ഉയിർപ്പ് അനുസ്മരിക്കുമ്പോൾ എപ്പോഴും മനസിലേക്ക് വരുന്നത് മൂന്നു സ്ത്രീകളെയാണ്.
തങ്ങളുടെ ഗുരുവിൻ്റെ ഭൗതികശരീരത്തിൽ സുഗന്ധവർഗങ്ങൾ ഇടാൻ അതിരാവിലെ ഇരുട്ടുള്ളപ്പോൾ കല്ലറ ലക്ഷ്യമാക്കി ഇറങ്ങിയവർ. ഓർമ്മകളുടെ പരിമളത്തിനൊപ്പം സങ്കടക്കടലുള്ളിലൊതുക്കി ഇറങ്ങിയ ഒരു സംഘം. അവർ ഗലീലയിൽ നിന്ന് അവനെ പിൻപറ്റിയവരായിരുന്നു എന്നാണ് ഒരു സുവിശേഷകൻ രേഖപ്പെടുതുന്നത്. അവരുടെ ആ നിമിഷത്തെ പ്രധാന ചിന്ത തങ്ങൾക്കായി ആ കല്ലറയുടെ വാതിൽ ആര് മാറ്റിത്തരുമെന്നതാണ്? ഒരു പാത്രത്തിൽ അവനോടൊപ്പം ഭക്ഷിച്ചിരുന്നവർ, ആര് ഇടറിയാലും ഞാൻ കൂടെ നിൽക്കുമെന്ന് പറഞ്ഞവനുൾപ്പെടെ, തൻ്റെ സിംഹാസനത്തിൻ്റെ അപ്പുറവു ഇപ്പുറവും ഇരിക്കാൻ ആഗ്രഹിച്ചവരടക്കം ക്രൂശകരെ ഭയന്ന് അറയിൽ ഇരിക്കുമ്പോഴാണ് ധൈര്യത്തോടെ അവർ അവൻ്റെ കല്ലറയിലേക്ക് പോകുവാൻ ഇറങ്ങിയത്.
സകല ഭയത്തെയും ഇല്ലായ്മ ചെയ്യുന്നതാണ് നസറായൻ്റെ ശൂന്യമായ കല്ലറ. പിന്നീട് പത്രോസ് ഒരു വലിയ ജനക്കൂട്ടത്തോട് വിളിച്ചു പറയുന്നുണ്ടെല്ലോ, മരണം അവനെ പിടിച്ചുവയ്ക്കുക അസാധ്യമായിരുന്നുവെന്ന്. നസറായനും അവൻ്റെ ഒഴിഞ്ഞ കല്ലറയും നമ്മുടെ മുൻഗണനകളെയും താൽപര്യങ്ങളെയും എപ്പോഴും ഓർമ്മിപ്പിക്കുകയും തിരുത്തുകയും ചെയ്ത് നിലനിൽക്കുകയാണ്. കാലാതിവർത്തിയായ ഒരു നിശ്ചല സാക്ഷിയായി.
അവൻ നമ്മുടെ സമാധാനമാകുന്നുവെന്ന് ഒരുവൻ എഴുതി. പീലാത്തോസിൻ്റെ പ്രോത്തോറിയം മുതൽ കാൽവറി വരെ തൻ്റെ കുരിശ് വഹിച്ചു നടന്നു പോയ രാജ്യമില്ലാത്ത രാജാവ്, നിൻ്റെ ഉടുപ്പിനായി വ്യവഹരിക്കുന്നവന് നിൻ്റെ പുറം കുപ്പായം കൂടി കൊടുക്കാൻ പറഞ്ഞവൻ, വ്യവസ്ഥിതികളോട് കലഹിച്ച ആ വിപ്ലവകാരി, അവസാനം ആർക്കോ വേണ്ടി നിർമ്മിക്കപ്പെട്ട കല്ലറയിൽ അടക്കം ചെയ്യപ്പെട്ട പരമദരിദ്രൻ നമ്മുടെ സമാധാനമാണ്; നമ്മുടെ പ്രത്യാശയാണ്; നമ്മുടെ നീക്കിയിരിപ്പാണ്. ഏത് അന്ധകാരത്തിനപ്പറവും പ്രകാശമുണ്ടെന്നും എല്ലാവർക്കും ഒരു ഉയിർപ്പു കാലമുണ്ടെന്നും കുരിശില്ലാതെ ഉയിർപ്പില്ലെന്നും ഈ ദിവസം നമ്മെ എപ്പോഴും എപ്പോഴും ഓർമിപ്പിക്കുന്നു.
ഡെറിൻ രാജു
ഉയിർപ്പ്, 2025
No comments:
Post a Comment