലൂടെയാണ് ദൈവസാന്നിധ്യം മനുഷരുടെ ഇടയിലേക്ക് ഇറങ്ങിയത്!
ക്രിസ്തു നഥനയേലിനോട് ഒരു സംഭാഷണ മദ്ധ്യേ പറയുന്നുണ്ടല്ലോ സ്വർഗം തുറന്നിരിക്കുന്നതും ദൂതൻമാർ അതിലൂടെ മനുഷ്യപുത്രൻ്റെ അടുക്കൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് നിങ്ങൾ കാണുമെന്ന്! സ്റൂഗിലെ യാക്കോബ് മൽപ്പാൻ ആ ഗോവണി കുരിശിൻ്റെ ദൃഷ്ടാന്തമായി അവതരിപ്പിക്കുന്നുണ്ട്! അതും സുന്ദരമായ ഒരു കൽപ്പനയാണ്.
ആകാശം ചായിച്ചിറങ്ങി വന്നവനെന്നത് പാശ്ചാത്യ സുറിയാനി കുർബാനയിലെ ഒരു കവിത്വം തുളുമ്പുന്ന വരിയാണ്. ആ ഇറങ്ങി വരവിനു മുഖാന്തിരമായത് നസ്റേത്തിലെ ആ സാധു പെൺകുട്ടിയാണ്. തൻ്റെ തിരഞ്ഞെടുപ്പിനോടുള്ള അവളുടെ ഐക്യദാർഢ്യമാണ് ബലവാൻമാരെ സിംഹാസനങ്ങളിൽ നിന്ന് ഇറക്കി വിനീതരെ ഉദ്ധരിക്കുന്നവൻ എന്ന അവളുടെ ദൈവസങ്കല്പം. സങ്കോചം കൂടാതെ ജനമദ്ധ്യത്തിൽ അത് വിളിച്ചു പറയുവാൻ അവളെ പ്രാപ്തമാക്കിയതും ഒരത്ഭുതമാണ്. അവളുടെ മകൻ പള്ളിയിൽ വച്ച് വായിച്ച ബദ്ധൻമാർക്കും വിടുതലും പീഡിതർക്കു സ്വാതന്ത്ര്യവും താൻ നൽകുമെന്ന ഏശായ പ്രവചനം ആ അമ്മയുടെ വിപ്ലവ ചിന്തയുടെ ഒരനുബന്ധമാണ്; ഒരു ഓർമ്മപ്പെടുത്തലാണ്!
ഡെറിൻ രാജു,
ശൂനോയോ നോമ്പ് - അഞ്ചാം ദിവസം.

No comments:

Post a Comment