ഒരു വനത്തിനകത്തേക്ക് എത്രത്തോളം നമുക്ക് പോകാൻ സാധിക്കും?
Derin Raju
Monday, 31 March 2025
കുരിശ് ഒരു പ്രതീക്ഷയാണ്
കാതോലിക്കാ സ്ഥാനാരോഹണത്തെക്കുറിച്ച് ഒന്നാം കാതോലിക്കാ സുറിയാനിയിൽ എഴുതിയ കുറിപ്പ്
വീണ്ടും കരുണനിറഞ്ഞ കർത്താവിനു സ്തുതി.
കണ്ടനാട് മെത്രാസനത്തിൻ്റെ മെത്രാപ്പോലീത്തായും ഈ പുസ്തകത്തിൻ്റെ കർത്താവുമായ ബലഹീനനായ പൗലോസ് മാർ ഈവാനിയോസ് പരിശുദ്ധ മാർതോമാശ്ലീഹായുടെ കൈകളാൽ സ്ഥാപിക്കപ്പെട്ട മലബാറിലെ ഏഴ് പള്ളികളിൽ ഒന്നായ നിരണത്തിൻ്റെ പരിശുദ്ധ കന്യകയായ ദൈവമാതാവിൻ്റെ പള്ളിയിലെ മദ്ബഹായിൽ വച്ച് പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ പൌരസ്ത്യ ശ്ലൈഹിക സിംഹാസനത്തിൻ്റെ ബസേലിയോസ് കാതോലിക്കായായി ആഘോഷിക്കുകയും പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഇന്ന് അദ്ദേഹത്തിന്റെ പേര് പൗരസ്ത്യ സിംഹാസനത്തിന്റെ ബസേലിയോസ് കാതോലിക്കാ എന്ന് അന്ത്യോഖ്യായുടെ അപ്പോസ്തോലിക സിംഹാസനത്തിന്റെ പാത്രിയർക്കീസ്, ദൈവത്തിന്റെ പ്രധാനപുരോഹിതനായ മോറാൻ മോർ ഇഗ്നാത്തിയോസ് അബ്ദേദ് മ്ശിഹാ രണ്ടാമനും കൂടെ മറ്റ് ബഹുമാനപ്പെട്ട മേല്പട്ടക്കാരും ചേർന്ന് മാറ്റി. അദ്ദേഹത്തിന് പ്രധാന പുരോഹിതന്മാരെ (മേല്പട്ടക്കാരെ) നിയമിക്കാനും വിശുദ്ധ മൂറോൻ കൂദാശ ചെയ്യുവാനും (ആരംഭം മുതലേ?) മേല്പട്ടക്കാർ തെറ്റുകാരായി കണ്ടാൽ അവരെ മുടക്കുവാനും അവർ സത്യത്തിൽ അനുതപിച്ചാൽ അവരെ സ്വീകരിച്ചു രഞ്ജിപ്പ് ഉണ്ടാക്കാനും അധികാരമുണ്ട്. പരിശുദ്ധയും മഹത്വമുള്ളവളുമായ ദൈവമാതാവിന്റെയും മാർതോമാശ്ലീഹായുടെയും സകല പരിശുദ്ധന്മാരുടെയും പ്രാർത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ. ക്രിസ്തുവർഷം 1912 സെപ്റ്റംബർ മാസത്തിലെ രണ്ടാം ഞായറാഴ്ച.
- തര്‍ജ്ജമ ഡെറിന്‍ രാജു
(പൗലൊസ് ഒന്നാമൻ ബാവാ തിരുമേനിയുടെ പട്ടംകൊട പുസ്തകത്തിലെ ഒരു പേജാണ്. പിന്നീട് ഈ പുസ്തകം പാമ്പാടി തിരുമേനിയും പിന്നീട് യൂഹാനോൻ സേവേറിയോസ് തിരുമേനിയും ഉപയോഗിച്ചു അവർ നടത്തിയ പട്ടം കൊടകളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്)
Monday, 24 March 2025
അമ്മയുടെ വിമോചനാശയം | ഡെറിൻ രാജു
വീണ്ടും, വസന്തകാലത്ത് കേട്ട ആ സുന്ദരവാർത്തയുടെ അനുസ്മരണമാണ്.
Sunday, 16 March 2025
ഗർബോ ഞായർ നോമ്പിലെ രണ്ടാം ഞായറാഴ്ച അല്ല. മ്ശർയോ മൂന്നാമത്തേതും അല്ല
പല പോസ്റ്റുകളിലും നോമ്പിലെ രണ്ടാം ഞായർ - ഗർബോ എന്നു കാണുന്നത് ശരിയായ രീതിയല്ല എന്ന് വിചാരിക്കുന്നു.
ഗർബോ ഞായർ രണ്ടാം ഞായർ ആകണമെങ്കിൽ കൊത്ത്നേ ഞായർ നോമ്പിലെ ആദ്യത്തെ ഞായർ ആകണം. എന്നാൽ കൊത്ത്നേ ഞായർ നോമ്പിലെ ഞായർ അല്ല. നോമ്പ് ആരംഭിക്കുന്നത് തിങ്കളാഴ്ചയാണ്. അതിനു ശേഷം വരുന്ന ആദ്യത്തെ ഞായർ ഗർബോ ആണ്.
ശുശ്രൂഷാ സംവിധാനത്തിൽ യൂഹാനോൻ മാർ സേവേറിയോസ് തിരുമേനി ഊശാന പെരുന്നാളിൻ്റെ ശുശ്രൂഷാക്രമീകരണം അവതരിപ്പിക്കുന്ന ഇടത്തു പറയുന്നത് നോമ്പിലെ ആറാം ഞായറാഴ്ച എന്നാണ്. അതും ഗർബോ രണ്ടാം ഞായർ എന്ന പ്രയോഗം തെറ്റാണെന്നു തെളിയിക്കുന്നു.
മലയാളത്തിൽ എങ്ങനെയോ വന്നു ചേർന്ന ഒരു പ്രയോഗമാകാം നോമ്പിലെ രണ്ടാം ഞായർ-ഗർബോ എന്നത്. പെങ്കീസായിൽ കാണുന്നതും കുഷ്ഠരോഗിയുടെ ഞായറാഴ്ച എന്നാണ് (ܚܕ ܒܫܒܐ ܕܓܪܒܐ). നോമ്പിലെ ഗർബോ ഞായറാഴ്ച അഥവാ കുഷ്ഠരോഗിയുടെ ഞായറാഴ്ച എന്നതാണ് ശരിയായ പ്രയോഗം. ഇനി എത്രാമത്തെ എന്നു കൃത്യമായി പറയണമെങ്കിൽ അത് വലിയനോമ്പ് ആരംഭിച്ച ശേഷം വരുന്ന ആദ്യത്തെ ഞായറാഴ്ചയാണ്.
ഡെറിൻ രാജു
Thursday, 27 February 2025
പ. വട്ടശേരില്‍ തിരുമേനിയുടെ സഭാസ്വാതന്ത്ര്യ ദര്‍ശനം | ഡെറിന്‍ രാജു
ആമുഖം
തിരുവെഴുത്തുകളും സഭാപാരമ്പര്യവും നല്‍കുന്ന അറിവിന്‍റെ അടിസ്ഥാനത്തില്‍ നമ്മുടെ കര്‍ത്താവും മാര്‍ ഇഗ്നാത്തിയോസും തമ്മിലൊരു പരിചയമുണ്ട്. എന്നാല്‍ അത്രയെങ്കിലും നേര്‍ത്ത ഒരു പരിചയം പ. വട്ടശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസിയോസ് തിരുമേനിയുമായി ഉളളവരെ ഇന്ന് നമ്മുടെ ഇടയില്‍ കണ്ടെത്തുക എളുപ്പമല്ല. മലങ്കരയില്‍ ഉടനീളം പരിശോധിച്ചാലും കണ്ടെത്താവുന്ന ആളുകളുടെ സംഖ്യ പരമാവധി ഒരു കൈയിലെ വിരലുകളില്‍ നിന്നേക്കും. എന്നാല്‍ തൊണ്ണൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹം പകര്‍ന്നു നല്‍കിയ സ്വാതന്ത്ര്യബോധമാണ് നമ്മെ ഭരിക്കുന്നതും നയിക്കുന്നതും. അതിനു വികാസ-പരിണാമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭരണഘടനയും സുപ്രീം കോടതി വിധികളുമൊക്കെ ആ ബോധ്യത്തിന്‍റെ പരിണാമത്തെ സ്വാധീനിച്ചിട്ടുമുണ്ട്. മലങ്കരസഭയുടെ ജന്മസിദ്ധമായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമ്പോഴും സമാധാനത്തിനായി എല്ലാ വാതിലുകളും തുറന്നിടുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തെ എപ്പോഴും നയിച്ചിരുന്നത് ചില ബോദ്ധ്യങ്ങളാണ്. ആ ബോദ്ധ്യങ്ങള്‍ക്കായി അദ്ദേഹം അവസാനംവരെ നിലനിന്നു. അതിന്‍റെ വലിയ ഉദാഹരണങ്ങളിലൊന്ന് ഭരണഘടനാ നിര്‍മ്മാണ സമയത്തെ പ്രതിസന്ധിയാണ്. എപ്പിസ്കോപ്പസിക്കു മുന്‍തൂക്കമുള്ള ഭരണത്തിനു വാദിച്ച വട്ടശേരില്‍ മാര്‍ ദീവന്നാസിയോസ് ഉള്‍പ്പെടെയുള്ള ഒരു വിഭാഗവും ജനാധിപത്യഭരണത്തിനായി വാദിച്ച പത്രോസ് മത്തായി, ടി. ജോസഫ് തുടങ്ങിയ വേറൊരു വിഭാഗവും രണ്ട് വിഭാഗത്തെയും രമ്യപ്പെടുത്താന്‍ ശ്രമിച്ച കണ്‍വീനര്‍ ഒ. എം. ചെറിയാന്‍ തുടങ്ങിയവരും സഭയിലും സമിതിയിലും ആ സമയത്ത് ഉണ്ടായിരുന്നു. ഏതു നിലപാടാണോ അദ്ദേഹം ഈ നിര്‍മ്മാണപ്രക്രിയ തുടങ്ങിയ സമയത്ത് പുലര്‍ത്തിയത് അതു തന്നെയായിരുന്നു കാലം ചെയ്യുന്നതിനു നാലു മാസം മുമ്പും.
പാറേട്ട് മാത്യൂസ് കത്തനാരുടെ (പിന്നീട് മാര്‍ ഈവാനിയോസ്) ഡയറിക്കുറിപ്പുകള്‍ അത് അടിവരയിടുന്നുണ്ട്: "മെത്രാച്ചനു ക്ഷീണം കൂടുതലില്ല! ഒ. എം. ചെറിയാന്‍ വന്നിട്ടുണ്ടായിരുന്നു. ഭരണഘടനയെ സംബന്ധിച്ച് മെത്രാച്ചനുമായി കുറേസമയം സംസാരിച്ചു. യോജിക്കുന്ന മട്ട് കണ്ടില്ല." അദ്ദേഹത്തിന്‍റെ ആശയങ്ങളോട് വിയോജിപ്പുള്ളവര്‍ ഉണ്ടാകാമെങ്കിലും അദ്ദേഹത്തിന്‍റെ നിലപാടിലെ ഉറപ്പ് ഒരു സവിശേഷതയായിരുന്നു. മാറ്റങ്ങളെ പരിഗണിക്കാനും പ്രതിസന്ധികളില്‍ അതീവ ബുദ്ധിസാമര്‍ത്ഥ്യം കാണിക്കുവാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. എം. എ. ചാക്കോയെ ഉദ്ധരിച്ചുകൊണ്ട് പുത്തന്‍കാവില്‍ കൊച്ചുതിരുമേനി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ, "തലച്ചോറു പുഴുങ്ങി അരച്ചു അതുകൊണ്ടുണ്ടാക്കപ്പെട്ട മനുഷ്യന്‍" എന്ന്. അതൊരു അതിശയോക്തി അല്ലെന്നു അദ്ദേഹത്തിന്‍റെ ജീവിതവും കോടതിമൊഴികളും നമ്മെ ബോധ്യപ്പെടുത്തും.
ഇസ്സഡ്. എം. പാറേട്ട് പറയുന്നതില്‍ നിന്ന് വ്യക്തമാകുന്ന ഒരു ചിത്രമുണ്ട്, ആങ്ങേയറ്റം കൃശഗാത്രനായ ഒരു മനുഷ്യന്‍, ഒരു വസ്തുവിന്‍മേല്‍ ദൃഷ്ടി ഉറപ്പിക്കുന്നതുപോലും പാടുപെട്ടാകുന്ന ഒരു മനുഷ്യന്‍! അദ്ദേഹം എങ്ങനെയാണ് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒറ്റയ്ക്ക് ഈ സഭയെ നയിച്ചത്? അങ്ങേയറ്റം പ്രക്ഷുബ്ധമായ സാഹചര്യങ്ങളെ എങ്ങനെ അതിജീവിച്ചു എന്നത് തന്നെ ഒരു അദ്ഭുതമാണ്. ഈ പ്രതിസന്ധികളിലൂടെയാണ് സഭാ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് ഉരുത്തിരിഞ്ഞു വന്നത്. അത് എക്കാലവും മാറ്റങ്ങള്‍ക്ക് വിധേയമാകാതെ നിലനിന്നിരുന്നില്ല. താന്‍ നേരിട്ട പ്രതിസന്ധികളും അഭിമുഖീകരിച്ച പ്രയാസങ്ങളുമൊക്കെ സഭാസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ച ഘടകങ്ങളാണ്. അതോടൊപ്പം നമുക്ക് ചിന്തിക്കേണ്ട ഒന്നാണ് സമാധാനത്തിനായിട്ടുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങളും. രണ്ടും ഇക്കാലവും വളരെ പ്രസക്തവും അപഗ്രഥിക്കേണ്ടതുമാണ്. എന്നാല്‍ അത് എത്രകണ്ട് നമ്മുടെയിടയില്‍ ഉണ്ടാകുന്നുണ്ട് എന്നത് സംശയമാണ്. സഭാ സമാധാനത്തിനായി അക്ഷീണം യത്നിച്ച പിതാവായിരുന്നു അദ്ദേഹം. സഭയുടെ സ്വാതന്ത്ര്യമെന്നത് അക്കാലത്ത് ഏതാണ്ട് ഒരു നവീനാശയമായിരുന്നു. ആ സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിനായി അദ്ദേഹം പോരാടി. അദ്ദേഹം കാലം ചെയ്തതിനുശേഷം ഇറങ്ങിയ ബഥനി മാസികയുടെ ഒരു വിശേഷാല്‍പ്രതി അദ്ദേഹത്തെ മോശയോടു ഉപമിച്ചു. "മലങ്കരസഭയിലെ മോശയ്ക്കു ആ ഭാഗ്യം ലഭിക്കാത്തതില്‍ എന്തിനു പരിതപിക്കുന്നു? മോശ സ്വാതന്ത്ര്യദേശം നോക്കി കണ്ടതുപോലെ ആ വന്ദ്യ തിരുമേനിയും സ്വതന്ത്ര മലങ്കരസഭ സ്വദൃഷ്ടിപഥത്തില്‍ കണ്ടുംകൊണ്ടു തന്നെയത്രെ മൃതിയടഞ്ഞതു എന്നു സമാശ്വസിക്കാം." സഭാഭാസുരന്‍ എന്നാണല്ലോ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്! അത് അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് തന്നെ നല്‍കപ്പെട്ട ഒരു വിശേഷണവുമാണ്. അത് സഭ നല്‍കിയതല്ലായെന്നത് വേറൊരു കൗതുകം. മണലില്‍ അച്ചന്‍ രേഖപ്പെടുത്തുന്നപ്രകാരം മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ നല്‍കിയ പേരാണ് 'ഭാസുരന്‍' എന്നത്. കുന്നംകുളം യൗസേഫ് ശെമ്മാശന്‍റെ ഉടമസ്ഥതയിലുള്ള ആത്മപോഷിണി മാസികയോടു സഹകരിക്കുന്നതിലൂടെയാണ് മഹാകവി തിരുമേനിയെപ്പറ്റി അറിയുന്നതും ഈ അതിസുന്ദരവും അര്‍ത്ഥവത്തുമായ നാമധേയം അദ്ദേഹത്തിനായി നല്‍കിയതും. വെറുതെ ഒരു പേര് നല്‍കുന്ന രീതി അദ്ദേഹത്തിനില്ലായെന്ന് അദ്ദേഹത്തിന്‍റെ കാവ്യങ്ങളെപ്പറ്റി അപഗ്രഥിക്കുമ്പോള്‍ നമുക്ക് മനസിലാകുന്നതുമാണ്. "എന്‍റെ ഗുരുനാഥന്‍" എന്ന് ഗാന്ധിജിയെ അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ടല്ലോ. ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന സൗരയൂഥത്തിന്‍റെ കേന്ദ്രമായി സൂര്യന്‍ വിരാജിക്കുന്നതുപോലെ, നിത്യമായ ഒരു ഊര്‍ജസ്രോതസായി നിലനില്‍ക്കുന്നതുപോലെ, നമുക്കെല്ലാം പ്രകാശം പരത്തുന്നതുപോലെ സഭാ ഭാസുരനും നിലനില്‍ക്കുകയാണ്. ഈ തൊണ്ണൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും നമ്മുടെ സ്വാതന്ത്ര്യബോധം തണുത്ത് പോകാതെ എപ്പോഴും ചൂടുപിടിപ്പിച്ചുകൊണ്ട് അതിങ്ങനെ നിലനില്‍ക്കുകയാണ്. ആദ്യം പറഞ്ഞതുപോലെ സ്വാതന്ത്ര്യം ഒരു ഏകരൂപത്തിലല്ല മലങ്കരയില്‍ കണ്ടെത്താന്‍ സാധിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം നമ്മള്‍ പരിശോധിച്ചാല്‍ അതിനു 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതലൊരു ചരിത്രം പറയുമ്പോഴും 1929-ല്‍ മാത്രമാണ് പൂര്‍ണ സ്വരാജ് എന്ന ആശയം കോണ്‍ഗ്രസിന്‍റെ ലാഹോര്‍ സെഷന്‍ ആവശ്യപ്പെടുന്നത്. 1942-ലാണ് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവും അതിന്‍റെ അവസാനമാണ് സ്വാതന്ത്ര്യലബ്ധിയും. 1600-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആരംഭത്തോടെ തുടങ്ങിയ വിവിധ നിലകളിലുള്ള ബ്രിട്ടീഷ് ഭരണത്തിനാണ് സ്വാതന്ത്ര്യലബ്ധിയിലൂടെ അവസാനമായത്. 1665-ല്‍ ആരംഭിച്ച മലങ്കരയുടെ അന്ത്യോഖ്യന്‍ ബന്ധം വിശകലനം ചെയ്താല്‍ പ. വട്ടശേരില്‍ തിരുമേനിയുടെ നേതൃത്വത്തില്‍ ഉണ്ടായ ഒരു സ്വാതന്ത്ര്യപോരാട്ടത്തിനും ഇപ്രകാരമൊരു വളര്‍ച്ചയും സ്വാതന്ത്ര്യം ഏത് തലത്തില്‍ എന്നതില്‍ ഒരു വികാസവും നമുക്ക് കണ്ടെത്താന്‍ സാധിക്കും. മൂന്നു തലങ്ങളിലൂടെയാണ് ആ സ്വാതന്ത്ര്യമെന്ന സങ്കല്പം വികസിച്ചത്.
പാത്രിയര്‍ക്കീസിന്‍റെ മുടക്കു മുതല്‍ കാതോലിക്കേറ്റിന്‍റെ സ്ഥാപനം വരെ അതിന്‍റെ ഒന്നാം തലമായി നമുക്ക് കണക്കാക്കാം. കാതോലിക്കേറ്റ് സ്ഥാപനം മുതല്‍ മര്‍ദ്ദീന്‍ യാത്ര വരെ രണ്ടാംഘട്ടമായും മര്‍ദ്ദീന്‍ യാത്രയ്ക്ക് ശേഷമുള്ളത് മൂന്നാംഘട്ടമായും പരിഗണിക്കാം. ഈ മൂന്ന് തലങ്ങളിലൂടെ വികാസം പ്രാപിച്ച വട്ടശേരില്‍ തിരുമേനിയുടെ സഭാസ്വാതന്ത്ര്യ സങ്കല്പത്തെയാണ് വിശകലനം ചെയ്യുന്നത്. ഈ മൂന്ന് ആംഗിളുകളില്‍ മാത്രമല്ല, വട്ടശേരില്‍ തിരുമേനിയുടെ സഭാസ്വാതന്ത്ര്യത്തെ വ്യത്യസ്തമായ വീക്ഷണകോണുകളിലും വിവിധങ്ങളായ മാനങ്ങളിലും അപഗ്രഥിക്കാവുന്നതാണ്. അതില്‍ തന്നെ മൂന്നാമത്തെ തലം സവിശേഷ പ്രാധാന്യമുള്ളതുമാണ്.
കാതോലിക്കേറ്റിന്‍റെ സ്ഥാപനത്തിന്‍റെ ആസന്ന കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ മുടക്കാണ്. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസിന്‍റെ പൗരോഹിത്യ കനകജൂബിലി ആഘോഷങ്ങളുടെ സമയത്ത് മലങ്കരസഭ മഫ്രിയാന സ്ഥാനം ആഗ്രഹിക്കുകയും ആ സ്ഥാനം ആവശ്യപ്പെട്ട് കോനാട്ട് മാത്തന്‍ മല്പാന്‍ ശീമയ്ക്ക് എഴുത്ത് അയയ്ക്കുകയും ചെയ്തതാണെന്നതും നമുക്ക് അറിയാവുന്നതാണ്. എന്നാല്‍ പാത്രിയര്‍ക്കീസില്‍ നിന്ന് അനുകൂല മറുപടി ലഭിക്കുന്നില്ല. പിന്നീട് ഇതേപ്പറ്റി കാര്യമായ ആവശ്യപ്പെടലും ഇല്ല. എന്നാല്‍ 1911 ഇടവ മാസം 26-ാം തീയതി അബ്ദുളളാ പാത്രിയര്‍ക്കീസ് വട്ടശേരില്‍ തിരുമേനിയെ മുടക്കിയ സാഹചര്യത്തില്‍ മറ്റൊരിക്കലും നാം അഭിമുഖീകരിക്കാത്ത പ്രതിസന്ധിയെ നേരിട്ടപ്പോള്‍ അതില്‍ നിന്നു രക്ഷ നേടുവാന്‍, ആ കുടുക്കില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഏറ്റവും പ്രായോഗികമായ മാര്‍ഗം കാതോലിക്കേറ്റ് സ്ഥാപിക്കുക എന്നതായിരുന്നു. അന്ത്യോഖ്യന്‍ സഭാ വിജ്ഞാനീയത്തില്‍, ആ ബന്ധത്തില്‍ നിലനിന്നുകൊണ്ട് തന്നെയുള്ള ഒരു ക്രമീകരണം. അല്ലാതെ ആ ബന്ധം അവിടെ ഉപേക്ഷിക്കുവാനുള്ള ശ്രമം അപ്പോള്‍ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെയാണ് അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ് ബാവായെ ഇവിടെ കൊണ്ടുവരാനുള്ള തീരുമാനവും ഉണ്ടാകുന്നത്. ഇതാണ് വട്ടശേരില്‍ തിരുമേനിയുടെ സ്വാതന്ത്ര്യത്തിന്‍റെ ആദ്യ നില. മേല്‍പ്പട്ടക്കാരുടെ വാഴ്ചയാണ് മുടക്കിന്‍റെ സമയത്ത് മലങ്കരയിലെ മെത്രാപ്പോലീത്താ അനുകൂല കക്ഷി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. ശ്ലീഹന്മാരുടെ കാനോന്‍പ്രകാരം ഒരു എപ്പിസ്കോപ്പായെ വാഴിക്കുന്നത് രണ്ടോ മൂന്നോ മെത്രാപ്പോലീത്താമാര്‍ ചേര്‍ന്നാകണം എന്നുണ്ടല്ലോ. ഹൂദായ കാനോന്‍ അത് കുറച്ചുകൂടി കൃത്യമായി മൂന്ന് എന്ന് ഉറപ്പിച്ചു പറയുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായത് പാത്രിയര്‍ക്കീസന്മാര്‍ തന്നെ ചെയ്തിട്ടുമുണ്ട്. പത്രോസ് പാത്രിയര്‍ക്കീസ് മലങ്കരയില്‍ ആറ് മേല്‍പ്പട്ടക്കാരെ വാഴിച്ചപ്പോള്‍ മലങ്കര മെത്രാപ്പോലീത്തായെ പോലും ഉള്‍പ്പെടുത്താതെ ഒറ്റയ്ക്കാണ് വാഴിച്ചത്. എന്നാല്‍ കാനോന്‍പ്രകാരം നോക്കിയാല്‍ മലങ്കരയിലെ മെത്രാപ്പോലീത്താ അനുകൂലകക്ഷിക്ക് മെത്രാപ്പോലീത്താമാരുണ്ടാകുന്നത് പ്രയാസമായി. എന്നാല്‍ അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ് മലങ്കരയില്‍ വരികയും കാതോലിക്കേറ്റ് സ്ഥാപിക്കുകയും മൂന്ന് മെത്രാപ്പോലീത്താമാരെ (യൂയാക്കീം മാര്‍ ഈവാനിയോസ്, ഗീവറുഗീസ് മാര്‍ പീലക്സീനോസ്, ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ്) വാഴിക്കുകയും ചെയ്തതോടെ ആ പ്രതിസന്ധി അവസാനിച്ചു. വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിന്‍റെ സഭാസ്വാതന്ത്ര്യ ദര്‍ശനത്തിന്‍റെ ഈ ഒന്നാം തലത്തില്‍ ഉള്‍ഭരണ ക്രമീകരണങ്ങളാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്. അത് മുടക്കിനു മുമ്പുള്ള കാലത്തും പ്രസക്തമാണ്. ആ ഉള്‍ഭരണസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ തിരുമേനി ഒരിക്കലും സമ്മതിച്ചിരുന്നില്ല. അത് വട്ടിപ്പണക്കേസിന്‍റെ വിചാരണവേളയിലും മറ്റും അദ്ദേഹം കൊടുത്ത മൊഴികളില്‍ നിന്നു വ്യക്തമാണ്. മലങ്കരയിലെ ഭരണം മലങ്കരയിലാണ് നടന്നതെന്ന് നമുക്ക് ആ മൊഴികളില്‍ നിന്ന് കൃത്യമാകുന്നുണ്ട്. ഈ ഉള്‍ഭരണസ്വാതന്ത്ര്യത്തിന്‍റെ തലത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം മര്‍ദ്ദീന്‍ യാത്രയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്. ഒന്നാം കാതോലിക്കാ 1913 മെയ് മാസം കാലം ചെയ്തെങ്കിലും കാതോലിക്കാ വാഴ്ചയുടെ ഒരു പ്രധാന ലക്ഷ്യം നിറവേറ്റപ്പെട്ടതിനാലും സമാധാനശ്രമങ്ങള്‍ നടന്നിരുന്നതിനാലും ഉടനെ ഒരു കാതോലിക്കാ വാഴ്ചയിലേക്ക് സഭ കടന്നില്ല. വട്ടിപ്പണക്കേസ് തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ നിന്ന് വീരരാഘവവയ്യങ്കാര്‍ മാര്‍ ദീവന്നാസിയോസിനു എതിരായി വിധിച്ച കാലഘട്ടത്തിലാണ് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സമാധാനശ്രമവും നടന്നത്. അവിടെയും അദ്ദേഹം തന്‍റെ നിലപാടില്‍ മാറ്റം വരുത്തുന്നില്ല. മര്‍ദ്ദീന്‍ യാത്ര ആരംഭിച്ചത് കുണ്ടറയില്‍ നിന്നാണല്ലോ. യാത്ര ആരംഭിക്കുന്നതിനു മുമ്പ് നടത്തുന്ന പ്രസംഗത്തില്‍ എന്തിനാണ് താന്‍ മര്‍ദ്ദീനിലേക്ക് പോകുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. എന്താണ് തന്‍റെ യാത്രയുടെ ഉദ്ദേശ്യമെന്ന് അദ്ദേഹം അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു: "ഇവിടെ നടക്കുന്നത് ഇതൊക്കെയാണെന്ന് അറിയിക്കണം, സഭയില്‍ സമാധാനം ഉണ്ടാകണം.' അത് പാത്രിയര്‍ക്കീസിനോട് അദ്ദേഹം നേരിട്ടു പറയുന്നുമുണ്ട്. പാത്രിയര്‍ക്കീസ് നേരിട്ടു കാണുമ്പോള്‍ എന്തെങ്കിലും പറയാനുണ്ടോ എന്നാണ് ചോദിക്കുന്നത്. അതിന്‍റെ മറുപടി "സഭ ഭിന്നിച്ചു പോകാതെ മേലാല്‍ ന്യായമായി എല്ലാം നടന്നു പോകണം" എന്നാണ്. കൃത്യമായ ഒരു മറുപടി. 'ന്യായമായി എല്ലാം നടന്നു പോകണം!' ന്യായമായി നടന്നാല്‍ ഭിന്നത ഉണ്ടാകില്ല എന്നദ്ദേഹം വ്യക്തമാക്കി. ന്യായമില്ലാത്ത അധികാരപ്രയോഗത്തിനുള്ള ശ്രമമാണ് മലങ്കരയിലെ ഭിന്നതയുടെ ഒരു വലിയ കാരണവും. ന്യായമായി അധികാരം പ്രയോഗിച്ചാല്‍ മുടക്ക് വരില്ല!, കാനോനികമല്ലാത്ത മേല്‍പ്പട്ടവാഴ്ചകള്‍ വരില്ല!, തത്വാധിഷ്ഠിതമല്ലാത്ത അധികാരസ്ഥാനങ്ങള്‍ വരില്ല. കൃത്യമായ ഒരു അനുമാനം. ഇതാണ് വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിന്‍റെ സഭാസ്വാതന്ത്ര്യത്തിന്‍റെ രണ്ടാം തലം. തന്‍റെ മുടക്ക് ഒരു വലിയ കാര്യമായി അദ്ദേഹം പരിഗണിക്കുന്നേയില്ല. അതുകൊണ്ടാണ് മുടക്കിനു ശേഷവും അദ്ദേഹം മേല്‍പ്പട്ടത്വത്തിനടുത്തതായ പ്രവൃത്തികള്‍ ചെയ്തത്. അപ്പോള്‍ മുടക്ക് പ്രശ്നമല്ല. എന്നാല്‍ സമാധാനത്തിനുള്ള മാര്‍ഗം അന്വേഷിക്കണം. നിലപാടുകളില്‍ ഉറച്ചു നിന്നുകൊണ്ട് സമാധാനത്തിനായി ശ്രമിക്കുക. അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ് നല്‍കിയ മേല്‍പ്പട്ടസ്ഥാനങ്ങളും ആ പിതാക്കന്മാര്‍ നടത്തിയ പട്ടത്വദാനങ്ങളും സംബന്ധിച്ച് ഒരു ചര്‍ച്ചയ്ക്കും അദ്ദേഹം തയ്യാറാകുന്നില്ല. അതെല്ലാം സാധുവായതിനാല്‍ അതിനെ പുനഃക്രമീകരിക്കേണ്ട ആവശ്യമില്ല. ഒരു കല്പനയിലൂടെ അംഗീകരിക്കുക മാത്രം ചെയ്യുക. ഈ ശ്രമത്തില്‍ അദ്ദേഹം വിജയിച്ചതുമാണ്. അപ്രകാരമുള്ള കല്പനകളുമായിട്ടാണ് പാത്രിയര്‍ക്കീസും മാര്‍ ദീവന്നാസിയോസും ചേര്‍ന്ന് വാഴിച്ച മാര്‍ യൂലിയോസ് സ്ഥാനമേറ്റ് വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിന്‍റെ ഒപ്പം വന്നത്. ആര്‍ക്കോണത്തു വച്ച് റയില്‍വേ റൂമില്‍ ആ കല്പനകള്‍ മാര്‍ യൂലിയോസ് സഹയാത്രികരെ കാണിച്ചതുമാണ്. മാത്രമല്ല, ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയശേഷം അവിടെ കൂടിയിരുന്നവരോടായി മാര്‍ യൂലിയോസ് കല്പന ഉണ്ടെന്നും പത്തു ദിവസത്തിനകം അത് പുറത്തുവിടുമെന്നും പറഞ്ഞതുമാണ്. എന്നാല്‍ പത്തു ദിവസമെന്നത് പത്തു മാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. രണ്ടാം തലം നമുക്കിവിടെ നിര്‍ത്താം.
വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിന്‍റെ സഭാസ്വാതന്ത്ര്യത്തിന്‍റെ മൂന്നാമത്തെ തലമാണ് അടുത്തത്. അത് വളരെ പ്രധാനപ്പെട്ടതുമാണ്. മര്‍ദ്ദീന്‍ യാത്ര ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നു വന്നതോടെ സ്വാതന്ത്ര്യചിന്ത പൂര്‍ണ അര്‍ത്ഥത്തിലേക്ക് വളര്‍ന്നു. ആദ്യ പടിയായി രണ്ടാം കാതോലിക്കായെ വാഴിച്ചു. വട്ടിപ്പണക്കേസിന്‍റെ റിവ്യൂ ഹര്‍ജി പരിഗണിച്ച കോടതി അത് മാര്‍ ദീവന്നാസിയോസിനു അനുകൂലമായി വിധിച്ചു. സഭാ ഭരണഘടനയുടെ രൂപീകരണത്തിനായുള്ള ഔദ്യോഗികശ്രമങ്ങളും ആരംഭിച്ചത് ഈ സമയത്തായിരുന്നു. അതിന്‍റെ ദീര്‍ഘമായ ചരിത്രം ഞാന്‍ എഴുതിയ 'മലങ്കരസഭാ ഭരണഘടന: ചരിത്രം, രേഖകള്‍, ഭേദഗതികള്‍' എന്ന പുസ്തകത്തില്‍ ലഭ്യമാണ്. നമുക്ക് ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍, മലങ്കരസഭയ്ക്കു ഒരു ഭരണഘടന ആവശ്യമാണെന്ന് ആദ്യമായി ആവശ്യപ്പെടുന്നത് തിരുവനന്തപുരം സിറ്റി പ്രസില്‍ നിന്ന് എന്‍. ജെ. ഫെര്‍ണാണ്ടസ് പബ്ലീഷറും ജേക്കബ് കുര്യന്‍ പത്രാധിപരുമായ 'സുറിയാനി സഭ' എന്ന മാസികയാണ്. എന്നാല്‍ മാസികയുടെ ആവശ്യത്തോട് ആദ്യഘട്ടത്തില്‍ ഔദ്യോഗിക സഭാനേതൃത്വത്തിനു അത്ര പ്രതിപത്തിയില്ലായിരുന്നു. എന്നാല്‍ പിന്നീട് നിലപാട് മാറുകയും 1930-ല്‍ ഭരണഘടന എഴുതാന്‍ ഒരു കമ്മിറ്റിയെ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. പഴയ സുറിയാനി സഭാ മാസികയുടെ പ്രവര്‍ത്തകരായിരുന്ന അഞ്ചോളം പേര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളുമായിരുന്നു. ആദ്യം പറഞ്ഞതുപോലെ മൂന്ന് താല്‍പര്യക്കാര്‍ കമ്മിറ്റിയിലും സഭയിലും ആ സമയത്ത് ഉണ്ടായിരുന്നു. ഒന്ന് പൂര്‍ണ ജനാധിപത്യവാദികള്‍ - സുറിയാനി സഭാ മാസികയുടെ പ്രവര്‍ത്തകര്‍ ഈ വിഭാഗമായിരുന്നു. രണ്ട്, എപ്പിസ്കോപ്പല്‍ ഭരണത്തിനായി വാദിച്ചവര്‍ - മലങ്കര മെത്രാപ്പോലീത്താ ഉള്‍പ്പെടെയുള്ളവര്‍ ഈ വിഭാഗമായിരുന്നു. മൂന്നാമത്തെ വിഭാഗം രണ്ടു കൂട്ടരെയും കൂടി സംയോജിപ്പിച്ച് ഒരു അഭിപ്രായ ഐക്യത്തിലെത്തിക്കാന്‍ ശ്രമിച്ചവര്‍. തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് സുറിയാനി സഭാ പ്രവര്‍ത്തകരായ അഞ്ചു പേരും ചേര്‍ന്ന് ഒരു ഡ്രാഫ്റ്റും വടക്കന്‍പറവൂര്‍ സ്വദേശിയായ എ. സി. പോള്‍ വേറൊരു ഡ്രാഫ്റ്റും അക്കാലത്ത് ശനിയാഴ്ചതോറും പ്രസിദ്ധീകരിച്ചിരുന്ന 'കേരള കേസരി' പത്രത്തില്‍ പ്രസിദ്ധീകരിച്ചു. അഭിപ്രായഐക്യം ഉണ്ടാകുന്നില്ലായെന്നു കണ്ട വട്ടശേരില്‍ മാര്‍ ദീവന്നാസിയോസ് തന്‍റെ അഭിപ്രായങ്ങള്‍ അതേ കേരള കേസരി പത്രത്തില്‍ 1932 ജൂലൈ 2 മുതല്‍ സെപ്തംബര്‍ 10 വരെയായി പ്രസിദ്ധീകരിച്ചു. സഭാ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിന്‍റെ മൂന്നാം തലം ഇവിടെ കാണുവാന്‍ സാധിക്കും. വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിന്‍റെ ഡ്രാഫ്റ്റ് പരമ്പരയായി പ്രസിദ്ധീകരിച്ചു കഴിഞ്ഞ ഉടനെ തന്നെ ഭരണഘടനാ നിര്‍മ്മാണക്കമ്മറ്റിയുടേതായ ഒരു ഡ്രാഫ്റ്റ് കണ്‍വീനര്‍ ഒ. എം. ചെറിയാന്‍ അദ്ദേഹത്തിന്‍റെ കവറിംഗ് ലെറ്ററോടു കൂടി അയച്ചു കൊടുക്കുകയും പ്രസിദ്ധീരിക്കുകയും ചെയ്തു. ഈ ഡ്രാഫ്റ്റിന്‍റെ ഒരു പരിഷ്ക്കരിച്ച രൂപമാണ് 1934-ല്‍ പാസാക്കിയ ഭരണഘടനയുടേത്. എന്നാല്‍ മാര്‍ ദീവന്നാസിയോസ് തയ്യാറാക്കിയ ഡ്രാഫ്റ്റില്‍ തെളിയുന്ന സ്വാതന്ത്ര്യബോധത്തെ ഒന്നുരണ്ട് വകുപ്പുകളെ മാത്രം മുന്‍നിര്‍ത്തി വ്യക്തമാക്കുകയാണ് ഇവിടെ.
ആറാം വകുപ്പില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു: "അന്ത്യോഖ്യന്‍ സിംഹാസനവുമായിട്ടുള്ള സംബന്ധം നിലനിര്‍ത്തുന്നത് നമ്മുടെ സ്ഥാനാഭിഷേകം, മൂറോന്‍ കൂദാശ മുതലായ കൂദാശകള്‍ പാത്രിയര്‍ക്കീസിന്‍റെ സംബന്ധമോ അനുവാദമോ സഹകരണമോ കൂടാരെ കഴിച്ചുകൂടായെന്ന വിധത്തിലുള്ള യാതൊരു സംബന്ധമോ ആയിരിക്കരുത്. ആ വിധത്തില്‍ ആകുന്നപക്ഷം ശീമക്കാരും അവരുടെ ദുരാഗ്രഹങ്ങള്‍ക്കു സഹായിക്കുന്ന നമ്മുടെ നാട്ടുകാരും ഇക്കാലത്തുപോലും ചെയ്തുവരുന്ന പതിവനുസരിച്ച് അങ്ങനെയുള്ള കൂദാശകള്‍ക്ക് പാത്രിയര്‍ക്കീസിന്‍റെ സംബന്ധം ഇല്ലാതിരുന്നാല്‍ പൂര്‍ണത ഇല്ലെന്നും അതു മൂലം ആത്മവരം മുതലായതു ലഭിക്കുന്നതല്ലായെന്നും മറ്റും പ്രസ്താവിച്ച് പരമാര്‍ത്ഥികളായ ജനങ്ങളില്‍ കപടഭക്തി വര്‍ദ്ധിപ്പിക്കുകയും സഭയില്‍ ഇടര്‍ച്ചകളും കുഴപ്പങ്ങളും ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്." ഇങ്ങനെ പറയാനുള്ള പ്രധാന കാരണം 1932 ഏപ്രില്‍ മാസം മലങ്കരയില്‍ പൗരസ്ത്യ കാതോലിക്കാ ആദ്യമായി വി. മൂറോന്‍ കൂദാശ നിര്‍വഹിച്ചപ്പോള്‍ മറുവിഭാഗത്തില്‍ നിന്നുണ്ടായ അവഹേളനപരമായ പ്രചാരണമാണ്. ആ വകുപ്പിന്‍റെ അവസാന വാചകമിതിലും ശ്രദ്ധേയമാണ്: "അതിനാല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ സിംഹാസനത്തിനും ആ സിംഹാസനത്തിന്‍റെ കീഴില്‍ ശീമയിലുള്ള നമ്മുടെ സഹോദര സഭയ്ക്കും ലൗകികമായ സഹായം, ആശ്വാസം, ബഹുമാനം എന്നിങ്ങനെയുള്ളതില്‍ മാത്രം സംബന്ധമുണ്ടായിരിപ്പാന്‍ മാത്രം കരുതി പ്രവര്‍ത്തിക്കേണ്ടതും അതുകള്‍ക്കും സ്ഥിരമായ ഒരു അതിര്‍ത്തി ഉണ്ടായിരിക്കേണ്ടതുമാണ്."
ഉപസംഹാരം
വട്ടശേരില്‍ മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ സഭാ സ്വാതന്ത്ര്യത്തെപ്പറ്റിയുളള ചില ദര്‍ശനങ്ങളാണ് ഇവിടെ അവതരിപ്പിച്ചത്. ആദ്യമേ പറഞ്ഞതുപോലെ ഇത് പല വിധത്തില്‍ അപഗ്രഥിക്കാവുന്ന വിഷയവുമാണ്. അദ്ദേഹത്തിന്‍റെ ജീവിത-ഭരണകാലയളവിലെ ചില പ്രധാന സന്ദര്‍ഭങ്ങളെ ആധാരമാക്കി അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യദര്‍ശനങ്ങള്‍ക്കും ചിന്തകള്‍ക്കുമുണ്ടായ വികാസ-പരിണാമങ്ങളാണ് നമ്മള്‍ കണ്ടെത്താന്‍ ശ്രമിച്ചത്. ആദ്യം ഉള്‍ഭരണസ്വാതന്ത്ര്യവും പിന്നീട് അതില്‍ നിലനിന്നുകൊണ്ടുളള സമാധാനശ്രമങ്ങളും അവസാനതലത്തില്‍ പൂര്‍ണസ്വാതന്ത്ര്യവും. ഈ ഓരോ നിലയും അപഗ്രഥിക്കേണ്ടത് അക്കാലത്ത് നിലനിന്നിരുന്ന സഭാവിജ്ഞാനീയത്തിന്‍െ തലത്തിലാണ്. എന്നാല്‍ തൊണ്ണൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും സഭാസമാധാനവും സ്വാതന്ത്ര്യവും സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടുകള്‍ പ്രാഥമികമായി അടിസ്ഥാനപ്പെട്ടിരിക്കുന്നത് അദ്ദേഹത്തിന്‍റെ ആശയങ്ങളില്‍ തന്നെയാണ്. ആ ചിന്തകളില്‍ അടിസ്ഥാനപ്പെട്ടുകൊണ്ടുളള പരിണാമങ്ങളാണ് നമ്മുടെ നിലപാടുകള്‍ക്കും ബോദ്ധ്യങ്ങള്‍ക്കും ഉണ്ടായിട്ടുളളതും. അതുകൊണ്ടാണ് സഭാസ്വാതന്ത്ര്യം സംബന്ധിച്ച നമ്മുടെ ഏതു ചര്‍ച്ചകളും വട്ടശേരില്‍ മാര്‍ ദീവന്നാസിയോസില്‍ കേന്ദ്രീകരിക്കുന്നത്.ഭാരതീയ പാരമ്പര്യത്തില്‍ ഉള്‍ക്കാടുകളിലേക്ക് പുതുവഴി വെട്ടിയാണ് പലപ്പോഴും ഒരു മുനി തന്‍റെ പര്‍ണശാല ഒരുക്കുന്നത്. ആ വഴി ആദ്യമായി കണ്ടതും വെട്ടിയതും ആ മഹര്‍ഷി ആയിരിക്കും. അപ്രകാരം പാത വെട്ടിയ ഒരു മുനിയെയാണ് നമ്മള്‍ ഈ ദിവസങ്ങളില്‍ അനുസ്മരിക്കുന്നത്. ആ അനുസ്മരണം തന്നെ ഒരു നന്ദിപ്രകടനമാണ്, തലമുറകള്‍ക്കുളള ഒരു ചേര്‍ത്തുവയ്പാണ്.
(20-02-2025-ല്‍ കോട്ടയം പഴയസെമിനാരിയില്‍ അവതരിപ്പിച്ച പ്രബന്ധം)
Friday, 21 February 2025
ഓരോ അനുസ്മരണവും ഒരു നന്ദി പറച്ചിലാണ്
" ...ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ? "
Saturday, 8 February 2025
സഭാ ഭരണഘടനാ രൂപീകരണത്തില്‍ അത്മായനേതൃത്വത്തിന്‍റെ പങ്ക് | ഡെറിന്‍ രാജു
മലങ്കരസഭാ ഭരണഘടന തൊണ്ണൂറു വര്‍ഷങ്ങള്‍ പിന്നിടുകയാണല്ലോ. 1934 ഡിസംബര്‍ 26-നു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പാസ്സാക്കുകയും അന്നുതന്നെ എപ്പിസ്കോപ്പല്‍ സിനഡ് അംഗീകരിക്കുകയും അന്നു മുതല്‍ നിലവില്‍ വരികയുമാണ് ചെയ്തത്. സഭ ഔദ്യോഗികമായി ക്രമീകരിച്ച നവതി ആഘോഷങ്ങള്‍ പരിസമാപ്തിയിലും എത്തി. എന്നാല്‍ ഈ ഭരണഘടനാ രൂപീകരണത്തിന് പിന്നില്‍ മുഖമില്ലാതെയും നേരിട്ടും പ്രവര്‍ത്തിച്ച നിരവധി ആളുകള്‍ ഉണ്ട്. പ്രത്യേകിച്ച് അയ്മേനികള്‍. അവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യമായി എങ്ങും പരാമര്‍ശിക്കുന്നില്ലായെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ മുമ്പത്തെ സാഹചര്യത്തില്‍ നിന്ന് വളരെ വ്യത്യാസങ്ങള്‍ ഇന്ന് ഉണ്ടായിട്ടുണ്ട് എന്നതും സമ്മതിക്കേണ്ടതാണ്. അതില്‍ പ്രധാന പങ്കു വഹിച്ചത്, "മലങ്കരസഭാ ഭരണഘടന: ചരിത്രം, രേഖകള്‍, ഭേദഗതികള്‍" എന്ന പുസ്തകമാണ് എന്നതിലും അഭിമാനമുണ്ട്.
2019 ആദ്യമാണ് കാര്യമായ നിലയില്‍ സഭാഭരണഘടനയെപ്പറ്റി പഠിക്കുവാന്‍ ആരംഭിച്ചത്. സഭാ ഭരണഘടന രൂപീകരിക്കപ്പെട്ടിട്ട് 85 വര്‍ഷത്തിനടുത്ത് ആയപ്പോഴാണ് ഈ പഠനം ആരംഭിച്ചതെങ്കിലും ചില ലേഖനങ്ങള്‍ ഒഴികെ കാര്യമായ ഒരു പഠനവും പ്രത്യേകിച്ച് ഭരണഘടനയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒന്നുംതന്നെ ഇല്ലായിരുന്നു എന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടത്. പ. വട്ടശ്ശേരില്‍ തിരുമേനി ഭരണഘടന ഉണ്ടാക്കിയെന്ന് പണ്ടാരോ പറഞ്ഞു പതിഞ്ഞ ഒരു വാചകമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവിടെനിന്നാണ് 2019 ഒക്ടോബറില്‍ പുസ്തകത്തിന്‍റെ ആദ്യ പതിപ്പ് ഇറങ്ങിയത്. രണ്ടാമത്തെ പതിപ്പ് 2023 ഏപ്രിലിലും ഇറങ്ങി. ഉടനെ മൂന്നാം പതിപ്പ് പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അന്നുവരെ നിലനിന്നിരുന്ന നിരവധി തെറ്റിദ്ധാരണകളും അബദ്ധങ്ങളും തിരുത്താന്‍ പുസ്തകത്തിനു സാധിച്ചു എന്ന് അഭിമാനത്തോടെ പറയട്ടെ.
മലങ്കരസഭയുടെ ഭരണം ഒരിക്കലും ഒരു മെത്രാന്‍ സമിതിയുടെ ഏകപക്ഷീയ ഭരണമായിരുന്നില്ല. അതില്‍ വൈദികര്‍ക്കുള്ള അത്രയുമോ അതിലധികമോ ആയ ഒരു ചുമതലയും ഉത്തരവാദിത്തവും അവൈദികര്‍ക്കും ഉണ്ടായിരുന്നു. അവൈദികര്‍ കൂടി ഉള്‍ക്കൊള്ളുന്ന സമിതി അംഗീകരിക്കാത്ത തീരുമാനങ്ങള്‍ മലങ്കരയില്‍ നടപ്പിലാകില്ലായെന്ന് റോമന്‍ കത്തോലിക്കാ രീതികള്‍ മലങ്കരയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച സാക്ഷാല്‍ അലക്സിസ് ഡി മെനസിസിന് വരെ അറിയാമായിരുന്നു. അതിന്‍റെ ഏറ്റവും വലിയ തെളിവ് ഉദയംപേരൂര്‍ സുന്നഹദോസ് വിളിച്ചുകൂട്ടുവാന്‍ ചേന്ദമംഗലത്ത് നിന്ന് 1599 മെയ് മാസം 14-ാം തീയതി അയച്ച സര്‍ക്കുലര്‍ തന്നെയാണ്. അതില്‍ കാണുന്നത് "ജനങ്ങള്‍ പള്ളികളില്‍ സമ്മേളിച്ച് ഉത്തമന്മാരായ നാലുപേരെ വീതം പ്രതിനിധികളായി തെരഞ്ഞെടുത്ത് അധികാരപ്പെടുത്തി സുന്നഹദോസിലേക്ക് അയയ്ക്കണം" എന്നാണ്. മലങ്കരയിലെ കീഴ്നടപ്പ് എന്തായിരുന്നു എന്നതിന്‍റെ പ്രത്യക്ഷ സൂചനയായി ഈ വാചകത്തെ പരിഗണിക്കാം.
വളയമില്ലാതെ ചാടാന്‍, അതിപ്പോള്‍ ആരായിരുന്നാലും നസ്രാണികള്‍ സമ്മതിക്കുമായിരുന്നില്ല. അതു പരദേശത്തുനിന്ന് വന്ന മെത്രാന്മാരായിരുന്നാലും അല്ല മലങ്കര മെത്രാപ്പോലീത്താ ആയിരുന്നാലും അതിനു ഉതകുന്നവിധം അവര്‍ ധാരാളം പടിയോലകളും സുന്നഹദോസ് നിശ്ചയങ്ങളും കാലാകാലങ്ങളില്‍ പാസ്സാക്കിയിട്ടുമുണ്ട്. കണ്ടനാട് പടിയോല, പുതിയകാവ് തീരുമാനങ്ങള്‍, കോട്ടയം ചട്ടവര്യോല എന്നിവയൊക്കെ അവയ്ക്ക് ഉദാഹരണങ്ങളാണ്. ഇവയെ ഒക്കെയും മലങ്കരസഭാ ഭരണഘടനയുടെ പൂര്‍വ്വരൂപങ്ങളായും കണക്കാക്കാവുന്നതുമാണ്. ഇതു കൂടാതെ പല പഴയപള്ളികള്‍ക്കും സ്വന്തമായ ഭരണഘടനയോ ഉടമ്പടിയോ ഉണ്ടായിരുന്നു. ഈ പള്ളികളുടെ ഭരണഘടനകളില്‍ പള്ളി ഇടവകയുടെ ഭരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. കോലഞ്ചേരി, നിരണം, മണ്ണത്തൂര്‍ തുടങ്ങിയ പല പള്ളികള്‍ക്കും 1925-നു മുമ്പുതന്നെ ഇത്തരം ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നു.
1920-ന്‍റെ ആരംഭത്തിലാണ് സഭാഭരണഘടനയുടെ രൂപീകരണം എന്ന ഒരു ആശയം ഒരുപറ്റം ആളുകളുടെ ഇടയില്‍ ബീജാവാപം ചെയ്തത്.
മലങ്കരസഭാ ഭരണഘടനയുടെ രൂപീകരണം കാലഘട്ടത്തിന്‍റെ കൂടി സൃഷ്ടിയാണ്; കാരണം 20-ാം നൂറ്റാണ്ടിന്‍റെ ആരംഭം ലോകത്താകമാനം തന്നെ ജനാധിപത്യത്തിനായുള്ള മുറവിളികള്‍ ശക്തമായ സമയമായിരുന്നല്ലോ. അതിന്‍റെ അനുരണനങ്ങള്‍ മലങ്കരസഭയിലും ഉണ്ടായി. അതിന്‍റെ ഉത്പന്നമായിരുന്നു 1920-ല്‍ ആരംഭിച്ച 'സുറിയാനി സഭാമാസിക.' സഭയിലെ ജനാധിപത്യവാദികള്‍ ഇടവകഭരണത്തിലും സമുദായ ഭരണത്തിലും കൂടുതല്‍ പ്രാതിനിധ്യം ആവശ്യപ്പെടുകയും അതിനായി അവര്‍ അവരുടെ നാവായി സുറിയാനി സഭാമാസികയെ ഉപയോഗിക്കുകയും ചെയ്തു. മലങ്കരസഭാ ഭരണഘടനയുടെ ചരിത്രം പഠിക്കുന്ന ആര്‍ക്കും സുറിയാനി സഭാമാസികയെ മറന്നുപോകാനോ അവഗണിക്കാനോ സാധിക്കുകയില്ല. 1920-ല്‍ തിരുവനന്തപുരം സിറ്റി പ്രസില്‍ നിന്നും എന്‍. ജെ. ഫെര്‍ണാണ്ടസ് പ്രിന്‍ററും പബ്ലീഷറുമായി മാസിക പ്രവര്‍ത്തനം ആരംഭിച്ചു. പി. ജേക്കബ് കുര്യന്‍ (മാവേലിക്കര) പത്രാധിപരും എന്‍. ജെ. ഡേവിഡ് ജോയിന്‍റ് എഡിറ്ററും ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ്, വി. കെ. സഖറിയാ, വി. ഐ. ജേക്കബ്, ഫീലിപ്പോസ് മത്തായി എന്നിവര്‍ പത്രാധിപ സമിതി അംഗങ്ങളും ആയിരുന്നു. 'ജനങ്ങളുടെ ശബ്ദം, ദൈവത്തിന്‍റെ ശബ്ദം' എന്നതായിരുന്നു മാസികയുടെ മുദ്രാവാക്യം. ഇതില്‍നിന്നുതന്നെ ഇതൊരു അത്മായ പ്രസിദ്ധീകരണമായിരുന്നുയെന്ന് വ്യക്തമാണ്. വ്യവസ്ഥാപിതമായ ഒരു ഭരണഘടന മലങ്കരസഭയ്ക്ക് ആവശ്യമാണെന്നും എന്നാല്‍ അത് എപ്പിസ്കോപ്പല്‍ ഭരണരീതിയല്ലെന്നും മാസിക അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മലങ്കര മെത്രാപ്പോലീത്തായുടെ എപ്പിസ്കോപ്പല്‍ മുന്‍ഗണനകളെയും മാസിക ശക്തമായി എതിര്‍ത്തു.
സുറിയാനി സഭാ മാസിക, സഭാചരിത്രത്തെ പുനര്‍വായന നടത്തുകയും മലങ്കര-അന്ത്യോഖ്യന്‍ ബന്ധത്തെ ഒരു വ്യവസ്ഥാപിത രീതിയിലാക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുകൊണ്ട് ഒരു ഭരണഘടനാ ഡ്രാഫ്റ്റ് തന്നെ അവതരിപ്പിച്ചു. കോട്ടയം മാങ്ങാനം സ്വദേശിയായിരുന്ന ടി. ജോസഫ്, അഡ്വ. പത്രോസ് മത്തായി, കെ. കെ. ലൂക്കോസ് (പുതുപ്പള്ളി) തുടങ്ങിയ പലരും ഈ മാസികയോട് സഹകരിച്ചിരുന്നു. 1909-ല്‍ പാത്രിയര്‍ക്കീസിനു ലൗകികാധികാരം കൊടുക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച ശ്രീ. എം. പി. വര്‍ക്കി തന്‍റെ നിലപാട് സുറിയാനി സഭയില്‍ രേഖപ്പെടുത്തുന്നുണ്ട്. അത് ഇപ്രകാരമാണ്: "എന്‍റെ അഭിപ്രായത്തില്‍ എപ്പിസ്കോപ്പല്‍ ഭരണം നമ്മുടെ സഭയില്‍ നടപ്പാക്കുന്നത് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് ലൗകികാധികാരം സമ്മതിച്ച് എഴുതിക്കൊടുക്കുന്നതിനേക്കാള്‍ അപകടമാണ്." ഇതിനോടു ചേര്‍ന്നുപോകുന്ന അഭിപ്രായങ്ങളാണ് മാസികയില്‍ ഏതാണ്ട് പൂര്‍ണ്ണമായും കാണുന്നത്. എം. പി. വര്‍ക്കി തന്നെ വേറൊരിടത്ത് അഭിപ്രായപ്പെടുന്നത് "മലങ്കര അര്‍ക്കദെയാക്കോനെ (പിന്നീട് മെത്രാപ്പോലീത്തായെ) തിരഞ്ഞെടുക്കാനുള്ള അധികാരം മലങ്കരസഭയിലെ പള്ളിപ്രതിപുരുഷന്മാര്‍ക്ക് അഥവാ സുന്നഹദോസിനാണെന്നുള്ളതിന് സംശയമില്ലല്ലോ. ഈ സുന്നഹദോസിന് കൂട്ടം എന്നാണ് പണ്ടുമുതലേ പറഞ്ഞുവരുന്ന പേര്. ഓരോ ഇടവകയില്‍ നിന്നും ഒരു പട്ടക്കാരനെയും രണ്ടു അയ്മേനികളെയും ഇടവകക്കാര്‍ തിരഞ്ഞെടുത്ത് അയയ്ക്കുന്നു. ഈ പ്രതിപുരുഷന്മാരുടെ ഭൂരിപക്ഷപ്രകാരം മെത്രാപ്പോലീത്തായെ തിരഞ്ഞെടുക്കുന്നു. 'കോട്ടയത്തെ കൂട്ടം' എന്നുള്ള വാക്ക് എനിക്ക് ഓര്‍മ്മവെച്ച കാലംമുതല്‍ കേട്ടുതുടങ്ങിയതാണ്." അദ്ദേഹം ഇത് അവസാനിപ്പിക്കുന്നത് റോമാസഭയിലോ ആംഗ്ലിക്കന്‍ സഭയിലോ ഈ സമ്പ്രദായം ഇല്ലെന്ന് സ്പഷ്ടമാണല്ലോ എന്നു പറഞ്ഞാണ്.
1920 മേടം-ഇടവം ലക്കം 'സുറിയാനി സഭ' മാസികയില്‍ 'മലങ്കര സുറിയാനി സഭാ ഭരണനിയമ'ത്തിന്‍റെ കരടു ബില്ലു തന്നെ അവതരിപ്പിച്ചു. ജനാധിപത്യതത്വങ്ങളില്‍ അടിസ്ഥാനമായ ആ രേഖ ഏറെക്കുറെ പൂര്‍ണ്ണമായും മെത്രാന്‍ കേന്ദ്രീകൃത ഭരണത്തെ എതിര്‍ത്തു. ഇടവകയോഗം, മാനേജിംഗ് കമ്മിറ്റി, കൈക്കാരന്‍, സെക്രട്ടറി, മെത്രാസന ഇടവക, മലങ്കര ട്രസ്റ്റികള്‍ തുടങ്ങി പിന്നീട് ഭരണഘടനയുടെ ഭാഗമായ പല വകുപ്പുകളും നമുക്ക് ആ കരട് ബില്ലില്‍ കാണാം. കരട് ബില്ലിനെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായവും ക്ഷണിച്ചു. അടുത്ത ലക്കത്തില്‍ ബില്ലിനെ എതിര്‍ത്തും അനുകൂലിച്ചുമുള്ള അഭിപ്രായങ്ങളും പ്രസിദ്ധീകരിച്ചു. ആ അഭിപ്രായ പ്രകടനങ്ങളെക്കുറിച്ച് തന്നെ കുറെ പറയാനുണ്ടെങ്കിലും പൈലി മത്തായി പറയുന്ന ഒരു ആശയം മാത്രം പറയട്ടെ: "ലോകത്തില്‍ എല്ലായിടത്തും എല്ലാവരും സ്വാതന്ത്ര്യത്തിനായി യത്നിക്കുന്ന ഒരു കാലമാണല്ലോ ഇത്. നമ്മുടെ സമുദായത്തിന്‍റെ ശ്രേയസ്സില്‍ പുരുഷന്മാരെപ്പോലെതന്നെ സ്ത്രീകളും ആകാംക്ഷയുള്ളവരും നമ്മെപ്പോലെതന്നെ പ്രവര്‍ത്തിക്കുന്നതിന് ത്രാണിയും നല്ല മനസ്സുള്ളവരുമാണ്. കരടുനിയമം രണ്ടാം അദ്ധ്യായം ഒന്നാം ഭാഗം അഞ്ചാം വകുപ്പും ഈ വകുപ്പും (ഒന്നാം) കൂടി വായിക്കുമ്പോള്‍ നമ്മുടെ സ്ത്രീകള്‍ക്ക് സഭാഭരണത്തില്‍ പ്രവേശനം നല്‍കുന്നില്ലായെന്ന് കാണുന്നു. ചുരുങ്ങിയപക്ഷം അവര്‍ക്ക് കമ്മിറ്റി മെമ്പര്‍മാരെ തിരഞ്ഞെടുക്കുന്ന യോഗങ്ങളില്‍ വോട്ടവകാശമെങ്കിലും തല്‍ക്കാലം അനുവദിക്കേണ്ടതാണ്." സഭാഭരണഘടനയില്‍ ഈ നിര്‍ദ്ദേശം വരാന്‍ എടുത്ത കാലാവധി 77 വര്‍ഷമാണ്. ഇപ്പോഴും സ്ത്രീകളുടെ പങ്കാളിത്തം ഇടവകഭരണത്തില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു.
സുറിയാനി സഭാ മാസികയുടെ പ്രധാന ലക്ഷ്യം തന്നെ 'സഭയ്ക്കൊരു ഭരണഘടന' എന്നതായിരുന്നു. അതിനുള്ള ആശയസമാഹരണത്തിനുശേഷം ഏതാനും വര്‍ഷത്തിനുശേഷം പ്രവര്‍ത്തനം അവസാനിപ്പിച്ചു. പിന്നീട് 10 വര്‍ഷത്തിനുശേഷം ഔദ്യോഗികമായി ഭരണഘടനാ രൂപീകരണശ്രമങ്ങള്‍ നടന്ന സമയത്ത് മാസികയുടെ 5 പ്രവര്‍ത്തകര്‍ രൂപീകരണ കമ്മിറ്റിയംഗങ്ങളായി നിയമിക്കപ്പെട്ടു.
സുറിയാനി സഭാ മാസികയുടെ പ്രവര്‍ത്തനങ്ങളോടും ഭരണഘടനാ നിര്‍മ്മാണമെന്ന ആശയത്തോടും സഭാനേതൃത്വത്തിന് ആദ്യ ഘട്ടത്തില്‍ താല്‍പര്യമില്ലായിരുന്നുവെങ്കിലും ഒരു 10 വര്‍ഷത്തിനുള്ളില്‍ തന്നെ സാഹചര്യം മാറുന്നുണ്ട്. എന്നാല്‍ അത് എന്ന് എന്നതില്‍ കൃത്യമായ ഒരു ഉത്തരവും കണ്ടെത്താന്‍ സാധിക്കുന്നില്ല. കാരണം ആ കാലഘട്ടത്തിലെ വട്ടശ്ശേരില്‍ തിരുമേനിയുടെ ഡയറിക്കുറിപ്പുകള്‍ നമുക്ക് ലഭ്യമല്ല. അത് കൂടി ലഭ്യമായിരുന്നെങ്കില്‍ ഒരുപക്ഷേ കൃത്യമായ തീയതി നമുക്ക് കിട്ടിയേനെ. പാറേട്ട് മാത്യൂസ് കത്തനാരുടെ 1104 മേടം 5-ലെ ഡയറിക്കുറിപ്പില്‍ നിന്നു വ്യക്തമാകുന്നപ്രകാരം 1929-ല്‍ ഭരണഘടനാ നിര്‍മ്മാണമെന്ന ആശയം സഭ അംഗീകരിച്ചിരുന്നു. അതിനായി എം.ഡി. സെമിനാരിയില്‍ ഉടനെ ഒരു യോഗം ചേരുന്നുമുണ്ട്. യോഗം മേടം 11-ന് കൂടി ഒരു വിഷയനിര്‍ണ്ണയ സമിതിയെ തിരഞ്ഞെടുത്തു. പാറേട്ട് മാത്യൂസ് കത്തനാരുടെ ഡയറിക്കുറിപ്പില്‍ കാണുന്നത്: "10 മണിയോടു കൂടി എം.ഡി. സെമിനാരിയില്‍ യോഗം കൂടി. വിഷയനിര്‍ണ്ണയ കമ്മിറ്റിയെ നിയമിച്ചു പിരിഞ്ഞു. മാമ്മന്‍ മാപ്പിള, എ. എം. വര്‍ക്കി., സി. ഒ. ഉമ്മന്‍, റ്റി. ജോസഫ് മുതലായ പത്തുനൂറ് പേരുണ്ടായിരുന്നു. പൂതക്കുഴി, കലയക്കാട്ടില്‍, എന്‍. ജി. കുര്യാക്കോസ്, റ്റി. വി. ജോണ്‍ എന്നീ വൈദികരും ഉണ്ടായിരുന്നു. ജോണ്‍ വക്കീല്‍ അദ്ധ്യക്ഷത വഹിച്ചു. 12 നിശ്ചയങ്ങള്‍ ചെയ്തു. എമശവേ & ഛൃറലൃ (വിശ്വാസം, ശിക്ഷണം) ഇവയില്‍ മെത്രാന്മാരുടെ സുന്നഹദോസിന് പൂര്‍ണ്ണാധികാരം സമ്മതിച്ചു. മറ്റുള്ളതിന് പൊതുയോഗത്തിന് അധികാരമുണ്ടായിരിക്കണമെന്നാണ് ഭൂരിപക്ഷാഭിപ്രായം." വിഷയനിര്‍ണ്ണയ സമിതിയോഗം ചേര്‍ന്നെങ്കിലും പിന്നീടും തര്‍ക്കങ്ങള്‍ ഉണ്ടായി. 1930 സെപ്റ്റംബര്‍ 4-നു ഭരണഘടന എഴുതാന്‍ ഒരു കമ്മിറ്റിയെ അസോസിയേഷന്‍ നിയമിച്ചു. ഒ. എം. ചെറിയാന്‍ കണ്‍വീനറായ കമ്മിറ്റിയിലെ മറ്റു അംഗങ്ങള്‍ പൂതക്കുഴിയില്‍ അബ്രഹാം കത്തനാര്‍, പാറേട്ട് മാത്യൂസ് കത്തനാര്‍, ഫാ. റ്റി. വി. ജോണ്‍, ചെറിയമഠത്തില്‍ സ്കറിയാ മല്പാന്‍, ഇ. ജെ. ജോണ്‍, കെ. സി. മാമ്മന്‍ മാപ്പിള, എ. എം. വര്‍ക്കി, സി. പി. തരകന്‍, പത്രോസ് മത്തായി, റ്റി. ജോസഫ്, ജേക്കബ് കുര്യന്‍, കെ. റ്റി. മാത്യു, പി. റ്റി. ഈപ്പന്‍, ഇ. ജെ. ഫീലിപ്പോസ്, ഡോ. സി. റ്റി. ഈപ്പന്‍ എന്നിവരായിരുന്നു.
സമിതി പല തവണ യോഗം ചേര്‍ന്നു. 'സുറിയാനി സഭാ മാസിക'യുടെ അനുഭാവികളായ 5 പേര്‍ കമ്മറ്റിയില്‍ ഉണ്ടായിരുന്നു. അവര്‍ തനിയെയും യോഗം ചേര്‍ന്നിരുന്നു. പണസംബന്ധമായ അധികാരം ആരിലായിരിക്കണം എന്നത് പലപ്പോഴും തര്‍ക്കവിഷയമായിരുന്നു. അത് ജനങ്ങള്‍ക്കായിരിക്കണോ മെത്രാന്മാര്‍ക്കായിരിക്കണോ എന്ന തര്‍ക്കം ഉണ്ടായി. 1105 മിഥുനം 23, 26 തീയതികളിലെ പാറേട്ട് മാത്യൂസ് കത്തനാരുടെ ഡയറിക്കുറിപ്പുകളില്‍ അത് വ്യക്തമാണ്. "കോട്ടയത്തു പോയി, അവിടെ വെച്ച് മി. ഒ. എം. ചെറിയാനുമായി കണ്ടു. സഭാകാര്യം മെത്രാച്ചനോട് പറയാന്‍ എന്നെ ഭരമേല്‍പ്പിച്ചു. പഴയസെമിനാരിയില്‍ പോയി മെത്രാച്ചനുമായി സഭാകാര്യവും പള്ളിക്കൂട കാര്യവും സംസാരിച്ചു. പണസംബന്ധമായ കാര്യങ്ങളില്‍ പരമാധികാരം ജനങ്ങള്‍ക്ക് ഇരിക്കണമെന്നാണ് അവര്‍ പറയുന്നത്. അത് മെത്രാച്ചന് തീരെ സമ്മതമല്ല." പിന്നീട് അദ്ദേഹം ഒ. എം. ചെറിയാനെയും കൂട്ടിക്കൊണ്ട് വട്ടശ്ശേരില്‍ തിരുമേനിയെ കാണാന്‍ പോകുന്നുണ്ട്. അവിടെവച്ചും ഇതേ വിഷയം പ്രതിസന്ധിയായി, ഒരു തീരുമാനത്തിലെത്താന്‍ സാധിക്കുന്നില്ല. ഇങ്ങനെ നിര്‍മ്മാണ കമ്മിറ്റിയും വട്ടശ്ശേരില്‍ തിരുമേനിയും ആശയപരമായി രണ്ട് തട്ടിലായി.
ഈ സമയത്ത് മറ്റ് പല പ്രതിസന്ധികളും സഭ നേരിട്ടു. പ്രതിസന്ധികള്‍ തെല്ലൊന്ന് ഒതുങ്ങിയ ഘട്ടത്തില്‍ തന്‍റെ അഭിപ്രായങ്ങള്‍ വട്ടശ്ശേരില്‍ തിരുമേനി, അന്ന് ശനിയാഴ്ചതോറും പ്രസിദ്ധീകരിച്ചിരുന്ന 'കേരളകേസരി' പത്രത്തില്‍ 1932 ജൂലൈ 2 മുതല്‍ സെപ്റ്റംബര്‍ 10 വരെയായി പ്രസിദ്ധീകരിച്ചു. ഈ സമയത്ത് തന്നെ പഴയ ജനാധിപത്യവാദികളുടേതായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡ്രാഫ്റ്റ് എ. സി. പോളും (വടക്കന്‍പറവൂര്‍) കേരള കേസരിയില്‍ പ്രസിദ്ധീകരിച്ചു. ജനാധിപത്യവാദികളായ 5 കമ്മിറ്റിയംഗങ്ങള്‍ ഒപ്പിട്ട ഒരു ഡ്രാഫ്റ്റ് ഭരണഘടനാ നിര്‍മ്മാണ കമ്മിറ്റി അംഗങ്ങള്‍ക്കും മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ക്കും അയച്ചുകൊടുക്കുകയും 'കേരളകേസരി' വഴി പൊതുജനശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു. ഇതിനുശേഷം 1932 നവംബര്‍ 30-ന് ഒ. എം. ചെറിയാന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഒരു നക്കല്‍ ഭരണഘടന അച്ചടിപ്പിച്ച് ഒരു കത്തോടു കൂടി സഭയിലെ പലര്‍ക്കും അയച്ചുകൊടുത്തു. മനോരമയിലും പ്രസിദ്ധീകരിച്ചു. ഈ നക്കല്‍ രേഖയുടെ പരിഷ്ക്കരിച്ച പതിപ്പാണ് 1934-ല്‍ പാസ്സാക്കിയത്.
വട്ടശ്ശേരില്‍ തിരുമേനി കാലം ചെയ്യുന്നതിന് നാലു മാസം മുമ്പുള്ള പാറേട്ട് മാത്യൂസ് കത്തനാരുടെ ഡയറിക്കുറിപ്പിലാണ് ഭരണഘടനയുമായി ബന്ധപ്പെട്ട് അവസാന പരാമര്‍ശം ഉള്ളത്. "മെത്രാച്ചനു ക്ഷീണം കൂടുതലില്ല! ഒ. എം. ചെറിയാന്‍ വന്നിട്ടുണ്ടായിരുന്നു; ഭരണഘടനയെ സംബന്ധിച്ച് മെത്രാച്ചനുമായി കുറെസമയം സംസാരിച്ചു; യോജിക്കുന്ന മട്ടു കണ്ടില്ല."
വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസ് തിരുമേനി 1934 ഫെബ്രുവരി 23-ന് കാലംചെയ്തു. ആ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ഒരു അസോസിയേഷന്‍ കൂടുവാന്‍ ആദ്യം തീരുമാനിച്ചുവെങ്കിലും പിന്നീട് ഡിസംബറിലേക്ക് അത് മാറ്റി. 1934 ഡിസംബര്‍ 26-ന് യോഗം കൂടി. അജണ്ടായിലെ അഞ്ചാമത്തെ വിഷയമായി യോഗം ഭരണഘടന പരിഗണിച്ചു. നവംബറില്‍ മാനേജിംഗ് കമ്മിറ്റി പാസ്സാക്കിയ ബില്‍ അസോസിയേഷന്‍ പാസ്സാക്കുന്നതിനു മുമ്പായി ഓരോ വകുപ്പുകളും പരിഗണിച്ച് ഭേദഗതികള്‍ തയ്യാറാക്കാന്‍ ഒരു സബ്ജക്ട് കമ്മിറ്റിയെ നിയമിച്ചു. 34 പേരുള്ള കമ്മിറ്റി പൂര്‍ണ്ണമായും അയ്മേനികളായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം കമ്മിറ്റി എ. എം. വര്‍ക്കിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഭേദഗതികള്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ബില്ലും ഭേദഗതികളും അസോസിയേഷന്‍ പരിഗണിക്കുകയും ഭേദഗതികളോടെയുള്ള ഭരണഘടന അസോസിയേഷന്‍ പാസ്സാക്കുകയും ചെയ്തു.
ഭരണഘടനാ രൂപീകരണത്തിന്‍റെ 15 വര്‍ഷത്തെ ചരിത്രം ഒരു വലിയ പരിധിയില്‍ അത്മായരുടെ പോരാട്ടത്തിന്‍റെ ചരിത്രമാണ്. ഭരണഘടനാ നിര്‍മ്മാണമെന്ന ആശയം രൂപംകൊള്ളുന്നതു മുതല്‍ അതിന്‍റെ വികസനവും അതിന്‍റെ പൂര്‍ത്തീകരണം വരെ ആ പോരാട്ടം നമുക്ക് കാണാം. ആ പോരാട്ടങ്ങളെ മറന്നുപോകുന്നത് നന്ദികേടാണ്. പോരാട്ടത്തെ അതിന്‍റെ അര്‍ഹിക്കുന്ന പരിഗണനയില്‍ കണ്ട, എതിര്‍ശബ്ദങ്ങള്‍ക്കു വിലകൊടുത്ത നേതൃത്വത്തിന്‍റെ പക്വതയും വില മതിക്കേണ്ടതാണ്. ആദ്യം പറഞ്ഞതുപോലെ, നിര്‍മ്മാണ കമ്മിറ്റി അംഗങ്ങള്‍ക്കപ്പുറമായി മുഖമില്ലാതെ ഈ പോരാട്ടത്തില്‍ പങ്കെടുത്തവരുണ്ട്. സബ്ജക്ട് കമ്മിറ്റിയിലെ അംഗങ്ങളുണ്ട് അങ്ങനെ പലരും. ഭരണഘടനാ രൂപീകരണം കൊണ്ട് അല്‍മായര്‍ എല്ലാം നിര്‍ത്തിയില്ല 1951, 67 തുടങ്ങിയ വര്‍ഷങ്ങളിലെ സമഗ്രമായ ഭേദഗതികളിലൊക്കെയും പലരുടെയും കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. നിയമവിദഗ്ദ്ധരായ അവരില്‍ പലരുടെയും സൂക്ഷ്മമായ പരിശോധനകളാണ് ഈ ഭരണഘടനയുടെ 9 പതിറ്റാണ്ടുകളുടെ നിലനില്‍പ്പിന്‍റെ ഒരു പ്രധാന കാരണവും. അവരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചുകൊണ്ട് ദീപ്തസ്മരണകള്‍ക്കു പ്രണാമം അര്‍പ്പിച്ചുകൊണ്ട് ചുരുക്കുന്നു.
കുരിശ് ഒരു പ്രതീക്ഷയാണ്
ഒരു വനത്തിനകത്തേക്ക് എത്രത്തോളം നമുക്ക് പോകാൻ സാധിക്കും? വനത്തിൻ്റെ പകുതി വരെ എന്നാണ് ഏതൊരാൾക്കും പറയാവുന്ന ഉത്തരം. കാരണം പകുതി പിന്നിട്ടാ...
-
(സഭാ ചരിത്രവുമായി ബന്ധപ്പെട്ട പോസ്റ്റാണ്; ആനുകാലിക സഭാതർക്കവുമായി ബന്ധപ്പെട്ടതല്ല) മുൻ അഡീഷണൽ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് വട്ടശേരിൽ മാർ ദീവ...
-
ആരാധനാവര്‍ഷത്തിലെ ആദ്യ വലിയ പെരുന്നാളിലേക്കു സഭ പ്രവേശിക്കുകയാണല്ലോ. ആരാധനാവര്ഷാടിസ്ഥാനത്തില് തന്നെ ക്രമീകരിക്കപ്പെട്ടിരുക്കുന്ന ആണ്ടുതക്സ...
-
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ്റെ കാലാവധി 5 വർഷമാക്കിയത് 2002 ൽ. കൂട്ടു ട്രസ്റ്റിമാരുടെ കാലാവധി 5 വർഷമാക്കിയത് 2006-ൽ. 25-3 -1996, 5...