Thursday, 24 June 2021

വായനദിന ചിന്തകള്‍ / ഡെറിൻ രാജു

 വീണ്ടുമൊരു വായനദിനം കൂടി കടന്നു പോകുന്നു.

ഇത്തവണത്തെ വായനദിനത്തിൻ്റെ പ്രത്യേകത എൻ്റെ വായനയെ ഏറ്റവുമധികം പരിപോഷിപ്പിച്ച എൻ്റെ എസ്.ബി.കോളേജിൻ്റെ ശതാബ്ദി ആഘോഷങ്ങൾ കൂടി ആരംഭിക്കുന്നു എന്നതാണ്. എസ്.ബിയുടെ ലൈബ്രറിയാണ് പുസ്തകങ്ങൾക്ക് ആത്മാവുണ്ടെന്ന് പഠിപ്പിച്ചത്. എന്തെങ്കിലുമൊക്കെ എഴുതാം എന്ന ആത്മവിശ്വാസമുണ്ടായതും അവിടെ വച്ചാണ്. അതുകൊണ്ട് തന്നെ ഇന്ന് എസ്.ബിയെ തന്നെയാണ് അനുസ്മരിക്കേണ്ടത് എന്നു തോന്നുന്നു.
'She is our own, the darling, of our hearts'' ടാഗോർ ശാന്തിനികേതനെ കുറിച്ച് എഴുതിയതാണ്. എസ്.ബിയെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിൽ വരുന്ന ഒരു വാചകമാണിത്. 2008 മുതൽ 2013 വരെയുള്ള അഞ്ച് വർഷങ്ങളിലാണ് എസ്.ബി യെ അറിഞ്ഞത്.
2011-12 ൽ നവതി ആഘോഷങ്ങളുടെ സമയത്ത് കോളേജിൽ ഉണ്ടാകുവാൻ സാധിച്ചിരുന്നു. ആഘോഷനിറവിൽ അവളുടെ സൗന്ദര്യം അന്ന് കണ്ടതാണ്. അതിലും പ്രൗഢമായ ഒരു ശതാബ്ദി ആഘോഷത്തിനാണ് നാളെ തുടക്കമാകുന്നത്. ഈ കെട്ടകാലത്തിൻ്റെ പ്രതിസന്ധിയെയും പ്രയാസത്തെയും അതിജീവിച്ച് ആ ആഘോഷങ്ങളുടെ പൂർത്തീകരണം സാധിക്കുക തന്നെ ചെയ്യും.
എസ്.ബി നൂറു വയസ് പിന്നിടുകയാണ്. എവിടെ തുടങ്ങണമെന്നറിയാത്ത എത്രയെത്ര ഓർമ്മകളാണ് അവൾ സമ്മാനിച്ചത്? ആദ്യമായി എൻ്റെയൊരു ലേഖനം പ്രസിദ്ധീകരിച്ചത് എസ്.ബി കോളേജ് മാഗസിനിലാണ്. എൻ്റെ എഴുത്തിനു അംഗീകാരം ലഭിച്ചത് എസ്.ബിയിലെ കലോത്സവത്തിലാണ്. നേരത്തെ എഴുതിയതു പോലെ എൻ്റെ വായനശീലത്തെ ഏറ്റവുമധികം പരുവപ്പെടുത്തിയതും പ്രോത്സാഹിപ്പിച്ചതും എസ്.ബിയുടെ ലൈബ്രറിയാണ്. ഗണിതശാസ്ത്ര ബോധവും ബോധ്യവും നിർമ്മിച്ചത് എസ്.ബിയിലെ എൻ്റെ അദ്ധ്യാപകരാണ്.
ആത്മാവിൻ്റെ ഒരംശം എസ്.ബിയിലാണ്. ഒന്നു കണ്ണടച്ചാൽ ഇപ്പോഴും ആ ക്ലാസിലെ സംസാരം കേൾക്കാം; ആ ഞാവൽ പഴത്തിൻ്റെ രുചിയറിയാം. ആ കാവുകാട്ട് ഹാളിലെ ആഘോഷങ്ങൾ കാണാം. ഫ്രഷേഴ്സ് ഡേയുടെ സന്തോഷവും സെൻ്റ്ഫോ ഡേയിലെ വിഷാദവും അറിയാം. പുളിമരച്ചോട്ടിലെ തണുപ്പ് തന്ന് എസ്.ബി. എന്നും എപ്പോഴും കൂടെയുണ്ട്.

June 19, 2021

പെണ്‍കുട്ടികളും വിവാഹവും ജോലിയും / ഡെറിന്‍ രാജു

രണ്ട് ദിവസത്തിനിടയ്ക്ക് മൂന്ന് മരണങ്ങളാണ് ഗാർഹിക പീഡനങ്ങളെന്ന് സംശയിക്കത്തക്ക നിലയിൽ പുറത്ത് വരുന്നത്. രണ്ട് മൂന്ന് ദിവസത്തെ സാഹിത്യഭംഗി നിറഞ്ഞ വാട്സപ്പ് സ്റ്റാറ്റസുകൾക്കും 'ഇപ്പോൾ തൂക്കിക്കൊല്ലും' എന്ന തരത്തിലുള്ള മാധ്യമ വിചാരണകൾക്കും ശേഷം വാർത്താപ്രളയത്തിനിടയിൽപെട്ട് ഒരാഴ്ചയ്ക്കകം സ്വാഭാവികമായി ഇവയും മറഞ്ഞില്ലാതെയാകും.

സമൂഹത്തെ പേടിക്കാതെ, വകവയ്ക്കാതെ എന്നാണ് നമുക്ക് നമ്മുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കുന്നത്? വിവാഹമെന്നത് അത്രയും പ്രധാനമായ ഒരു കാര്യമാണന്നോ ഇത്ര വയസിനകത്ത് വിവാഹം കഴിച്ചില്ലെങ്കിൽ എന്തോ വലിയ പ്രശ്നമാണന്നോ ഉള്ള മിഥ്യാധാരണയാണ് ആദ്യം മാറ്റേണ്ടത്. വിവാഹാലോചനകൾ ആരംഭിക്കാൻ 18 വയസ്സാകാൻ കാത്തിരിക്കുന്ന മാതാപിതാക്കൾ ഇന്നും നമ്മുടെ ഇടയിൽ ഇല്ലെ? ഇന്നു മരിച്ചതായി കേട്ട ഒരു പെൺകുട്ടിയുടെ പ്രായം 19 ആണ്? 19 വയസ്സുള്ള ഒരു പെൺകുട്ടിയ്ക്ക് എന്ത് സാമൂഹിക ബോധ്യവും എത്രയധികം മാനസിക പക്വതയുമാണ് സാധാരണ ഗതിയിൽ ഉണ്ടാകുക?
ഒരു ജോലി നേടാനുള്ള സഹായമാണ് മാതാപിതാക്കൾ നൽകേണ്ടത്; അല്ലാതെ കെട്ടിച്ചു വിട്ടു ബാധ്യത ഒഴിവാക്കാനല്ല. വിവാഹം കഴിക്കണമെന്ന് തോന്നിയാൽ മാത്രം ആ സമയത്ത് വിവാഹം നടത്തുക; അത് ഒരു സാമൂഹിക ഉത്തരവാദിത്തമോ? നിർബന്ധകടമയോ അല്ല. ഇത്ര പ്രായത്തിനകം നടത്തണമെന്നു നിർബന്ധം പിടിക്കാൻ ഇത് ഏജ് ഓവറായാൽ എഴുതാൻ പറ്റാത്ത പി.എസ്.സി പരീക്ഷ ഒന്നുമല്ലല്ലോ.!
മികച്ച ജോലിയും വരുമാനവും ഉണ്ടായിട്ടും അത് ചെലവാക്കാൻ സാധിക്കാത്ത ഒരുപാട് സ്ത്രീകൾ നമ്മുടെ ഇടയിലുണ്ട്. സ്വന്തം ശമ്പളത്തിൽ നിന്ന് ഭർത്താവിനോട് ചോദിച്ചിട്ട് മാത്രം ചെലവാക്കാൻ അനുവാദമുള്ളവർ. ചോദിച്ചാലോ,
എന്തിന് ഇപ്പോൾ അതിൻ്റെ ആവശ്യമില്ല എന്ന മറുപടി!
ഏത്? ഒരു മാസക്കാലം താൻ ജോലി ചെയ്തതിൻ്റെ ശമ്പളം എന്തിന് ചെലവാക്കണമെന്ന് മറ്റൊരാൾ തീരുമാനിക്കണമത്രെ!
കൂടെ ഒരു ചോദ്യവും നിനക്കിപ്പോൾ ഇവിടെ എന്താണ് കുറവ്?
ആണഹന്തയുടെ അങ്ങേത്തലയ്‌ക്കൽ നിന്നു കൊണ്ട് ഒരു പൊരിച്ച മീനിൻ്റെ കഥയിൽ അസ്വസ്ഥരാകുകയും 'ഗ്രേറ്റ് ഇന്ത്യൻ കിച്ചണും' 'ബിരിയാണിയും ' നടക്കുന്ന വീടുകൾ ഉണ്ടോ എന്ന് സംശയിക്കുകയും ചെയ്യുന്ന എത്ര പേരാണ് ഇന്നലെയും ഇന്നുമായി 'ഇറങ്ങിപ്പോയ്ക്കൂടാരുന്നോ പെങ്ങളെ!' എന്ന് സ്റ്റാറ്റസുകളിൽ വിലപിക്കുന്നത്.
ഒരിക്കൽക്കൂടി, പെൺമക്കൾ ഉള്ള മാതാപിതാക്കൾ ചെയ്യേണ്ടത് അവരുടെ മക്കൾക്ക് ഒരു ജോലി ലഭിക്കുവാൻ ഇടയാകുന്ന വിദ്യാഭ്യാസം നൽകുകയാണ്. അതാണ് അവരുടെ ബാധ്യത; അല്ലാതെ വിവാഹം നടത്തി ഒഴിവാക്കുന്നതല്ല അവരുടെ ചുമതല. അടങ്ങി ഒതുങ്ങി ജീവിക്കാനല്ല പഠിപ്പിക്കേണ്ടത്; തൻ്റേടത്തോടെ ജീവിക്കാനാണ് പഠിപ്പിക്കേണ്ടത്.
പെൺകുട്ടികൾ ചെയ്യേണ്ട ഒരു കാര്യം ജോലി നേടിയ ശേഷം മാത്രം വിവാഹമെന്ന് തീരുമാനിക്കുകയാണ്. ഏത് പ്രതിസന്ധിയിലും സ്വന്തം കാലിൽ നിൽക്കാൻ അതൊരു വലിയ സഹായമാണ്. നിങ്ങൾക്ക് നിങ്ങളുടെ ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനവും നിങ്ങൾക്ക് സ്വർണമുൾപ്പെടെയുളള മറ്റ് സമ്പാദ്യങ്ങൾ ഉണ്ടെങ്കിൽ അതും നിങ്ങളുടെ കൈയ്യിൽ തന്നെ ആയിരിക്കുക. അത് കൈകാര്യം ചെയ്യാൻ മറ്റൊരാളുടെ, അത് ഭർത്താവോ ഭർത്തൃവീട്ടുകാരോ ആരായാലും അവരുടെ അനുമതി നിങ്ങൾക്കാവശ്യമില്ലന്നും അറിഞ്ഞിരിക്കുക.
വാട്സപ്പ് വിലാപങ്ങളുടെ ആയുസ് ഒന്നോ രണ്ടോ ദിവസം മാത്രമാണ്, അടുത്ത ഒരു ഉത്തരയോ വിസ്മയയോ വരുമ്പോൽ മാത്രം വീണ്ടും സംഭവിക്കുന്ന പ്രതിഭാസം. സമൂഹം കൽപ്പിച്ചിരിക്കുന്ന മിഥ്യാബോധ്യങ്ങൾക്കും അളവ്കോലുകൾക്കും അകത്ത് എങ്ങനെയും ജീവിച്ച് തീർക്കേണ്ടതല്ല ഓരോ ജീവിതങ്ങളും എന്ന ബോധ്യം തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരും.
ഡെറിൻ രാജു
22.06.2021

Saturday, 29 May 2021

നിയുക്ത കാതോലിക്കാ തിരഞ്ഞെടുപ്പിന്‍റെ ചരിത്രം / ഡെറിന്‍ രാജു

പരിശുദ്ധ പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ തനിക്ക് ഒരു പിന്‍ഗാമിയെ തിരഞ്ഞെടുക്കണമെന്ന് പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിനെ അറിയിക്കുകയും അതില്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മലങ്കരയില്‍ നടന്നിട്ടുള്ള കാതോലിക്കാ - മലങ്കര മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കുകയാണ് ഈ ലേഖനത്തിലൂടെ. 

മലങ്കരസഭാ ഭരണഘടനയുടെ 97, 114 വകുപ്പുകളാണ് കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. അതിന്‍പ്രകാരം കാതോലിക്കാ - മലങ്കര മെത്രാപ്പോലീത്തായെ തിരഞ്ഞെടുക്കുവാനുള്ള ചുമതല മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ നിക്ഷിപ്തമാണ്. നിയുക്ത കാതോലിക്കാ എന്ന സ്ഥാനം ഭരണഘടനയില്‍ ഇല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് ശരിയല്ല എന്ന മറുവിഭാഗത്തിലെ ചിലരുടെ വാദങ്ങള്‍ വസ്തുതാപരമായി നിലനില്ക്കുന്നതല്ല. കാരണം, തിരഞ്ഞെടുപ്പ് നടക്കുന്നത് കാതോലിക്കാ - മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേക്കാണ്. എന്നാല്‍ അദ്ദേഹം സ്ഥാനം പ്രാപിക്കുന്നത് നിലവിലെ സ്ഥാനം ഒഴിവുവരുമ്പോള്‍ മാത്രമാണ്. സ്ഥാനം പ്രാപിക്കുന്നതുവരെ അദ്ദേഹം 'ശ്രേഷ്ഠ നിയുക്ത കാതോലിക്കാ' എന്നറിയപ്പെടുന്നു എന്നു മാത്രം. മലങ്കരയില്‍ ഇതഃപര്യന്തമുണ്ടായിട്ടുള്ള നിയുക്ത കാതോലിക്കാ തിരഞ്ഞെടുപ്പിന്‍റെ ചരിത്രത്തിലേക്ക്:

മലങ്കരയിലെ ആദ്യ രണ്ട് കാതോലിക്കാമാരും പിന്‍ഗാമിയെ തിരഞ്ഞെടുക്കാതെയാണ് കാലം ചെയ്തത്. എന്നാല്‍ മലങ്കരയിലെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ മാര്‍ത്തോമ്മാ മെത്രാന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പലരും തങ്ങളുടെ ജീവിതകാലത്ത് തന്നെ പിന്‍ഗാമികളെ തിരഞ്ഞെടുത്തവരാണ്. സഭാതേജസ്സ് പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസ് തന്‍റെ ജീവിതകാലത്ത് തന്നെ പിന്‍ഗാമിയായി വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിനെ തിരഞ്ഞെടുത്തത് മലങ്കര സഭയുടെ തന്നെ ഭാഗധേയത്തെ നിര്‍ണയിച്ച സംഭവമാണ്. 

ആദ്യ കാതോലിക്കാ ബസേലിയോസ് പൗലോസ് പ്രഥമന്‍ 1913 മെയ് 3-ന് കാലം ചെയ്തു. എങ്കിലും രണ്ടാം കാതോലിക്കാ വാഴിക്കപ്പെടുന്നത് 1925-ല്‍ മാത്രമാണ്. അദ്ദേഹം ആകസ്മികമായി നെയ്യൂര്‍ ആശുപത്രിയില്‍ വച്ച് 1928 ഡിസംബര്‍ 17-ന് കാലം ചെയ്തപ്പോഴും ഒരു പിന്‍ഗാമിയെ സഭ തിരഞ്ഞെടുത്തിരുന്നില്ല. രണ്ടു മാസങ്ങള്‍ക്കു ശേഷം മൂന്നാം കാതോലിക്കാ 1929 ഫെബ്രുവരി 15-നു കാതോലിക്കാസ്ഥാനം പ്രാപിച്ചു. മലങ്കര മെത്രാപ്പോലീത്താസ്ഥാനം വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസില്‍ തന്നെ തുടര്‍ന്നു. അദ്ദേഹം 1934 ഫെബ്രുവരി 23-ന് കാലംചെയ്തതിനെ തുടര്‍ന്ന് ഡിസംബര്‍ 26-ാം തീയതി കൂടിയ അസോസിയേഷന്‍ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. അങ്ങനെ കാതോലിക്കാ - മലങ്കര മെത്രാപ്പോലീത്താ സ്ഥാനങ്ങള്‍ ഒരാളില്‍ നിക്ഷിപ്തമായി. 

തന്‍റെ സുദീര്‍ഘമായ ഭരണകാലത്തിന്‍റെ അവസാനമായപ്പോള്‍ ഒരു സഹായിയെ വേണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അക്കാര്യം 1951 മെയ് 17-നു കോട്ടയം എം.ഡി. സെമിനാരിയില്‍ കൂടിയ അസോസ്യേഷന്‍റെ അജണ്ടയില്‍ ഒന്നാമതായി ഉള്‍പ്പെടുത്തുകയും ചെയ്തു. കാതോലിക്കാബാവായ്ക്ക് ഇഷ്ടമുള്ളവരെ സഹായിയായി നിയമിക്കുവാന്‍ അസോസ്യേഷന്‍ തീരുമാനം എടുത്തു. 1962-ല്‍ പിന്‍ഗാമിയെ തിരഞ്ഞെടുക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി പലരും ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെ ബോധ്യപ്പെടുത്തി. എന്നാല്‍ അദ്ദേഹത്തിന് അപ്രകാരമൊരു പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതില്‍ പൂര്‍ണ്ണസമ്മതം പ്രാരംഭഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. എങ്കിലും സഭയുടെ പൊതുവായ താല്‍പര്യത്തെയും ഭാവിയെയും കരുതി അപ്രകാരമൊരു തിരഞ്ഞെടുപ്പിന് അദ്ദേഹം അനുമതി നല്‍കി. തുടര്‍ന്ന് പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് കൂടി ഐകകണ്ഠ്യേന കണ്ടനാട് ഇടവകയുടെ ഔഗേന്‍ മാര്‍ തീമോത്തിയോസിനെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്തു. 1962 മെയ് 17-ന് നിരണത്തു കൂടിയ അസോസ്യേഷന്‍ അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. 

ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ 1964 ജനുവരി 3-ന് കാലംചെയ്തതിനെ തുടര്‍ന്ന് അദ്ദേഹം മലങ്കര മെത്രാപ്പോലീത്താ സ്ഥാനം സ്വീകരിച്ചു. തുടര്‍ന്ന് 1964 മെയ് 22-ന് പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് അദ്ദേഹത്തെ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ എന്ന പേരില്‍ കാതോലിക്കാ സ്ഥാനത്തേക്ക് ഉയര്‍ത്തി. സഹോദര സഭയായ അന്ത്യോഖ്യന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് ഇഗ്നാത്യോസ് യാക്കോബ് തൃതീയനായിരുന്നു മുഖ്യകാര്‍മ്മികന്‍. തുടര്‍ന്ന് വളരെ സംഭവബഹുലവും സംഘര്‍ഷഭരിതവുമായ ഒരു കാലഘട്ടമായിരുന്നു ആദ്യ വര്‍ഷങ്ങള്‍ക്കുശേഷം ഔഗേന്‍ പ്രഥമന്‍ ബാവായ്ക്ക് നേരിടേണ്ടി വന്നത്. പല തവണ അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമാവുകയും വീണ്ടും ആരോഗ്യം പ്രാപിക്കുകയും ചെയ്തു. പാത്രിയര്‍ക്കീസിന്‍റെ അനധികൃതമായ ഇടപെടലുകള്‍ കൂടി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പിന്‍ഗാമിയുടെ തിരഞ്ഞെടുപ്പിലേക്ക് സഭ കടന്നു. നേരത്തെ അവലംബിച്ച അതേ രീതിയില്‍ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് കൂടുകയും സുന്നഹദോസില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബാഹ്യകേരള മെത്രാസനത്തിന്‍റെ മാത്യൂസ് മാര്‍ അത്താനാസിയോസിനെ സുന്നഹദോസ് ശുപാര്‍ശ ചെയ്യുകയും ചെയ്തു. 1970 ഡിസംബര്‍ 31-ന് കൂടിയ അസോസ്യേഷന്‍ അദ്ദേഹത്തെ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തിരഞ്ഞെടുത്തു. ഔഗേന്‍ പ്രഥമന്‍ ബാവാ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്ന് 1975 സെപ്തംബര്‍ 24-ന് മാത്യൂസ് മാര്‍ അത്താനാസിയോസ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനം സ്വീകരിച്ചു. തുടര്‍ന്ന് 1975 ഒക്ടോബര്‍ 22-ന് അദ്ദേഹം കാതോലിക്കാസ്ഥാനം പ്രാപിച്ചു.

1975-ല്‍ യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് മലങ്കരയിലെ പിളര്‍പ്പ് പൂര്‍ണ്ണമാക്കി ഒരു ബദല്‍ കാതോലിക്കായെ വാഴിച്ചതോടുകൂടി സഭാതര്‍ക്കവും മറ്റൊരുതലത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ അധികം വൈകാതെ തന്നെ ഒരു പിന്‍ഗാമിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യം വന്നുചേര്‍ന്നു. 1980 മെയ് 1-ന് കൂടിയ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ കൊല്ലം ഇടവകയുടെ മാത്യൂസ് മാര്‍ കൂറിലോസിനെ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തിരഞ്ഞെടുത്തു. മാത്യൂസ് പ്രഥമന്‍ ബാവാ 1991 ഏപ്രില്‍ 27-ന് സ്ഥാനത്യാഗം ചെയ്തു; തുടര്‍ന്ന് മാത്യൂസ് മാര്‍ കൂറീലോസ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തു പ്രവേശിച്ചു. ഏപ്രില്‍ 29-ന് പരുമലയില്‍ വച്ച് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ എന്ന പേരില്‍ കാതോലിക്കാ സ്ഥാനവും പ്രാപിച്ചു.

1990-ലെ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് സഭാ അന്തരീക്ഷം വീണ്ടും ചൂടുപിടിച്ചു. പിന്‍ഗാമിയെ ഉടനെതന്നെ തിരഞ്ഞെടുക്കുന്നത് ഉചിതമെന്ന ചിന്ത പല തലങ്ങളിലും ഉണ്ടായതിന്‍റെ വെളിച്ചത്തില്‍ 1992 സെപ്റ്റംബര്‍ 10-ന് അസോസിയേഷന്‍ കൂടി മലബാര്‍ ഇടവകയുടെ തോമസ് മാര്‍ തീമോത്തിയോസിനെ കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ കാലം നിയുക്ത കാതോലിക്കാ എന്ന സ്ഥാനത്തിരുന്നത് തോമസ് മാര്‍ തീമോത്തിയോസ് ആണ്. 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹം സ്ഥാനം പ്രാപിച്ചത്. ഇതിനിടയില്‍ കോടതി നിര്‍ദ്ദേശപ്രകാരം 2002 മാര്‍ച്ച് 25-ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ വീണ്ടും മലങ്കര മെത്രാപ്പോലീത്തായായി തിരഞ്ഞെടുക്കപ്പെടുകയും കോടതി ആ തിരഞ്ഞെടുപ്പ് അംഗീകരിക്കുകയും ചെയ്തു. 

2005 ഒക്ടോബര്‍ 29-ന് മാത്യൂസ് ദ്വിതീയന്‍ ബാവാ സ്ഥാനത്യാഗം ചെയ്തു. മാര്‍ തീമോത്തിയോസ് അന്നു തന്നെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഏറ്റെടുത്തു. ഒക്ടോബര്‍ 31-ന് ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ എന്ന പേരില്‍ കാതോലിക്കാസ്ഥാനവും പ്രാപിച്ചു. 85-ാം വയസ്സില്‍ കാതോലിക്കാസ്ഥാനത്തേക്കുയര്‍ത്തപ്പെട്ട ദിദിമോസ് പ്രഥമന്‍ ബാവായാണ് ഏറ്റവും പെട്ടെന്ന് തന്‍റെ പിന്‍ഗാമിയെ തിരഞ്ഞെടുത്തതും. താന്‍ സ്ഥാനം പ്രാപിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ 2006 ഒക്ടോബര്‍ 12-ന് പരുമലയില്‍ കൂടിയ അസോസിയേഷന്‍ കുന്നംകുളം മെത്രാസനത്തിന്‍റെ പൗലോസ് മാര്‍ മിലിത്തിയോസിനെ പിന്‍ഗാമിയായി തിരഞ്ഞെടുത്തു. ദിദിമോസ് പ്രഥമന്‍ ബാവാ 2010 ഒക്ടോബര്‍ 31-ന് സ്ഥാനത്യാഗം ചെയ്തു. പൗലോസ് മാര്‍ മിലിത്തിയോസ് അന്നു തന്നെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഏറ്റെടുത്തു. അദ്ദേഹം 2010 നവംബര്‍ 1-ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്ന പേരില്‍ കാതോലിക്കാ സ്ഥാനം പ്രാപിച്ചു.

വീണ്ടും ഒരിക്കല്‍കൂടി പ. സഭ പ്രാര്‍ത്ഥനാപൂര്‍വ്വം വലിയ ഇടയനെ തിരഞ്ഞെടുക്കുവാന്‍ ഒരുങ്ങുന്നു. ആറാമത് നിയുക്ത കാതോലിക്കാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ വ്യക്തമായ നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും പ. സഭയ്ക്ക് വഴികാട്ടിയാവും. പ. കാതോലിക്കായുടെ പിന്‍ഗാമിയുടെ തിരഞ്ഞെടുപ്പിന്‍റെ ഇതഃപര്യന്തമുള്ള ചരിത്രം പരിശോധിച്ചാല്‍ പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഒരാളെ ഐകകണ്ഠ്യേനയോ അവരുടെ ഇടയിലെ തിരഞ്ഞെടുപ്പിലൂടെയോ കണ്ടെത്തുകയും ആ പേര് മാത്രം അസോസിയേഷന്‍റെ പരിഗണനയ്ക്കു വരികയും മറ്റ് നാമനിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തതിനാല്‍ അസോസിയേഷന്‍ അത് അംഗീകരിക്കുകയുമായിരുന്നു. സഭയുടെ ഇടയനെ ദൈവം തിരഞ്ഞെടുക്കുവാനായി നമ്മുടെ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കാം. മാര്‍ത്തോമ്മാ ശ്ലീഹായുടെ മദ്ധ്യസ്ഥത അതിനായി നമ്മെ സഹായിക്കും.                                    ൂ

Friday, 14 May 2021

മെയ് 15: മലങ്കരയില്‍ ഏറ്റവും അധികം മേല്‍പ്പട്ടക്കാര്‍ വാഴിക്കപ്പെട്ട തീയതി / ഡെറിന്‍ രാജു

മലങ്കരയിൽ ഏറ്റവും അധികം മേൽപ്പട്ടക്കാർ വാഴിക്കപ്പെട്ട തീയതി കതിരുകൾക്കുവേണ്ടിയുള്ള ദൈവമാതാവിൻ്റെ പെരുന്നാൾ ദിവസമായ മെയ് 15 ആകാം.

ആകെ 15 പേർ മലങ്കരയിൽ ഈ ദിവസം വാഴിക്കപ്പെട്ടിട്ടുണ്ട്. 

ഗീവറുഗീസ് ദ്വിതിയൻ ബാവാ 1953 മെയ് 15-നു അഞ്ച് പേരെ (പത്രോസ് മാർ ഒസ്താത്തിയോസ്, മാത്യൂസ് മാർ ഈവാനിയോസ്, ദാനിയേൽ മാർ പീലക്സീനോസ്, മാത്യൂസ് മാർ അത്താനാസിയോസ്, മാത്യൂസ് മാർ കൂറിലോസ്) ഏലിയാ ചാപ്പലിൽ വച്ചും മാത്യൂസ് പ്രഥമൻ ബാവാ 1978 മെയ് 15 നു പഴഞ്ഞിയിൽ വച്ച് അഞ്ചു പേരെയും (യാക്കോബ് മാർ പോളിക്കാർപ്പോസ്, സഖറിയ മാർ ദീവന്നാസിയോസ്, മാത്യൂസ് മാർ ബർന്നബാസ്, ഗീവറുഗീസ് മാർ ദീയസ്കോറോസ്, യുഹാനോൻ മാർ അത്താനാസിയോസ്) 1985 മെയ് 15 നു പുതിയകാവിൽ വച്ച് 5 പേരെയും (മാത്യൂസ് മാർ എപ്പിഫാനിയോസ്, ഫീലിപ്പോസ് മാർ യൗസേബിയോസ്, തോമസ് മാർ അത്താനാസിയോസ്, ഗീവറുഗീസ് മാർ ഈവാനിയോസ്, പൗലോസ് മാർ മിലിത്തിയോസ്) മേൽപ്പട്ടസ്ഥാനത്തേക്ക് ഉയർത്തി.

ഔഗേൻ ബാവായെ ഔഗേൻ മാർ തീമോത്തിയോസ് എന്ന പേരിൽ ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തിയത് 1927 മെയ് 15 -നാണ്. അതുകൂടെ കൂട്ടിയാൽ 16 ആകും

പ. മാത്യൂസ് പ്രഥമൻ ബാവാ നടത്തിയ രണ്ട് മേൽപ്പട്ട വാഴ്ചകളും മെയ് 15 നായിരുന്നു.

Tuesday, 11 May 2021

മലയാളി സ്ത്രീത്വത്തിൻ്റെ പ്രതിമയും പ്രതിച്ഛായയും

 ജീവിതം തന്നെ സമരമായിരുന്ന വലിയ പോരാട്ടനായികയും മറയുകയാണ്.

എല്ലാ വിശേഷണങ്ങൾക്കും ഉപരിയായി കേരളത്തിൻ്റെ സാമൂഹിക-സാംസ്കാരിക ചിന്തകളെ പരുവപ്പെടുത്തിയ ഒരു പേരാണ് കെ.ആർ.ഗൗരിയമ്മ എന്നത്. എന്താണ് സാമൂഹിക നീതിയെന്ന് ബോധ്യപ്പെടണമെങ്കിൽ ഗൗരിയമ്മയുടെ പ്രസംഗങ്ങളുടെ നിയമസഭാ രേഖകൾ പരിശോധിച്ചാൽ മാത്രം മതിയാകും. വോട്ട് ബാങ്കിനപ്പുറം സാമൂഹിക നീതിയും തുല്യതയും പ്രതീക്ഷിക്കുന്ന ഒരു വലിയ ജനതയുണ്ടെന്ന് അവർ വിളിച്ചു പറഞ്ഞു.
കലഹിച്ചും, പോരാടിയും, ചിലതിനോട് നേരിട്ടേറ്റുമുട്ടിയും കടന്നു പോകുന്ന ആ പോരാട്ടചരിതം ആധുനികകേരള ചരിത്രം തന്നെയാണ്. സർ സി.പി മുന്നോട്ട് വച്ച മജിസ്ട്രേറ്റ് സ്ഥാനം തട്ടിമാറ്റി അവർ ഇറങ്ങിചെന്നത് കേരള സ്ത്രീകളുടെ പ്രതീക്ഷയും പ്രതിനിധിയുമാകാനാണ്. സ്ത്രീ ശാക്തീകരണത്തിൻ്റെ പുതുവഴി വെട്ടിയ ഗൗരിയമ്മയെ മറന്നുകൊണ്ട് മലയാളി സ്ത്രീ മുന്നേറ്റ ചരിതം ആർക്കെഴുതാനാകും? വനിതാ പോലീസുകാർക്ക് വിവാഹമനുവദിച്ചതു മുതൽ എത്രയെത്ര നിയമങ്ങൾ, ഉത്തരവുകൾ...?
കെ.ആർ. ഗൗരിയമ്മയോളം മലയാള രാഷ്ട്രീയ സംസ്കാരത്തെ രൂപപ്പെടുത്തിയ മറ്റൊരു വനിത ഇല്ല എന്നതിൽ രണ്ട് പക്ഷമില്ല. മീൻ വെള്ളത്തിൽ കഴിയുന്നത് പോലെ രാഷ്ട്രീയ പ്രവർത്തകർ ജനങ്ങൾക്കിടയിൽ ജീവിക്കണമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ആ ജനങ്ങളെ ഓർത്തായിരുന്നു അവരുടെ മുഴുവൻ പ്രവർത്തനങ്ങളും. എരിഞ്ഞൊടുങ്ങാൻ ആറടി മണ്ണു പോലുമില്ലാത്തവർക്ക് ഗൗരിയമ്മ ഭൂപരിഷ്ക്കരണ നിയമത്തിലൂടെ മുന്നോട്ട് വച്ചത് മറ്റൊരു ചുവന്ന പുലരിയായിരുന്നു.
എഴുതാനേറെയുണ്ട്; എത്ര എഴുതിയാലും ആ മഹാമേരുവിൻ്റെ പ്രവൃത്തികളെയും ജീവിതത്തെയും അതിൽ ഒതുക്കാനുമാകില്ല; വലിയ ചുടുകാട്ടിൽ കത്തിയമരുന്നത് ആധുനിക കേരളത്തെ രൂപപ്പെടുത്തിയ ഒരു ചുവന്ന താരകമാണ്; മലയാളി സ്ത്രീത്വത്തിൻ്റെ പ്രതിമയും പ്രതിച്ഛായയുമാണ്. വരും തലമുറകൾക്ക് എക്കാലവും കാത്തുവച്ച് കൈമാറാനുള്ള ഒരു പാഠപുസ്തകമാണ്.
കാലം മായ്ക്കാത്ത വിപ്ലവനക്ഷത്രമേ! അന്തിമാഭിവാദനങ്ങൾ
ഡെറിൻ രാജു
11.05.2021

Thursday, 22 April 2021

പ. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ തീയതി

 April 23. Feast of St George. എന്തുകൊണ്ട് നമ്മുടെ സഭയിൽ May 1 മുതൽ ഈ പെരുന്നാൾ ആചരിക്കാൻ പ്രാധാന്യം ലഭിച്ചിരിക്കുന്നു?

പൗരസ്ത്യ സുറിയാനിയിൽ നീസാൻ 24 ഉം പാശ്ചാത്യ സുറിയാനിയിൽ നീസാൻ 23 ഉം ഗീവറുഗീസ് സഹദായുടെ പെരുന്നാൾ ആയിരുന്നു.

സുറിയാനി കണക്കിലായപ്പോൾ നീസാൻ മേടമായി. അങ്ങനെ മേടം 23 -ഉം 24 - ഉം സഹദായുടെ പെരുന്നാളായി. അന്ത്യോഖ്യൻ ബന്ധത്തിനു മുമ്പ് മേടം 24 ആയിരുന്നു പെരുന്നാൾ. 18-ാം നൂറ്റാണ്ടിൽ പാശ്ചാത്യ - പൗരസ്ത്യ പ്രതിസന്ധികൾക്കിടയിൽ ഈ രണ്ട് ദിവസവും പെരുന്നാളായി. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനം ആണല്ലോ പൂർണമായി അന്ത്യോഖ്യൻ രീതിയിലേക്ക് മാറിയത്. പിന്നീട് മേടം 23 തന്നെയായി. എങ്കിലും ഔഗേൻ ബാവാ ഹൂത്തോമോ എഴുതിയപ്പോൾ മേടം 24 തന്നെ ഉപയോഗിച്ചു.

സുറിയാനി കണക്ക് നോക്കിയാൽ മേടം 23 എന്നത് മെയ് 6 ആണ്. കൊല്ലവർഷം മേടം 23 നോക്കിയാൽ അത് മെയ് 7 or 8 വരും. പുതുപ്പള്ളി, എടത്വ, ഇടപ്പള്ളി (മെയ് 4) പെരുന്നാളുകൾ ഈ സമയത്താണല്ലോ വരുന്നത്.

ഇപ്പോൾ ഏപ്രിൽ 23 ആണ് ഏതാണ്ട് സാർവ്വത്രികമായി അംഗീകരിച്ച തീയതി. ലത്തീൻ രീതിയിൽ ഏപ്രിൽ 23 ആയിരുന്നു നേരത്തെ തന്നെ.

Thursday, 1 April 2021

വിനയപ്പെടലിൻ്റെ മഹത്ത്വമെന്തെന്ന് അവൻ പഠിപ്പിച്ചു

വൻ കാര്യങ്ങൾ സംഭവിച്ച ആ വലിയ രാത്രിയുടെ സ്മരണയിൽ ഇന്ന് പെസഹാ പെരുന്നാളാണ്.

ഈ രാത്രിക്കപ്പുറം തന്നെ കാത്തിരിക്കുന്നത് കൊടിയ പീഡനവും മർദ്ദനവും കുരിശുമരണവുമാണെന്ന ബോദ്ധ്യത്തോടെയാണ് യേശു പെസഹ ഭക്ഷിക്കുവാനായി ആ വീടിൻ്റെ മുകൾത്തട്ടിലേക്ക് എത്തിയത്. എത്തിയത് തന്നെ ഒരു വലിയ ബഹളത്തിൻ്റെ മദ്ധ്യത്തിലേക്കാണ്. ശിഷ്യർ ചേരിതിരിഞ്ഞും ഒറ്റയ്ക്കും വാഗ്വാദത്തിലാണ്! 'ആരാണ് തങ്ങളിൽ വലിയവൻ?' മൂന്നര വർഷക്കാലം താൻ കൂടെ കൊണ്ട് നടന്നു സകലവും കാണിച്ചും പഠിപ്പിച്ചും ബോദ്ധ്യപ്പെടുത്തിയവർക്ക് ഈ അന്ത്യനാഴികയായിട്ടും അതിൻ്റെ കാതൽ അവർക്ക് മനസിലായില്ലല്ലോ എന്നോർത്ത് അവൻ്റെ മനസ് എത്രയധികം മഥിച്ചിരിക്കാം. അപ്പോഴാണ് അവൻ തൻ്റെ പുറം കുപ്പായം ഊരിയിട്ട് ഒരു പാത്രത്തിൽ വെള്ളമെടുത്ത് അരയിൽ ഒരു തൂവാലയുമായി ആ ബഹളത്തിനിടയിലേക്ക് ഇറങ്ങി അവരുടെ കാൽ കഴുകി അവരെ ഒരു മാതൃക ഭരമേൽപ്പിച്ചത്.
പാരമ്പര്യപ്രകാരം ഭക്ഷണത്തിരിക്കുന്നവരുടെ കാൽ കഴുകേണ്ടത് വീട്ടിലെ ജോലിക്കാരാണ്; ആ ഭക്ഷണത്തിനു മുമ്പ് ശുചിയാവുക എന്നത് നിർബന്ധവുമാണ്. ഒരു പക്ഷേ, ദാസൻമാരാരുമില്ലാത്ത, ഗുരുവും ശിഷ്യൻമാരും മാത്രമുള്ള ആ മാളികമുറിയിൽ ആര് കാൽ കഴുകണമെന്ന ചിന്തയാകാം അവരെ ആ മൂപ്പ് തർക്കത്തിലേക്ക് വലിച്ചിഴച്ചത്. അതിന് പരിഹാരം ആ മഹാനായ ഗുരു തന്നെ കണ്ടെത്തുകയായിരുന്നു. ശുശ്രൂഷകനാകേണ്ടതിൻ്റെ ആവശ്യകത നൂറാവൃത്തി പറഞ്ഞിരുന്നവൻ അത് കാണിച്ചു കൊടുത്തു. വിനയപ്പെടലിൻ്റെ മഹത്ത്വമെന്തെന്ന് അവൻ പഠിപ്പിച്ചു. സ്നേഹിക്കേണ്ടതിൻ്റെ ആവശ്യമവൻ ഊന്നി ഊന്നി പറഞ്ഞു. സകല പ്രമാണങ്ങളും അടങ്ങിയ പരസ്പരം സ്നേഹിക്കണമെന്ന വലിയ കൽപ്പന അവൻ നൽകിയതും ആ രാത്രിയിലാണ്. ആ വലിയ വിനയത്തിലൊടുങ്ങാത്ത ഗർവ്വെന്താണുള്ളത്?
ഡെറിൻ രാജു
പെസഹ, 2021

20, 21 നൂറ്റാണ്ടുകളിലെ മെത്രാന്‍ തിരഞ്ഞെടുപ്പിന്റെ ചരിത്രം | ഡെറിന്‍ രാജു

മലങ്കര സഭ വീണ്ടുമൊരു മേല്‍പ്പട്ടസ്ഥാന തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുകയാണല്ലോ. ആഗസ്റ്റ് 27-നു മുളന്തുരുത്തി വെട്ടിക്കല്‍ ദയറാ അങ്കണത്തിലെ മാ...