Friday 10 June 2022

ക്രിസ്തു സംസാരിക്കുന്നത് സ്നേഹമാണ്; അതാണവന്‍റെ മതം.

തൻ്റെ സകല പ്രബോധനങ്ങളുടെയും ആകെത്തുകയായി ക്രിസ്തു കണ്ടത് സ്നേഹത്തെയാണ്. സകല പ്രമാണങ്ങളും സ്നേഹത്തിൻ്റെ രണ്ട് തലങ്ങളിൽ അടങ്ങിയിരിക്കുന്നു എന്നാണല്ലോ അവൻ പറഞ്ഞത്.

ഒരിക്കൽ അവൻ പറയുന്നുണ്ട്, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നുവെന്ന്. ഒരു മുപ്പത്തിമൂന്ന് വയസുകാരനെ അത് പറയാൻ പ്രാപ്തനാക്കിയത് അവൻ്റെ ബോധ്യമാണ്. താൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറയുന്നതിന് മുമ്പ് അവൻ പറയുന്നത് പരസ്പരം സ്നേഹിക്കുവാനാണ്; ''ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും സ്നേഹിക്കുവാനാണ് '' സ്നേഹത്തിലൂടെയാണ് അവൻ ജയിച്ചത്. ആ സ്നേഹത്തിലൂടെയാണ് അവൻ കാലാതിവർത്തിയായ ബോധ്യങ്ങളെ സൃഷ്ടിച്ചത്.
സ്നേഹത്തിലൂടെയും വിട്ടു കൊടുക്കലിലൂടെയും അവൻ നിർമ്മിച്ചെടുത്തത് രണ്ടായിരം വർഷങ്ങൾക്കും മങ്ങലേല്പിക്കാനാകാത്ത ഒരു ബോധ്യമാണ്. ആ ബോധ്യത്തിൻ്റെ ഉറപ്പിൻമേലാണ് അവൻ്റെ സുഹൃത്തുക്കളിൽ ഒരാൾ പിന്നീട്‌ എഴുതിയത് ദൈവം തന്നെ സ്നേഹമാകുന്നുവെന്ന്. മറ്റൊരുവൻ പറഞ്ഞത് ''സ്നേഹം ഒരുനാളും ഇല്ലാതായി പോവുകയില്ലെന്ന് ''
രണ്ടായിരത്തിൽപ്പരം വർഷങ്ങളായി ക്രിസ്തു സംസാരിക്കുന്നത് സ്നേഹമാണ്. അതാണവന്‍റെ മതം. സ്ഥാപനവൽക്കരിക്കപ്പെട്ട മതക്കൂടിൻ്റെ അങ്ങകത്ത് കാമ്പായും കാതലായും ഉള്ളതും ഉണ്ടാകേണ്ടതും അവൻ കാണിച്ചു തന്ന സ്നേഹമാണ്. അത് ബോധ്യപ്പെട്ട ഒരുവനാണ് എല്ലാത്തിലും വലുത് സ്നേഹമാണ് എന്ന് പിന്നീട് എഴുതിയത്.
വെറുപ്പും സംശയവും സ്പർദ്ധയും നിറയുന്ന വർത്തമാനക്കാലത്ത് വെളിച്ചം പകരുവാൻ സ്നേഹം കൊണ്ടേ സാധിക്കുകയുള്ളു. വെറുപ്പും അവിശ്വാസവും അല്ല; സ്നേഹവും സഹവർത്തിത്തവുമാണ് പുലരേണ്ടത്. അയൽക്കാരനെ സ്നേഹിക്കാനാണ് അവൻ പറഞ്ഞത് ; അവിടെ ഒരു കണ്ടീഷനും നോക്കാൻ അവൻ പറഞ്ഞില്ല. കുറഞ്ഞപക്ഷം അവൻ പറഞ്ഞതെങ്കിലും കേൾക്കാനുള്ള ബാധ്യത അവൻ്റെ അനുകാരികൾക്കുണ്ട്.
ഡെറിൻ രാജു
09.06.2022

No comments:

Post a Comment

കുരിശ് സംസാരിക്കുന്നത് സ്നേഹം | ഡെറിന്‍ രാജു

രണ്ടായിരം വർഷങ്ങൾക്കപ്പുറം ജറുശലേമിൻ്റെ വെളിമ്പ്രദേശത്ത് നാട്ടിയ കുരിശ് സംസാരിച്ചതും ഇന്നും സംസാരിക്കുന്നതും സ്നേഹമാണ്. രാജ്യമില്ലാത്ത രാജാവ...