ബേതലഹേമോളം ചെന്ന് അവനെ കാണുക എന്നായിരുന്നല്ലോ ആ ഇടയൻമാർ പരസ്പരം പറഞ്ഞത്.
പലപ്പോഴും ചിന്തിച്ചിട്ടുള്ള ഒരു കാര്യമാണ് ഈ ഇടയൻമാരുടെ ഒരു താൽപര്യം. തണുപ്പ് കാലത്ത് തങ്ങളുടെ ആടുകളെ സംരക്ഷിച്ച് പുറത്ത് ഉറങ്ങിയ ഒരു കൂട്ടമാളുകളാണ് ഒരു അറിയിപ്പ് കേട്ടമാത്രയിൽ തങ്ങളുടെ സമ്പാദ്യത്തെ അവിടെ നിർത്തി ബേതലഹേമോളം ചെല്ലുവാൻ തയ്യാറാകുന്നത്. അതിൻ്റെ പ്രധാനകാരണം ആ ദൂതൻമാരുടെ ആഹ്വാനം ആണ്. തങ്ങൾക്കു ഒരു രക്ഷകൻ, ഒരു വീണ്ടെടുപ്പുകാരൻ എത്തിയിരിക്കുന്നു എന്ന വാർത്തയിലെ പുതുമയാണ് ആ ഇടയൻമാരെ അതിനു തയ്യാറാക്കുന്നത്. ആടിനെ കാത്ത് ഈ വെളിമ്പ്രദേശത്ത് കിടക്കുന്ന തങ്ങൾക്കും ഒരു വീണ്ടെടുപ്പ് ഉണ്ടാകുമെന്ന ആഹ്വാനം അത്ര ചെറുതായിരുന്നില്ല.
നമ്മുടെ നസറായൻ്റെ ജനനം എന്തുകൊണ്ടാണ് അത്രമേൽ പ്രധാനമാകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ദൂതൻ പറയുന്നത് ഇന്നു നിങ്ങൾക്കായി രക്ഷിതാവ് ജനിച്ചിരിക്കുന്നു എന്നതാണ്. ആ ജനനം പോലും മറ്റുള്ളവർക്കു വേണ്ടിയായിരുന്നു. ഗലീല മുതൽ കാൽവറി വരെ അവൻ വഹിച്ചത് മറ്റുള്ളവരുടെ നൊമ്പരങ്ങളെ ആയിരുന്നു; ചുമന്നത് മറ്റുളളവരുടെ ചുമടുകളെ ആയിരുന്നു.
നമ്മെ തേടി വന്നവനെ തേടി പോകുന്ന ഒരു യാത്രയാണ് ഓരോ നോമ്പനുഭവങ്ങളും. ബേതലഹേമോളം ചെല്ലാനുള്ള ദൂതൻമാരുടെ ആഹ്വാനം പ്രസക്തമാകുന്നതും അതുകൊണ്ടാണ്. കുന്നിറങ്ങി, താഴ്‌വര പിന്നിട്ട് ആ ഇടയൻമാർക്കൊപ്പം നമുക്കും ഇന്നിറങ്ങാം..
ഡെറിൻ രാജു
യൽദോ നോമ്പാരംഭം, 2025