Tuesday 1 September 2020

പല തവണ ആവർത്തിക്കുന്ന പിശകുകൾ; അബദ്ധങ്ങൾ / ഡെറിൻ രാജു

(സഭാ ചരിത്രവുമായി ബന്ധപ്പെട്ട പോസ്റ്റാണ്;
ആനുകാലിക സഭാതർക്കവുമായി ബന്ധപ്പെട്ടതല്ല)

മുൻ അഡീഷണൽ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് വട്ടശേരിൽ മാർ ദീവന്നാസിയോസ് തിരുമേനിയുമായി ബന്ധപ്പെട്ട് പല പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ അടുത്ത കാലത്തായി ഭരണഘടനയുടെ നിർമ്മാണവും കടന്നു വരുന്നു. വട്ടശേരിൽ മാർ ദീവന്നാസിയോസ് ജനാധിപത്യ രീതിയിലുള്ള ഒരു സഭാ ഭരണഘടന രൂപകൽപ്പന ചെയ്തു തുടങ്ങിയ കുറേ ആശയങ്ങൾ അദ്ദേഹം തുടർച്ചയായി ഉപയോഗിച്ചും കാണുന്നു. അത്തരം ഒരു പ്രസംഗം ഒരാഴ്ചയായി വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി തുടർച്ചയായി കാണേണ്ടി വരുന്നു.
ഇപ്പോൾ വൈറലായിരിക്കുന്ന പ്രസംഗത്തിൽ ധാരാളം അപാകതകളുണ്ട്. കാര്യം മനസിലാക്കാതെ ആളുകൾ പ്രത്യേകിച്ച് ഓർത്തഡോക്സ് സഭാംഗങ്ങൾ ആ പ്രസംഗത്തിന്റെ ക്ലിപ്പുകൾ ഷെയർ ചെയ്ത് മത്സരിക്കുകയാണ്. ചരിത്രം ആപേക്ഷികമല്ല; അത് വസ്തുനിഷ്ഠവും സത്യവുമാണ്. അത് അവതരിപ്പിക്കുന്നതിൽ അദ്ദേഹം പൂർണമായി പരാജയപ്പെട്ടിരിക്കുന്നു. ഒരു എളിയ ചരിത്രാന്വേഷി എന്ന നിലയിൽ ആ പ്രസംഗത്തിലെ വസ്തുതാപരമായ അപാകതകൾ ചൂണ്ടിക്കാട്ടാതിരിക്കാനാകില്ല. അദ്ദേഹം അതിൽ പറഞ്ഞ പ്രധാനപ്പെട്ട ആശയങ്ങൾ ഇവയാണ്:
1. വട്ടശേരിൽ തിരുമേനി ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു ഭരണഘടന മലങ്കര സഭയ്ക്കു നൽകി.

2. 1958 ലെ സുപ്രീം കോടതി വിധിയിൽ ഭരണഘടനയിലെ ജനാധിപത്യ സ്വഭാവത്തെ പ്രകീർത്തിക്കുന്നുണ്ട്.
ഈ രണ്ട് കാര്യങ്ങളും 100 ശതമാനവും തെറ്റാണ്. ഒരു റിട്ടയേർഡ് ഐ.പി.എസ് ഉദ്യോഗസ്ഥൻ പ്രസംഗിക്കുമ്പോൾ സാമാന്യമായി പ്രതീക്ഷിക്കുന്ന പഠനം അൽപം പോലും നടത്താതെയാണ് ഈ പ്രസംഗം നടത്തിയതെന്ന് ഖേദപൂർവ്വം പറയേണ്ടിയിരിക്കുന്നു. ഈ ഭരണഘടനയുടെ നിർമ്മാണവും അതുമായി ബന്ധപ്പെട്ട രേഖകളും അതിനുണ്ടായ കോടതി വിധികളുമൊക്കെ വിശദമായി പഠിച്ചതിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നത്.
1. മലങ്കര സഭയ്ക്ക് വ്യവസ്ഥാപിതമായ ഒരു ഭരണഘടന ഉണ്ടാകുന്നതിനു മുമ്പും അതിനു ധാരാളം പൂർവ്വ രൂപങ്ങൾ ഉണ്ട്. 1809 ലെ കണ്ടനാട് പടിയോലയും 1853 ലെ കോട്ടയം ചട്ടവര്യോലയും 1873-ലെ പരുമല സെമിനാരി നിശ്ചയങ്ങളും 1876-ലെ മുളന്തുരുത്തി സുന്നഹദോസ് തീരുമാനങ്ങളുമൊക്കെ 1934-ലെ ഭരണഘടനയെന്ന സാക്ഷാത്കാരത്തിലേക്ക് നയിച്ചവയാണ്. മലങ്കര സഭയ്ക്ക് സ്വന്തമായി ഒരു ഭരണഘടന എന്ന ആശയം വട്ടശേരിൽ തിരുമേനി മുന്നോട്ട് വച്ച ഒന്നല്ല. 1920 നോടടുത്ത് തിരുവനന്തപുരം കേന്ദ്രമായി പ്രസിദ്ധീകരിച്ചു വന്നിരുന്ന സുറിയാനി സഭ എന്ന മാസികയാണ് ഭരണഘടനാ നിർമ്മാണം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. പൂർണമായും ഒരു അത്മായ പ്രസദ്ധീകരണമായിരുന്നു അത്. മലങ്കര സഭയ്ക്ക് വ്യവസ്ഥാപിതമായ ഒരു ചട്ടക്കൂട് ഉണ്ടാകണമെന്നും അത് റോമൻ കത്തോലിക്കാ സഭയിലേതു പോലെ എപ്പിസ്കോപ്പൽ കേന്ദ്രീകൃതമാകരുതെന്നും അത് ജനാധിപത്യത്തിൽ അധിഷ്ഠിതമാകണമെന്നും മാസിക ലേഖനങ്ങളിലൂടെ അഭിപ്രായപ്പെട്ടു. വട്ടശേരിൽ മാർ ദീവന്നാസിയോസ് തിരുമേനിക്ക് ഇക്കാരണം കൊണ്ട് മാസികയുടെ പ്രവർത്തനങ്ങളോട് താൽപര്യവും ഇല്ലായിരുന്നു. മാസികയും വിട്ടു കൊടുത്തില്ല; മലങ്കര മെത്രാപ്പോലീത്തായുടെ ഈ നിലപാട് മാസിക അതികഠിനമായി വിമർശിച്ചു. മെത്രാപ്പോലീത്ത താൽപര്യം കാണിച്ചില്ലെങ്കിലും മാസിക ഭരണഘടനാ നിർമ്മാണത്തിനു ഉതകുന്ന ആശയങ്ങൾ നൽകിക്കൊണ്ടിരുന്നു. വിവിധ ഡ്രാഫ്റ്റുകൾ അവർ മുന്നോട്ട് വച്ചു. ഡ്രാഫ്റ്റുകളെ സംബന്ധിച്ച് ചർച്ചകളും പൊതുജനാഭിപ്രായങ്ങളും സ്വരൂപിച്ചു. വിവിധ ഡ്രാഫ്റ്റുകൾ മലങ്കരസഭാ ഭരണഘടന : ചരിത്രം, രേഖകൾ, ഭേദഗതികൾ (ഡെറിൻ രാജു, സോഫിയ ബുക്ക്സ്) എന്ന പുസ്തകത്തിൽ ലഭ്യമാണ്. എന്നാൽ രണ്ട് വർഷത്തോളം വിവിധ തലങ്ങളിൽ സമ്മർദ്ധം ചെലുത്തിയെങ്കിലും ഭരണഘടനാ നിർമ്മാണം എന്നത് സാധിച്ചില്ല.
1929 മേടം 5 - വട്ടശേരിൽ മാർ ദീവന്നാസിയോസ് തിരുമേനിയെ ഭരണഘടനയുമായി ബന്ധപ്പെടുത്തുന്ന ആദ്യ സൂചനകൾ ഒന്ന് ഈ ദിവസമാണ്. പാറേട്ട് മാത്യൂസ് കത്തനാരുടെ ഈ ദിവസത്തെ ഡയറിക്കുറിപ്പിൽ മാർ ദീവന്നാസിയോസ് ഒരു ഭരണഘടന എഴുതിക്കൊണ്ടിരിക്കുന്നതായി സൂചനയുണ്ട്. തുടർന്ന് കോട്ടയത്ത് കൂടിയ മാനേജിംഗ് കമ്മറ്റി ഭരണഘടനാ നിർമ്മാണത്തിനായി ഒരു കമ്മറ്റിയെ തിരഞ്ഞെടുത്തു. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലൂടെ ആ കമ്മറ്റി കൂടുതൽ ഔദ്യോഗികമായി. തുടർന്ന് വിവിധ യോഗങ്ങൾ കൂടിയെങ്കിലും തീരുമാനത്തിൽ എത്താനായില്ല. സാമ്പത്തിക സംബന്ധമായ പരമാധികാരം ആരിൽ ആയിരിക്കണം എന്നതായിരുന്നു തർക്ക വിഷയം. ജനങ്ങൾക്ക് എന്ന് കമ്മറ്റിയിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടെങ്കിലും മലങ്കര മെത്രാപ്പോലീത്ത മാർ ദീവന്നാസിയോസ് അതിനോട് യോജിച്ചില്ല. മെത്രാൻമാരുടെ സമിതിയ്ക്കാകണം പരമാധികാരം എന്നദ്ദേഹം നിർബന്ധപൂർവ്വം ആവർത്തിച്ചുകൊണ്ടിരുന്നു. ഇരു വിഭാഗവും തങ്ങളുടെ നിലപാടിൽ ഉറച്ച് നിന്നപ്പോൾ ഭരണഘടനാ നിർമ്മാണം പ്രതിസന്ധിയെ നേരിട്ടു.
മുന്നോട്ട് പോവുക അസാദ്ധ്യമായപ്പോൾ തൻ്റെ അഭിപ്രായങ്ങൾ പൊതു സമൂഹത്തെ അറിയിക്കുവാൻ മെത്രാപ്പോലീത്താ തീരുമാനിച്ചു. തുടർന്ന് അദ്ദേഹം അന്ന് വാരികയായി പ്രസിദ്ധീകരിച്ചിരുന്ന 'കേരള കേസരി' പത്രത്തിൽ 1932 ജൂലൈ 2 മുതൽ സെപ്തംബർ 10 വരെയായി 'സുറിയാനി സഭയുടെ ഭരണഘടനയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ' എന്ന പേരിൽ ഖണ്ഡശയായി തൻ്റെ അഭിപ്രായങ്ങൾ പ്രസിദ്ധീകരിച്ചു. 156 വകുപ്പുകളിൽ ഭരണഘടനയുടെ നക്കൽ രൂപം മാർ ദീവന്നാസിയോസ് അവതരിപ്പിച്ചു. പൂർണ രൂപം പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ഇപ്പോൾ നിലവിൽ ഇരിക്കുന്ന ഭരണഘടനയുമായി 25% പോലും സാമ്യം ആ നക്കൽ രേഖയ്ക്ക് ഇല്ല. മാർ ദീവന്നാസിയോസിൻ്റെ രേഖ പുറത്ത് വന്നതോടു കൂടി ഭരണഘടനാ നിർമ്മാണ കമ്മറ്റിയും ഉത്സുകരായി. സഭാ ഭരണഘടനയ്ക്ക് ഒരു ഡ്രാഫ്റ്റ് എന്ന പേരിൽ നിർമ്മാണ കമ്മറ്റിയുടെ കൺവീനർ ഒ.എം.ചെറിയാൻ്റെ കവറിംഗ് ലെറ്ററോടുകൂടി പ്രസിദ്ധപ്പെടുത്തി. ഈ ഡ്രാഫ്റ്റും പൂർണമായി പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ തന്നെ ഈ ഡ്രാഫ്റ്റിൻ്റെ പരിഷ്കരിച്ച രൂപമാണ് 1934 ൽ പാസാക്കിയ സഭാ ഭരണഘടനയ്ക്കുള്ളതെന്ന് വ്യക്തമാണ്.
രണ്ട് ഡ്രാഫ്റ്റുകൾ പുറത്ത് വന്നിട്ടും ഇരു വിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. 'അയയുന്ന മട്ട് കാണുന്നില്ല' എന്നൊരു ഡയറിക്കുറിപ്പിൽ കാണുന്നുണ്ട്. മാർ ദീവന്നാസിയോസ് 1934 ഫെബ്രുവരിയിൽ കാലം ചെയ്തു. തുടർന്ന് മാർച്ചിൽ ഭരണഘടനാ നിർമ്മാണം അജണ്ടയാക്കി മലങ്കര അസോസിയേഷൻ കൂടുവാൻ തീരുമാനിച്ചു. എന്നാൽ സാധിക്കുമെങ്കിൽ ഇരുപക്ഷവും (ബാവാ കക്ഷി/ മെത്രാൻ കക്ഷി) തമ്മിൽ സന്ധി ഉണ്ടാകണമെന്ന് താൽപര്യമുണ്ടാകുകയും അസോസിയേഷൻ നീട്ടി വയ്ക്കുകയും ചെയ്തു. തുടർന്ന് കാതോലിക്കോസ് ബസേലിയോസ് ഗീവറുഗീസ് ദ്വിതിയൻ ഹോംസിൽ പോയി പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം പ്രഥമനെ സന്ദർശിച്ച് ചർച്ചകൾ നടത്തി; ചർച്ച ഫലപ്രദമായില്ല. തുടർന്ന് 1934 ഡിസംബറിൽ അസോസിയേഷൻ കൂടുകയും ഭരണഘടന പാസാക്കുകയും ചെയ്തു. ഒ.എം.ചെറിയാൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡ്രാഫ്റ്റ് ഭരണഘടനയിൽ ചെറിയ മാറ്റങ്ങൾ വരുത്തി പാസാക്കുകയായിരുന്നു. വട്ടശേരിൽ മാർ ദീവന്നാസിയോസ് മുന്നോട്ട് വച്ച ഡ്രാഫ്റ്റുമായി പാസാക്കിയ ഭരണഘടനയ്ക്ക് ബന്ധം ഉണ്ടായിരുന്നില്ല. ഈ വസ്തുത മനസിലാക്കാതെയാണ് ഭരണഘടനയുടെ ശിൽപ്പി സ്ഥാനം വട്ടശേരിൽ മാർ ദീവന്നാസിയോസിൽ ആരോപിക്കുന്നത്. അത് ചരിത്രപരമായി നിലനിൽക്കുന്നതല്ല.
രണ്ടാമത്, അദ്ദേഹം പറയുന്നു 1958 ലെ സുപ്രീം കോടതി വിധിയിൽ ഭരണഘടനയുടെ ജനാധിപത്യ സ്വഭാവത്തെ പ്രകീർത്തിക്കുന്നുണ്ടെന്ന്. വാചകവും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. സുപ്രീം കോടതി വിധികൾ പബ്ലിക്ക് ഡോക്യുമെൻ്റാണല്ലോ. 1958 ലെ വിധി ആദ്യ കമൻ്റിലെ ലിങ്കിൽ ലഭ്യമാണ്. ഇപ്രകാരമുള്ള ഒരു വാചകമോ ഒരു അഭിപ്രായമോ വിധിപ്പകർപ്പിൽ കാണുന്നില്ല. സഭാ ഭരണഘടനയുടെ ജനാധിപത്യ സ്വഭാവമൊന്നും 1958-ൽ പരിഗണനാ വിഷയമേ ആയിരുന്നില്ല. ഭരണഘടന പാസാക്കുവാനായി കൂടിയ അസോസിയേഷൻ സാധുവാണെന്നു മാത്രമാണ് 1958-ൽ സുപ്രീം കോടതി വിധിച്ചത്. ഭരണഘടനയുടെ പ്രയോഗക്ഷമതയും സാധുതയും 1995 - ലാണ് സുപ്രീം കോടതി പരിഗണിച്ചു. വസ്തുതകൾ ഇതായിരിക്കെ സഭാ ഭരണഘടന കണ്ട് 1958ൽ ജഡ്ജിമാർ അമ്പരന്നു തുടങ്ങിയ പ്രസ്താവനകൾ വസ്തുതാപരമല്ല; കേൾവിക്കാരെ പുളകിതരാക്കാൻ ഉപകരിക്കും എന്നതിനപ്പുറമായി ഇത്തരം പ്രസ്താവനകൾ കൊണ്ട് ഒരു പ്രയോജനവുമില്ല.
ചുരുക്കത്തിൽ, ശ്രീ. അലക്സാണ്ടർ ജേക്കബ് നടത്തിയ രണ്ട് പ്രസ്താവനകളും അബദ്ധങ്ങളാണ്. ചരിത്രപരമായോ വസ്തുതാപരമായോ നിലനിൽക്കുന്നതല്ല. ഇത് അവഗണിക്കാമെന്നു കരുതിയാൽ കൃത്യമായ ഇടവേളകളിൽ വീണ്ടും പ്രസംഗത്തിൻ്റെ വീഡിയോ ക്ലിപ്പുകൾ ഉയർന്നു വരുന്നുത് ഒരു സഭാചരിത്ര പഠിതാവ് എന്ന നിലയിൽ വല്ലാതെ അലോസരമുണ്ടാക്കുന്നു.
സത്യം മനസിലാക്കാൻ ആഗ്രഹിക്കുന്ന ജനങ്ങൾക്കായി ഇത് സമർപ്പിക്കുന്നു. കൈയ്യടികൾ അല്ല; സത്യമാണ് വലുത്. അതാണ് നിലനിൽക്കേണ്ടത്.

No comments:

Post a Comment