Friday, 3 July 2026

ഒരു കുളിരോർമ്മയായി തോറാന

വീണ്ടും മഴയില്ലാതെ തന്നെ ഒരു കുളിരോർമ്മയായി തോറാന.

മല അതിരായുള്ള കരപ്രദേശത്തെ പണ്ടാരോ മലങ്കര എന്നു വിളിച്ചു എന്നൊരു കഥ. ആ ഭൂമികയിലേക്ക് കാതങ്ങൾക്കപ്പുറമുള്ള ഒരു പ്രദേശത്തു നിന്നു കടന്നു വന്ന്, ഇവിടെ ജീവിച്ച് ഈ മണ്ണിൽ അടങ്ങിയ ഒരു മനുഷ്യൻ, നസറേത്തിലെ വലിയ തച്ചൻ്റെ ജീവിതം പോലെ അനേകർക്കു പ്രത്യാശ പകർന്നു ആ ഓർമ്മ ഇന്നും നിലനിൽക്കുകയാണ്. ആ മാർത്തോമാ ആണ്ടാണ്, ചാത്തമാണ് പഴയ കണക്കിലെ കർക്കിടകം മൂന്നായ ഇന്നത്തെ ജൂലൈ 3. മാർത്തോമായുടെ തോറാന.
ക്രൈസ്തവ സംസ്‌കൃതിയിൽ നിന്ന് മലയാൺമയിലേക്ക് തോറാന പോലെ അയത്നലളിതമായ ഇഴകി ചേർന്ന പദങ്ങൾ വേറെ അധികം ഉണ്ടാകില്ല. സുറിയാനി ഭാഷയിൽ ഓർമ്മയെ കുറിക്കുന്ന ദുക്റാന (ܕܘܟܪܢܐ) എന്ന വാക്കിൻ്റെ തദ്ഭവമാണ് തോറാന. തോറാനയ്ക്ക് തോരില്ല എന്നും തോറാനയ്ക്ക് ആറാന (ഒഴുകിപ്പോകും) എന്നും ഒക്കെയുള്ള ശൈലികൾ ആ വാക്കിനെയും വാക്കിൻ്റെ പിന്നിലെ ഓർമ്മയെയും മലയാളഭാഷയോട് ചേർത്ത് നിർത്തി. ജൂലൈയിലെ തോമാവിൻ്റെ ഉത്സവം പ്രധാനമെന്ന് 1500-ലെ ഒരു സംഭവം അനുസ്‌മരിച്ച് കേരളപ്പഴമയിൽ ഹെർമ്മൻ ഗുണ്ടെർട്ട് എഴുതി.
ഈ പരമ്പരാഗത ഓർമ്മ ദിനത്തെ പിന്നീട് ചിലർ ഒരു അസ്ഥിമാറ്റ കഥയിൽ ഒതുക്കി. ആരോ പാടിയത് പിന്നാലെ വന്നവർ ഏറ്റുപാടി. അതിന്നും ഈ കാലത്തും അന്തരീക്ഷത്തിൽ ഇടയ്ക്കിടെ മുഴങ്ങും. ജൂലൈ 3 അസ്ഥി മാറ്റിയ ദിവസമാണത്രെ!!
ജൂലൈ 3 നസ്രാണിക്ക് അവൻ്റെ അപ്പൻ്റെ ആണ്ടാണ്. പ്രളയ വരൾച്ചകൾക്കോ ക്ഷമ പഞ്ഞങ്ങൾക്കോ അധിനിവേശ ശ്രമങ്ങൾക്കോ തകർക്കാൻ പറ്റാത്ത ഒന്നാണ് നസ്രാണികളുടെ തോമാവബോധം. അത് ഒരു കടപ്പാടിൻ്റെ പ്രശ്‌നം കൂടിയാണ്. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത, ഭൂഖണ്ഡങ്ങൾക്കപ്പുറമുള്ള ഒരു പ്രദേശത്തേക്ക്, ഒരു പഴയ കൃതിയിൽ കാണുന്നതു പോലെ അന്ധകാരമയമായ ഒരു സ്ഥലത്തേക്ക് കടന്നു വരാൻ അസാമാന്യമായ ധൈര്യം ആവശ്യമാണ്. ജീവഭയത്താൽ തങ്ങളുടെ ഗുരുവിനൊപ്പം ബഥാന്യയിലേക്ക് പോകുവാൻ മടിച്ചു നിന്ന തൻ്റെ സഖാക്കളോട് അവനോട് കൂടെ മരിപ്പാൻ നമുക്ക് പോകാം എന്ന് പറഞ്ഞു ഉറപ്പിച്ചതും ആ ധൈര്യശാലിയാണ്.
കാലചക്രത്തിൻ്റെ ഗതിയിൽ മഴ തോറാനയ്ക്കും മാറി നിൽക്കുകയാണ്. എങ്കിലും മഴയില്ലാതെയും നനവാർന്ന, കുളിരേകുന്ന ഓരോർമ്മയായി മാർത്തോമായും തോറാനയും മലയാളമുള്ള കാലത്തോളം നിലനിൽക്കും.
ഡെറിൻ രാജു
തോറാന, 2026

No comments:

Post a Comment

ഒരു കുളിരോർമ്മയായി തോറാന

വീണ്ടും മഴയില്ലാതെ തന്നെ ഒരു കുളിരോർമ്മയായി തോറാന. മല അതിരായുള്ള കരപ്രദേശത്തെ പണ്ടാരോ മലങ്കര എന്നു വിളിച്ചു എന്നൊരു കഥ. ആ ഭൂമികയിലേക്ക് കാതങ...