Thursday 26 September 2024

കുരിശ് സംസാരിക്കുന്നത് സ്നേഹം | ഡെറിന്‍ രാജു

രണ്ടായിരം വർഷങ്ങൾക്കപ്പുറം ജറുശലേമിൻ്റെ വെളിമ്പ്രദേശത്ത് നാട്ടിയ കുരിശ് സംസാരിച്ചതും ഇന്നും സംസാരിക്കുന്നതും സ്നേഹമാണ്. രാജ്യമില്ലാത്ത രാജാവിൻ്റെ, രക്തം ചെരിയാത്ത വിപ്ലവകാരിയുടെ സ്നേഹമതം.

'എൻ്റെ രാജ്യം ഐഹികമല്ല; ആയിരുന്നുവെങ്കിൽ എന്നെ താങ്കളുടെ കൈയ്യിൽ ഏൽപ്പിക്കാതിരിക്കുവാൻ തക്കവിധം എൻ്റെ ഭടൻമാർ പോരാടുമായിരുന്നു ' എന്നവൻ തൻ്റെ വിചാരണമദ്ധ്യേ പറഞ്ഞത് തൻ്റെ പ്രകടനപത്രികയുടെ അവതരണം തന്നെയായിരുന്നു. കുരിശൊരു യാദൃശ്ചികത അല്ലെന്നു തൻ്റെ ശിഷ്യത്വത്തിൻ്റെ മിനിമം യോഗ്യത അവനൊരിക്കൽ പ്രഖ്യാപിച്ചപ്പോൾ ബോധ്യപ്പെട്ടതാണ്. പിന്നീട് ഓരോ ദിനവും കുരിശിലേക്കാണ് അവൻ നടന്നടുത്തത്.
വിട്ടു കൊടുക്കലിൻ്റെയും നിസാരമാകലിൻ്റെയും ചിത്രമാണ് ഗോഗുൽത്തായിലെ കുരിശ് രേഖപ്പെടുത്തുന്നത്. വെറുപ്പ് നിറയുന്ന വർത്തമാനകാലത്തിൽ കുരിശ് സംസാരിക്കുന്നത് വിമോചന സുവിശേഷമാണ്. അന്ത:കരണങ്ങളെ ഉഴുതുമറിച്ച നസറായൻ്റെ ഫിലോസഫിയുടെ പ്രത്യക്ഷ രൂപമാണ് കുരിശ്.
അത്ഭുതം കാണാനും കഥ കേൾക്കാനും ഭക്ഷണം കഴിക്കാനും വന്നു കൂടിയ ബഹുശതം ആളുകൾ കുരിശിൻ്റെ ചുവട്ടിലേക്ക് എത്തിയതായി കാണുന്നില്ല. അവൻ്റെ അമ്മയും തലേന്ന് അവൻ്റെ നെഞ്ചോട് ചാഞ്ഞിരുന്ന സുഹൃത്തും തുടങ്ങി അവനെ അവനായി കണ്ടറിഞ്ഞ ചിലരെ മാത്രമാണ് കുരിശിൻ്റെ മുമ്പിൽ നിൽക്കുന്നതായി കാണുന്നത്. സകലവും ഉപേക്ഷിച്ച് അവനെ പിൻപറ്റിയെന്ന് പറഞ്ഞവൻ, ആരു പോയാലും ഞാൻ നിന്നെ വിട്ട് പോകില്ല എന്ന് പറഞ്ഞവനുൾപ്പെടെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. നമുക്കും കുരിശ് ഒരു അലങ്കാരമോ ഒരു അധികാര ചിഹ്നമോ മാത്രമായി ചുരുങ്ങുകയാണ്. അതിൽ നിന്നുയരുന്ന ശബ്ദം കേൾക്കാൻ അന്നവർക്ക് സാധിച്ചില്ല. ഇന്നു നമുക്കും സാധിക്കുന്നില്ല.
നസറായൻ്റെ മതത്തിൻ്റെ ഭാഷ സ്നേഹമാണെങ്കിൽ അതെഴുതിയ ലിപിയാണ് കുരിശ്. രാജ്യമില്ലാത്ത രാജാവിൻ്റെ ചെങ്കോലാണത്; അത് നമ്മുടെ ധാർമ്മികതയുടെയും മുൻഗണനകളുടെയും ബോധ്യങ്ങളുടെയും മേൽ സ്പന്ദിക്കുന്ന ഒരു ദിശാസൂചിയായി നിലനിൽക്കുകയുമാണ്.

കുരിശിൻ്റെ പെരുന്നാൾ 2024

Sunday 1 September 2024

ഒരു പെൺകുട്ടിയുടെ കരളുറപ്പിൻ്റെ കഥ | ഡെറിൻ രാജു.

ലോകത്തിലെ ഏറ്റവും വലിയ പ്രസംഗപീഠം ഗോഗുൽത്തായിൽ ഒരു രാജദ്രോഹിയായ ലഹളഹേതുവായ വിപ്ലവകാരിയായ ആ യുവാവിനെ തൂക്കിലേറ്റിയ മരമാണെന്ന് പറയാറുണ്ട്. അതിൽ കിടന്ന് അവൻ നടത്തിയ ലഘു പ്രസംഗങ്ങൾ ആധുനിക പ്രഭാഷണകലയുടെ അളവു കോലുകളിൽ ഒതുങ്ങിയാലും ഇല്ലെങ്കിലും കാലാതിവർത്തിയായി എന്നും മനനം ചെയ്യപ്പെടുന്നതാണ്.

അതിലൊന്ന് അവൻ്റെ അമ്മയെ തൻ്റെ സ്നേഹിതനു ഏൽപ്പിച്ചുകൊണ്ട് പറഞ്ഞതാണ്;
''ഇതാ നിൻ്റെ അമ്മ!
ഒരു ദൗത്യ പൂർത്തീകരണത്തിനപ്പുറം ആ ഏൽപ്പിക്കൽ ഒരു മുൻകുറിയാണ്. അവനെ പിൻപറ്റുന്ന അവൻ്റെ സ്നേഹിതർക്ക് എക്കാലത്തേക്കും ഒരു അമ്മമനസാണ് അവൻ ഏൽപ്പിച്ചത്. തങ്ങളുടെ വേദനകളിലും ആകുലതകളിലും ചാരത്തിരിക്കുന്ന, തങ്ങളുടെ പരിഭവങ്ങളെയും പ്രതീക്ഷകളെയും കേട്ട് അടുത്തിരിക്കുന്ന ഒരമ്മ. ബേതലഹേം മുതൽ കാൽവറി വരെ ആ അമ്മ കടന്നു പോയ വേദനകളോടും അണിഞ്ഞ പരിഹാസ കുപ്പായങ്ങളോടുമുള്ള ആ മകൻ്റെ ചെറുത്തു നിൽപ്പു കൂടിയാണ് ഈ ഒരു ഏൽപ്പിക്കൽ. വേറെ ആരും അവകാശം പറഞ്ഞു വരാനില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തിയ ഒരു കൈമാറൽ!
രണ്ടാമത്തെ സ്വർഗമെന്ന് സുറിയാനിക്കാരുടെ ആരാധനയിൽ അവൾ വിശേഷിപ്പിക്കപ്പെട്ടു. മറ്റൊരിടത്തു ഭൗമിക കന്യകയെന്നും! ഒരേ സമയം അവൾ സ്വർഗമാണ്; ഭൗമികയുമാണ്. ഈ ദ്വന്ദ്വ സ്വഭാവം മറിയാമോളം അണിഞ്ഞ മറ്റാരുണ്ട്? അവളിൽ നിന്നുദയം ചെയ്തവൻ ഈ സ്വഭാവങ്ങൾ കലർന്ന് നമ്മുടെ ഇടയിൽ പെരുമാറി. നമ്മുടെ ആകുലതകളിൽ അവൻ പക്ഷം പിടിച്ചു; നമ്മുടെ വേദനകൾ അവൻ്റേതു കൂടിയായി; നമ്മുടെ വിലാപത്തിൽ അവനും കരഞ്ഞു. അവൻ്റെ അമ്മ പറഞ്ഞത് അവൻ ഓർത്തു. അവസാനം വരെ അമ്മയെയും അവൻ ഓർത്തു.
വാഴ്ത്തുപ്പാട്ടുകൾ പറയുന്ന സ്തുതി ചരിതങ്ങൾക്കപ്പുറം മറിയാമിൻ്റെ ചരിത്രം ഒരു വീരചരിതമാണ്. ഒരു പോരാട്ടചരിതമാണ്. ആ വശം കാണാതെ ഒരു ഭാഗ്യാവസ്ഥയെ മാത്രം നമ്മുടെ കവികൾ പരിഗണിക്കുന്നത് വലിയൊരളവിൽ നീതികേടാണ്. തിരഞ്ഞെടുപ്പ് മുതൽ തൻ്റെ വിളിയോട് അനുസരണം കാട്ടിയ തൻ്റെ നിയോഗങ്ങളെ ഒരു തരിപോലും അവിശ്വസിക്കാതിരുന്ന ഒരു പെൺകുട്ടിയുടെ കരളുറപ്പിൻ്റെ കഥ കൂടിയാണത്.

Saturday 31 August 2024

സമാധാനവും പ്രത്യാശയും

സമാധാനത്തോളം നിർമ്മലയായ ആശംസ എന്താണുള്ളത്? അത്രത്തോളം അപരനെ, അവൻ്റെ നിലനിൽപ്പിനെ വിലമതിക്കുന്ന ഏത് മംഗളമരുളലാണുള്ളത്?

നസറേത്തിലെ സാധുബാലികയുടെ അകത്തളത്തിൽ അവളറിയാതെ കടന്നു വന്നവൻ പറഞ്ഞ ആദ്യ വാകൃത്തിലുള്ളതും ഈ ഒരാശംസയാണുള്ളത്.
''നിനക്കു സമാധാനം!''
തുടർന്നു അവൾ കേട്ട സകല വാചകങ്ങളും അവിവാഹിതയായ നിരാലംബയായ ഒരു പെൺകുട്ടിയുടെ അന്തഃകരണത്തെ കറക്കിയെറിയുവാൻ പര്യാപ്തമായിരുന്നതായിരുന്നെങ്കിലും അവൾ ആദ്യം കേട്ട വാക്ക് ഒരു ധൈര്യമായിരുന്നു; ഒരു പ്രത്യാശയായിരുന്നു. മനുഷ്യരാശിയുടെ ആകെ പ്രത്യാശാഭാരമാണ് താൻ വഹിക്കുന്നതെന്ന് യാതൊരു ബോധ്യവുമില്ലാതെയാണ്, ഒരു സമാധാനാശംസയിലും അതിനു ശേഷമവൻ പറഞ്ഞൊരു കൃപയിലും ധൈര്യപ്പെട്ട് അവൾ ഒരു നുകമെടുത്തണിഞ്ഞത്.
സമാധാനവും പ്രത്യാശയും പലപ്പോഴും പൂരകങ്ങളാണ്. ഒന്ന് ഒന്നിനെ പരിപോഷിപ്പിച്ചു കൊണ്ടേയിരിക്കും. ആ പ്രത്യാശയുടെ പുറത്താണ് അവൾ ആ വിരുന്നുശാലയിൽ ആധിപിടിച്ചോടിയവരോട് അവനെന്തെങ്കിലും പറഞ്ഞാൽ അത് ചെയ്യാൻ പറഞ്ഞത്. അവളുടെ മകനും ആ പ്രത്യാശ പകർന്നവനാണ്. രാവ്വേറെ മീൻ കിട്ടാതെ തളർന്നവരോട് ഒരിക്കൽ കൂടി ധൈര്യത്തോടെ വലയെറിയാൻ അവൻ പറഞ്ഞത് ആ പ്രത്യാശയിലാണ്. വിജനഭൂമിയിൽ അയ്യായിരം പേർക്ക് ഭക്ഷണം കണ്ടെത്താൻ അവൻ തൻ്റെ സ്നേഹിതരോട് പറഞ്ഞ ധൈര്യത്തിൻ്റെ പേരും പ്രത്യാശയെന്നാണ്. വലനിറയെ മീൻ കണ്ടവരും വിശപ്പ് മാറുവോളം ഭക്ഷണം കഴിച്ചവരും നേടിയത് ആ പ്രത്യാശയുടെ ഫലമായ സമാധാനമാണ്. ആ സമാധാനവും പ്രത്യാശയും അമ്മ മകനു നൽകി. മകൻ തന്നെ കേട്ടറിഞ്ഞു കൂടെ നടന്നവർക്കും !
ആരെങ്കിലും അവൻ്റെ കല്ലറ വാതിൽക്കൽ നിന്നു കല്ല് മാറ്റിത്തരുമെന്ന വിശ്വാസത്തിൽ സുഗന്ധതൈലമൊരുക്കി അതിരാവിലെ ഇരുട്ടുള്ളപ്പോൾ തന്നെ, കല്ലറയോളം ഓടിയെത്തുവാൻ തക്ക വിധത്തിൽ അവരുടെ പ്രത്യാശ വളരുകയും ചെയ്തു. ആത്യന്തികമായ സമാധാനമായിരുന്നല്ലോ ആ പ്രത്യശയുടെ ഫലവും!
ഡെറിൻ രാജു

Friday 16 August 2024

ചൈതന്യവത്തായ ഒരോർമ്മ

എല്ലാ ചിത്രങ്ങളും കൈകൊണ്ട് വരയ്ക്കുന്നതല്ല!

അകക്കണ്ണുകൊണ്ട് നമ്മൾ വരയ്ക്കുന്ന ചിത്രങ്ങളുണ്ട്.
മറിയാമിനെപ്പറ്റി അത്തരം ചില ചിത്രങ്ങളുണ്ട്. ഒരു സന്ദേശവാഹകൻ അയാൾക്ക് ഒട്ടുമേ പരിചിതമല്ലാത്ത ഒരു വിധേയത്വഭാവത്തിൽ നടത്തുന്ന ഒരു അഭിസംബോധനയിലും ആഹ്വാനത്തിലും പരിഭ്രമിക്കുന്ന ഒരു നിരാലംബയായ ദേവാലയവാസിയായ ഒരു പെൺകുട്ടിയുടെ ചിത്രമാണതിൽ ആദ്യത്തേത്. പിന്നീട്, വഴിയമ്പലങ്ങളിൽ ഇടമില്ലാതെ ഒരു മുറി എവിടെങ്കിലും കണ്ടെത്താൻ പരതുന്ന ഒരു ഗർഭിണിയിൽ തുടങ്ങി വാളിൻ്റെ വായ്ത്തലകൾക്കിടയിലൂടെ ഒരു കുഞ്ഞിനെ മാറോടണച്ചോടുന്ന ഒരമ്മയിൽ തുടർന്ന എത്രയധികം ചിത്രങ്ങളാണ് മറിയാമിനെപ്പറ്റി ഓർക്കുമ്പോൾ നമ്മുടെ മുമ്പിൽ തെളിയുന്നത്? അവസാനം മതനിന്ദയും രാജനിന്ദയും ആരോപിച്ച് കൊല ചെയ്ത ഒരു വിപ്ലവകാരിയുടെ കഴുമരത്തിൻ്റെ ചുവട്ടിൽ നിന്ന ലോകപ്രകാരം ഹതഭാഗ്യയായ അവൻ്റെ അമ്മ.
ആത്മസംഘർഷങ്ങളുടെ കടലാഴങ്ങളിലും അവൾ സ്ഥിരചിത്തയായിരുന്നു. കോട്ടകൾ പോലെ തൻ്റെ മുമ്പിലുയർന്ന പ്രതിസന്ധികളേയും പരിഹാസങ്ങളെയും അവൾ എങ്ങനെയായിരിക്കും അതിജീവിച്ചിട്ടുണ്ടാകുക? ഭ്രാന്തനായ നസറേത്തുകാരൻ്റെ അമ്മയെന്ന ആക്ഷേപം എത്രവട്ടമവൾ കേട്ടിരിക്കാം. എങ്കിലും തൻ്റെ നിയോഗത്തെ അവിശ്വസിക്കാതെ തൻ്റെ വിളിയിൽ നിലനിന്ന ഒരുവൾ. ആ നിലനിൽപ്പിൻ്റെ ഫലമാണ് കാലാതിവർത്തിയായ ആ സ്മരണ. തലമുറകളുടെ പൈദാഹങ്ങളെ അടക്കിയ ഉറവ ഉദയം ചെയ്ത ഭൂമിയാണവൾ. ആ ഓർമ്മ തന്നെ ഒരു ധൈര്യമാണ്; ആനന്ദദായകമായ തെളിനീരു പോലൊരു ഓർമ്മ.
മനസ് ചഞ്ചലമാകുമ്പോൾ, ബോധ്യങ്ങളുലയുമ്പോൾ ഉറപ്പിച്ചു നിർത്തുവാനുള്ള ഒരു കടിഞ്ഞാണാണ് വിമല കന്യകയുടെ ഓർമ്മ. എക്കാലവും നിലനിൽക്കുന്ന ചൈതന്യവത്തായ ഒരോർമ്മ. ആ ജീവിതമപ്പാടെ ഒരു ധ്യാനമായിരുന്നു; പൂർണ അർഥത്തിൽ ഒരു പ്രാർഥനയായിരുന്നു. ഇരുൾ മൂടിയ നമ്മുടെ പാതയോരങ്ങളിൽ വെളിച്ചമേകി തെളിഞ്ഞ് കത്തുന്ന ഒരു വഴിവിളക്കാണത്. കാറ്റിലുലയാത്ത, മഴയിൽ കെടാത്തയൊന്ന്.
ഡെറിൻ രാജു
ആഗസ്റ്റ് 14, 2004

Monday 12 August 2024

പുത്രാഗ്നിയിൽ എരിയാത്തോൾ | ഡെറിൻ രാജു

പുത്രാഗ്നിയിൽ എരിയാത്തോൾ എന്ന് പാശ്ചാത്യ സുറിയാനി ആരാധനാ സാഹിത്യത്തിൽ ഒരു പ്രയോഗമുണ്ട്.

മറിയാമിനെ കുറിച്ചാണ് !
സോമയാഗത്തിനു അഗ്നി സൃഷ്ടിക്കുന്നത് അരണിയുടെ രണ്ട് കട്ടകൾ കടഞ്ഞാണല്ലോ. അഗ്നിയും വിറകും പ്രായോഗികതലത്തിൽ പരസ്പരം രമ്യതയിൽ കഴിയാൻ സാധിക്കാത്തവയായിരിക്കുമ്പോഴും, അഗ്നിക്കു സ്വാഭാവികമായി അരണിയിൽ അടങ്ങുവാൻ സാധിക്കുകയില്ലെങ്കിലും അഗ്നിയെ നൽകുവാൻ അരണിയ്ക്കു സാധിക്കുന്നു. മറിയാമിൻ്റെ ചരിതവും മറ്റെന്താണ്? തൻ്റെ നിർമ്മലതയിൽ, വിധേയത്വത്തിൽ, വിനയത്തിൽ അവളൊരു അഗ്നി സൃഷ്ടിക്കുകയായിരുന്നു. അല്ലെങ്കിൽ അഗ്നി അവളിൽ നിന്നുരുവാകുകയായിരുന്നു.
യാതൊരു പ്രത്യേകതകളോ അസാധാരണത്ത്വമോ അവകാശപ്പെടാനില്ലാത്ത ഒരു ബാലിക നടന്നു കയറിയ ഔന്നത്യവും നിർമ്മിച്ചെടുത്ത ബോധ്യവും താരതമ്യങ്ങൾക്കപ്പുറമാണ്. തൻ്റെ നിഷ്കളങ്കതയിൽ, നിർമ്മലതയിൽ അവൾ നസ്രായനെ വഹിച്ചു ലോകത്തിനു നൽകുമ്പോൾ അവൻ ലോകത്തിൻ്റെ ദാഹം പരിഹരിക്കുവാൻ പര്യാപ്തമാകുന്ന നീർച്ചാലായി പരിണമിക്കുമെന്നവൾ വിചാരിക്കാൻ ഒട്ടുമേ തരമില്ല.
തൻ്റെ സന്തോഷത്തിൽ അവൾ ഒരു പ്രഖ്യാപനം നടത്തുന്നുണ്ട്. ഒരു സോഷ്യലിസ്റ്റ് പ്രഖ്യാപനം! ബലവാൻമാരെ സിംഹാസനങ്ങളിൽ നിന്നിറക്കി വിനീതരെ ഉദ്ധരിക്കുന്ന ഒരു ദിവസത്തെക്കുറിച്ചുള്ള ഒരു വിപ്ലവപ്രഖ്യാപനം. അവിടെയും അവൾ സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും തൻ്റെ വിനീതാവസ്ഥയിൽ തന്നെയാണ്. തൻ്റെ ഭൗതികമായ ഒരു സ്ഥാനമോ നേട്ടമേ അവളെ സ്പർശിക്കുന്നില്ല. അതൊരു തിരഞ്ഞെടുപ്പാണ്.
കഴുകനെ പോറ്റി വളർത്തിയ പ്രാവെന്നവളെ ഒരു കവി വിശേഷിപ്പിക്കുന്നു. കവിതയുടെ അലങ്കാരപരമായ ഒരു പ്രയോഗം എന്നതിനപ്പുറം അത് അവൾ നേരിട്ട പ്രതിസന്ധിയുടെ ഒരു ചിത്രീകരണവുമാണ്. കരുതുവാനും പങ്കുവയ്ക്കുവാനും ആ വിപ്ലവകാരിയായ കഴുകനെ, നസറേത്തിലെ പരോപകാരിയായ ആ യുവാവിനെ ആദ്യം ശീലിപ്പിച്ചതവളാണ്. ആ പാഠമവൻ പഠിച്ചതുകൊണ്ടാണ് വിശന്നവരെ കണ്ടവൻ മനസിലഞ്ഞത്, കരയുന്നവരെ കണ്ടവൻ കരഞ്ഞത്, തന്നെ വേണ്ടവരുടെ മദ്ധ്യത്തിലേക്ക് അക്ഷോഭ്യനായി നടന്നടുത്തത്.
കടലുള്ളിലുറങ്ങിയ ശംഖുപോലൊരുവൾ, ഊഷരഭൂമിൽ പെയ്തിറങ്ങിയ പുതുമഴ പോലൊരുവൾ. ആ ഓർമ്മകൾ തന്നെ സൗരഭ്യദായകമാണ്. കാറ്റിൽ കെടാതെ നയിക്കുന്നൊരു വിളക്കാണ്.
12-08-2024

Thursday 4 July 2024

കർക്കിടകത്തിലെ മഴയും കർക്കിടകത്തിലെ തോറാനയും

എത്രയെഴുതിയാലാണ് തോറാന നിറവാകുന്നത്? കർക്കിടകത്തിലെ മഴയും കർക്കിടകത്തിലെ തോറാനയും പര്യായങ്ങൾ പോലെ മലയാൺമയെ തണുപ്പിച്ച് ഒഴുകിയിട്ട് സഹസ്രാബ്ദങ്ങൾ പിന്നിടുമ്പോഴും ഒരോ മഴയും പുതുമഴയാകുന്ന ഗൃഹാതുര സ്മരണയാണ് ഓരോ തോറാനയും.

നസ്രാണികളെ ക്രിസ്തുമാർഗം പഠിപ്പിച്ച, ക്രിസ്തുവിൽ ജനിപ്പിച്ച തോമായുടെ ചാത്തമാണ്; ഓർമ്മ ദിനമാണ് പഴയ മലയാള കണക്കിൽ കർക്കിടകം 3 - ലെ തോറാന പെരുന്നാൾ. ഓർമ്മയെ കുറിക്കുന്ന ദുക്റാന (ദുക്റോനോ) എന്ന സുറിയാനി വാക്കിൻ്റെ മലയാള തദ്ഭവമാണ് തോറാന എന്നത്. നസ്രാണികളുടെ അപ്പൻ്റെ ആണ്ടാണ് തോറാന.
ഇടമുറിയാതെ ചെയ്യുന്ന മഴ മദ്ധ്യത്തിലായിരുന്നു എക്കാലവും തോറാനപ്പെരുന്നാൾ. തോറാനപ്പെരുമഴയെന്ന് മലയാളി ആ മഴയെ വിളിച്ചു. തോറാനയ്ക്ക് ആറാന ഒഴുകിപ്പോകുമെന്ന് ശൈലിയും ഉണ്ടായി. നസ്രാണികളുടെ ഏറ്റവും വലിയ പെരുന്നാൾ കർക്കിടകത്തിലെ തോമായുടെ ഉത്സവമെന്ന് ഹെർമ്മൻ ഗുണ്ടെർട്ടും എഴുതി.
എന്നാൽ കാലഗതിയിൽ കഴിഞ്ഞ നൂറു കൊല്ലത്തിനടയിൽ നസ്രാണികളുടെ ഈ പരമ്പരാഗത തീയതി ഒരു അസ്ഥി മാറ്റക്കഥയിൽ മുക്കി കൊല്ലുകയും ഡിസംബർ 21 എന്ന ലത്തീൻ തീയതി (പിൽക്കാലത്ത് അവരു പോലും ഉപേക്ഷിച്ച) ആ സ്ഥാനത്ത് കടന്നു വരികയും ചെയ്തു. 1599 - ലെ ഉദയംപേരൂർ സുന്നഹദോസ് മുതൽ ആ തീയതി അടിച്ചേൽപ്പിക്കാൻ ശ്രമം ഉണ്ടായിരുന്നെങ്കിലും അന്നുമുതൽ അതിനോട് എതിർത്ത് പോരാടുകയും ചെയ്തതുകൊണ്ടാണ് ഇന്നും തോറാന നസ്രാണിയ്ക്കു ഒരു ഓർമ്മയായെങ്കിലും നിലനിൽക്കുന്നത്.
പ്രളയത്തിനും മുക്കിത്താഴ്ത്താനാവാത്ത, കൊടുങ്കാറ്റിനും ഊതിക്കെടുത്താനാകാത്ത ബോധ്യമാണ് നസ്രാണികളുടെ തോമാവബോധം. അധീശത്വ വാഴ്ചകൾക്കോ ക്ഷാമങ്ങൾക്കോ ആ ഓർമ്മ കെടുത്താനായിട്ടില്ല. നസ്രായനെ കാണിച്ചു തന്ന, തൊട്ടറിഞ്ഞ, ഒരു ഗലീലക്കാരൻ കാതങ്ങൾക്കിപ്പുറമുള്ള ഒരു ഭൂമികയിലെ മനുഷ്യർക്കു ഒരു വിളക്കുമരമായി, ഒരു പ്രത്യാശാതുറമുഖമായി ഏതാണ്ട് രണ്ടായിരം വർഷങ്ങളായി നിലകൊള്ളുകയാണ്. അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക എന്ന് തൻ്റെ സഖാക്കളെ ധൈര്യപ്പെടുത്തിയവൻ്റെ സ്മരണ തന്നെ ഒരു ധൈര്യമാണ്. അതിനോളം വലിയ ഒരു ധൈര്യപ്പെടുത്തലും ഒരു ശിഷ്യനും ഇക്കാലത്തോളം നടത്തിയിട്ടില്ല.
മഴ പെയ്ത് കഴിഞ്ഞും മരം പെയ്യുന്നതുപോലെ തോറാനപ്പെരുമഴ ഒഴുകിപ്പോയാലും മാർത്തോമായുടെ സ്മരണ ഇടതടവില്ലാതെ ഒഴുകും. ഒഴുകിയൊഴുകി തലമുറകളെ തണുപ്പിച്ച് നസ്രായനിലേക്ക് നയിക്കുന്ന സജീവമായ ഒരു സ്മാരകശിലയായി അത് തെളിഞ്ഞ് പ്രകാശിക്കും.
ഡെറിൻ രാജു
തോറാന, 2024

Tuesday 14 May 2024

കൂദാശകള്‍ എത്ര? | ഡെറിന്‍ രാജു

കൂദാശകൾ ഏഴെണ്ണമാണെന്നത് ഒരു പാശ്ചാത്യ ചിന്തയാണ്. 1545- 1565 വരെ കൂടിയ ട്രെൻ്റ് സുന്നഹദോസാണ് കൂദാശകൾ ഏഴെണ്ണമാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. എന്നാൽ നമ്മെ സംബന്ധിച്ചടത്തോളം ഇപ്രകാരമൊരു ഔദ്യോഗിക ലിസ്റ്റില്ല. 

ബാർ എബ്രായ മ്നാറസ് കുദ്ശെയിൽ മാമ്മോദീസ, മൂറോൻ, പട്ടത്വം, കുർബാന, ശവസംസ്കാരം എന്നിവയെ കൂദാശകളായി പറയുമ്പോൾ സൽഗായിൽ പള്ളി കൂദാശയെക്കൂടി ഉൾപ്പെടുത്തി. അദ്ദേഹമോ മറ്റ് പിതാക്കൻമാരൊ ഏഴ് എന്ന സംഖ്യയ്ക്ക് പ്രാധാന്യം നൽകുന്നില്ല. എന്നാൽ വട്ടശേരിൽ തിരുമേനി മതോപദേശസാരങ്ങളിൽ ഏഴ് കൂദാശകൾ എന്ന് പറയുന്നുണ്ട്. ഭരണഘടനയിൽ നാലാം വകുപ്പിലും ഏഴ് കൂദാശകൾ എന്ന് രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ കുദാശകളെപ്പറ്റി ഒരു സാമാന്യ ധാരണ ഉണ്ടാക്കാൻ ഏഴ് എന്ന സംഖ്യ ഉപകരിക്കും എന്നതിനപ്പുറമായി കുദാശകളുടെ എണ്ണത്തെ ഏഴ് എന്ന് പരിമിതപ്പെടുത്തുന്നത് നമ്മുടെ പാരമ്പര്യമല്ല. ഏഴെണ്ണമായി പരിമിതപ്പെടുത്തിയാൽ പള്ളി കൂദാശയും മൂറോൻ കൂദാശയും സൈത്ത് കൂദാശയും ഒക്കെ കൂദാശയല്ലാതാകുമല്ലോ !!

മാമ്മോദീസായെ ചരിത്രപരമായി പരിഗണിച്ചാൽ അതിൽ അവസാനം കൂട്ടിച്ചേർത്ത ഒന്നാണ് മുങ്ങിയശേഷമുള്ള അഭിഷേകം (post baptismal anointing). ആദ്യം അഭിഷേകം മുങ്ങലിനു മുമ്പ് മാത്രമായിരുന്നു എന്നതിന് രണ്ടാം നൂറ്റാണ്ട് മുതൽ എങ്കിലും രേഖകൾ ഉണ്ട്. നാലാം നൂറ്റാണ്ടിൽ എണ്ണ കൂടാതെയുള്ള മുദ്രണവും ആരംഭിച്ചു. വളരെ മുമ്പ് തന്നെ മൂറോൻ കുദാശയുടെ ക്രമം ഉണ്ടായിരുന്നു എങ്കിലും 8-ാം നൂറ്റാണ്ടിനു ശേഷം മാത്രമാണ് രണ്ട് അഭിഷേകങ്ങൾക്കും (pre baptismal anointing and post baptismal anointing) രണ്ട് എണ്ണകൾ ഉപയോഗിച്ച് തുടങ്ങിയത്. ഇന്ന് മൂറോനഭിഷേകം മാമ്മോദീസായുടെ അവിഭാജ്യ ഘടകമാണ്. 

മാമ്മോദീസായിൽ നിന്ന് മാറിയ ഒരു കൂദാശയാണ് മൂറോനഭിഷേകം എന്നത് ഒരു തെറ്റിദ്ധാരണയാണ്. ചില പാശ്ചാത്യ സഭകളിൽ മാമ്മോദീസായും സ്ഥിരികരണവും (Confirmation) രണ്ടായി നടത്തുന്ന ചിന്തയിൽ നിന്ന് ഉണ്ടായതാകാം. എല്ലാ പൗരസ്ത്യ സഭകളും നമ്മളും മാമ്മോദീസായുടെ അവിഭാജ്യഘടകമായി മാത്രമാണ് മൂറോനഭിഷേകമായി കണക്കാക്കുന്നത്; വിഭിന്നമായ ഒരു കൂദാശയായിട്ടല്ല.


For more information pls refer

a) Baptism and Chrismation in the Syriac Tradition: Fr Dr. B Varghese 

b) മാമ്മോദീസാ ക്രമം: അനുഷ്ഠാനങ്ങളും വ്യാഖ്യാനങ്ങളും ചേർത്തത്: ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്.

c) മലങ്കര ഓർത്തഡോക്‌സ് സഭാ വിജ്ഞാനകോശം.

കുരിശ് സംസാരിക്കുന്നത് സ്നേഹം | ഡെറിന്‍ രാജു

രണ്ടായിരം വർഷങ്ങൾക്കപ്പുറം ജറുശലേമിൻ്റെ വെളിമ്പ്രദേശത്ത് നാട്ടിയ കുരിശ് സംസാരിച്ചതും ഇന്നും സംസാരിക്കുന്നതും സ്നേഹമാണ്. രാജ്യമില്ലാത്ത രാജാവ...