ദൈവം ഓരോ നിമിഷവും അവൻ്റെ രൂപം മാറുന്നു. അവൻ്റെ എല്ലാ വേഷത്തിലും അവനെ തിരിച്ചറിയാൻ കഴിയുന്ന മനുഷ്യൻ ഭാഗ്യവാനാണ് എന്നെഴുതിയത് കസാൻദ്സാക്കീസാണ്. ദൈവത്തെ തിരിച്ചറിയുക എന്നതു പോലെയോ അതിനപ്പുറമോ പ്രധാനപ്പെട്ടയൊന്നാണ് അവൻ നൽകുന്ന ബോധ്യങ്ങളെ മനസിലാക്കുക എന്നത്. കാലത്തിൻ്റെ അടയാളങ്ങൾ തിരിച്ചറിയാൻ നമുക്ക് സാധിക്കാതെ വരുമ്പോഴാണ് പ്രതിസന്ധികൾ സൃഷ്ടിക്കപ്പെടുന്നത്.
ക്രിസ്തു ജറുസലേമിനെ നോക്കി വിലപിച്ചു കൊണ്ട് ചോദിക്കുന്നുണ്ടല്ലോ
ആ ആത്മഗതം ഒരു വിലാപത്തിനപ്പുറം തൻ്റെ നിസഹായാവസ്ഥയുടെ ഒരു പ്രകാശനം കൂടി ആയിരുന്നല്ലോ. മൂന്നര വർഷക്കാലത്തെ തൻ്റെ വാക്കിനും പ്രവർത്തികൾക്കും അവരുടെ ചിന്തകളെ മാറ്റാൻ സാധിച്ചില്ല എന്നതിൽ നിന്നുണ്ടായ പ്രരോദനം. എന്നാൽ ആ വിലാപത്തിനും അവരുടെ ഹൃദയകാഠിന്യത്തെ ഇല്ലാതാക്കാനായില്ല. കല്ല് കല്ലിൻമേൽ ശേഷിക്കാതെ നശിക്കുന്നതുവരെ അത് തുടർന്നു. സംഹാരകൻ സകലവും സംഹരിക്കുന്നതു വരെ ഫറവോയുടെ ഹൃദയം കഠിനമായിരുന്നു! ആർക്കും മറുത്തു നിൽക്കുവാൻ സാധിക്കാത്തത് സംഭവിക്കുന്നതു വരെ നമുക്ക് കാത്തു നിൽക്കണോ?
താലന്ത് കുഴിച്ചിട്ട ഒരു ദാസൻ്റെ കഥ ക്രിസ്തു പറയുന്നുണ്ടല്ലോ! പ്രവർത്തിക്കാവുന്നവ ചെയ്യാതെ പോയ ഒരു മനുഷ്യൻ. യജമാനനെ ഭയന്ന് തന്നെ ഏൽപ്പിച്ച നാണയം മണ്ണിൽ കുഴിച്ചിട്ട ഒരുവൻ. അവന് ആ യജമാനൻ കൽപ്പിക്കുന്ന ഓഹരി പുറത്തെ അന്ധകാരത്തിലാണ്. ആർക്കും പ്രവർത്തിക്കാൻ സാധിക്കാത്ത ദിവസം വരും എന്നു പറഞ്ഞതും ക്രിസ്തുവാണ് . പ്രവർത്തിക്കാൻ സാധിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കാൻ സാധിക്കുന്ന സമയത്ത് ചെയ്യണം. അതിനു സാധിക്കുന്നില്ലായെങ്കിൽ നമ്മൾ താലന്ത് കുഴിച്ചിട്ട ആ ദാസനു തുല്യരാവുകയാണ്.
ബേതലഹേമിലെ ശിശു മുന്നോട്ട് വയ്ക്കുന്ന ഏറ്റവും വലിയ സന്ദേശങ്ങളിൽ ഒന്നും സമാധാനമാണ്. അവൻ ഇരുപക്ഷത്തെയും ഒന്നാക്കിയ നമ്മുടെ സമാധാനമെന്ന് എഴുതിയത് പൗലോസാണ്. നസറായൻ ആ മലമുകളിൽ വിളിച്ചു പറഞ്ഞതും സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാൻമാർ; അവർ ദൈവത്തിൻ്റെ പുത്രൻമാരെന്നു വിളിക്കപ്പെടുമെന്നാണല്ലോ!
ഡെറിൻ രാജു
05-12-2024
No comments:
Post a Comment