മുപ്പത്തിമൂന്ന് വർഷത്തെ ജീവിതകാലത്തിൽ നിരവധി തവണ ക്രിസ്തു ജറുശലേം സന്ദർശിച്ചതാണ്. പന്ത്രണ്ടാം വയസിലെ ഒരു സന്ദർശനത്തിലാണ് അദ്ദേഹത്തിനു അവിടമങ്ങ് പിടിച്ചു പോയിട്ട് ആളെ കാണാതെ അപ്പനും അമ്മയും വിഷമിച്ചത്.
അപ്പോൾ ജറുശലേമിലേക്കുള്ള യാത്ര ആദ്യത്തേതല്ല, എന്നാൽ മറ്റ് യാത്രകളിൽ നിന്നൊക്കെയും ഭിന്നമായി എന്താണ് ഈ ദിവസത്തെ വ്യത്യസ്തമാക്കുന്നത്. കാരണവും വ്യക്തമാണ്. ഇന്നത്തെ യാത്ര ഒരു ഉത്സവാന്തരീക്ഷത്തിലായിരുന്നു. പ്രകടനപരതയോട് സന്ധിയില്ലാസമരം പ്രഖ്യാപിച്ച ഒരു വിപ്ലവകാരിയാണ് ഇന്ന് ആഘോഷസമേതം സെഹിയോൻ്റെ തെരുവിലൂടെ ആനയിക്കപ്പെട്ടത്. ആർപ്പുവിളി നിർത്താൻ പറയണമെന്ന് ആവശ്യപ്പെട്ടവരോട് കല്ലുകളും ആർത്തുവിളിക്കുമെന്ന് പറഞ്ഞ് ആവേശം കൊണ്ടയാൾ എത്ര തവണ എത്ര ആളുകളോട് പറഞ്ഞിട്ടുണ്ട്, ഈ സംഭവിച്ചത് ആരും അറിയരുതെന്ന്. അപ്രകാരം താൻ പ്രവർത്തിച്ച നൻമകൾ പോലും പരസ്യമാക്കരുതെന്ന് ആഗ്രഹിച്ചവൻ തന്റെ ജീവിതത്തിന്റെ ഏതാണ്ട് അവസാന സമയത്ത് ഇങ്ങനെയൊരു ആവേശ സ്വീകരണത്തിലേക്ക് ഒരു കഴുതയെയും കൂട്ടി ഇറങ്ങുകയായിരുന്നു.
പാരമ്പര്യരീതി വച്ച് നോക്കിയാൽ കഴുത അശുദ്ധമൃഗമാണ്. അതും രണ്ട് മടങ്ങ് അശുദ്ധമെന്നാണ് പ്രമാണത്തിലെ അളവ് കോൽ വച്ച് അളന്നാൽ കിട്ടുക. സുറിയാനിക്കാരുടെ ആരാധനയിൽ പോലും അയോഗ്യമായ കഴുത (ܥܝܠܐ ܫܝܛܐ) എന്നാണ് ഒരു വിശേഷണം. മലയാള തർജമയിൽ നിന്ദ്യമൃഗവും. ഭാരം ചുമക്കുക എന്നതിനപ്പുറമായി യാതൊരു പരിഗണനയും അന്നോളം അതിനു കിട്ടിയിരുന്നില്ല. അതിനെയും കൂട്ടിയാണ് അവൻ ആരവമദ്ധ്യത്തിലേക്ക് ഇറങ്ങിയത്. ഒരു ഗ്രന്ഥകാരന്റെ ഭാഷയിൽ യെരുശലേമിനെ ഇളക്കിയത്.
മാറ്റി നിർത്തപ്പെടുന്ന ഒരു കൂട്ടത്തെ അവൻ എന്നും ചേർത്തു പിടിച്ചിരുന്നു. ചുങ്കക്കാരും കള്ളനും വ്യഭിചാരിണിയും ആ കരുതലിന്റെ അറ്റത്ത് ഉണ്ടായിരുന്നു. ആ ഭാഗ്യാവസ്ഥയുടെ അതേ നിലയാണ് കഴുതയ്ക്കും അവൻ കരുതി വച്ചിരുന്നത്. കുതിരയോ ഒട്ടകമോ ആയിരുന്നു സാഹചര്യത്തിലെ വർണശബളിമയ്ക്ക് യോജിച്ചതെന്ന സാമാന്യയുക്തിയെ നിഷ്ക്കരുണം തള്ളുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. പ്രവചനനിവർത്തിക്കപ്പുറം അതൊരു നിലപാടിന്റെ ഉറപ്പാണ്. ഓരം പറ്റിപ്പോയവരെ ചേർക്കുമ്പോൾ, കരുതുമ്പോൾ അതിൽ ഏറ്റവും താഴെയുള്ളവരെയും കാണേണ്ടതാണെന്ന ചിന്തയാണ് ഗർദ്ദഭമേറിയ ക്രിസ്തുവിന്റെ ചിത്രം മുന്നോട്ട് വയ്ക്കുന്നത്.
ഓശാനയുടെ ആശംസകൾ..!
No comments:
Post a Comment