അനുഭവങ്ങളുടെ തീച്ചൂള മറിയത്തെ കൂടുതൽ ശാന്തയാക്കുകയായിരുന്നു, കൂടുതൽ ധ്യാനനിരതയാക്കുകയായിരുന്നു. സാബത് നിരന്തരം ലംഘിച്ച്, നിയമങ്ങൾ മനുഷ്യനു വേണ്ടിയാണെന്നു വിളിച്ച് പറഞ്ഞു, പല വ്യവസ്ഥിതികളോടും തുടർച്ചയായി പോരാടിയ ആ മകൻ രൂപപ്പെട്ടത് മറിയത്തിൻ്റെ നിശബ്ദ നെടുവീർപ്പുകളുടെയും പ്രതിസന്ധികളുടെയും നടുവിലാണ്.
മറിയം നേരിട്ട പ്രതിസന്ധികൾ എത്രയധികമാണ്? അത് നസറേത്തിലൂടെയും ബേതലഹേമിലൂടെയും കടന്ന് കാൽവറിയോളം തുടർന്നു. ഒരു അഭയാർഥിയെപ്പോലെ തൻ്റെ മകന് ആരുടെയോ തൊഴുത്തിൽ ജന്മം നൽകുക, കുഞ്ഞിനെയും ചേർത്ത് പിടിച്ച് വാളിൻ്റെ മുന്നിൽ നിന്ന് കാതങ്ങൾ അപ്പുറത്തേക്ക് ഓടിപ്പോവുക തുടങ്ങി ഭ്രാന്തനായ നസറത്തുകാരൻ്റെ അമ്മയെന്നു കേൾക്കേണ്ടി വരിക. എങ്കിലും മറിയം തൻ്റെ നിയോഗത്തെ അവിശ്വസിച്ചില്ല. മകനോടൊപ്പം നിശബ്ദയായി ചരിത്രത്തിലേക്കു നടന്നു കയറി.
ശംഖ് കടലിനെ ഉള്ളിലൊതുക്കുന്നു എന്നത് ഒരു സങ്കല്പമാണ്. അങ്ങനെ നോക്കിയാൽ മറിയവും ഒരു ശംഖാണ്. തലമുറകൾക്കും സഹസ്രാബ്ദങ്ങൾക്കും തടഞ്ഞു നിർത്താൻ സാധിക്കാതെ പോയ നസറേത്തിലെ തച്ചനെന്ന മഹാസമുദ്രമടങ്ങിയത് വിമലകന്യകയെന്ന ചെറിയ ശംഖിലാണ്.
മാതൃസ്മരണ തന്നെ വരദായകമാണ്, ഉത്തേജിപ്പിക്കുന്നതാണ്; അതിജീവന ഔഷധമാണ്...
No comments:
Post a Comment