Monday, 16 February 2026

അനുസരണത്തിൻ്റെ സത്ത നമുക്ക് അന്യം

എത്ര നോമ്പനുഭവങ്ങളാണ് നമുക്ക് ഉള്ളത്? എത്ര ശുബ്ക്കോനോകളാണ് നമ്മൾ അനുഷ്ഠിച്ചിട്ടുള്ളത്? എന്നിട്ടും നമ്മുടെ അകമനുഷ്യൻ അതിൻ്റെ സ്വാഭാവികതയ്ക്ക് അനുസരിച്ച് വളർച്ച പ്രാപിച്ചിട്ടുണ്ടോ? ഇപ്പോഴും പഴം മോഹിച്ച് ഭക്ഷിച്ചതിൽ നിന്ന്, ആ അനുസരക്കേടിൽ നിന്ന് നമ്മുടെ നില എത്ര കണ്ട് ഉയർന്നിട്ടുണ്ട്?

അനുസരണമെന്നത് ബലിയെക്കാൾ നല്ലതാണെന്ന് ഒരു രാജാവിനെ പഠിപ്പിക്കാൻ വയോവൃദ്ധനായ ഒരുവൻ വേണ്ടി വന്നു. എന്നിട്ടും തലമുറകൾക്ക് അത് ബോദ്ധ്യപ്പെട്ടില്ല! അതിനു ശേഷം എന്നാലൊരുവൻ വരുമെന്നും അവൻ രോമം കത്രിക്കുന്നവൻ്റെ മുമ്പാകെ വായ് പൂട്ടി നിൽക്കുന്ന കുഞ്ഞാടോളം അനുസരണം കാണിക്കുമെന്നും ഒരുവൻ വിളിച്ചു പറഞ്ഞു. അങ്ങനെ ദൈവസാന്നിധ്യം ചരിത്രത്തിൽ ഇടപെട്ടിട്ടും പീലാത്തോസിൻ്റെ കൊട്ടാരമുറ്റത്തോളവും പിന്നീട് യേരുശലേമിലെ കുന്നിൻ മുകളിലേ കുരിശോളവും അവൻ അനുസരണം കാട്ടി തന്നിട്ടും ആ അനുസരണം നമ്മൾ ഒരാഘോഷമാക്കിയിട്ടും അതിൻ്റെ സത്ത നമുക്ക് അന്യമാണ്!
ഓരോ നോമ്പും പഴകി ക്ലാവ് പിടിച്ച ആ വിളക്കുകളെ തെളിയിച്ചെടുക്കുന്ന പ്രക്രിയയാണ്, അകമുറിവുകളിൽ എണ്ണയും വീഞ്ഞും പകരുന്ന കാലമാണത്. രോഗിയ്ക്കാണ് വൈദ്യനെ ആവശ്യമെന്ന നസറായൻ്റെ വാക്ക് മാത്രമാണ് വീണു പോകുമ്പോൾ പിടിക്കാനുള്ള ഊന്നുവടി; വീണ്ടും എഴുന്നേൽക്കാനുള്ള ഒരു ധൈര്യവും.
ഡെറിൻ രാജു
വലിയനോമ്പാരംഭം, 2026

No comments:

Post a Comment

അനുസരണത്തിൻ്റെ സത്ത നമുക്ക് അന്യം

എത്ര നോമ്പനുഭവങ്ങളാണ് നമുക്ക് ഉള്ളത്? എത്ര ശുബ്ക്കോനോകളാണ് നമ്മൾ അനുഷ്ഠിച്ചിട്ടുള്ളത്? എന്നിട്ടും നമ്മുടെ അകമനുഷ്യൻ അതിൻ്റെ സ്വാഭാവികതയ്ക്ക്...