വീണ്ടുമൊരു വായനദിനം കൂടി കടന്നു പോകുന്നു.
ഇത്തവണത്തെ വായനദിനത്തിൻ്റെ പ്രത്യേകത എൻ്റെ വായനയെ ഏറ്റവുമധികം പരിപോഷിപ്പിച്ച എൻ്റെ എസ്.ബി.കോളേജിൻ്റെ ശതാബ്ദി ആഘോഷങ്ങൾ കൂടി ആരംഭിക്കുന്നു എന്നതാണ്. എസ്.ബിയുടെ ലൈബ്രറിയാണ് പുസ്തകങ്ങൾക്ക് ആത്മാവുണ്ടെന്ന് പഠിപ്പിച്ചത്. എന്തെങ്കിലുമൊക്കെ എഴുതാം എന്ന ആത്മവിശ്വാസമുണ്ടായതും അവിടെ വച്ചാണ്. അതുകൊണ്ട് തന്നെ ഇന്ന് എസ്.ബിയെ തന്നെയാണ് അനുസ്മരിക്കേണ്ടത് എന്നു തോന്നുന്നു.
'She is our own, the darling, of our hearts'' ടാഗോർ ശാന്തിനികേതനെ കുറിച്ച് എഴുതിയതാണ്. എസ്.ബിയെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിൽ വരുന്ന ഒരു വാചകമാണിത്. 2008 മുതൽ 2013 വരെയുള്ള അഞ്ച് വർഷങ്ങളിലാണ് എസ്.ബി യെ അറിഞ്ഞത്.
2011-12 ൽ നവതി ആഘോഷങ്ങളുടെ സമയത്ത് കോളേജിൽ ഉണ്ടാകുവാൻ സാധിച്ചിരുന്നു. ആഘോഷനിറവിൽ അവളുടെ സൗന്ദര്യം അന്ന് കണ്ടതാണ്. അതിലും പ്രൗഢമായ ഒരു ശതാബ്ദി ആഘോഷത്തിനാണ് നാളെ തുടക്കമാകുന്നത്. ഈ കെട്ടകാലത്തിൻ്റെ പ്രതിസന്ധിയെയും പ്രയാസത്തെയും അതിജീവിച്ച് ആ ആഘോഷങ്ങളുടെ പൂർത്തീകരണം സാധിക്കുക തന്നെ ചെയ്യും.
എസ്.ബി നൂറു വയസ് പിന്നിടുകയാണ്. എവിടെ തുടങ്ങണമെന്നറിയാത്ത എത്രയെത്ര ഓർമ്മകളാണ് അവൾ സമ്മാനിച്ചത്? ആദ്യമായി എൻ്റെയൊരു ലേഖനം പ്രസിദ്ധീകരിച്ചത് എസ്.ബി കോളേജ് മാഗസിനിലാണ്. എൻ്റെ എഴുത്തിനു അംഗീകാരം ലഭിച്ചത് എസ്.ബിയിലെ കലോത്സവത്തിലാണ്. നേരത്തെ എഴുതിയതു പോലെ എൻ്റെ വായനശീലത്തെ ഏറ്റവുമധികം പരുവപ്പെടുത്തിയതും പ്രോത്സാഹിപ്പിച്ചതും എസ്.ബിയുടെ ലൈബ്രറിയാണ്. ഗണിതശാസ്ത്ര ബോധവും ബോധ്യവും നിർമ്മിച്ചത് എസ്.ബിയിലെ എൻ്റെ അദ്ധ്യാപകരാണ്.
ആത്മാവിൻ്റെ ഒരംശം എസ്.ബിയിലാണ്. ഒന്നു കണ്ണടച്ചാൽ ഇപ്പോഴും ആ ക്ലാസിലെ സംസാരം കേൾക്കാം; ആ ഞാവൽ പഴത്തിൻ്റെ രുചിയറിയാം. ആ കാവുകാട്ട് ഹാളിലെ ആഘോഷങ്ങൾ കാണാം. ഫ്രഷേഴ്സ് ഡേയുടെ സന്തോഷവും സെൻ്റ്ഫോ ഡേയിലെ വിഷാദവും അറിയാം. പുളിമരച്ചോട്ടിലെ തണുപ്പ് തന്ന് എസ്.ബി. എന്നും എപ്പോഴും കൂടെയുണ്ട്.
June 19, 2021