കക്കാടിൻ്റെ 'വഴി വെട്ടുന്നവരോട്' എന്നൊരു കവിതയുണ്ട്:
Thursday, 15 May 2025
പലകാലം തപസ്സുചെയ്ത് പല പീഡകളേല്ക്കേണം...''
Tuesday, 6 May 2025
മലങ്കരയുടെ പുണ്യാളച്ചനും വ്യാളി കഥയും : ചില അനുബന്ധങ്ങൾ | ഡെറിൻ രാജു
നസ്രാണികൾക്ക് ഒരുപാട് പരിശുദ്ധൻമാരുണ്ടെങ്കിലും അതിൽ പുണ്യാളച്ചനു സവിശേഷസ്ഥാനമുണ്ട്. മദ്ധ്യപൗരസ്ത്യ ദേശത്ത് ജനിച്ച് വളർന്ന് 1700 വർഷങ്ങൾക്കു മുമ്പ് കൊല ചെയ്യപ്പെട്ട ഗീവറുഗീസ് എന്ന യുവാവ് നസ്രാണികൾക്ക് എപ്പോഴും വിളിച്ചുറപ്പിക്കുന്ന ഒരു സാന്നിധ്യബോധമാണ്. വിളിച്ചാൽ വിളിപ്പുറത്തെന്ന സാമാന്യ വാചകത്തിനപ്പുറം സഹദ ഒരു ധൈര്യമാണ്. നസ്രാണികളുടെ പെരുന്നാളുടെ പൊലിമയിലും ആഘോഷത്തിലും പരിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനു പകിട്ടും ഏറെയാണ്.
എന്നാണ് ഗീവറുഗീസ് സഹദായുടെ രക്തസാക്ഷിത്വം എന്നതിനു കൃത്യമായ രേഖകൾ ഇല്ല. ഡയോക്ലീഷ്യൻ്റെ പീഡയുടെ സമയത്താണ് എന്നത് ഭൂരിഭാഗം പേരും സമ്മതിക്കുന്ന വസ്തുതയാണ്. കൃത്യമായ ചരിത്ര രേഖകളുടെ അഭാവമെന്ന കാരണം പറഞ്ഞാണ് പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തിന്റെ പേരും പെരുന്നാളും വിശുദ്ധന്മാരുടെ പട്ടികയിൽ നിന്ന് 1969-ൽ നീക്കിയത്. എങ്കിലും നസ്രാണികളെ അത്തരം പേരു നീക്കലുകളൊന്നും അശേഷം സ്വാധീനിച്ചിട്ടില്ല. ചരിത്രത്തിൽ കാണുന്ന ഒരു തീയതി 303 ഏപ്രിൽ 23/24 എന്നതാണ്. എന്നാൽ ഈ തീയതി പറയാനുളള കാരണം ഡയോക്ലീഷന്റെ ക്രൈസ്തവ പീഡയുടെ രണ്ടാം ഘട്ടം അവസാനിച്ച തീയതിയായി ആ ദിവസം പരിഗണിക്കുന്നതു കൊണ്ടാണ്. അതിനും 16 ദിവസം കഴിഞ്ഞാണ് രണ്ടാം പ്രാവശ്യം അഗ്നി വന്ന് നശിപ്പിക്കുന്നത്. ആ ദിവസം (ഏപ്രിൽ 24) അദ്ദേഹം 11 പേരെ വധിക്കുന്നുണ്ട്. അതിൽ ഒരാൾ ഗീവറുഗീസ് സഹദ എന്ന നിലയിലാണ് 303 ഏപ്രിൽ എന്ന തീയതി കാണുന്നത്. കൃത്യമായ തീയതി ആദിമ സഹദേൻമാരുടെ ഒന്നും കാര്യത്തിൽ കണ്ടെത്താനും സാധിക്കുകയില്ല.
ഗീവറുഗീസ് സഹദായുടെ ചരിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പഴയ രേഖകളിൽ ഒന്ന് അഞ്ചാം നൂറ്റാണ്ടിൽ ഗ്രീക്കിൽ എഴുതപ്പെട്ട ഒരു ചരിത്രമാണ്. അത് നഷ്ടപ്പെട്ടു പോയി. എന്നാൽ അതിന്റെ സുറിയാനി (AD 600)- ലത്തീൻ പരിഭാഷകൾ (8-9 നൂറ്റാണ്ടുകൾ) നിലനിന്നു. അതിന്റെ ഇംഗ്ലീഷ് പരിഭാഷയെ അവലംബിച്ചുള്ള മലയാളം പരിഭാഷയാണ് നമ്മുടെ ഇടയിൽ പ്രചരിക്കുന്ന ഗീവറുഗീസ് സഹദായുടെ ജീവചരിത്രങ്ങളിൽ പ്രധാനം. നമ്മുടെ പെങ്കിസയിലും പ്രുമിയോനുകളിലും പാട്ടുകളിലും ഒക്കെ കാണുന്ന ആശയങ്ങളിൽ ബഹുഭൂരിഭാഗവും ഈ പഴയ പുസ്തകത്തിൽ നിന്നു തന്നെയാണ്. ഏഴര വർഷം ഗീവറുഗീസിനെ പീഡിപ്പിച്ചു. 72 (പന്തീരാറു) വിധികർത്താക്കൾ വിസ്തരിച്ചു. 3 തവണ മരിച്ച ശേഷം ഉയിർത്തു. നാലാം തവണ വാളിനിരയായി മരിച്ചു. അലക്സന്ത്രിയ രാജ്ഞിയെ വിശ്വാസിയാക്കി തുടങ്ങിയ ആശയങ്ങൾ എല്ലാം ആ പുസ്തകത്തിൽ നിന്നാണ്.
ഗീവറുഗീസ് സഹദായുടെ അനുസ്മരണത്തിലും ചിത്രങ്ങളിലുമൊക്കെ പാമ്പിനെ നിഗ്രഹിക്കുന്ന ചിത്രമാണ് തെളിഞ്ഞു വരുന്നത്. എന്നാൽ ഈ കഥ ആദിമ ചരിത്രത്തിൽ കണ്ടെത്താൻ സാധിക്കുന്ന ഒന്നല്ല. മേൽപ്പറഞ്ഞ ജീവചരിത്രത്തിലും വ്യാളീനിഗ്രഹത്തിൻ്റെ കഥ ഇല്ലായെന്നതാണ് കൗതുകകരം. 11-ാം നൂറ്റാണ്ടിൽ മാത്രമാണ് ഗീവറുഗീസ് സഹദായുടെ ചരിത്രത്തിൽ പാമ്പിന്റെ കഥ കൂടി ചേർന്ന് പറഞ്ഞു തുടങ്ങിയത്. നമ്മുടെ പെങ്കിസായിലെ പാട്ടുകളിലും പാമ്പിന്റെ കഥ കാണുന്നില്ല. മലയാളം പെങ്കീസായിൽ മൂന്നാം മണി കോലോയിൽ കൂക്കോയോ രീതിയിൽ രണ്ടാം ഖണ്ഡത്തിൽ വൻ പാമ്പിനെ നീ നിഹനിച്ചു.. എന്നു കാണുന്നുണ്ട്. എന്നാൽ പാമ്പാക്കുട സുറിയാനി പെങ്കീസായിൽ അങ്ങനെ ഒരു പാട്ട് കാണുന്നില്ല. സന്ധ്യയുടെ പ്രുമിയോനിൽ നീരുറവയിൽ കിടന്ന മഹാസർപ്പത്തെ വധിച്ച് പ്രഭുവിന്റെ മകളെ രക്ഷിക്കുകയും ചെയ്ത ഗീവറുഗീസേ നിനക്കു സമാധാനം എന്നും കാണുന്നുണ്ട്. സുറിയാനിയിൽ അങ്ങനെ ഉണ്ടോ എന്ന് പരിശോധിക്കാൻ സാധിച്ചിട്ടില്ല. പ്രുമിയോനിലും പെങ്കീസായിലും ഒന്നും മറ്റ് ഒരിടത്തും വ്യാളിനശീകരണം കാണുന്നില്ല. അഞ്ചാം നൂറ്റാണ്ടിൽ സുറിയാനിയിൽ എഴുതപ്പെട്ട ഒരു പുസ്തകത്തിൽ ദിദിയാനോസ് രാജാവിനെ വിഷസർപ്പം (ܚܘܝܐ ܓܪܣܐ) എന്നു വിശേഷിപ്പിക്കുന്നുണ്ടെന്നത് ഒരു പഠനമർഹിക്കാവുന്ന വിഷയവുമാണ്.
മേടം 24-നാണോ 23 - നാണോ സഹദായുടെ പെരുന്നാൾ തീയതി എന്നതും ഒരു സംശയമാണ്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ എഴുതിയ ഒരു ലേഖനം കൂടി ഇതോടൊപ്പം ചേർക്കുന്നു.
മേടം നാലോടിരുപതു തന്നിൽ... എന്നാരംഭിച്ചിരുന്ന മാർ ഗീവറുഗീസ് സഹദായുടെ പെരുന്നാൾ ദിവസത്തിലെ ഹൂത്തോമോ പ്രസിദ്ധമായ ഒന്നാണ്. എന്നാൽ കുറച്ച് വർഷങ്ങളായി മേടം മൂന്നോടിരുപതു തന്നിൽ... എന്ന രീതിയാണ് കേൾക്കുന്നത്. ചിലർ പഴയ രീതിയിൽ 'നാലോടിരുപത് ' തന്നെ ഉപയോഗിക്കുന്നു. ഇതിനു പിന്നിലെ കാരണമെന്താണ്?
പാശ്ചാത്യ - പൗരസ്ത്യ സഭകൾ വലിയ സഹദായായി പരിഗണിക്കുന്ന മാർ ഗീവറുഗീസ് സഹദായുടെ പെരുന്നാൾ പൗരസ്ത്യ സുറിയാനിയിൽ നീസാൻ 24 ഉം പാശ്ചാത്യ സുറിയാനിയിൽ നീസാൻ 23 ഉം ആയിരുന്നു.
സുറിയാനി കണക്കിലായപ്പോൾ നീസാൻ മേടമായി. അങ്ങനെ മേടം 23 -ഉം 24 - ഉം സഹദായുടെ പെരുന്നാളായി. അന്ത്യോഖ്യൻ ബന്ധത്തിനു മുമ്പ് മേടം 24 ആയിരുന്നു പെരുന്നാൾ. 18-ാം നൂറ്റാണ്ടിൽ പാശ്ചാത്യ - പൗരസ്ത്യ പ്രതിസന്ധികൾക്കിടയിൽ ഈ രണ്ട് ദിവസവും പെരുന്നാളായി. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനം ആണല്ലോ പൂർണമായി അന്ത്യോഖ്യൻ രീതിയിലേക്ക് മാറിയത്. പിന്നീട് മേടം 23 തന്നെയായി. എങ്കിലും ഔഗേൻ ബാവാ ഹൂത്തോമോ എഴുതിയപ്പോൾ പഴയ രീതിയുടെ സ്വാധീനം കൊണ്ടാകാം മേടം (നീസാൻ ) 24 (ܥܣܪܝܢ ܘܐܪܒܥ ) തന്നെ ഉപയോഗിച്ചു. സി.പി ചാണ്ടി സാറിൻ്റെ സഹായത്തോടെ അത് മേടം 24 (നാലോടിരുപത്) എന്ന് കാവ്യവത്ക്കരിച്ചു.
സുറിയാനി കണക്ക് നോക്കിയാൽ മേടം 23 എന്നത് മെയ് 6 ആണ്. കൊല്ലവർഷം മേടം 23 നോക്കിയാൽ അത് മെയ് 7 or 8 വരും. പുതുപ്പള്ളി, എടത്വ, ഇടപ്പള്ളി (മെയ് 4) പെരുന്നാളുകൾ ഈ സമയത്താണല്ലോ വരുന്നത്. മാർത്തോമാ ഏഴാമൻ സ്ഥാനം പ്രാപിച്ചതും മേടം 24 (05-05-1796) ഗീവറുഗീസ് സഹദായുടെ പെരുന്നാൾ ദിവസമായിരുന്നു.
ഇപ്പോൾ ഏപ്രിൽ 23 ആണ് ഏതാണ്ട് സാർവ്വത്രികമായി അംഗീകരിച്ച തീയതി. ലത്തീൻ രീതിയിൽ ഏപ്രിൽ 23 ആയിരുന്നു നേരത്തെ തന്നെ.
പ്രുമിയോനുകളും ഹൂത്തോമോകളും എന്ന പുതിയ പുസ്തകത്തിൽ മേടം 23 (മൂന്നോടിരുപത്) എന്നതാണ് ഉപയോഗിച്ചിരിക്കുന്നത്. അവസാനം ഇറങ്ങിയ ആണ്ടക്കമുള്ള ഹൂത്തോമോകളിൽ മേടം 24 (നാലോടിരുപത്) എന്ന് തന്നെ തുടരുന്നു. രണ്ട് പുസ്തകത്തിൽ രണ്ട് രീതിയിൽ കിടക്കുന്നതാണ് രണ്ട് രീതിയിൽ ചൊല്ലി കേൾക്കുന്നതിൻ്റെ കാരണം. രണ്ടും ഒരേ തീയതി ആക്കുന്നതാണ് അഭികാമ്യം. ഏപ്രിൽ 23 എന്ന തീയതിയെ സ്വീകരിച്ചിരിക്കുന്ന സ്ഥിതിക്ക് മേടം 23 (മൂന്നോടിരുപത്) എന്നത് സ്വീകരിക്കുകയായിരിക്കും നല്ലത്. അങ്ങനെ ചെയ്യുന്നപക്ഷം ഹൂത്തോമോ പുസ്തകത്തിലെ സുറിയാനിയിൽ ܒܥܣܪܝܢ ܘܐܪܒܥ എന്നത് ܒܥܣܪܝܢ ܘܬܠܬ മാറ്റുന്നതുമാകും ഉചിതം.
പലകാലം തപസ്സുചെയ്ത് പല പീഡകളേല്ക്കേണം...''
കക്കാടിൻ്റെ 'വഴി വെട്ടുന്നവരോട്' എന്നൊരു കവിതയുണ്ട്: ''വഴിവെട്ടാന് പോകുന്നവനോ പല നോവുകള് നോല് ക്കേണം പലകാലം തപസ്സു...
-
(സഭാ ചരിത്രവുമായി ബന്ധപ്പെട്ട പോസ്റ്റാണ്; ആനുകാലിക സഭാതർക്കവുമായി ബന്ധപ്പെട്ടതല്ല) മുൻ അഡീഷണൽ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് വട്ടശേരിൽ മാർ ദീവ...
-
ആരാധനാവര്ഷത്തിലെ ആദ്യ വലിയ പെരുന്നാളിലേക്കു സഭ പ്രവേശിക്കുകയാണല്ലോ. ആരാധനാവര്ഷാടിസ്ഥാനത്തില് തന്നെ ക്രമീകരിക്കപ്പെട്ടിരുക്കുന്ന ആണ്ടുതക്സ...
-
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ്റെ കാലാവധി 5 വർഷമാക്കിയത് 2002 ൽ. കൂട്ടു ട്രസ്റ്റിമാരുടെ കാലാവധി 5 വർഷമാക്കിയത് 2006-ൽ. 25-3 -1996, 5...