Friday 2 July 2021

വീണ്ടുമൊരു തോറാന / ഡെറിൻ രാജു


തോറാനയെന്നത് പ്രകൃതി പോലും മറന്നു എന്നു തോന്നിപ്പോകുന്ന ഒരു കാലാവസ്ഥയിലാണ്, ഒരു മഴനിഴൽ കാലത്തിലാണ് ഇത്തവണത്തെ തോറാന പെരുന്നാൾ കടന്നു വരുന്നത്. ഓർമ്മ/അനുസ്മരണം എന്നതിൻ്റെ സുറിയാനി പദമായ ദുക്റാനാ (പാശ്ചാത്യ സുറിയാനിയിൽ ദുക്റോനൊ) യുടെ മലയാള തദ്ഭവമാണ് തോറാന. ക്രിസ്തുശിഷ്യനായ തോമാശ്ലീഹായെ അനുസ്മരിക്കുന്ന ജൂലൈ 3 -ൻ്റെ ദിവസം. പഴയ സുറിയാനിക്കണക്കിൽ കർക്കിടകം മൂന്ന്.
ഇടിച്ചു കുത്തിപ്പെയ്യുന്ന മഴയാണ് തോറാനക്കാലത്തിൻ്റെ പ്രത്യേകത. 'തോറാന പെരുമഴ' എന്നും 'തോറാനയ്ക്ക് ആറാന' യെ ഒഴുക്കാൻ തക്ക നീരൊഴുക്ക് നദികളിൽ ഉണ്ടാകുമെന്നുമൊക്കെയുള്ള ശൈലികൾ ആ ഓർമ്മയെ മലയാളത്തോട് ചേർത്തു നിർത്തി. മലയാണ്മയോട് ആ ഓർമ്മ അത്രത്തോളം ഇഴകി ചേർന്നിരുന്നു. തോമായുടെ ഈ ഉത്സവം പ്രധാനമായതെന്നു ഹെർമ്മൻ ഗുണ്ടർട്ട് തൻ്റെ 'കേരളപഴമ' (1868) യിൽ എഴുതി.
പോർച്ചുഗീസുകാരുടെ വരവിനു മുമ്പ് തോമായുടെ രക്തസാക്ഷിത്വ ദിനമായി നസ്രാണികൾ ആചരിച്ചു വന്നത് കർക്കിടകത്തിലായിരുന്നു എന്നതിനു ധാരാളം തെളിവുകളുണ്ട്. എന്നാൽ പിൽക്കാലത്ത് ഡിസംബർ 21 എന്ന ലത്തീൻ തീയതി മുന്നോട്ട് കയറി വരികയും നസ്രാണികളുടെ പരമ്പരാഗത തീയതിയായ കർക്കിടകത്തിലെ തോറാന ദിനം ഒരസ്ഥി മാറ്റ കഥയിൽ തളച്ചിടുകയും ചെയ്തു. ഉദയംപേരൂർ (1599) സുന്നഹദോസ് മുതൽ ആ ശ്രമം നടന്നിരുന്നു എന്നതിനു തെളിവുകൾ ഉണ്ട്.
സുന്നഹദോസ് നിശ്ചയങ്ങളിലും അത് കാണാവുന്നതാണ്.
ജൂലൈ 3 - നസ്രാണിക്കു അവൻ്റെ അപ്പൻ്റെ ആണ്ട് ദിനമാണ്. എക്കാലവും നിലനിൽക്കേണ്ടതും അനുസ്മരിക്കേണ്ടതുമായ ഒരു ദിവസം. ബഥാന്യയിലേക്ക് പോകുവാൻ ഭയപ്പെട്ടിരുന്ന തൻ്റെ സഖാക്കളെ മരിക്കേണ്ടിവന്നാലും തൻ്റെ ഗുരുവിനൊപ്പം പോകാമെന്ന് പറഞ്ഞ് ധൈര്യപ്പെടുത്തിയവൻ്റെ ഓർമ്മദിനം. കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത അജ്ഞാതമായ ഒരു ഭൂപ്രദേശത്തേക്ക് വിശ്വാസം മാത്രം കൈമുതലാക്കി കപ്പൽ കയറിവൻ്റെ ഓർമ്മദിനം. ഇരുട്ടിൽ പ്രകാശത്തിൻ്റെ ദീപമവൻ തെളിയിച്ചു എന്ന് ആയിരത്തഞ്ഞൂറ് വർഷം മുമ്പ് ഒരുവൻ രേഖപ്പെടുത്തി. ഇമ്പകരമായ ആ ഓർമ്മയുടെ സൗരഭ്യം നിറയുന്ന പെരുന്നാൾ ദിനം.
തോറാനയ്ക്ക് തോരില്ല എന്ന് പഴമക്കാർ പറഞ്ഞു. ഇന്ന് തോറാനയ്ക്ക് മഴയില്ലെങ്കിലും മാർത്തോമായുടെ ഓർമ്മകൾ ഒരിക്കലും തോരില്ല. അത് പെയ്തൊഴിയാതെ, നിറഞ്ഞ് തുളുമ്പി അനസ്യൂതം ഒഴുകിക്കൊണ്ടിരിക്കും.

No comments:

Post a Comment

കുരിശ് സംസാരിക്കുന്നത് സ്നേഹം | ഡെറിന്‍ രാജു

രണ്ടായിരം വർഷങ്ങൾക്കപ്പുറം ജറുശലേമിൻ്റെ വെളിമ്പ്രദേശത്ത് നാട്ടിയ കുരിശ് സംസാരിച്ചതും ഇന്നും സംസാരിക്കുന്നതും സ്നേഹമാണ്. രാജ്യമില്ലാത്ത രാജാവ...