Monday, 18 August 2025

കുഞ്ഞാടിനെ ജനിപ്പിച്ച വൃക്ഷം.

 


മോറിയ മലയിലേക്ക് ഒരു കൽപന നിവർത്തിക്കായി കയറിപ്പോവുകയാണ് അബ്രഹാമും വാർദ്ധക്യത്തിൽ തനിക്കു ജനിച്ച വാഗ്ദത്ത പുത്രനായ ഇസഹാക്കും. പുത്രനെ ബലി കഴിക്കണമെന്ന നിർദേശത്തെ തുടർന്നാണ് ഈ യാത്ര! വിറകും തീയും കത്തിയും മാത്രം കരുതിപ്പോകുന്ന അപ്പനോട് ചുമലിൽ വിറക് ഇരിക്കുമ്പോഴും ഇസഹാക്ക് ഒരു സംശയം ചോദിക്കുന്നുണ്ട്. എവിടെയാണ് യാഗത്തിനുളള കുഞ്ഞാട്? അപ്പൻ നൽകുന്ന മറുപടി കർത്താവ് കരുതുമെന്നതാണ്. വാഗ്ദാന പൂർത്തീകരണത്തിനായി തൻ്റെ മകനെ വരെ നൽകുവാൻ തയ്യാറായ അബ്രഹാം ആ പരീക്ഷണത്തിൽ വിജയിക്കുകയാണ്. അങ്ങനെ അവസാനം ഒരു കോലാട്ടുകൊറ്റനെ മരച്ചില്ലകൾക്കിടയിൽ നിന്ന് ലഭിച്ചപ്പോൾ അതിനെ തൻ്റെ പുത്രനു പകരം അബ്രഹാം ബലി കഴിക്കുകയാണ്. 

മരച്ചില്ലകൾക്കിടയിൽ നിന്ന് ഉണ്ടായ കുഞ്ഞാട് വിമല കന്യകയിൽ നിന്നുള്ള വ്യാഖ്യാനാതീതമായ നിലയിലുള്ള വചനത്തിൻ്റെ മനുഷ്യാവതാരത്തിൻ്റെ സൂചനയായി സുറിയാനി പിതാക്കൻമാർ ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യ സുറിയാനി ആരാധനാക്രമത്തിൽ അത് വളരെ പ്രകടമാണ്. എങ്ങനെയോ മരച്ചില്ലകളിൽ കുടങ്ങിയ ഒരു ആട് എന്ന ചിന്തയല്ല അവിടെയുള്ളത്. പ്രത്യുത ആടിനെ ജനിപ്പിച്ച വൃക്ഷം ( ܐܝܠܢܐ ܕܐܘܠܕ ܐܡܪܐ) എന്നതാണ്. കുഞ്ഞാടതിനെ ജനിപ്പിച്ചൊരു മരം ഉണ്ടായവിടെ ... എന്ന് യാക്കോബ് മൽപ്പാൻ്റെ ഒരു പാട്ടിൽ കാണുന്നു. ബുധനാഴ്ച മൂന്നാം മണി നമസ്കാരത്തിലും ഈ ആശയം കാണുന്നുണ്ട്.

ഈ നോമ്പ് കാലത്ത് നമ്മൾ ഉടനീളം കണ്ടത് ഒരു സാധരണ പെൺകുട്ടിയുടെ നിശ്ചയദാർഡ്യത്തിൻ്റെ കഥയാണ്. അവളുടെ വിശ്വാസത്തിൻ്റെ ഉറപ്പിൻ്റെ ചരിത്രമാണ്. സന്ദേശവാഹകൻ ''നിനക്കു സമാധാനം'' എന്നു പറഞ്ഞ ശേഷം പറഞ്ഞത് സകലവും അവിവാഹിതയായ, നിരാലംബയായ, ലോകം കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടിയുടെ സമാധാനം കെടുത്തുന്നതായിരുന്നു; ഭാവിയെ കശക്കിയെറിയുന്നതായിരുന്നു;  എന്നാൽ തൻ്റെ നിയോഗത്തോട്, തന്നെ വിളിച്ചവൻ്റെ വിളിയോട് അവൾ അങ്ങേയറ്റം വിശ്വസ്തത പുലർത്തി. ദാവിദ് ഒന്നാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്ന കൃത്യസമയത്ത് ഫലം കായിക്കുന്ന വൃക്ഷമായിത്തീർന്നു. 

കടൽത്തീരത്തടിഞ്ഞു കിടക്കുന്ന ശംഖ് ചെവിൽ വച്ചാൽ കടലിരമ്പം നമുക്കു കേൾക്കാം. ശംഖ് കടലിനെ ഉള്ളിലൊതുക്കുന്നു എന്നത് ഒരു സങ്കല്പമാണ്.  അതുപോലെ രണ്ടായിരം വർഷത്തെ ക്ഷാമ-ക്ഷേമ കാലങ്ങൾക്കും പ്രളയ -വരൾച്ചകൾക്കും ഒരു പ്രതിസന്ധിക്കും തടഞ്ഞു നിർത്താൻ സാധിക്കാതെ പോയ നസറേത്തിലെ വിപ്ലവകാരിയായ ആ മഹാസമുദ്രമടങ്ങിയത് വിമലകന്യകയെന്ന ചെറിയ ശംഖിലാണ്. 

ആ ഓർമ്മ ഒരു ഔഷധമാണ്!

ആ ഓർമ്മ ഒരു ധൈര്യമാണ്.!

ആ ഓർമ്മ ഒരു ഊർജവവും ഒരു പ്രത്യാശയുമാണ്.

ഡെറിൻ രാജു,

ശൂനോയോ നോമ്പ്  വീടൽ

Wednesday, 13 August 2025

ജലമൊഴുക്കിയ പാറ!



യിസ്രായേൽ ജനം തങ്ങളുടെ പ്രയാണമദ്ധ്യത്തിൽ നേരിട്ട ഒരു വലിയ പ്രതിസന്ധിയായിരുന്നു ജലക്ഷാമം. ജനങ്ങളുടെ പിറുപിറുപ്പ് കണ്ട മോശ ഉയരത്തിലെ നിർദേശപ്രകാരം പാറമേൽ അടിച്ചു ജലം പുറപ്പെടുവിച്ചു. ജനത്തിൻ്റെ ദാഹം ശമിപ്പിച്ചു. ആ പാറ വിമലകന്യകയുടെ ദൃഷ്ടാന്തമായിരുന്നു.!
പാറയുടെ സ്വാഭാവികപ്രകൃതിക്ക് വിരുദ്ധമായാണ് അതിൽ നിന്ന് ജലം പുറപ്പെട്ടത്. അപ്രകാരം തൻ്റെ നിർമ്മലതയിൽ വിമലകന്യക നസറായനു ജൻമമേകി. ബുധനാഴ്ച മൂന്നാംമണി നമസ്കാരത്തിൽ തീക്കൽപ്പാറ ജലം നൽകിയത് വിമലകന്യകയിൽ നിന്നുള്ള നിർമ്മല ഉദയത്തെ സംശയിക്കുന്നവർക്കുള്ള തെളിവായി ചൂണ്ടിക്കാണിക്കുന്നു.
എന്താണ് ദൈവം മനുഷ്യാവതാരം ചെയ്യുവാനുള്ള കാരണം? അതിനു സ്വർണ്ണാവുകാരനായ ഈവാനിയോസ് നൽകുന്ന ഒരു കാരണം മനുഷ്യവർഗത്തോടുള്ള ദൈവത്തിൻ്റെ അടങ്ങാത്ത സ്നേഹമാണ്. അത് തന്നെയാണ് മനുഷ്യാവതാരത്തിൻ്റെ പ്രാഥമിക കാരണവും. അതിനായി തിരഞ്ഞെടുത്തതോ നസറേത്തിലെ ദേവാലയവാസിയായ ഒരു സാധു പെൺകുട്ടിയേയും. സുറിയാനി പാരമ്പര്യത്തിൽ പാറ വിശ്വാസത്തിൻ്റെ ഒരു പ്രതീകവുമാണ്. യാക്കോബിൻ്റെ അന്നഫോറയിൽ സഭ വിശ്വാസമാകുന്ന പാറമേൽ സ്ഥാപിക്കപ്പെട്ടതാണെന്ന് ഒരു വാചകമുണ്ട്. മറിയാമിൻ്റെ വിശ്വാസവും അത്രമേൽ ദൃഡമായിരുന്നു. അവിശ്വാസം കൂടാതെ അവൾ അവനെ വഹിച്ചു, ലോകത്തിനു സമ്മാനിച്ചു. നമുക്കവൻ പ്രത്യാശയും എന്നേക്കുമുള്ള വീണ്ടെടുപ്പുമായിത്തീർന്നു!
ഡെറിൻ രാജു,
ശൂനോയോ നോമ്പ് - പതിനാലാം ദിവസം.

Monday, 11 August 2025

പൂട്ടപ്പെട്ട വാതിൽ!

 


ഹസ്ക്കിയേൽ പ്രവചനം 44:2 ൽ കാണുന്ന ഒരു വാചകമുണ്ട്. ''ഈ ഗോപുരം തുറക്കാതെ അടച്ചിരിക്കണം. ആരും അതിൽക്കൂടി കടക്കരുത്: യിസ്രായേലിൻ്റെ ദൈവമായ കർത്താവ് അതിൽ കൂടി അകത്ത് കടന്നതുകൊണ്ട് അത് അടച്ചിരിക്കണം.
വിമലകന്യകയുടെ പ്രതീകമായി ഈ അടക്കപ്പെട്ട വാതിൽ പലപ്പോഴും സൂചിപ്പിക്കാറുണ്ട്. ബുധനാഴ്ച രാത്രി നമസ്കാരത്തിൽ പൂട്ടിയ വാതിലതിന്നേവം ഹസ്ക്കിയേലോതി... എന്ന് കാണുന്നുണ്ട്. ഉടയവൻ പ്രവേശിച്ച ആ ഗോപുരം എന്നും അടഞ്ഞതായിരിക്കും എന്നതിലൂടെ ക്രിസ്തു മറിയാമിൻ്റെ ഏകപുത്രൻ എന്ന ചിന്തയ്ക്ക് അടിവരയിടുകയാണ് ചെയ്യുന്നത്. നസറായൻ തൻ്റെ ക്രൂശിലെ അവസാന സമയത്ത് ഓർത്തതും ആ ഒറ്റപ്പെട്ടു പോകുന്ന അമ്മയെയാണ്. ഏൽപ്പിച്ചിട്ടു പോകുവാൻ തനിക്ക് രക്തബന്ധമുള്ളവർ ഇല്ലാതിരിക്കെ തൻ്റെ നെഞ്ചോട് ചാഞ്ഞിരുന്ന ആ ചെറുപ്പക്കാരനെയാണ് അവൻ തൻ്റെ അമ്മയെ ഏൽപ്പിച്ചത്. ആ സുഹൃത്ത് തൻ്റെ പ്രയാണത്തിൽ അവളെ ഒപ്പം കൂട്ടി, ഗുരുവിൻ്റെ വാക്ക് കാത്തു!
ഹവ്വാ സകല സൃഷ്ടിക്കും മാതാവാണെന്നു പറയാറുണ്ട്. എന്നാൽ സകലവും പുതുതാക്കപ്പെടുന്ന പുതിയ ലോകത്തിൻ്റെ പ്രതിച്ഛായയാണ് മറിയാം. അവളിലൂടെയാണ് ഹൃദയങ്ങളെ പുതുതാക്കിയവൻ ലോകത്തിലേക്ക് വന്നത്. അവളാണ് അവൻ്റെ ബോധ്യങ്ങളെ നിർമ്മിച്ചത്. അവസാന നാഴിക വരെയും അവൻ്റെ ഉള്ളുലയലുകളിൽ കൂടെ നിന്നത് ആ അമ്മയാണ്. നമ്മുടെ കണ്ണീരിൻ്റെയും വിഷമതകളുടെയും കടലാഴങ്ങളിൽ നമ്മോടു കൂടെ നിൽക്കുന്നതും ആ അമ്മ തന്നെയാണ്.
ഡെറിൻ രാജു
ശൂനോയോ നോമ്പ് - പതിമൂന്നാം ദിവസം.

ശലോമോൻ്റെ തിരശീല!



ശലോമോൻ്റെ ഉത്തമഗീതത്തിൽ ഒരു വരിയുണ്ട്. അവൾ ശലോമോൻ്റെ തിരശീലയെപ്പോലെ അഴകുള്ളവൾ ആകുന്നു!
യിസ്രായേലും ദൈവവുമായുള്ള ഒരു ബന്ധത്തിൽ ഉത്തമഗീതം വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ താർഗൂമിൽ ഉത്തമഗീതത്തെ കാണുന്നത് യിസ്രായേലിൻ്റെ ചരിത്രത്തിൽ ഉടനീളം കാണുന്ന ദൈവകൃപയുടെ ദൃഷ്ടാന്തമായിട്ടാണ്. എന്നാൽ ക്രിസ്തുമത പശ്ചാത്തലത്തിൽ രണ്ട് തരം വ്യാഖ്യാനങ്ങളാണ് ഉത്തമഗീതത്തിലെ ചിന്തകൾക്ക് ഉള്ളത്. ഒന്നാമത്തേത് ക്രിസ്തുവും സഭയുമായിട്ടുള്ള ബന്ധമാണ്. പൗരസ്ത്യ സഭയിൽ ഒറിഗൻ ആരംഭിച്ച ഈ വ്യാഖ്യാനം പിന്നീട് വ്യാപിക്കുകയായിരുന്നു. എന്നാൽ കപ്പദോക്യൻ പിതാക്കൻമാരും സുറിയാനി സഭയിൽ അഫ്രഹാത്തും അപ്രേമും ഉത്തമഗീതത്തിലെ സ്ത്രീ കഥാപാത്രത്തെ വിമലകന്യകയായി ചിത്രീകരിച്ചിട്ടുണ്ട്. അങ്ങനെയാണ് അവൾ ശലോമോൻ്റെ തിരശീലയെക്കാൾ അഴകുള്ളവൾ ആകുന്നത്.
ശലോമോൻ താൻ തൻ്റെ ദൈവത്തിനു ഒരു ദേവാലയം പണിതപ്പോൾ അതിൽ വിശേഷപ്പെട്ട തിരശീല നിർമ്മിച്ചതായും അത് അതിവിശുദ്ധസ്ഥലത്തെ മറച്ചിരുന്നതായും യിസ്രായേൽ രാജാക്കൻമാരുടെ വൃത്താന്തപുസ്തകത്തിൽ കാണുന്നുണ്ട്. ദൈവസാന്നിധ്യമുൾക്കൊണ്ട അതിവിശുദ്ധസ്ഥലത്തെ തിരശീല കൊണ്ട് മറച്ചു. അതുപോലെ മറിയാം എന്ന തിരശീലയ്ക്കുള്ളിൽ ദൈവസാന്നിധ്യം കുടികൊണ്ടു. സുന്ദരമായ ഒരു കൽപ്പന!
വിമലകന്യക ഒരു തിരശീലയാണ്. ചരിത്രത്തെ പകുത്ത് കടന്നുവന്നവൻ ലോകത്തിനു വെളിപ്പെട്ടത് ഈ തിരശീല കടന്നാണ്. പാശ്ചാത്യ സുറിയാനി ആരാധനയിൽ ഒരു പാട്ടിൽ കാണുന്നത്, ലോകർക്ക് അവനെ കാണിച്ചവളെ നിനക്ക് ഭാഗ്യമെന്നാണ്! മറിയാമിൽ നിന്നു സ്വീകരിച്ച ശരീരത്തോടെയാണ് അനാദിയായ വചനം നസറായൻ്റെ രൂപത്തിൽ ലോകത്തിനു വെളിപ്പെട്ടത്. ആ ശരീരത്തോടു കൂടിയാണ് അവൻ നമ്മുടെ ഇടയിൽ നടന്നത്; കഥകൾ പറഞ്ഞത്; അവസാനം, ആ ശരീരത്തോടു കൂടിയാണ് അവൻ കാൽവറി കയറിയത്.
ഭാരപ്പെടുന്ന സകലരെയും കരുതുവാൻ വന്നവൻ മറിയാമെന്ന തിരശീലയ്ക്കകത്തു വസിച്ചു. അവൾ വ്യത്യാസമോ കലർപ്പോ കൂടാതെ അവനെ സ്വീകരിച്ചു നമുക്ക് നൽകി. നസറായൻ പ്രഘോഷിക്കപ്പെടുന്ന എല്ലായിടത്തും, അവൻ്റെ ജീവിതം ചർച്ച ചെയ്യപ്പെടുന്ന എല്ലായിടത്തും ഓർക്കപ്പെടേണ്ടതാണ് അവൻ ശരീരം സ്വീകരിച്ച അവൻ്റെ അമ്മയെയും എന്ന് ആ നിർമല ചരിതം നമ്മെ ഓർമ്മിപ്പിക്കുന്നു.
ഡെറിൻ രാജു,
ശൂനോയോ നോമ്പ് - പന്ത്രണ്ടാം ദിവസം.

Sunday, 10 August 2025

നാണയം ഉൾക്കൊണ്ട മത്സ്യം!



ശീമോനോട് ഒരിക്കൽ കുറച്ചാളുകൾ വന്ന് ചോദിക്കുന്നുണ്ട് നിങ്ങളുടെ ഗുരു നികുതി കൊടുക്കുന്നുണ്ടോ? ഉണ്ടെന്നാണ് മറുപടിയെങ്കിലും അവൻ ഗുരുവിനോട് ചോദിച്ചത് ഉറപ്പിക്കുന്നുണ്ട്. ഗുരു തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ ഉപമാരൂപത്തിലൊരു ചോദ്യം ചോദിച്ച ശേഷം അവനോട് ഒരു വിചിത്രമായ കാര്യമാണ് പറയുന്നത്. കടലിൽ പോയി ചൂണ്ടൽ ഇട്ട് ആദ്യം കിട്ടുന്ന മത്സ്യത്തിൻ്റെ വായിൽ ഒരു എസ്തീറ കാണുമെന്നും അത് നികുതിയായി കൊടുക്കാനും!

വിമല കന്യകയിൽ നിന്നുള്ള വചനത്തിൻ്റെ ഗ്രഹണാതീതമായ രൂപം ധരിക്കലിനെ സൂചിപ്പിക്കാൻ സുറിയാനി പിതാക്കൻമാർ ഉപയോഗിച്ച പ്രബലമായ ഒരു ദൃഷ്ടാന്തമാണ് എസ്തീറ നൽകിയ മത്സ്യത്തിൻ്റേത്. ബുധനാഴ്ച മൂന്നാംമണിയിൽ അത് കൃത്യമായി കാണുന്നു.  മത്സ്യത്തിൻ്റെ ഉള്ളിൽ എസ്തീറാ നിക്ഷേപിക്കപ്പെട്ടത് പോലെ മനുഷ്യബുദ്ധിക്ക് അതീതമായി കന്യകയിൽ നിന്ന് ഉടയവൻ ശരീരം സ്വീകരിച്ചു. 

ലോകത്തിൻ്റെ ആന്തരിക ദാഹം തീർത്തവൻ വിമലകന്യകയുടെ മടിയിൽ ക്ഷീണിതനെപ്പോലെ വിശ്രമിച്ചു. കാനാവിലെ കല്യാണവീട്ടിൽ അവൻ്റെ അമ്മ കലവറയിൽ നിന്നവരോട് പറയുന്ന ഒരു കാര്യമുണ്ട്; ''അവൻ പറയുന്നത് ചെയ്തേക്കുക." കുറച്ച് മുമ്പ് നമുക്ക് ഇതിൽ ഇടപെടണോ? എന്ന് ചോദിച്ചവൻ തൻ്റെ വാക്ക് തട്ടാതെ ഈ പ്രതിസന്ധിയിൽ ഇടപെടും എന്ന ആ അമ്മയുടെ ഉറപ്പാണ് അതിനു കാരണം. അമ്മ പറഞ്ഞാൽ അവൻ ഇന്നും കേൾക്കുമെന്ന നമ്മുടെ ഉറപ്പിൻ്റെ ഒരു രൂപമാണ്, ഒരു തെളിവാണ് ഈ ഒരു നോമ്പുകാലവും !

ഡെറിൻ രാജു

ശൂനോയോ നോമ്പ് - പതിനൊന്നാം ദിവസം.

Saturday, 9 August 2025

ഹസ്ക്കിയേൽ കണ്ട രഥം!



ദീർഘദർശിയായ ഹസ്ക്കീയേൽ ഒരു ദർശനം കാണുന്നു. വിശേഷപ്പെട്ട നാല് ജീവികളാൽ പൂട്ടപ്പെട്ട ഒരു രഥത്തിൽ ഒരുവൻ ഇരിക്കുന്നു. അവൻ്റെ തേജസ് അത്യന്തം ഭ്രമിക്കത്തക്കതായിരുന്നു. കർത്താവിൻ്റെ ആ രഥം വിമലകന്യകയുടെ ദൃഷ്ടാന്തമായിരുന്നു. 

കന്യകയെ രഥത്തോട് ഉപമിച്ച നിരവധി സൂചനകൾ പാശ്ചാത്യ സുറിയാനി ആരാധനാക്രമത്തിൽ കാണുന്നുണ്ട്. മംഗളവാർത്തയുടെ അനുസ്മരണദിവസത്തിൽ അവൾ രഥമാകുന്നു എന്ന് പാടുന്നുണ്ട്. യൽദോ പെരുന്നാളിൽ ഉന്നതങ്ങളിൽ തേരിൽ വസിക്കുന്നവൻ കന്യകയുടെ കൈകളാൽ താലോലിക്കപ്പെട്ടു എന്നു യാക്കോബ് മൽപ്പാൻ്റെ ഒരു ഗീതമുണ്ട്. ഇഹത്തിലൊരു രാജ്യമില്ലാത്ത  രാജാവിനെ വഹിച്ച രഥമാണ് വിമലകന്യക. 

വിമലകന്യകയുടെ ഏറ്റവും വലിയ വിശേഷണം ദൈവത്തെ വഹിച്ചവൾ ( തെയോട്ടോക്കോസ്) എന്നാണ്. ദൈവസാന്നിധ്യത്തെ അതിൻ്റെ പൂർണതയിൽ, കലർപ്പോ വ്യത്യാസമോ കൂടാതെ സാധു പെൺകുട്ടി വഹിച്ചു. അവൻ തൻ്റെ സത്തയെ നിലനിർത്തി അവളിൽ ഇറങ്ങി, അവളിൽ നിന്ന് ശരീരം സ്വീകരിച്ചു. സകലർക്കും പോഷണം ഏകുന്നവൻ അവളിൽ നിന്ന് പാൽ കുടിച്ചുറങ്ങി. സകലരുടെയും ആകുലതകൾ കേൾക്കുന്നവൻ നിർമ്മല കന്യകയുടെ താരാട്ട് കേട്ട് മയങ്ങി; അതിലും വിസ്മയമെന്താണുള്ളത്?

ഡെറിൻ രാജു

ശൂനോയോ നോമ്പ് - പത്താം ദിവസം.

Friday, 8 August 2025

എരിഞ്ഞു പോകാത്ത മുൾപ്പടർപ്പ്

 


വിമല കന്യകയുടെ ഏറ്റവും വലിയ പ്രതീകങ്ങളിൽ ഒന്ന് കത്തിജ്വലിച്ചിട്ടും എരിഞ്ഞു പോകാത്ത മുൾപ്പടർപ്പ് ആണ്.

ദീർഘദർശിമാരിൽ തലവനായ മോശ, ഹോറേബിൻ്റെ ഉയരങ്ങളിൽ കണ്ട ഒരത്ഭുതം. തൻ്റെ നിയോഗത്തെ വിശ്വസിക്കാത്ത ചില ചഞ്ചലചിത്തരെ ഉറപ്പിക്കുവാൻ ഇത്തരം ചില അടയാളങ്ങൾ പലപ്പോഴും ആവശ്യമാണെന്നു തോന്നാറുണ്ട്. എന്നാൽ കണ്ടിട്ടും അറിഞ്ഞിട്ടും നമ്മളും പലപ്പോഴും ഈ നിലയിൽ അല്ലെ? വീണു പോകാവുന്ന സാഹചര്യങ്ങളിൽ താങ്ങി നടത്തുകയും ഉറപ്പിക്കുകയും നിലനിർത്തുകയും ചെയ്ത സാന്നിധ്യം നമുക്ക് എന്തുകൊണ്ടാണ് അപരിചിതമാകുന്നത്?

അനാദിയായ വചനം കന്യകയിൽ നിന്ന് ജഡം ധരിച്ചിട്ടും അവളുടെ നിർമ്മലാവസ്ഥ അനസ്യൂതം തുടർന്നു എന്നത് സുറിയാനി ആരാധനയിൽ പ്രബലമായി കാണുന്ന ഒരു ചിന്തയാണ്. അഗ്നിശുദ്ധി എന്നത് ഒരു പ്രയോഗമാണ്. പുരാണങ്ങളിൽ പറയുന്നത് വേറൊരു തലത്തിലാണെങ്കിലും ആക്ഷരികാർഥത്തിലും അഗ്നിശുദ്ധി ഒരു ശരിയായ പ്രയോഗമാണ്. ലോഹം ശുദ്ധീകരിക്കുന്ന പ്രക്രിയയിലേതു പോലെ ചൂടും തീയും ഒരു ശുദ്ധീകരണ വസ്തുവാണ്. എന്നാൽ അഗ്നിയിലൂടെ ശുദ്ധീകരിക്കപ്പെടുവാൻ എല്ലാ വസ്തുവിനും സാധിക്കുകയുമില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു മിനിമം മാനദണ്ഡം പാലിക്കുന്നവ മാത്രമേ അഗ്നിശുദ്ധിക്ക് വിധേയപ്പെടുകയുള്ളു! ആ മാനദണ്ഡം പാലിച്ചതാണ് നസറേത്തിലെ ആ സാധു പെൺകുട്ടിയുടെ വിജയം!

അഗ്നിനിറഞ്ഞ ഉലയിൽ ഊതിക്കഴിക്കുമ്പോൾ സ്വർണം വർദ്ധിതശോഭ പ്രാപിക്കുന്നതു പോലെയായിരുന്നു വിമല കന്യകയുടെ ജീവിതവും. തൻ്റെ ഉദരത്തിൽ അഗ്നിയെ വഹിച്ചപ്പോൾ അവൾ ശോഭിക്കുകയായിരുന്നു; ജ്വലിക്കുകയായിരുന്നു.  ആ പ്രകാശത്തിൻ്റെ ചാരത്തേക്ക് വരുവാനുള്ള ആഹ്വാനമാണ് പകുതി പിന്നിടുന്ന ഈ നോമ്പ് കാലത്തിൻ്റെ സന്ദേശം. 

ഡെറിൻ രാജു

ശൂനോയോ നോമ്പ് - ഒമ്പതാം ദിവസം.

Thursday, 7 August 2025

പുത്രാഗ്നിയിൽ എരിയാത്തോൾ



പുത്രാഗ്നിയിൽ എരിയാത്തോൾ എന്ന് പാശ്ചാത്യ സുറിയാനി ആരാധനാ സാഹിത്യത്തിൽ ഒരു പ്രയോഗമുണ്ട്.

മറിയാമിനെ കുറിച്ചാണ് !!
സോമയാഗത്തിനു അഗ്നി സൃഷ്ടിക്കുന്നത് അരണിയുടെ രണ്ട് കട്ടകൾ കടഞ്ഞാണല്ലോ. അഗ്നിയും വിറകും പ്രായോഗികതലത്തിൽ പരസ്പരം രമ്യതയിൽ കഴിയാൻ സാധിക്കാത്തവയായിരിക്കുമ്പോഴും, അഗ്നിക്കു സ്വാഭാവികമായി അരണിയിൽ അടങ്ങുവാൻ സാധിക്കുകയില്ലെങ്കിലും അഗ്നിയെ നൽകുവാൻ അരണിയ്ക്കു സാധിക്കുന്നു. മറിയാമിൻ്റെ ചരിതവും മറ്റെന്താണ്? തൻ്റെ നിർമ്മലതയിൽ, വിധേയത്വത്തിൽ, വിനയത്തിൽ അവളൊരു അഗ്നി സൃഷ്ടിക്കുകയായിരുന്നു. അല്ലെങ്കിൽ അഗ്നി അവളിൽ നിന്നുരുവാകുകയായിരുന്നു.
യാതൊരു പ്രത്യേകതകളോ അസാധാരണത്ത്വമോ അവകാശപ്പെടാനില്ലാത്ത ഒരു ബാലിക നടന്നു കയറിയ ഔന്നത്യവും നിർമ്മിച്ചെടുത്ത ബോധ്യവും താരതമ്യങ്ങൾക്കപ്പുറമാണ്. തൻ്റെ നിഷ്കളങ്കതയിൽ, നിർമ്മലതയിൽ അവൾ നസ്രായനെ വഹിച്ചു ലോകത്തിനു നൽകുമ്പോൾ അവൻ ലോകത്തിൻ്റെ ദാഹം പരിഹരിക്കുവാൻ പര്യാപ്തമാകുന്ന നീർച്ചാലായി പരിണമിക്കുമെന്നവൾ വിചാരിക്കാൻ ഒട്ടുമേ തരമില്ല.
കഴുകനെ പോറ്റി വളർത്തിയ പ്രാവെന്നവളെ ഒരു കവി വിശേഷിപ്പിക്കുന്നു. കവിതയുടെ അലങ്കാരപരമായ ഒരു പ്രയോഗം എന്നതിനപ്പുറം അത് അവൾ നേരിട്ട പ്രതിസന്ധിയുടെ ഒരു ചിത്രീകരണവുമാണ്. കരുതുവാനും പങ്കുവയ്ക്കുവാനും ആ വിപ്ലവകാരിയായ കഴുകനെ, നസറേത്തിലെ പരോപകാരിയായ ആ യുവാവിനെ ആദ്യം ശീലിപ്പിച്ചതവളാണ്. ആ പാഠമവൻ പഠിച്ചതുകൊണ്ടാണ് വിശന്നവരെ കണ്ടവൻ മനസിലഞ്ഞത്, കരയുന്നവരെ കണ്ടവൻ കരഞ്ഞത്, തന്നെ വേണ്ടവരുടെ മദ്ധ്യത്തിലേക്ക് അക്ഷോഭ്യനായി നടന്നടുത്തത്.
ഡെറിൻ രാജു
ശൂനോയോ നോമ്പ് - എട്ടാം ദിവസം.
(നേരത്തെ ഒരിക്കൽ എഴുതിയത് അൽപം ചുരുക്കിയത്)

Wednesday, 6 August 2025

രണ്ടാം ഹവ്വാ !



ആദ്യപുസ്തകത്തിൽ ഒരു പ്രവചനമുണ്ട്, സ്ത്രീയുടെ സന്തതി സർപ്പത്തിൻ്റെ തല തകർക്കും! കാൽവറിയിലെ ചെറിയ കുന്നിൻ മുകളിൽ നാട്ടപ്പെട്ട കുരിശ് ആയുധമാക്കി നസറായൻ മനുഷ്യ ശത്രുവിൻ്റെ തല തകർത്ത് തൻ്റെ ദൗത്യവും അതിലൂടെ ഈ പ്രവചനവും പൂർത്തിയായി.
മറിയത്തെ രണ്ടാം ഹവ്വാ എന്ന് വിശേഷിപ്പിച്ചത് സവിശേഷമായ ഒരു അർഥത്തിലാണ്! രണ്ട് വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങളാണ് ഇരുവരും. ഹവ്വാ എല്ലാവരുടെയും മാതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടു. അവൾക്ക് എല്ലാം പുതിയതായിരുന്നു; ഗർഭധാരണവും മാതൃത്വവും പറഞ്ഞു കൊടുക്കാൻ അവൾക്ക് മുൻഗാമികൾ ഇല്ലാതിരുന്നു. മറിയവും കേട്ടുകേൾവിയില്ലാത്ത അവിശ്വസനീയ മാർഗത്തിൽ മാതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു! എന്നാൽ മറിയം തൻ്റെ വിളിയോട് അങ്ങേയറ്റം നീതി പുലർത്തിയപ്പോൾ ഉടയവൻ്റെ വിളി കേട്ടപ്പോൾ ഒളിച്ചിരിക്കേണ്ടതായി അവസ്ഥയാണ് ഹവ്വായ്ക്ക് ഉണ്ടായത്!
ഹവ്വായുടെ അനുസരണക്കേടിൻ്റെ ഫലമായി മനുഷ്യവംശത്തിലേക്ക് വന്നത് എന്താണോ അതിൻ്റെ പൂർണമായ അനുസരണത്താൽ മറിയം ഇല്ലായ്മ ചെയ്തു. ആ അനുസരണത്തിൻ്റെ ഫലമായിട്ടാണ് സർപ്പത്തിൻ്റെ തല തകർക്കുവാൻ വന്നവനെ ലോകത്തിലേക്ക് നൽകുവാൻ മറിയാമിനു സാധിച്ചത്. മനുഷ്യകുലത്തിൻ്റെ ഉദ്ധാരകൻ തന്നിൽ നിന്നുദിക്കുവാൻ തൻ്റെ അനുസരണം മറിയമിനെ പ്രാപ്തയാക്കി. അതുകൊണ്ടാണ് തന്നെ ഭാഗ്യവതിയെന്ന് എല്ലാവരും വിളിക്കുമെന്ന് അവൾക്ക് പ്രഖ്യാപിക്കുവാൻ സാധിക്കുന്നത്. ആ ഭാഗ്യം വെറുതേ വന്നതല്ല, ആ നിർമ്മല നടപ്പിനു , ആ അനുസരണത്തിനു ഉടയവനേകിയ സമ്മാനമാണ്!
ഡെറിൻ രാജു
ശൂനോയോ നോമ്പ് - ഏഴാം ദിവസം.

സാക്ഷ്യപെട്ടകം / സാക്ഷ്യകൂടാരം !



ബുധനാഴ്ച നമസ്കാരത്തിൽ കാണുന്നതാണ്, മോശ നിർമ്മിച്ച സാക്ഷ്യപ്പെട്ടകം നിന്നെ സൂചിപ്പിക്കുന്നു!; പേടകത്തിൽ എങ്ങനെയാണ് നിയമങ്ങൾ ഉൾക്കൊണ്ടിരുന്നത് അത് പോലെ നിന്നിൽ ജീവനുള്ള അപ്പം വസിക്കുന്നു എന്നത്.
ഇസ്രായേൽ രാജാക്കൻമാരുടെ നാളാഗമ പുസ്തകത്തിൽ ദാവീദ് ദൈവത്തിൻ്റെ പെട്ടകം ഊർശ്ശേമിലേക്ക് കൊണ്ടുവരുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. പെട്ടകം പ്രവേശിക്കുമ്പോൾ ദാവീദ് തൻ്റെ മുമ്പിൽ നൃത്തം ചെയ്യുന്നു! അതേ പോലെ ഒരു നൃത്തമാണ് ഏലിശുബായുടെ ഉദരത്തിൽ മാതാവിൻ്റെ സാന്നിധ്യത്തിൽ ചെയ്യുന്നത്. സാക്ഷ്യത്തിൽ പെട്ടകവും നീ എന്ന് ഒരു പാട്ടിലും കാണുന്നുണ്ട്. അതെ, മറിയാമിൻ്റെ വലിയൊരു പ്രതീകമാണ് സാക്ഷ്യപെട്ടകം! ദാവീദും യോഹന്നാനും പ്രകടിപ്പിച്ച ഒരു ആനന്ദാനുഭവമാണ് ദൈവാനുഭവത്തിൻ്റെ ഒരു ഉയർന്ന തലം. യൽദോ സന്ധ്യാ നമസ്കാരത്തിൻ്റെ ഒരു പ്രാർഥനയിൽ കാണുന്നതും അതാണ്; ''പെട്ടകത്തിനു മുമ്പിൽ ദാവീദു പോലെയും ഉദരത്തിൽ യോഹന്നാൻ എന്ന പോലെയും ഞങ്ങൾ നിൻ്റെ മനുഷ്യാവതാരത്തിൽ സന്തോഷിക്കുന്നു'' എന്നത്.
പേടകത്തിൽ ഉൾക്കൊണ്ട വസ്തുക്കളിൽ മന്നാ ഉൾക്കൊണ്ട ചെപ്പും നിയമങ്ങൾ എഴുതിയ കൽപ്പലകകളും ഉണ്ടായിരുന്നതായി എബ്രായ ലേഖനത്തിൽ കാണുന്നു. അതേ പ്രകാരം മറിയാമിൽ ജീവൻ്റെ അപ്പവും ദൈവത്തിൻ്റെ നിയമവും ഉൾക്കൊണ്ടിരുന്നു! സുറിയാനി നമസ്കാരക്രമത്തിൽ ഈ ആശയം കാണാവുന്നതാണ്. ആ വസ്തുക്കളും മറിയാമിൻ്റെ പ്രതീകമാണ് അത് ഉൾക്കൊണ്ട പേടകവും മറിയാമിൻ്റെ പ്രതീകമാണ്.
ന്യായപ്രമാണത്തിലെ സകല മർമ്മങ്ങളും പരസ്പരവും ഉടയവനെയും സ്നേഹിക്കുക എന്ന രണ്ട് കൽപ്പനകളിൽ ഉൾക്കൊള്ളിച്ച നസറായൻ പുതിയ പ്രമാണമായി, പുതിയ ആശയമായി, പുതിയ മൂല്യ സങ്കല്പമായി കന്യകയിൽ വസിച്ചു; അവൾ അവനെ ഉൾക്കൊണ്ട പേടകമായിത്തീർന്നു. നമ്മുടെ ആകുലതകളും വിഷമതകളും സദാ സ്വീകരിക്കുന്ന ഒരു അഭയസ്ഥലമായി തീർന്നു; അവനും നമുക്കും അമ്മയായിത്തീർന്നു.
ഡെറിൻ രാജു
ശൂനോയോ നോമ്പ്, ആറാം ദിവസം.

Monday, 4 August 2025

യാക്കോബ് കണ്ട ഗോവണി



ആകാശവും ഭൂമിയും യോജിപ്പിക്കുന്ന ഒരു ഗോവണി എന്നത് ഹൃദ്യമായ ഒരു സങ്കല്പമാണ്. അങ്ങനെ ഒരു സ്വപ്നം പണ്ട് ബഥേലിൽ വച്ച് ഗോത്രത്തിൻ്റെ തലവനായ യാക്കോബ് സ്വപ്നത്തിൽ കാണുകയുണ്ടായല്ലോ! ആകാശത്തോളം എത്തുന്ന ഗോവണി!, അതിൽ ചിലർ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ഇതും കന്യകയുടെ ഒരു ദൃഷ്ടാന്തമാണ്! ശനിയാഴ്ച സന്ധ്യാനമസ്കാരത്തിൽ യാക്കോബ് ഗോവണിയായി ദൃഷ്ടാന്തീകരിച്ചു എന്നു കാണുന്നു. (ഈ ഭാഗം മലങ്കരയിൽ ഉപയോഗിക്കുന്ന നമസ്കാരക്രമത്തിൽ തർജമ ചെയ്ത് ചേർത്തിട്ടില്ല)
മനുഷ്യാവതാരത്തിൻ്റെ പ്രാഥമിക ഉദ്ദേശ്യം തന്നെ ഒരു സംയോജിപ്പിക്കലായിരുന്നല്ലോ! അവൻ നമ്മുടെ സമാധാനമാകുന്നുവെന്നും അവൻ ഇരുപക്ഷത്തേയും ഒന്നാക്കിയെന്നും പൗലോസ് എഴുതിയിട്ടുണ്ടല്ലോ! ആ ഒരു യോജിപ്പിൻ്റെ മാധ്യമം മറിയാമായിരുന്നു. വേറൊരു രീതിയിൽ പറഞ്ഞാൽ മറിയാമെന്ന ഗോവണിയിലൂടെയാണ് ദൈവസാന്നിധ്യം മനുഷരുടെ ഇടയിലേക്ക് ഇറങ്ങിയത്!
ക്രിസ്തു നഥനയേലിനോട് ഒരു സംഭാഷണ മദ്ധ്യേ പറയുന്നുണ്ടല്ലോ സ്വർഗം തുറന്നിരിക്കുന്നതും ദൂതൻമാർ അതിലൂടെ മനുഷ്യപുത്രൻ്റെ അടുക്കൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് നിങ്ങൾ കാണുമെന്ന്! സ്റൂഗിലെ യാക്കോബ് മൽപ്പാൻ ആ ഗോവണി കുരിശിൻ്റെ ദൃഷ്ടാന്തമായി അവതരിപ്പിക്കുന്നുണ്ട്! അതും സുന്ദരമായ ഒരു കൽപ്പനയാണ്.
ആകാശം ചായിച്ചിറങ്ങി വന്നവനെന്നത് പാശ്ചാത്യ സുറിയാനി കുർബാനയിലെ ഒരു കവിത്വം തുളുമ്പുന്ന വരിയാണ്. ആ ഇറങ്ങി വരവിനു മുഖാന്തിരമായത് നസ്റേത്തിലെ ആ സാധു പെൺകുട്ടിയാണ്. തൻ്റെ തിരഞ്ഞെടുപ്പിനോടുള്ള അവളുടെ ഐക്യദാർഢ്യമാണ് ബലവാൻമാരെ സിംഹാസനങ്ങളിൽ നിന്ന് ഇറക്കി വിനീതരെ ഉദ്ധരിക്കുന്നവൻ എന്ന അവളുടെ ദൈവസങ്കല്പം. സങ്കോചം കൂടാതെ ജനമദ്ധ്യത്തിൽ അത് വിളിച്ചു പറയുവാൻ അവളെ പ്രാപ്തമാക്കിയതും ഒരത്ഭുതമാണ്. അവളുടെ മകൻ പള്ളിയിൽ വച്ച് വായിച്ച ബദ്ധൻമാർക്കും വിടുതലും പീഡിതർക്കു സ്വാതന്ത്ര്യവും താൻ നൽകുമെന്ന ഏശായ പ്രവചനം ആ അമ്മയുടെ വിപ്ലവ ചിന്തയുടെ ഒരനുബന്ധമാണ്; ഒരു ഓർമ്മപ്പെടുത്തലാണ്!
ഡെറിൻ രാജു,
ശൂനോയോ നോമ്പ് - അഞ്ചാം ദിവസം.

Sunday, 3 August 2025

അഹറോൻ്റെ തളിർത്ത വടി

 


അതിശയകരമായ ഒരു ഗർഭചരിതത്തെ സൂചിപ്പിക്കാൻ സുറിയാനി പിതാക്കൻമാർ ഉപയോഗിച്ച മറ്റൊരു ഉദാഹരണമാണ് അഹറോൻ്റെ തളിർത്ത വടി എന്നത്.
സംഖ്യാ പുസ്തകത്തിലാണ് ഒരു അടയാളമെന്ന നിലയ്ക്ക് അഹറോൻ്റെ ഊന്നുവടി മാത്രം പല വടികൾക്കിടയിൽ നിന്ന് തളിർത്ത് പൂത്ത്, ബദാം ഫലം കായിച്ചത്. ഉണങ്ങിയ കമ്പിൽ ജീവൻ്റെ മുകുളങ്ങൾ ഉണ്ടായത്. കന്യകയിൽ നിന്നുള്ള ഉദയവും അങ്ങനെ തന്നെ!
ഉണങ്ങിയ കമ്പിൽ എങ്ങനെയാണ് തളിര് ഉണ്ടായി പൂവിടുന്നത്? നിർജീവാവസ്ഥയിൽ ഉള്ളതിൽ നിന്നു ജീവൻ്റെ നാമ്പ് എങ്ങനെ പുറപ്പെടും? അതും ഒരു സമസ്യയാണ്. പണ്ട് ഈ ഒരു സംശയം വൃദ്ധയായ ഒരു സ്ത്രീ ചോദിച്ചതാണ്. പ്രായമേറിയ തനിക്ക് എങ്ങനെ പുത്രനുണ്ടാകുമെന്ന്? മറിയാമിനും ഒരു സംശയം ഉണ്ടായിരുന്നു. എന്നാൽ സന്ദേശവാഹകൻ അവളെ ധൈര്യപ്പെടുത്തുകയായിരുന്നു; ഉയരത്തിലെ ശക്തിക്കു കീഴ്പ്പെടുവാൻ ആ ദൂതൻ അവളെ വിളിക്കുകയായിരുന്നു. ആ ധൈര്യപ്പെടുത്തലിൻ്റെ ഫലമാണ് ആ നിർമ്മല ജീവിതം. ഒരിക്കലും അവിടെ നിന്ന് ഒരു സംശയമോ തിരിഞ്ഞു നോട്ടമോ ഉണ്ടായിട്ടില്ല.
നിർമ്മല കന്യകയുടെ ഔന്നത്യമെന്നത് നമ്മൾ ചിന്തിക്കുന്നത് പലപ്പോഴും ക്രിസ്തുവുമായുള്ള ശരീരപ്രകാരമുള്ള ഒരു ബന്ധമാണ്. ആ ബന്ധം തികച്ചും അനിതരസാധാരണമായ ഒരു മഹാഭാഗ്യവുമാണ്. പണ്ട് ഒരിക്കൽ നസറായൻ്റെ വാക്കുകളിൽ ഭ്രമിച്ച ഒരു സ്ത്രീ ആൾക്കൂട്ടത്തിനിടയിൽ നിന്ന് വിളിച്ചു പറഞ്ഞത് നമ്മുടെ ചിന്ത തന്നെയാണ്. എന്നാൽ അതിനവൻ നൽകുന്ന മറുപടിയാണ് മറിയമിൻ്റെ ഔന്നത്യത്തിൻ്റെ പ്രാഥമിക നിദാനം! ഉടയവൻ്റെ വാക്ക് കേട്ട് അതനുസരിക്കുക. ആ അനുസരണം ഒന്നു കൊണ്ടാണ് ബാക്കി ഭാഗ്യാവസ്ഥയിലേക്ക് മറിയാം നടന്നടുത്തത്. പണ്ടൊരു ധിക്കാരിയായ രാജാവിനോട് ഒരു വൃദ്ധൻ പറഞ്ഞതും ഇതിൻ്റെ വേറൊരു തലമാണ്; "അനുസരിക്കുന്നത് യാഗത്തെക്കാൾ നല്ലത്!''
വരദായകമായ ഒരോർമ്മയാണ് നിർമ്മല കന്യകയുടേത്. ആ പേര് തന്നെ നമുക്കൊരു നീക്കിയിരിപ്പാണ്! ഇരുൾ മൂടിയ നമ്മുടെ പാതകളിൽ തെളിഞ്ഞു കത്തി, ദിശ ഉഴറാതെ നമ്മെ നടത്തുന്ന ഒരു കൈത്തിരി നാളമാണ്.
ഡെറിൻ രാജു
ശൂനോയോ നോമ്പ് - നാലാം ദിവസം

Saturday, 2 August 2025

ഭൂഷിതമാം നൗക !

 


ബുധനാഴ്ച നമസ്കാരത്തിൽ കാണുന്ന ഒരു സുന്ദര പ്രതീകമാണ് ഭൂഷിതമാം നൗകയെന്ന്. വെള്ളിയാഴ്ച വിസ്മനൗക യെന്നും കാണുന്നുണ്ട്. സുറിയാനി ആരാധനാ സാഹിത്യത്തിൽ അലങ്കരിക്കപ്പെട്ട കപ്പൽ എന്നത് മറിയാമിനെ കുറിക്കുന്ന ഒരു ധ്യാനചിന്തയാണ്!
പെട്ടകം എപ്പോഴും ഒരു സംരക്ഷണത്തിൻ്റെ പ്രതീകമാണ്. പ്രളയത്തിൽ നിന്നുള്ള സംരക്ഷണത്തിനു നോഹ് ഒരു പെട്ടകം പണിത കഥ ആദ്യ പുസ്തകത്തിലുണ്ട്. പെട്ടകത്തിലേക്കുള്ള എട്ടാളുകളുടെ കരേറ്റവും പ്രളയത്തിനു ശേഷമുള്ള അവരുടെ തിരിച്ചിറങ്ങലും ജലസ്നാനത്തിനൊരു മുൻകുറിയെന്ന് പത്രോസ് ശ്ലീഹാ എഴുതി.
മറിയാം കപ്പലിലെ നായകനെപ്പോലെ തൻ്റെ പുത്രനെ ഉള്ളിൽ വഹിച്ചു. ക്രിസ്തു ഒരു വ്യാപാരിയെപ്പോലെ മറിയാം എന്ന കപ്പലിൽ പ്രവേശിച്ചു. നോഹ് തൻ്റെ പെട്ടകത്തിലൂടെ ജീവജാലങ്ങളെ സംരക്ഷിച്ചതു പോലെ, ഉലകിൻ്റെ നായകനെ വഹിച്ച പെട്ടകത്തിലൂടെ മറിയാം സൃഷ്ടിക്കാകമാനം രക്ഷ ഉണ്ടാകുവാൻ കാരണമായിത്തീർന്നു! പെട്ടകം രൂപീകരിക്കപ്പെട്ടത് ഉയരത്തിൽ നിന്നുള്ള കൃത്യമായ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായപ്രകാരം മറിയാമും കൃത്യമായി തിരഞ്ഞെടുക്കപ്പെട്ടു. അഥവാ മറിയാമിൻ്റെ തിരഞ്ഞെടുപ്പ് ആകസ്മികമല്ല.
ദൈവപ്രസവിത്രി എന്നത് കേവലം ഒരു കവിതാ ശകലമല്ല. നമ്മുടെ ഒരു ഉറപ്പാണ്! ഇങ്ങനെ ഒരമ്മ നമുക്ക് എന്നും ഉണ്ടെന്നുള്ള ഒരു പ്രഖ്യാപനമാണ്! അതാണ് അന്ന് തൻ്റെ വാർധക്യത്തിലെ ഗർഭാവസ്ഥയിൽ തന്നെ പരിചരിക്കാൻ മലമുകളേറി വന്ന ആ പെൺകുട്ടിയോട് ഏലിസബേത്ത് പറഞ്ഞതും;
"എൻ്റെ കർത്താവിൻ്റെ അമ്മ!"
ആ പേര് തന്നെ നമുക്കൊരു ധൈര്യമാണ്! ഉറപ്പാണ്; കെട്ടുപോകാത്ത ഒരു പ്രതീക്ഷയാണ് !
ഡെറിൻ രാജു,
ശൂനോയോ നോമ്പ് - മൂന്നാം ദിവസം.

Friday, 1 August 2025

ഗിദയോൻ്റെ കമ്പിളിക്കെട്ട്..!!!

 


തിരുവെഴുത്തുകളിലെ ന്യായാധിപൻമാരുടെ പുസ്തകത്തിൽ ഗിദയോനു അവൻ്റെ കർത്താവ് രണ്ട് സൂചനകൾ അവൻ്റെ ആവശ്യപ്രകാരം നൽകുന്നുണ്ട്. ഒന്നാമത്തേത് ഒരു രോമക്കെട്ട് മാത്രം നനഞ്ഞിരിക്കുകയും അതിനു ചുറ്റുപാടും ഉണങ്ങി ഇരിക്കുന്നതും, വീണ്ടും രോമക്കെട്ട് മാത്രം ഉണങ്ങിയും ചുറ്റുപാടും നനഞ്ഞിരിക്കുന്നതും. ചുറ്റുപാടും നനയാതെ എങ്ങനെയാണ് രോമക്കെട്ട് നനയുക? ആ അത്ഭുതത്തെയാണ് കന്യകയിൽ നിന്നുള്ള അവിശ്വസനീയമായ ഉദയത്തിൻ്റെ മുൻകുറിയായി സുറിയാനി പിതാക്കൻമാർ കണ്ടത്! ഗിദയോൻ ഗൃഹ കമ്പിളി മഞ്ഞോ-ടേലീശാതൻ... എന്ന് ബുധനാഴ്ച നമസ്കാരത്തിൽ കാണുന്നു.
ഊഷരഭൂമിയിലേക്ക് ചാറൽ മഴ പോലെ ഇറങ്ങി വന്ന ഒരു സാന്നിധ്യമാണ് കന്യകയിൽ വസിച്ചത്! അത് ചുറ്റുപാടും ഊഷരമാകുമ്പോഴും നനഞ്ഞ് കുതിർന്ന കമ്പിളിയോട് സദൃശ്യമാകാതിരിക്കുന്നത് എങ്ങനെയാണ്? ചുറ്റുപാടും ആ പെൺകുട്ടിയെ ഒരിക്കലും സ്വാധീനിച്ചിരുന്നില്ല. സന്ദേശവാഹകൻ്റെ ആഹ്വാനം മുതൽ അവൾ സ്ഥിരചിത്തയായിരുന്നു. അതാണ് അവളെ പ്രതിസന്ധികളിൽ വീണു പോകാതെ പിടിച്ചു നിർത്തിയത്. നാലുപാടും വെള്ളം കയറുമ്പോഴും കാറ്റിൽ ഉലയാതെ നിൽക്കുന്ന ഒറ്റമരം പോലെ അവൾ നിന്നു; ബേതലഹേം മുതൽ കാൽവറി വരെ; നസറേത്ത് മുതൽ ഗലീല വരെ!
വിമലകന്യകയുടെ ഓരോ പെരുന്നാളും ഓരോ ഓർമ്മപ്പെടുത്തലാണ്. ഒരു സാധു ബാലികയുടെ തിരഞ്ഞെടുപ്പിൻ്റെ; തൻ്റെ നിയോഗത്തോടും തന്നെ നിയോഗിച്ചവനോടുമുള്ള അവളുടെ പൂർണ വിധേയത്വത്തിൻ്റെ!; തൻ്റെ വിളിയെ അവിശ്വസിക്കാതെ നടന്ന ഒരു പെൺകുട്ടിയുടെ. ചാറൽ മഴ പോലെ അവളിൽ ഇറങ്ങിവന്ന ദൈവസാന്നിധ്യമത്രേ ആ നിർമ്മല നടപ്പിൻ്റെ ശോഭയും!
ഡെറിൻ രാജു
ശൂനോയോ നോമ്പ് - രണ്ടാം ദിവസം.

കുഞ്ഞാടിനെ ജനിപ്പിച്ച വൃക്ഷം.

  മോറിയ മലയിലേക്ക് ഒരു കൽപന നിവർത്തിക്കായി കയറിപ്പോവുകയാണ് അബ്രഹാമും വാർദ്ധക്യത്തിൽ തനിക്കു ജനിച്ച വാഗ്ദത്ത പുത്രനായ ഇസഹാക്കും. പുത്രനെ ബലി ...