നസറായൻ തൻ്റെ ആസന്നമായ മരണത്തിൻ്റെ തലേന്ന് തന്നോടൊപ്പമുണ്ടായിരുന്നവരെ തൻ്റെ ഓർമ്മയ്ക്കായി ഒരു അനുസ്മരണവും ശിഷ്യത്വത്തിൻ്റെ വിളി ശുശ്രൂഷയുടെ അനുഭവമാണെന്ന് അവരെ ബോധ്യപ്പെടുത്താൻ ഒരു പ്രവൃത്തിയും കാണിച്ച് അവരെ ഭരമേൽപ്പിച്ച പുതിയ നിയമത്തിൻ്റെ അനുസ്മരണത്തിൽ ഇന്ന് പെസഹായാണ്.
യഹൂദ പെസഹായെ ആചരിച്ചുകൊണ്ട് അവൻ ആ പെസഹായെ പുതിയ പെസഹായിൽ കലർത്തുകയും പഴയ വലിയ പെരുന്നാളിനെ പുതിയ പെരുന്നാളിൽ ചേർക്കുകയും ചെയ്തു എന്നു സുറിയാനി ആരാധനാക്രമങ്ങളിൽ പല തവണ പരാമർശിക്കുന്നു.
പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിൽ അന്നത്തെ സുവിശേഷ ഭാഗങ്ങളിൽ കൂടുതലും കാണുന്ന ആശയം അവൻ ഏൽപ്പിച്ച കുർബാനയെന്ന അനുസ്മരണമാണ്. എന്നാൽ പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ കുർബാനയുടെ സുവിശേഷഭാഗം തന്നെ അവൻ അവരെ താഴ്മ പഠിപ്പിക്കാൻ ചെയ്ത പ്രവൃത്തിയാണ്. അപ്പം മുറിക്കലോളം ഓർക്കപ്പെടേണ്ടതാണ് വിനയപ്പെടുക എന്ന് ഓരോ പെസഹായും നമ്മെ ഓർമ്മപ്പെടുത്തുന്നു.
ആ രാത്രിയിൽ തൻ്റെ ശരീര -രക്തങ്ങൾ തൻ്റെ ഓർമ്മയ്ക്കായി അവരെ ഏൽപ്പിക്കുവാൻ അവൻ ആഗ്രഹിച്ച് ഒരുങ്ങി വന്നതാണ്. എന്നാൽ ആ കാൽകഴുകൽ അവൻ അവൻ ഒരുങ്ങി വന്ന ഒന്നല്ല; താൻ ആഗ്രഹിച്ച് വന്ന സന്ദർഭത്തിൽ മുഖ്യ കസേരയ്ക്കായുള്ള അവരുടെ തർക്കം കണ്ട് അവൻ അത് ചെയ്യുകയായിരുന്നു. മൂന്നര വർഷക്കാലം താൻ കാണിച്ചു കൊടുത്തതും പഠിപ്പിച്ചു കൊടുത്തതും ഈ അവസാന നിമിഷവും അവർക്ക് ബോധ്യപ്പെട്ടില്ലായെന്ന ഹൃദയവേദനയോടെയാണ് അവൻ പാത്രത്തിൽ വെള്ളമെടുത്ത്, അരയിൽ ഒരു തൂവാല കെട്ടി ശിഷ്യരുടെ മുമ്പാകെ കുനിഞ്ഞ് അവരുടെ പാദങ്ങൾ കഴുകിയത്. അരയിൽ തൂവാല കെട്ടി തൻ്റെ ശിഷ്യരുടെ, അവൻ്റെ ഭാഷയിൽ അവൻ്റെ സ്നേഹിതരുടെ കാൽ കഴുകിയവനെ കണ്ട് അഗ്നിമയൻമാർ പോലും പരിഭ്രമിച്ചു എന്നു കവി സങ്കല്പം.
പെസഹായുടെ സന്ദേശവും അവൻ്റെ ഈ വിനയപ്പെടലാണ്. വിനയം നിങ്ങളുടെ കിരീടമാകട്ടെ എന്ന് ടാഗോർ എഴുതിയിട്ടുണ്ട്. നസറായൻ ഇന്ന് അക്ഷരാർഥത്തിൽ കാണിച്ചു തന്നതും അത് തന്നെയാണ്. അത് അത്ര എളുപ്പമല്ല. അപ്പം മുറിക്കലിലും പ്രയാസമാണത്. കാൽ കഴുകലിനു ശേഷമാണവൻ അപ്പം മുറിക്കലിലേക്ക് കടന്നതു തന്നെ. പെസഹായുടെ സന്ദേശവും അത് തന്നെ.
ഡെറിൻ രാജു
പെസഹ, 2025
No comments:
Post a Comment