Sunday 1 November 2020

ആ സ്മരണ ഇമ്പകരവും ആ ചിന്ത വരദായകവും


 

ക്രിസ്തുവിനെ പലർക്കും പല രീതിയിലായിരുന്നു പരിചയം!

പത്രോസും സഖാക്കളും അവനെ നേരിട്ടറിഞ്ഞു; എന്നാൽ മർക്കോസിനു അവനെ അത്ര പരിചയമില്ലായിരുന്നു; എങ്കിലും അറിയാമായിരുന്നു. എപ്പോഴോ ഒരിക്കൽ തന്നെ എടുത്ത് മടിയിൽ വച്ചു എന്നതിനപ്പുറമായി വലിയ പരിചയം ഇഗ്നാത്തിയോസിനു ഉണ്ടായിരുന്നോ എന്നു സംശയമാണ്. പൗലോസാകട്ടെ ഏതാണ്ട് സമകാലികരായിരുന്നെങ്കിലും ക്രിസ്തുവിൻ്റെ ജീവിതകാലത്ത് അദ്ദേഹത്തെ കണ്ടതായും സൂചനയില്ല. തന്നെ നേരിട്ട് കണ്ടതും അറിഞ്ഞതുമായ തലമുറകൾ കടന്നു പോയപ്പോൾ എന്നാൽ ക്രിസ്തു മാഞ്ഞു പോയില്ല. അവൻ അവൻ്റെ ആശയങ്ങളിൽ ജീവിച്ചു. നേരിട്ട് കണ്ട ജനതതിക്കപ്പുറമായി സഹസ്രങ്ങൾ ആ ആശയവും ആ ജീവിതവും ദർശനവും ഏറ്റുവാങ്ങി; പ്രതിസന്ധി പ്രയാസഘട്ടങ്ങളിൽ ആ വലിയ തച്ചൻ്റ വിപ്ലവാശയങ്ങൾ അണയാത്ത പ്രകാശമായി ഇന്നും നിലകൊള്ളുന്നു.
ഒന്നേമുക്കാലോളം നൂറ്റാണ്ടിനപ്പുറം ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച്; ഒരു ചെറിയ ശിഷ്യ സമ്പത്താർജിച്ച്, ഒരു മെത്രാപ്പോലീത്തയായി, 52 വർഷങ്ങൾ മാത്രം ജീവിച്ച്, അതിൽ ഏറിയ പങ്കും പമ്പാനദിയുടെ തീരത്തെ പരുമല ദ്വീപിൽ കഴിഞ്ഞുകൂടിയ ഒരു മനുഷ്യൻ തൻ്റെ മരണത്തിൻ്റെ 118 വർഷങ്ങൾക്കിപ്പുറവും പ്രസക്തമായ ഒരു പ്രകാശരശ്മിയായി നിലകൊള്ളുന്നു. പരുമല തിരുമേനി എന്ന അഭിധാനം തന്നെ അന്ധകാരമയമായ ജീവിതത്തെ പ്രകാശിപ്പിക്കുവാൻ പര്യാപ്തമായതാണ്. തന്നെ കണ്ടറിഞ്ഞ ശിഷ്യരും അവരുടെ ശിഷ്യരും കടന്നു പോയെങ്കിലും ക്രിസ്തു കാലാതീതമായും അതിർത്തികളില്ലാതെയും പ്രഘോഷിക്കപ്പെട്ടതു പോലെ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയും സ്മരിക്കപ്പെടുന്നു. പരുമല ദ്വീപിലെ പർണ്ണശാലയും മണ്ണും അനേകായിരങ്ങൾക്ക് അവരുടെ വിഷമതകൾ ഇറക്കി വച്ച് ആശ്വാസം കണ്ടെത്താവുന്ന ഇടമായിരിക്കുന്നു.
വിശുദ്ധിയെന്നത് ഒരു കൊക്കൂണിലേക്ക് ഒതുങ്ങി പ്രാപിക്കേണ്ടതാണെന്ന ബോദ്ധ്യം അശേഷം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതിനാൽ തന്നെ അന്തർമുഖനായ വിശുദ്ധനായിരുന്നില്ല അദ്ദേഹം. സാമൂഹിക ജീവിതത്തിൽ സജീവമായി ഇടപെട്ടു. സുന്ദരമായ ഒരു സാഹിത്യകൃതി ചമച്ചു. വിദ്യാലയങ്ങൾ സമൂഹത്തിനാവശ്യമെന്ന ഉത്തമ ബോദ്ധ്യത്തോടെ സ്കൂളുകൾ സ്ഥാപിച്ചു. വിശാലമായ ഭൂപ്രദേശത്തിന് അജപാലനം നിർവഹിച്ചു.
പൂഴി വീണാൽ നിലം തൊടാനാവത്ത വിധം ഇന്ന് ജനനിബിഡമാകേണ്ട ഇടമായിരുന്നു പരുമല. കാരണം മലങ്കരയുടെ മന:സാക്ഷിയും ശക്തിസ്രാേതസും ആ മണ്ണാണ്. ഗുരു കടന്നു പോയിക്കഴിഞ്ഞു ഗുരുവിൻ്റെ ശിഷ്യർ ആ കബറിങ്കൽ ആശ്വാസം കണ്ടെത്തിയവരാണ്. അവരുടെ ശിഷ്യരോട് ആ മണ്ണിൻ്റെ പവിത്രത പറഞ്ഞേൽപ്പിച്ചാണ് അവരും കടന്നു പോയത്. അവർ അവരുടെ അനുഗാമികളോടും..
ഈ കെട്ടകാലത്തെ അതിജീവിക്കുവാൻ നമുക്ക് ഉൾക്കരുത്താകാവുന്ന ഒന്നാണ് മാർ ഗ്രീഗോറിയോസിൻ്റെ ദർശനവും ജീവിതവും; ആ സ്മരണ ഇമ്പകരവും ആ ചിന്ത വരദായകവും.
ഡെറിൻ രാജു
പരുമല പെരുന്നാൾ, 2020

No comments:

Post a Comment

കുരിശ് സംസാരിക്കുന്നത് സ്നേഹം | ഡെറിന്‍ രാജു

രണ്ടായിരം വർഷങ്ങൾക്കപ്പുറം ജറുശലേമിൻ്റെ വെളിമ്പ്രദേശത്ത് നാട്ടിയ കുരിശ് സംസാരിച്ചതും ഇന്നും സംസാരിക്കുന്നതും സ്നേഹമാണ്. രാജ്യമില്ലാത്ത രാജാവ...