കഴിഞ്ഞ 50 വര്‍ഷത്തെ മലങ്കരസഭാ ചരിത്രത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതും വിശകലനം ചെയ്യപ്പെട്ടതുമായ മഹാപുരോഹിത സന്ദേശങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് 203-ാം നമ്പര്‍ കല്പനയെന്നു സാമാന്യമായി പറയപ്പെട്ട ഇഗ്നാത്തിയോസ് യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസിന്‍റെ 203/70 നമ്പര്‍ കല്പന. കല്പനയിലെ തീയതിപ്രകാരം അതില്‍ മുദ്ര വയ്ക്കപ്പെട്ടത് 1970 ജൂണ്‍ 27-ാം തീയതിയാണ്. പൗരസ്ത്യ കാതോലിക്കാ ബസേലിയോസ് ഔഗേന്‍ പ്രഥമനു അയച്ച ആ കല്പനയിലൂടെ ഒരു പുതിയ വേദവിപരീതം പ്രഖ്യാപിച്ച് ഓര്‍ത്തഡോക്സ് വിശ്വാസത്തോട് താന്‍ ഇതരനായി എന്നു പാത്രിയര്‍ക്കീസ് നിശബ്ദനായി പ്രഖ്യാപിക്കുകയായിരുന്നു.
കല്പനയുടെ ചുരുക്കം
സാധാരണയായി കാണപ്പെടുന്ന ആമുഖത്തിനു ശേഷം പറയുന്നത് മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനമെന്ന് കാതോലിക്കോസ് തന്‍റെ എഴുത്തില്‍ ചേര്‍ക്കുന്നത് തെറ്റാണ് (അഥവാ അപ്രകാരം കണ്ട് താന്‍ ആശ്ചര്യപ്പെട്ടു). അതിനു കാരണം:
1. നാലാം ശതാബ്ദത്തില്‍ കാതോലിക്കാ സ്ഥാപനം ഉണ്ടായതു മുതല്‍ ആരുംതന്നെ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനം എന്നതു ഉപയോഗിച്ചിട്ടില്ല. 2. മാര്‍ത്തോമ്മാ ശ്ലീഹാ, കര്‍ത്താവ് ഊതിയ സമയത്ത് ശിഷ്യന്മാരോടൊപ്പം ഇല്ലാതിരുന്നതിനാല്‍ പുരോഹിതനല്ല, പുരോഹിതന്‍ പോലും ഇല്ലാതിരിക്കെ മഹാപുരോഹിതനാകാനോ സിംഹാസനം സ്ഥാപിക്കുവാനോ സാധിക്കുകയില്ല. 3. നെസ്തോറിയന്മാരും ഈ പേര് ഉപയോഗിച്ചിട്ടില്ല. 4. മാര്‍ത്തോമാ ശ്ലീഹാ കിഴക്കന്‍ പ്രദേശത്ത് കാതോലിക്കേറ്റ് സ്ഥാപിച്ച ആളല്ല. പ്രത്യുത സുവിശേഷം പ്രസംഗിച്ച ആളാണ്.
ഈ നാല് കാരണങ്ങളില്‍ (കാര്യങ്ങളില്‍) ഏറ്റവും കുപ്രസിദ്ധമായത് രണ്ടാമത്തേതാണ്; മാര്‍ത്തോമാ ശ്ലീഹാ ഒരു പുരോഹിതന്‍ പോലുമല്ല; അദ്ദേഹത്തിനു തന്മൂലം സിംഹാസനവുമില്ല. നസ്രാണികളുടെ തോമാവബോധത്തെ, നൂറ്റാണ്ടുകളായി പരിചയിച്ചുപോന്ന വിശ്വാസസത്യത്തെയാണ് ഒറ്റയടിക്ക് ഉന്മൂലനം ചെയ്യുവാന്‍ പാത്രിയര്‍ക്കീസ് ശ്രമിച്ചത്. ആ ശ്രമത്തിന്‍റെ പരിണിതഫലമാണ്, അഥവാ ഉല്‍പ്പന്നമാണ് മലങ്കരസഭാ വിഭജനത്തില്‍ നേരിട്ട് കാരണമായിത്തീര്‍ന്ന 203/70 എന്ന വേദവിപരീത ലേഖനം.
കത്തിന് ഒരു മുന്‍ഗാമി
203-ാം നമ്പര്‍ കല്പന പെട്ടെന്ന് തട്ടിക്കൂട്ടിയ ഒന്നല്ല; മറിച്ച് അതിനൊരു മുന്‍ഗാമിയുണ്ട്. ബസേലിയോസ് ഔഗേന്‍ പ്രഥമന്‍റെ മുന്‍ഗാമി ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ സമയത്ത് 1959-ല്‍ സമാനമായ ഒരു കത്ത് പാത്രിയര്‍ക്കീസ് അയച്ചിരുന്നു. എന്നാല്‍ ആ കത്ത് പരസ്യമാവുക ഉണ്ടായില്ല. മാര്‍ത്തോമ്മായുടെ സിംഹാസനമെന്നത് മലങ്കരയില്‍ നേരത്തെ മുതലേ ഉപയോഗിക്കുന്ന സംജ്ഞയാണെന്നും അത് ഉപേക്ഷിക്കാനാവില്ല എന്നും കാതോലിക്കാ മറുപടി കൊടുത്തു.
എന്നാല്‍ ഇത്തവണ പുറത്തുവരണമെന്ന നിര്‍ബന്ധ ബുദ്ധി പാത്രിയര്‍ക്കീസിനു ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ കല്പന കാതോലിക്കോസിന്‍റെ പേരില്‍ അയച്ചിരുന്നു എങ്കിലും മറ്റു പലര്‍ക്കും കോപ്പികള്‍ ലഭ്യമാക്കിയിരുന്നു. അങ്ങനെ മലങ്കരയിലെ രണ്ടാമത്തെ പിളര്‍പ്പിനു നേരിട്ട് കാരണമായിത്തീര്‍ന്ന 'സാധനം' അവതരിപ്പിക്കപ്പെട്ടു.
കത്തിന്‍റെ പ്രധാന ഉദ്ദേശ്യം
1958-ല്‍ പരസ്പര സ്വീകരണത്തോടെ മലങ്കരയില്‍ സമാധാനം കൈ വന്നതില്‍ ഇരുഭാഗത്തെയും വലിയൊരു വിഭാഗം ജനങ്ങള്‍ സന്തുഷ്ടരായിരുന്നു. പാത്രുയര്‍ക്കീസ് കക്ഷിക്ക് മുന്‍തൂക്കമുള്ള ഇടങ്ങളില്‍ കാതോലിക്കാ ബാവായും പഴയ കാതോലിക്കോസ് കക്ഷിയിലെ മെത്രാപ്പോലീത്തന്മാരും കടന്നു ചെന്നു വലിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. അതേപോലെ തന്നെ തെക്കന്‍ പ്രദേശങ്ങളിലും പഴയസെമിനാരി, ദേവലോകം അരമന ഉള്‍പ്പെടെയുള്ള ഇടങ്ങളിലും പഴയ പാത്രിയര്‍ക്കീസ് കക്ഷിയിലെ മെത്രാപ്പോലീത്താമാര്‍ വിശുദ്ധ കുര്‍ബാന ചൊല്ലി. എന്നാല്‍ ഈ സമാധാനാന്തരീക്ഷത്തില്‍ തൃപ്തരാകാതെ ഇരുന്ന ഒരു ന്യൂനപക്ഷം ഉണ്ടായിരുന്നു. പഴയ പാത്രിയര്‍ക്കീസ് കക്ഷിയിലെ കണ്ടനാട്, കൊല്ലം, തുമ്പമണ്‍ എന്നീ മെത്രാസനങ്ങളുടെ അധിപനായിരുന്ന പൗലോസ് മാര്‍ പീലക്സിനോസ് ഏകീകൃത സഭയില്‍ കണ്ടനാടിന്‍റെ സഹായി മാത്രമായി ചുരുക്കപ്പെട്ടത് അദ്ദേഹത്തിന് ചെറിയതോതില്‍ അതൃപ്തി ഉണ്ടാക്കി. 1959-ല്‍ തന്നെ അദ്ദേഹം പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ തുടങ്ങിയിരുന്നു. 1959 ഫെബ്രുവരി 20-നു കൂടിയ സഭാ മാനേജിംഗ് കമ്മിറ്റിയില്‍ തനിക്ക് കണ്ടനാടിന്‍റെ സഹായി മാത്രമായിരിക്കാന്‍ സാധിക്കുകയില്ലെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. മാനേജിംഗ് കമ്മിറ്റി തീരുമാനം എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ പരിഗണനയ്ക്ക് വിട്ടു. തുടര്‍ന്ന് വിഷയം പരിഗണിച്ച് എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ഔഗേന്‍ മാര്‍ തീമോത്തിയോസ്, പൗലോസ് മാര്‍ പീലക്സീനോസ് എന്നിവരെ ജോയിന്‍റ് മെത്രാന്മാരായി നിയമിക്കുവാന്‍ തീരുമാനിച്ചു. കാതോലിക്കാ ബാവാ അപ്രകാരം തീരുമാനം പ്രസിദ്ധം ചെയ്തു കൊണ്ട് കല്പനയും പുറപ്പെടുവിച്ചു. എന്നാല്‍ തീരുമാനം വന്ന ശേഷവും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. കോട്ടയത്തിന് തെക്കോട്ട് അന്ത്യോഖ്യന്‍ മൂവ്മെന്‍റ് എന്ന ഒരു പ്രസ്ഥാനം രൂപപ്പെട്ടു. മാര്‍ പീലക്സീനോസിന്‍റെ അനുഗ്രഹാശിസ്സുകള്‍ അതിനു ഉണ്ടായിരുന്നു. സിംഹാസനപള്ളികള്‍ അതത് മെത്രാസനങ്ങള്‍ക്ക് കീഴിലാകണമെന്ന് എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചിരുന്നു എങ്കിലും വാളകത്ത് സിംഹാസനപള്ളികളുടെ യോഗം ചേര്‍ന്ന് ഒരു അഡ്മിനിസ്ട്രേറ്ററെ തിരഞ്ഞെടുത്തു. കോട്ടയം മെത്രാസനത്തില്‍ മെത്രാപ്പോലീത്താ അറിയാതെ മാര്‍ പീലക്സീനോസ് രണ്ടുപേര്‍ക്ക് പട്ടം കൊടുക്കുകയും ഉണ്ടായി.
ഇത്തരം പ്രവൃത്തികള്‍ വര്‍ദ്ധിച്ചപ്പോള്‍ മാര്‍ പീലക്സീനോസിന്‍റെ നടപടികളെക്കുറിച്ച് ആലോചിക്കുവാന്‍ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു. സുന്നഹദോസ് കൂടിയെങ്കിലും അതിനുശേഷവും മാര്‍ പീലക്സിനോസിന്‍റെ നിലപാടുകളില്‍ മാറ്റമുണ്ടായില്ല. അദ്ദേഹം മണര്‍കാട് പള്ളിയില്‍ തന്നെ അനുകൂലിക്കുന്നവരുടെ ഒരു യോഗം വിളിച്ചു. തുടര്‍ന്ന് ശിക്ഷണ നടപടികള്‍ സ്വീകരിച്ചു എങ്കിലും അവ തനിക്ക് ബാധകമല്ല എന്ന മറുപടിയാണ് മാര്‍ പീലക്സിനോസ് നല്‍കിയത്.
1964 ജനുവരി 3-ന് പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവ കാലം ചെയ്യുകയും തുടര്‍ന്ന് ആ സ്ഥാനത്തേക്ക് കണ്ടനാട് ഇടവകയുടെ ഔഗേന്‍ മാര്‍ തിമോത്തിയോസ് ഉയര്‍ത്തപ്പെടുകയും ചെയ്തു. യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ആയിരുന്നു അതില്‍ പ്രധാന കാര്‍മ്മികത്വം വഹിച്ചത്. അതോടു കൂടി കണ്ടനാടിന്‍റെ പൂര്‍ണ ചുമതല മാര്‍ പീലക്സിനോസില്‍ വന്നുചേര്‍ന്നു. ഇത് ചെറിയതോതില്‍ ശീശ്മയ്ക്കു ശമനമുണ്ടാക്കി. മാര്‍ പീലക്സിനോസ് താല്‍ക്കാലികമായിട്ടെങ്കിലും സഭയോട് രമ്യപ്പെട്ടു. ആഡിസ് അബാബയില്‍ 1965-ല്‍ നടന്ന ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് കോണ്‍ഫ്രന്‍സിനുള്ള ഡലിഗേഷനില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. പ. ഔഗേന്‍ ബാവായോടൊപ്പം അദ്ദേഹം ആഡിസ് അബാബയും വി. നാടുകളും കുവൈറ്റും സന്ദര്‍ശിച്ചു.
എന്നാല്‍ 1966 കാലമായപ്പോഴേക്കും പഴയ പാത്രിയര്‍ക്കീസ് വിഭാഗത്തിലെ, പിന്നീട് കാതോലിക്കേറ്റിന്‍റെ ശക്തരായ വക്താക്കളായി മാറിയ രണ്ട് മെത്രാപ്പോലീത്താമാര്‍ (വയലിപ്പറമ്പില്‍ മാര്‍ ഗ്രിഗോറിയോസും പൗലോസ് മാര്‍ സേവേറിയോസും) കാലം ചെയ്തു. ഇതോടെ പഴയ ബാവാ കക്ഷി വിഭാഗത്തില്‍ ഒരു നേതൃത്വ പ്രതിസന്ധി ഉടലെടുത്തു. മാര്‍ പീലക്സിനോസ് ആകസ്മികമായി നേതൃത്വസ്ഥാനത്തേക്ക് എത്തുന്ന സ്ഥിതി സംജാതമായി; ഭിന്നതയും രൂക്ഷമായി. എന്നാല്‍ ഭിന്നതയ്ക്ക് ഒരു താത്വിക അടിത്തറ ഉണ്ടായിരുന്നില്ല. ചില പ്രാദേശിക അവഗണനകളുടെ പേരിലോ സ്ഥാനങ്ങള്‍ കിട്ടാതിരുന്നതിന്‍റെ പേരിലോ ഒരു പിളര്‍പ്പ് സാധിക്കുമായിരുന്നില്ല. അതിനു അണികളെ പറഞ്ഞു നിര്‍ത്താന്‍ ഒരു കാരണം ഉണ്ടാകേണ്ടിയിരുന്നു. അതിനുള്ള ഒരു ശ്രമമായിരുന്നു 203-ാം നമ്പര്‍ കല്പന. ആ കല്പനയില്‍ തുടങ്ങിയ അസ്വാരസ്യങ്ങള്‍ അവസാനിച്ചത് 1975-ല്‍ പൂര്‍ണ്ണ പിളര്‍പ്പിലാണ്. മലങ്കരയെ വെട്ടിമുറിച്ച യാക്കോബ് മൂന്നാമന്‍ പാത്രിയര്‍ക്കീസിന്‍റെ വേദവിപരീതം മലങ്കരയിലെ വിഘടിത വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു താത്വിക അടിത്തറയുണ്ടാക്കിക്കൊടുക്കാനുള്ള ഒരു ശ്രമമായിരുന്നു. ഇന്നും തുടരുന്ന തര്‍ക്കത്തിന്‍റെ ഒരറ്റത്ത് എന്നും മാര്‍ത്തോമ്മായുടെ പൗരോഹിത്യവും സിംഹാസനവും ഉണ്ട് എന്നത് ആ ശ്രമത്തില്‍ യാക്കോബ് തൃതീയന്‍ കുറച്ചെങ്കിലും വിജയിച്ചു എന്നതിന്‍റെ സൂചനയുമാണ്.
കത്തിനു ശേഷം
കത്തിനു ഔഗേന്‍ പ്രഥമന്‍ ബാവാ മറുപടി നല്‍കി. എന്നാല്‍ ആ മറുപടി വായിച്ചു ബോധ്യപ്പെടാവുന്ന സ്ഥിതിയിലായിരുന്നില്ല പാത്രിയര്‍ക്കീസ് എന്ന് കരുതാം. 203-ാം നമ്പര്‍ കത്ത് അങ്ങനെ പെട്ടെന്നൊടുങ്ങാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ട ഒന്നായിരുന്നില്ല. അനധികൃതമായി പാത്രിയര്‍ക്കീസ് ഡെലിഗേറ്റിനെ വാഴിച്ചു. ഡെലിഗേറ്റിനെ വാഴിച്ച് മലങ്കരയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കരുതെന്ന് പഴയ പാത്രിയര്‍ക്കീസ് കക്ഷിയിലെ മെത്രാന്മാര്‍ ഉള്‍പ്പെട്ട എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ഐകകണ്ഠേന ആവശ്യപ്പെട്ടു. ഡെലിഗേറ്റിനെ നിയമിക്കുന്നതു വരെ പാത്രിയര്‍ക്കീസിന്‍റെ നടപടികളെക്കുറിച്ച് പരസ്യമായി പ്രതികരിച്ചില്ല. എന്നാല്‍ ഡെലിഗേറ്റിനെ നിയമിക്കുക വഴി 1958-ല്‍ പരസ്പര സ്വീകരണ സമയത്ത് ചെയ്ത ഉടമ്പടിയില്‍ നിന്ന് പാത്രിയര്‍ക്കീസ് സ്വയം പിന്നോട്ട് പോയി. കാരണം, മലങ്കരസഭാ ഭരണഘടനയിലെ ഒരു വകുപ്പും ഡെലിഗേറ്റിനെ നിയമിക്കുവാന്‍ പാത്രിയര്‍ക്കീസിനെ അനുവദിക്കുന്നില്ല. മാനേജിംഗ് കമ്മിറ്റിയിലും ഭിന്നത ഉണ്ടായി. സഭയുടെ എല്ലാ തലങ്ങളിലേക്കും വ്യാപിച്ചു. മലങ്കര അസോസിയേഷന്‍റെ അനുമതിയോ നിശ്ചയമോ കൂടാതെ പാത്രിയര്‍ക്കീസ് മെത്രാന്മാരെ വാഴിച്ച് മലങ്കരയിലേക്ക് അയച്ചു. വിഘടിത വിഭാഗത്തിന് മെത്രാന്മാരെയും ലഭ്യമായതോടെ അതുവരെ മലങ്കരസഭാ സുന്നഹദോസിന്‍റെ ഭാഗമായിരുന്ന, നേരത്തെ പാത്രിയര്‍ക്കീസിന്‍റെ പല നടപടികളെയും എതിര്‍ക്കുകയും ചെയ്ത രണ്ടുപേര്‍ക്കും (പൗലോസ് മാര്‍ പീലക്സീനോസ്, ഏബ്രഹാം മാര്‍ ക്ലിമ്മീസ്) മറുകണ്ടം ചാടുന്നതാണ് ബുദ്ധിയെന്ന് തോന്നിക്കാണും. രണ്ടു പേരും പാത്രിയര്‍ക്കീസിനെ സ്വീകരിക്കുവാന്‍ തയ്യാറായി.
വീണ്ടും കേസുകളാരംഭിക്കുന്നു
തുടര്‍ന്ന് പാത്രിയര്‍ക്കീസിന്‍റെ അനധികൃത നടപടികള്‍ തടയണമെന്ന ആവശ്യവുമായി നിയുക്ത കാതോലിക്കാ മാത്യൂസ് മാര്‍ അത്താനാസിയോസ് മുതല്‍പേര്‍ വാദിയായി കോട്ടയം സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 1974 ഓഗസ്റ്റില്‍ യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസിനെ സഭയ്ക്ക് ഇതരനായി എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് പ്രഖ്യാപിച്ചു. തുടര്‍ന്ന് കാതോലിക്കോസിനെ സസ്പെന്‍ഡ് ചെയ്തതായി ഒരു കത്ത് പാത്രിയര്‍ക്കീസ് അയച്ചു. അത്തരം പ്രവൃത്തികള്‍ക്കൊന്നും പാത്രിയര്‍ക്കീസിനു അധികാരമില്ലെന്ന് വിനീതമായി ഓര്‍മ്മിപ്പിച്ച് 1975 ജനുവരിയില്‍ കാതോലിക്കാ ബാവാ അതിനു മറുപടിയും നല്‍കി. തന്‍റെ അനുമതിയില്ലാതെ പുതിയ മേല്‍പ്പട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് മെത്രാന്‍ സ്ഥാനം നല്‍കരുതെന്ന് പാത്രിയര്‍ക്കീസ് ആവശ്യപ്പെട്ടു. എന്നാല്‍ മലങ്കരസഭാ ഭരണഘടനപ്രകാരം മലങ്കരയ്ക്ക് ആവശ്യമുള്ള മെത്രാപ്പോലീത്തന്മാരെ വാഴിക്കുന്നതില്‍ പാത്രിയര്‍ക്കീസിന്‍റെ അനുവാദം ആവശ്യമില്ലാത്തതിനാല്‍ ആ നിര്‍ദ്ദേശം അവഗണിച്ചുകൊണ്ട് കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ അഞ്ച് പേരെ മേല്‍പ്പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തി. സസ്പെന്‍ഷന്‍ കൊണ്ടു ഒരു ഫലവും കാണാഞ്ഞതിനാല്‍ കാതോലിക്കാബാവായെ മുടക്കി യതായി പാത്രിയര്‍ക്കീസ് ഒരു കത്ത് പുറപ്പെടുവിച്ചു. 1975 സെപ്റ്റംബറില്‍ ബദല്‍ കാതോലിക്കായെ വാഴിച്ചു. പിളര്‍പ്പ് പൂര്‍ണ്ണമായി. 1970-ല്‍ 203-ാം നമ്പര്‍ കല്പനയിലൂടെ പാത്രിയര്‍ക്കീസ് ലക്ഷ്യമിട്ടത് സാധിച്ചു. ഒരു നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ പിളര്‍പ്പ്; 203-ാം നമ്പര്‍ കത്തിന്‍റെ സൃഷ്ടിയാണത്.
കത്തിന്‍റെ സാംഗത്യം
203-ാം നമ്പര്‍ കത്തിനെ അനുകൂലിച്ചും എതിര്‍ത്തും മലങ്കരയിലെ ഇരു വിഭാഗങ്ങളിലായി ധാരാളം ലേഖനങ്ങളും ലഘുലേഖകളും ഉണ്ടായിട്ടുണ്ട്. അവ ഓരോന്നായി സമാഹരിച്ചാല്‍ ബൃഹത് ഗ്രന്ഥങ്ങള്‍ തന്നെ തയ്യാറാക്കാവുന്നതാണ്. അതിനാല്‍ തന്നെ അതിലേക്ക് ആഴത്തില്‍ കടക്കുന്നില്ല. എന്നാല്‍ യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസിന്‍റെ ഒരു ഗ്രന്ഥം മാത്രം അടിസ്ഥാനമാക്കി ആ വാദത്തിലെ പൊള്ളത്തരം നമുക്ക് ബോധ്യപ്പെടുന്നതാണ്. 203-ാം നമ്പര്‍ കല്പനയിലെ ഏറ്റവും പ്രധാന വാദം മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരോഹിത്യമില്ലായ്മയാണ്. മാര്‍ത്തോമ്മാ ശ്ലീഹാ പുരോഹിതനല്ല; അതിനാല്‍ തന്നെ മഹാപുരോഹിതനല്ല; അതുകൊണ്ട് അദ്ദേഹം സിംഹാസനവും സ്ഥാപിച്ചിട്ടില്ല. ഇതാണ് യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് 203-ാം നമ്പര്‍ കല്പനയിലൂടെ 1970-ല്‍ മുന്നോട്ടു വച്ച നിലപാട്. എന്നാല്‍ ഈ വിഷയത്തില്‍ ഇതേ പാത്രിയര്‍ക്കീസിന്‍റെ മുന്‍ നിലപാട് എന്താണെന്ന് നോക്കുന്നത് രസാവഹമാണ്. അബ്ദല്‍ ആഹാദ് റമ്പാന്‍ എന്ന പേരില്‍ യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ദീര്‍ഘകാലം മഞ്ഞനിക്കരയില്‍ താമസിച്ചിരുന്നു. അദ്ദേഹം 1951-ല്‍ എഴുതിയ പുസ്തകമാണ് 'ഇന്ത്യയിലെ സുറിയാനിസഭാ ചരിത്രം.' അതില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: "തോമ്മാ ശ്ലീഹാ എ.ഡി. 52-ല്‍ ഇവിടെ സുവിശേഷ പ്രചരണം നടത്തി. ... വിശ്വസിച്ചവരോ തങ്ങളുടെ ക്ഷേത്രം ഒരു പള്ളിയായി പരിവര്‍ത്തനം ചെയ്തു. ശ്ലീഹാ പകലോമറ്റം, ശങ്കരപുരി, കള്ളി, കാളിയാങ്കല്‍ എന്നീ നാലു കുടുംബങ്ങളില്‍ നിന്നും പട്ടക്കാരെ അഭിഷേകം ചെയ്തു. കേഫാ എന്നു പേരോടു കൂടി ഒരു മെത്രാനെയും വാഴിച്ചാക്കി എന്ന് പറയപ്പെടുന്നു" (ഇന്ത്യയിലെ സുറിയാനിസഭാ ചരിത്രം, പേജ് 38, 39). അതായത് 1951-ല്‍ തോമ്മാ ശ്ലീഹാ പുരോഹിതനാണ്; മഹാപുരോഹിതനുമാണ്. എന്നാല്‍ 1970-ല്‍ അദ്ദേഹം പുരോഹിതനോ മഹാപുരോഹിതനോ അല്ല. എത്ര വിചിത്രമായ ചരിത്രബോധമാണ് ഇവിടെ പുലര്‍ത്തുന്നത്.
"മോര്‍ തോമ്മാശ്ലീഹായുടെ സിംഹാസനത്തിന്‍റെ മെത്രാപ്പോലീത്താ കൂറിലോസ് യൂയാക്കിം" എന്ന് അറബിയില്‍ മുദ്രണം ചെയ്ത ഒരു ചെറിയ മുദ്ര യുയാക്കിം മാര്‍ കൂറിലോസിന് ഉണ്ടായിരുന്നതായും യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് രേഖപ്പെടുത്തിയിട്ടുണ്ട് (ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ്, ഇന്ത്യയിലെ സുറിയാനി സഭാചരിത്രം (മലയാള പരിഭാഷ: ജേക്കബ് വര്‍ഗീസ് മാന്നാക്കുഴിയില്‍, 2011), പേജ് 395.)
ചില രാഷ്ട്രീയക്കാരെ തോല്‍പ്പിക്കുന്ന തരത്തിലുള്ള നിലപാട് മാറ്റമാണ് പാത്രിയര്‍ക്കീസില്‍ നിന്നുണ്ടായത്. ആ വിചിത്ര വാദത്തെയും പിന്‍പറ്റാന്‍ ആളുണ്ടായതാണ് നസ്രാണിയുടെ ഗതികേട്. ഇന്നും തുടരുന്ന ഭിന്നതയുടെ ഒരു പ്രധാന പ്രേരകവും.
ഉപസംഹാരം
യാക്കോബ് മൂന്നാമന്‍ പാത്രിയര്‍ക്കീസിന്‍റെ വേദവിപരീതത്തിന്‍റെ അമ്പതാം വാര്‍ഷികത്തില്‍ അഭിമാനിക്കാന്‍ എന്താണുള്ളത് എന്ന ചോദ്യം പ്രസക്തമാണ്. അത് നസ്രാണിയുടെ വഴങ്ങാത്ത നട്ടെല്ലാണ്. നസ്രാണിയുടെ ആത്മാഭിമാനത്തെയും തോമാവബോധത്തെയും ചോദ്യം ചെയ്ത കല്പന സഭയില്‍ പിളര്‍പ്പുണ്ടാക്കിയെങ്കിലും ഒരു ന്യൂനപക്ഷത്തെ മാത്രമാണ് പാത്രിയര്‍ക്കീസിനു കൂടെ നിര്‍ത്താന്‍ സാധിച്ചത്. 1958-ലെ സഭായോജിപ്പോടെ സഭയുടെ ഭാഗമായ വളരെയധികം വൈദികരും ജനങ്ങളും ഈ വിഭജനാഹ്വാനം തള്ളിക്കളഞ്ഞ് സഭയോടും മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തോടും ചേര്‍ന്നു നിന്നു. ഇന്നും അവരില്‍ പലരും, അവരുടെ പിന്‍ഗാമികളും സഭയുടെ ശക്തരായ വക്താക്കളായി നിലകൊള്ളുന്നു. 1987-ല്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ പേര് തുബ്ദേനില്‍ ഓര്‍ക്കാമെന്ന് അറിയിച്ചുകൊണ്ട് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് കല്പന പുറപ്പെടുവിച്ചു (പൗരോഹിത്യമില്ലാത്തവരും നാലാം തുബ്ദേനില്‍ ഓര്‍ക്കപ്പെടുന്നുണ്ട്). എങ്കിലും മാര്‍ത്തോമ്മാ ശ്ലീഹായ്ക്കു പൗരോഹിത്യമില്ല എന്ന കല്പന തള്ളിക്കളഞ്ഞ് ഒരു കത്ത് ഇതുവരെ യാക്കോബ് മൂന്നാമന്‍റെ പിന്‍ഗാമികളായ പാത്രിയര്‍ക്കീസന്മാരില്‍ നിന്നും ഉണ്ടായിട്ടില്ല. ക്നാനായ വിഭാഗത്തിലെ സമീപകാല പ്രശ്നങ്ങള്‍ കാണുമ്പോള്‍ 203-ാം നമ്പറിനെ പിന്‍വലിച്ചൊരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനും വയ്യ.
കല്പന എഴുതിയതിന്‍റെ പത്താം വാര്‍ഷികത്തിന്‍റെ തലേന്ന് യാക്കോബ് തൃതീയന്‍ പരലോകം പൂകി. പാത്രിയര്‍ക്കീസും അദ്ദേഹത്തിന്‍റെ മലങ്കരയിലെ ചില പാര്‍ശ്വവര്‍ത്തികളും ചേര്‍ന്നു തയ്യാറാക്കിയ ഈ വേദവിപരീതം അമ്പതാണ്ടായി മലങ്കരസഭയ്ക്കു മേല്‍ ഡമോക്ലീസിന്‍റെ വാള്‍ പോലെ തൂങ്ങിക്കിടക്കുന്നു. അടിസ്ഥാനരഹിതമായ ഒരു എഴുത്താണ് മലങ്കരയിലെ വിഭജനത്തിന്‍റെ ഒരു പ്രധാന കാരണമെന്നത് നമ്മെ ചിന്തിപ്പിക്കേണ്ട ഒരു വിഷയമാണ്. ഈ അമ്പതാം വര്‍ഷത്തിലെങ്കിലും അതിനു സാധിക്കുമോ?
No comments:
Post a Comment