Thursday, 31 July 2025

മന്നാ നിക്ഷേപിത ചെപ്പ് !!!

 



വിമല കന്യകയെ സവിശേഷമായി സ്മരിക്കുന്ന ഒരു നോമ്പ് കാലം കൂടിയാണ് കടന്നു വരുന്നത്. നോമ്പനുഭവങ്ങൾ, ദേവാലയ വാസിയായിരുന്ന നസ്റേത്തിലെ ആ സാധു ബാലികയുടെയും ജീവിതത്തിൻ്റെ ഭാഗമായിരുന്നു. ആ ജീവിതം അത്രയേറെ ശോഭിപ്പിക്കുവാൻ അത് സഹായിക്കുകയും ചെയ്തിരുന്നു. ജീവിതാനുഭവങ്ങളുടെ തീചൂളയിൽ വെന്തുരുകിയപ്പോളും അവൾ പിടിച്ചു നിന്നത് തൻ്റെ വിളിയുടെ ബോധ്യത്തെ പ്പറ്റിയുള്ള ഒരു ഉറപ്പ് കൊണ്ടാണ്.
സുറിയാനി ആരാധനാ സാഹിത്യം വിമലകന്യകയുടെ പ്രതീകങ്ങളാൽ സമ്പന്നമാണ്. അതിലെ ചില പ്രതീകങ്ങളിലൂടെ, ചില കവി ഭാവനകളിലൂടെ ഉള്ളൊരു യാത്രയാണ് ഇവിടെ തുടങ്ങുന്നത്. മന്നാ നിക്ഷേപിത ചെപ്പേ! എന്ന് അവളെ ഒരിടത്ത് വിളിക്കുന്നു; അതാണ് ആദ്യ ചിന്ത!
മന്നാ ഒരു നിഗൂഡ വസ്തുവാണ്! ഇസ്രായേൽ ജനം അവരുടെ പലായനമദ്ധ്യത്തിൽ വിശപ്പകറ്റിയ ഭക്ഷണത്തിനു അവരു നൽകിയ പേരാണത്. അതിൻ്റെ അർഥം തന്നെ 'ഇതെന്ത്?' എന്നാണത്രേ! അത്രയ്ക്കും അപരിചിതമായ ഒരാഹാരം. എന്നാൽ പിന്നീട് അത് ഉയരത്തിലെ ഭക്ഷണമെന്നും വിശേഷിപ്പിക്കപ്പെട്ടു! ആ മന്നാ ഇട്ട് വച്ച പൊൻപാത്രം സമാഗമനകൂടാരത്തിൽ പ്രതിഷ്ഠിക്കപ്പെട്ടുവെന്ന് എബ്രായ ലേഖനകർത്താവ് രേഖപ്പെടുത്തുന്നു. ഒരു ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ ആകും ആ പ്രതിഷ്ഠ! ആ പൊൻചെപ്പ് വചനത്തെ ഉള്ളിൽ ഉൾക്കൊണ്ട കന്യകയുടെ ദൃഷ്ടാന്തമായിത്തീർന്നു.
അവളിൽ നിന്ന് ഉദിച്ചവൻ തലമുറകൾക്ക് പോഷണമായിത്തീർന്നു! ഇന്നും നമ്മുടെ ജീവിതത്തിനു ഉപ്പായി അവൻ നിലനിൽക്കുന്നു. നമ്മുടെ ചിന്തകളെയും വിചാരങ്ങളേയും താൻ എന്ന തലയോളം വളരുവാൻ സ്വയമേ നമുക്ക് ആഹാരമായി, നമ്മുടെ മന്നായായി! നമ്മുടെ നിലനിൽപ്പിൻ്റെ പ്രാഥമിക കാരണമായി നിലനിൽക്കുന്ന ആ വിപ്ലവകാരിയുടെ അമ്മ ഒരു പൊൻപാത്രമാണ് ; തിരമാലകളെ ഉള്ളിലൊതുക്കി ഉറങ്ങുന്ന പുലർകാല സമുദ്രമാണ്! അവളിൽ നിന്നുദിച്ചവൻ, ആ പാത്രത്തിൽ നിന്ന് അവൾ പകർന്നു നൽകിയവൻ, നമുക്കുള്ള മന്നായാണ്! നമ്മുടെ അകമനുഷ്യൻ്റെ പോഷണമാണ്!
ഡെറിൻ രാജു,
ശൂനോയോ നോമ്പ് - ഒന്നാം ദിവസം.

No comments:

Post a Comment

കുഞ്ഞാടിനെ ജനിപ്പിച്ച വൃക്ഷം.

  മോറിയ മലയിലേക്ക് ഒരു കൽപന നിവർത്തിക്കായി കയറിപ്പോവുകയാണ് അബ്രഹാമും വാർദ്ധക്യത്തിൽ തനിക്കു ജനിച്ച വാഗ്ദത്ത പുത്രനായ ഇസഹാക്കും. പുത്രനെ ബലി ...