Monday 26 February 2024

തോമാവബോധം

മലങ്കര നസ്രാണികളുടെ ഏറ്റവും വലിയ സ്വത്ത് അവരുടെ തോമാവബോധമാണ്. അത് കാലാതിവർത്തിയും ചൈതന്യവത്തുമായ ഒരു സ്മരണയാണ്. സൗരഭ്യവാസനയാകുന്ന ഓർമ്മകളെപ്പറ്റി സുറിയാനിക്കാരുടെ ആരാധാനാസാഹിത്യത്തിൽ ധാരാളം പരാമർശങ്ങളുണ്ട്. അതുപോലെ  സുഗന്ധവാഹിനിയായ ഒരോർമ്മ. 

ഒരു ഓർമ്മയും പേരും എങ്ങനെയാണ് തലമുറകളെ സ്വാധീനിക്കുക? അധീശത്വ വാഴ്ചകൾക്കും പ്രളയങ്ങൾക്കും കൊടുങ്കാറ്റുകൾക്കും ക്ഷാമ-പഞ്ഞങ്ങൾക്കും തകർക്കാനാകാതെ നസറായനിലേക്കുള്ള ഒരു ദിശാസൂചിയായി, വഴി കാട്ടുന്ന ഒരു വിളക്കുമരമായി എങ്ങനെയാണ് അതിന് നിലനിൽക്കാനാകുക? അത്രയേറെ നസ്രാണികളുടെ ആത്മാവിൽ അലിഞ്ഞു ചേർന്ന ഒരു പേരാണ് ഗലീലക്കാരനായ തോമയുടേത്;  നസ്രാണികളുടെ മാർത്തോമ.

ചങ്ങാടങ്ങളിലും വള്ളപ്പടികളിലും മലഞ്ചെരിവുകളിലും ഇരുന്ന് ഒരുവൻ പറഞ്ഞ കാലാതിവർത്തിയായ ദർശനങ്ങളെ ആയിരം കാതങ്ങൾക്കിപ്പുറം ഈ മണ്ണിൽ നട്ട് നനച്ച് ഇവിടുറങ്ങി, നസ്രായൻ്റെ സ്നേഹമതത്തിനു, അവൻ്റെ വിപ്ലവാശയങ്ങൾക്കു ഒരു ഇടമുണ്ടാക്കി കടന്നു പോയവൻ്റെ പൈതൃകമാണ് നസ്രാണികളുടെ സ്വത്വബോധത്തെ നിർവചിച്ചത്. 

ബഥാന്യയിലേക്കുള്ള യാത്ര ആപത്ക്കരമെന്ന് കണ്ട് പരിഭ്രമിച്ച തൻ്റെ സഖാക്കളോട് 'അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക' യെന്നു പറഞ്ഞു ധൈര്യപ്പെടുത്തുയവൻ്റെ ഉറപ്പാണ്, സ്ഥൈര്യമാണ്, ഏതു പോരാട്ടത്തെയും ശക്തീകരിക്കുന്ന ഉൾപ്രേരകം. അതിനോളം വലിയൊരു ആഹ്വാനമോ  പ്രത്യാശ നിറഞ്ഞ പ്രോത്സാഹനമോ ഇല്ല. 

കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത, അകലെ വിദൂരതയിൽ കാണുന്ന ഒരു ചെറു പൊട്ടു പോലെയോ ചക്രവാളത്തിൻ്റെ അങ്ങേ കോണിലേക്ക് പറന്നമരുന്ന ഒരു ചെറുപക്ഷിയെ പോലെയോ പോലും അറിയാത്ത ഒരു ഭൂപ്രദേശത്തേക്ക് കടന്നു വന്ന്, ഇവിടെയടങ്ങിയവനെ ഓർക്കുന്ന ഏത് സന്ദർഭവും ഒരു കൃതജ്ഞതയാണ്. ആ ഓർമ്മയെ മറന്നു കളയുന്നയത്ര കൃതഘ്നതയും വേറൊന്ന് നസ്രാണിക്കില്ല.


ഡെറിൻ രാജു

പൈതൃക മഹാസമ്മേളനത്തിൻ്റെ പിറ്റേന്ന്

26-02-2024

കുരിശ് സംസാരിക്കുന്നത് സ്നേഹം | ഡെറിന്‍ രാജു

രണ്ടായിരം വർഷങ്ങൾക്കപ്പുറം ജറുശലേമിൻ്റെ വെളിമ്പ്രദേശത്ത് നാട്ടിയ കുരിശ് സംസാരിച്ചതും ഇന്നും സംസാരിക്കുന്നതും സ്നേഹമാണ്. രാജ്യമില്ലാത്ത രാജാവ...