Friday 29 July 2022

സ്ഥാനാഭിഷിക്തനാകുന്നത് ആദ്യത്തെ സ്തേഫാനോസ് | ഡെറിൻ രാജു

സ്ഥാനാഭിഷിക്തനാകുന്നത് ആദ്യത്തെ സ്തേഫാനോസ്, രണ്ടാമത്തെ ബർന്നബാസ്, മൂന്നാമത്തെ പക്കോമിയോസ്, നാലാമത്തെ തെയോഫിലോസ്, അഞ്ചാമത്തെ പീലക്സിനോസ്, ആറാമത്തെ ഈവാനിയോസ്, സേവേറിയോസ്.

പതിനെട്ടാം നൂറ്റാണ്ട് മുതലാണ് മലങ്കര സഭയിലെ മേൽപ്പട്ടക്കാർ ഗ്രീക്ക് നാമങ്ങൾ സ്വീകരിച്ചു തുടങ്ങിയത്. അന്ത്യോഖ്യൻ സഭയുമായിട്ടുളള ബന്ധമാണ് ഗ്രീക്ക് പേരുകൾ നമ്മെ പരിചയപ്പെടുത്തിയത്. അതിനു മുമ്പ് നമുക്ക് ബന്ധമുണ്ടായിരുന്ന പേർഷ്യൻ സഭയിൽ മെത്രാപ്പോലീത്താമാർ ഗ്രീക്ക് നാമങ്ങൾ സ്വീകരിച്ചിരുന്നില്ല. അവർ മാർ യൗസേഫ്, മാർ അബ്രഹാം തുടങ്ങിയ പേരുകളായിരുന്നു ഉപയോഗിച്ചിരുന്നത്. ആ ഒരു പരിചയത്തിന്റെ കൂടി പിൻബലത്തിലാകാം 1653-ൽ തോമാ അർക്കദിയാക്കോൻ മെത്രാൻ സ്ഥാനം ഏറ്റപ്പോൾ മാർത്തോമാ എന്ന പേര് സ്വികരിച്ചത്. 1770-ൽ മാർത്തോമാ ആറാമനു വീണ്ടും പട്ടം കൊടുത്ത സന്ദർഭത്തിലാണ് മാർ ദീവന്നാസിയോസ് എന്ന ഗ്രീക്ക്  പേര് മലങ്കര പരിചയപ്പെടുന്നത്. എങ്കിലും മാർത്തോമാ ഏഴാമൻ മുതൽ ഒമ്പതമാൻ വരെയുളളവർ പഴയ രീതി തന്നെ തുടർന്നു. തൊഴിയൂർ മെത്രാൻമാർ വാഴിക്കപ്പെട്ടതും അവർ മുഖേന പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാൻ മാർ ദീവന്നാസിയോസ് എന്ന പേര് സ്വീകരിച്ചതും തുടർന്നുളളവർ ആ പതിവ് സ്വീകരിക്കുകയും ചെയ്തതോടെ ഗ്രീക്ക് പേരുകൾ സ്വീകരിക്കുന്ന പതിവ് നിലവിൽ വന്നു. 1875-ൽ മലങ്കരയിലെത്തിയ പത്രോസ് തൃതിയൻ പാത്രിയർക്കീസ് ഏഴ് പേർക്ക് മെത്രാൻ സ്ഥാനം നൽകിയതോടെ കൂടുതൽ പേരുകൾ മലങ്കരയ്ക്ക് പരിചയമായി. പഴഞ്ഞി പളളിയിൽ വച്ച് 2022 ജൂലൈ 28-നു മെത്രാപ്പോലീത്താമാരായി വാഴിക്കപ്പെട്ട ഏഴ് പേരുകൾ നേരത്തെ ആർക്കെല്ലാം നൽകിയിരുന്നു എന്നുളള  ലഘുചരിത്രമാണ് ഈ ലേഖനം.

മലങ്കര സഭയിൽ സ്തേഫാനോസ് എന്ന എപ്പിസ്കോപ്പൽ നാമം സ്വീകരിക്കുന്ന ആദ്യത്തെ മേൽപ്പട്ടക്കാരനാണ് ഏബ്രഹാം മാർ സ്തേഫാനോസ്. നടപടികളുടെ പുസ്തകം ആറാം അദ്ധ്യാത്തിൽ ഏഴ് ശെമ്മാശൻമാരിൽ ഒന്നാമനായി പേര് പറയപ്പെട്ടിരിക്കുന്ന മാർ സ്തേഫാനോസ് ഏഴ് മേൽപ്പട്ടക്കാരിൽ ആദ്യത്തെ പേരായി വിളിക്കപ്പെട്ടിരിക്കുന്നു.

മാർ ഈവാനിയോസ് എന്ന പേരിൽ മെത്രാപ്പോലീത്ത സ്ഥാനം പ്രാപിച്ച തോമസ് മാർ ഇൗവാനിയോസ് പിതാവ് ആ പേര് സ്വീകരിച്ച ആറാമത്തെ മേൽപ്പട്ടക്കാരനാണ്. ഒന്നാം കാതോലിക്കാ ആയിരുന്ന ബസേലിയോസ് പൗലോസ് പ്രഥമനാണ് ഈ പേര് ആദ്യമായി സ്വീകരിച്ചത്. പത്രോസ് തൃതിയൻ പാത്രിയർക്കീസ് 1877 മെയ് 17-നു ചിറളയം പളളിയിൽ വച്ച് അദ്ദേഹത്തെ മേൽപ്പട്ടക്കാരനായി വാഴിച്ചു. കണ്ടനാട് മെത്രാസനത്തിന്റെ അധിപനായിരുന്ന അദ്ദേഹത്തെ പരിശുദ്ധ സഭ 1912 സെപ്റ്റംബർ 15-നു കാതോലിക്ക സ്ഥാനത്തേക്ക് ഉയർത്തി. 1913 മെയ് 3-നു കാലം ചെയ്തു; പാമ്പാക്കുട ചെറിയ പളളിയിൽ കബറടങ്ങി. യുയാക്കീം മാർ ഈവാനിയോസായിരുന്നു രണ്ടാമതായി ഈ പേര് സ്വീകരിച്ചത്. ബസേലിയോസ് പൗലോസ് പ്രഥമൻ ബാവായും അബ്ദേദ് മശിഹാ പാത്രിയർക്കീസും ചേർന്ന് ചെങ്ങന്നൂർ പഴയ സുറിയാനി പളളിയിൽ വച്ച് 1913 ഫെബ്രുവരി 9-നു യുയാക്കീം മാർ ഈവാനിയോസിനെ മേൽപ്പട്ടക്കാരനായി വാഴിച്ചു. അദ്ദേഹം 1925 ജൂൺ 6-നു കാലം ചെയ്തു. പരുമല സെമിനാരിയിൽ കബറടങ്ങി. മൂന്നാമത്തെ ഈവാനിയോസായി ബഥനിയുടെ ഗീവറുഗീസ് മാർ ഈവാനിയോസിനെ 1925 മെയ് 1-നു ബസേലിയോസ് ഗീവറുഗീസ് പ്രഥമൻ ബാവാ വാഴിച്ചു. റീത്ത് സഭാ സ്ഥാപിച്ച് അദ്ദേഹം സഭ വിട്ടു പോയി. മാത്യൂസ് മാർ ഈവാനിയോസിനെ പ. ഗീവറുഗീസ് ദ്വിതിയൻ ബാവാ 1953 മെയ് 15-നു കോട്ടയം ഏലിയാ ചാപ്പലിൽ വച്ച് എപ്പിസ്കോപ്പായായി പട്ടം കെട്ടി. 1959 ജൂലൈ 12-നു മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു. കോട്ടയം ഇടവകയുടെ മെത്രാപ്പോലീത്തായായിരുന്ന പിതാവ് 1980 ഓഗസ്റ്റ് 31-നു കാലം ചെയ്തു. പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ കബറടങ്ങി. കോട്ടയത്തിന്റെ തന്നെ മെത്രാപ്പോലീത്തായായിരുന്ന ഗീവറുഗീസ് മാർ ഈവാനിയോസാണ് ഈവാനിയോസ് എന്ന നാമം സ്വീകരിച്ച അഞ്ചാമത്തെ പിതാവ്. പ. ബസേലിയോസ് മാത്യുസ് പ്രഥമൻ ബാവാ 1985 മെയ് 15-നു മാവേലിക്കര പുതിയകാവ് പളളിയിൽ വച്ച് അദ്ദേഹത്തെ എപ്പിസ്കോപ്പായായി വാഴിച്ചു. 1991 ഒക്ടോബർ 25-നു അദ്ദേഹം മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 2013 ഏപ്രിൽ 12-നു കാലം ചെയ്ത് ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ കബറടങ്ങി. 

യാക്കോബ് മാർ തെയോഫിലോസ്, ഫിലിപ്പോസ് മാർ തെയോഫിലോസ്, സഖറിയാസ് മാർ തെയോഫിലോസ് എന്നിവർക്ക് ശേഷം ദൈവസ്നേഹിതൻ എന്നർഥമുളള തെയോഫിലോസ് എന്ന നാമം സ്വീകരിക്കുന്ന നാലാമത്തെ പിതാവാണ് ഗീവറുഗീസ് മാർ തെയോഫിലോസ്. പ.ബസേലിയോസ് ഗീവറുഗീസ് ദ്വിതിയൻ ബാവാ യാക്കോബ് മാർ തെയോഫിലോസിനെ 1929 ഫെബ്രുവരി 16-നു മേൽപ്പട്ടസ്ഥാനത്തേക്ക് ഉയർത്തി. എന്നാൽ പിന്നീട് ബഥനിയുടെ മാർ ഈവാനിയോസ് റീത്ത് സഭ ഉണ്ടാക്കിയപ്പോൾ ഇദ്ദേഹവും മാർ ഇൗവാനിയോസിനെ പിൻപറ്റി സഭ വിട്ടു പോയി. ബോംബെ മെത്രാസനാധിപനായിരുന്ന ഫിലിപ്പോസ് മാർ തെയോഫിലോസ് 1966 ഓഗസ്റ്റ് 24-നു കോലഞ്ചേരി പളളിയിൽ വച്ച് പ. ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവായിൽ നിന്ന് മെത്രാപ്പോലീത്താ സ്ഥാനം പ്രാപിച്ചു. 1997 സെപ്തംബർ 28-നു കാലം ചെയ്തു. ആലുവാ തൃക്കുന്നത്ത് സെമിനാരിയിൽ കബറടങ്ങി. 2005 മാർച്ച് 5-ാം തീയതി പരുമല സെമിനാരിയിൽ വച്ചാണ് സഖറിയാസ് മാർ തെയോഫിലോസ് പ. ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതിയൻ ബാവായിൽ നിന്ന് എപ്പിസ്കോപ്പാ സ്ഥാനം പ്രാപിച്ചത്. 2006 ഫെബ്രുവരി 23 -നു മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു. മലബാർ മെത്രാസനാധിപനായിരുന്ന അദ്ദേഹം 2017 ഒക്ടോബർ 24-നു കാലം ചെയ്ത് കോയമ്പത്തൂർ തടാകം ആശ്രമത്തിൽ കബറടങ്ങിയിരിക്കുന്നു. 

ഗീവറുഗീസ് മാർ പീലക്സിനോസ്, തൊഴിയൂർ സഭയിലെ പിതാക്കൻമാരായ സ്കറിയാ മാർ പീലക്സിനോസ്, ഇടക്കാലത്ത് മലങ്കര മെത്രാപ്പോലീത്താ സ്ഥാനം വഹിച്ച കിടങ്ങൻ ഗീവറുഗീസ് മാർ പീലക്സിനോസ് എന്നിവരെ ഒഴിവാക്കിയാൽ  മാർ പീലക്സിനോസ് എന്ന പേരിൽ മലങ്കരസഭയിൽ മേൽപ്പട്ടസ്ഥാനം സ്വീകരിച്ച അഞ്ചാമത്തെ പിതാവാണ്. തൊഴിയൂലെ മേൽപ്പറഞ്ഞ പിതാക്കൻമാരെ പട്ടികയിൽ നിന്ന് മാറ്റിയാൽ രണ്ടാം കാതോലിക്കാ പ.ബസേലിയോസ് ഗീവറുഗീസ് പ്രഥമനാണ് മാർ പീലക്സിനോസ് എന്ന പേര് ആദ്യമായി സ്വീകരിച്ചത്. ബസേലിയോസ് പൗലോസ് പ്രഥമൻ ബാവായും അബ്ദേദ് മശിഹാ പാത്രിയർക്കീസും  ചേർന്ന് 1913 ഫെബ്രുവരി  9-നു ഗീവറുഗീസ് മാർ പീലക്സിനോസ് എന്ന പേരിൽ അദ്ദേഹത്തെ യുയാക്കീം മാർ ഈവാനിയോസിനൊപ്പം ചെങ്ങന്നൂർ പഴയ സുറിയാനി പളളിയിൽ വച്ച് മേൽപ്പട്ടക്കാരനായി വാഴിച്ചു. പരിശുദ്ധ സഭ അദ്ദേഹത്തെ 1925 ഏപ്രിൽ 30-നു പൗരസ്ത്യ കാതോലിക്കാ സ്ഥാനത്തേക്ക് ഉയർത്തി. 1928 ഡിസംബർ 17-നു അദ്ദേഹം കാലം ചെയ്തു. വാകത്താനം വളളിക്കാട്ട് ദയറായിൽ കബറടക്കി. പുത്തൻകാവിൽ കൊച്ചുതിരുമേനി എന്ന അപരാഭിധാനത്തിൽ അറിയപ്പെട്ട തുമ്പമൺ മെത്രാസനാധിപനായിരുന്ന ഗീവറുഗീസ് മാർ പീലക്സിനോസായിരുന്നു അടുത്തതായി ഇൗ പേര് സ്വീകരിച്ചത്. അദ്ദേഹത്തെ പ.ബസേലിയോസ് ഗീവറുഗീസ് ദ്വിതിയൻ ബാവാ 1930 നവംബർ 3-നു മേൽപ്പട്ടക്കാരനായി പട്ടംകെട്ടി. 1934 ജൂൺ 1-നു മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 1951 ഏപ്രിൽ 17-നു കാലം ചെയ്തു. പുത്തൻകാവ് പളളിയിൽ കബറടക്കി. തുമ്പമൺ മെത്രാസനത്തിന്റെ അധിപനായിരുന്ന ദാനിയേൽ മാർ പീലക്സിനോസ് പിതാവാണ് മാർ പീലക്സിനോസ് എന്ന നാമം അടുത്തതായി സ്വീകരിച്ചത്. അദ്ദേഹത്തെ പ. ഗീവറുഗീസ് ദ്വിതിയൻ ബാവാ കോട്ടയം മാർ ഏലിയാ ചാപ്പലിൽ വച്ച് 1953 മെയ് 15-നു എപ്പിസ്കോപ്പായായി പട്ടം കെട്ടി. 1959 ജൂലൈ 12-നു മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു. 1990 ഡിസംബർ 13-നു കാലം ചെയ്തു. പത്തനംതിട്ട ബേസിൽ ദയറായിൽ കബറടങ്ങിയിരിക്കുന്നു. അടുത്തതായി മാർ പീലക്സിനോസ് എന്ന നാമം സ്വീകരിച്ചത് ഡൽഹി മെത്രാസനാധിപനായിരുന്ന ഇയ്യോബ് മാർ പീലക്സിനോസായിരുന്നു. പ.ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതിയൻ ബാവാ അദ്ദേഹത്തെ 1991 ഏപ്രിൽ 30-നു പരുമല സെമിനാരിയിൽ വച്ച് എപ്പിസ്കോപ്പായായി വാഴിച്ചു. 2002 ഓഗസ്റ്റ് 27-നു മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തി. 2011 നവംബർ 20-നു അദ്ദേഹം കാലം ചെയ്തു. പത്തനാപുരം മൗണ്ട് താബോർ ദയറാ ചാപ്പലിൽ കബറടക്കി. 

ഗീവറുഗീസ് മാർ പക്കോമിയോസ്, പക്കോമിയോസ് എന്ന നാമം സ്വീകരിച്ച മൂന്നാമത്തെ മേൽപ്പട്ടക്കാരനാണ്. കണ്ടനാട് ഇടവകയുടെ മെത്രാപ്പോലീത്താ ആയിരുന്ന ജോസഫ് മാർ പക്കോമിയോസ്, മാവേലിക്കരയുടെ മെത്രാപ്പോലീത്താ ആയിരുന്ന പൗലോസ് മാർ പക്കോമിയോസ് എന്നിവരായിരുന്നു മുൻഗാമികൾ. പ. ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവായാൽ ജോസഫ് മാർ പക്കോമിയോസ് 1975  ഫെബ്രുവരി  16-നു നിരണം പളളിയിൽ വച്ച് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 1991 ഓഗസ്റ്റ് 18-നു കാലം ചെയ്തു. മുളക്കുളം കർമ്മേൽകുന്ന് പളളിയിൽ കബറടക്കി. പൗലോസ് മാർ പക്കോമിയോസ് തിരുമേനി 1993 ഓഗസ്റ്റ് 16-നു പരുമല സെമിനാരിയിൽ വച്ച് എപ്പിസ്കോപ്പാ സ്ഥാനവും 2002 ഓഗസ്റ്റ് 22-നു മെത്രാപ്പോലീത്താ സ്ഥാനവും പ.ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതിയൻ ബാവായിൽ നിന്ന് പ്രാപിച്ചു. 2012 ഓഗസ്റ്റ് 1-നു കാലം ചെയ്തു. റാന്നി പെരിനാട് ആശ്രമത്തിൽ കബറടങ്ങി. 

മാർ ബർന്നബാസ് എന്ന പേരിൽ മെത്രാപ്പോലീത്താ സ്ഥാനം പ്രാപിച്ച ഗീവറുഗീസ് മാർ ബർന്നബാസ് ആ എപ്പിസ്കോപ്പൽ നാമം സ്വീകരിച്ച രണ്ടാമത്തെ പിതാവാണ്. അമേരിക്കൻ മെത്രാസനാധിപനായിരുന്ന മാത്യൂസ് മാർ ബർന്നബാസാണ് ആ പേരിൽ സ്ഥാനമേറ്റ ആദ്യപിതാവ്. പ. ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവായിൽ നിന്ന് പഴഞ്ഞി പളളിയിൽ വച്ച് അദ്ദേഹം 1978 മെയ് 15-ാം തീയതി എപ്പിസ്കോപ്പാ സ്ഥാനവും 1981ഫെബ്രുവരി 28-നു മെത്രാപ്പോലീത്താ സ്ഥാനവും സ്വീകരിച്ചു. 2012 ഡിസംബർ 12-നു കാലം ചെയ്ത് വളയൻചിറങ്ങര പളളിയിൽ കബറടങ്ങിയിരിക്കുന്നു. 

മാർ സേവേറിയോസ് എന്ന പേരിൽ മെത്രാപ്പോലീത്താ സ്ഥാനം പ്രാപിച്ച സഖറിയ മാർ സേവേറിയോസ്, 1958-ലെ സഭായോജിപ്പിന്റെ പശ്ചാത്തലത്തിൽ പഴയ പാത്രിയർക്കീസ് കക്ഷിയിലെ (1958-നു മുമ്പുളള) ഇടവഴിക്കൽ മാർ സേവേറിയോസിനെ കൂടി ഉൾപ്പെടുത്തിയാൽ ആ പേരിൽ സ്ഥാനം പ്രാപിച്ച ആറാമത്തെ മെത്രാപ്പോലീത്തായാണ്. ഇടവഴിക്കൽ ഗീവറുഗീസ് മാർ സേവേറിയോസ് 1910 ഓഗസ്റ്റ് 28-നു അബ്ദുളള പാത്രിയർക്കീസിൽ നിന്ന് മെത്രാൻ സ്ഥാനം സ്വീകരിച്ചു. 1927 ജൂൺ 11-നു കാലം ചെയ്തു. പിന്നീട് റീത്ത് സഭയിൽ ചേർന്ന ജോസഫ് മാർ സേവേറിയോസാണ് അടുത്തതായി ആ പേര് സ്വീകരിച്ചത്. പ. ഗീവറുഗീസ് ദ്വിതിയൻ ബാവാ അദ്ദേഹത്തെ 1933 മെയ് 25-നു തിരുവല്ല ബഥനി പളളിയിയൽ വച്ച് എപ്പിസ്കോപ്പായായി വാഴിച്ചു. 1934 ജൂൺ 1-നു മെത്രാപ്പോലീത്തായുമായി. മൂന്നാമത് മാർ സേവേറിയോസ് എന്ന പേര് സ്വീകരിച്ചത് കൊച്ചി മെത്രാസനാധിപനായിരുന്ന  പൗലോസ് മാർ സേവേറിയോസായിരുന്നു. അദ്ദേഹത്തെ 1946 ഓഗസ്റ്റ് നാലിനു ഇഗ്നാത്തിയോസ് അപ്രേം പ്രഥമൻ പാത്രിയർക്കീസ് മെത്രാപ്പോലീത്തായായി വാഴിച്ചു. 1958 -ലെ സഭാ യോജിപ്പോടെ യോജിച്ച സഭയുടെ ഭാഗമായി. 1962 മാർച്ച് 17-ന് കാലം ചെയ്തു. ആർത്താറ്റ് സെ.മേരീസ് പുത്തൻപളളിയിൽ കബറടങ്ങിയിരിക്കുന്നു. അടുത്തതായി മാർ സേവേറിയോസ് എന്ന പേരോടുകൂടെ വാഴിക്കപ്പെട്ടത് യൂഹാനോൻ മാർ സേവേറിയോസായിരുന്നു. ഈ പിതാവ് 1966 ഓഗസ്റ്റ് 24-നു കോലഞ്ചേരി പളളിയിൽ വച്ച് പ. ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവായാൽ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. ഇദ്ദേഹം 1990 മെയ് 16-നു കാലം ചെയ്തു. കൊരട്ടി സീയോൻ സെമിനാരിയിൽ കബറടങ്ങിയിരിക്കുന്നു.  അടുത്തതായി ഈ  പേര് സ്വീകരിച്ച പിതാവ് ഇപ്പോഴത്തെ പരിശുദ്ധ കാതോലിക്കാ ബാവാ ആയിരുന്നു;-മാത്യൂസ് മാർ സേവേറിയോസ്. 1991 ഏപ്രിൽ 30-നു പരുമല സെമിനാരിയിൽ വച്ച് പ.ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതിയൻ ബാവാ അദ്ദേഹത്തെ എപ്പിസ്കോപ്പായായി വാഴിച്ചു. 1993 സെപ്റ്റംബർ 22 -നു മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തി. കണ്ടനാട് വെസ്റ്റ് മെത്രാസനത്തിന്റെ ചുമതല വഹിക്കവേ പ.ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ ബാവാ കാലം ചെയ്തതിനെത്തുടർന്ന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അദ്ദേഹത്തെ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. പരുമല സെമിനാരിയിൽ വച്ച് 2021 ഒക്ടോബർ 15-നു ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ എന്ന പേരിൽ അദ്ദേഹം കാതോലിക്കാ സ്ഥാനം സ്വീകരിക്കുകയും ചെയ്തു. 

ഈ ലിസ്റ്റിൽ പൗലോസ് മാർ പീലക്സിനോസ് (പിന്നീട് യാക്കോബായ വിഭാഗം ശ്രേഷ്ഠ കാതോലിക്ക), ഏബ്രഹാം മാർ സേവേറിയോസ് എന്നിവരെ കണക്കിലെടുത്തിട്ടില്ല. 1958 -നു മുമ്പ് ഇരുവിഭാഗത്തിലും വാഴിക്കപ്പെട്ടിട്ട് സഭാസമാധാനത്തിനു മുമ്പ് കാലം ചെയ്തവർ, ഓർത്തഡോക്സ് സഭയിൽ സ്ഥാനം പ്രാപിച്ചു എങ്കിലും സഭാഭൃംശം സംഭവിച്ചവർ, ഒരിക്കൽ യോജിച്ചശേഷം വീണ്ടും ഭിന്നിച്ച് പോകാത്തവർ എന്നിവരെയാണ് കണക്കിലെടുത്തിരിക്കുന്നത്.

ഒരു പാരമ്പര്യപ്രകാരം ഒരു കാതോലിക്കായോ പാത്രിയർക്കീസോ സ്ഥാനമേറ്റെടുത്ത ശേഷം നടത്തുന്ന ആദ്യ മേൽപ്പട്ടവാഴ്ചയിൽ തങ്ങളുടെ എപ്പിസ്കോപ്പൽ നാമം പുതിയതായി സ്ഥാനമേൽക്കുന്നവരിൽ ഒരാൾക്ക് നൽകാറുണ്ട്. ഇവിടെയും അത് പാലിക്കപ്പെട്ടു. ഒന്നാം കാതോലിക്കാ ബസേലിയോസ് പൗലോസ് പ്രഥമൻ സ്ഥാനമേറ്റേ ശേഷം ആദ്യം (ഏക) നടത്തിയ മേൽപ്പട്ടസ്ഥാനാഭിഷേകത്തിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന മാർ ഈവാനിയോസ് നൽകി യുയാക്കിം മാർ ഈവാനിയോസിനെ വാഴിച്ചു. മൂന്നാം കാതോലിക്കാ ബസേലിയോസ് ഗീവറുഗീസ് ദ്വിതിയൻ ബാവ തന്റെ സ്ഥാനാരോഹണത്തിനു ശേഷം നടത്തിയ ആദ്യ വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന ഗ്രീഗോറിയോസ് നൽകി കുറിയാക്കോസ് മാർ ഗ്രീഗോറിയോസിനെ വാഴിച്ചു. നാലാം കാതോലിക്കാ ബസേലിയോസ് ഔഗേൻ പ്രഥമൻ തന്റെ സ്ഥാനാരോഹണത്തിനു ശേഷം നടത്തിയ ആദ്യ വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന തീമോത്തിയോസ് നൽകി തോമസ് മാർ തീമോത്തിയോസിനെ (പിന്നീട് ദിദിമോസ് പ്രഥമൻ ബാവാ) വാഴിച്ചു. ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവാ തന്റെ സ്ഥാനാരോഹണത്തിനു ശേഷം നടത്തിയ ആദ്യ വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന അത്താനാസിയോസ് നൽകി യൂഹാനേ‑ാൻ മാർ അത്താനാസിയോസിനെ വാഴിച്ചു. ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതിയൻ ബാവാ തന്റെ സ്ഥാനാരോഹണത്തിനു ശേഷം നടത്തിയ ആദ്യ വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന കൂറീലോസ് നൽകി ഗീവറുഗീസ് മാർ കൂറീലോസിനെ വാഴിച്ചു. ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ ബാവാ തന്റെ സ്ഥാനാരോഹണത്തിനു ശേഷം നടത്തിയ ആദ്യ വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന തീമോത്തിയോസ് നൽകി മാത്യൂസ് മാർ തീമോത്തിയോസിനെ വാഴിച്ചു. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ ബാവാ തന്റെ സ്ഥാനനാമമായിരുന്ന സേവേറിയോസ് നൽകി സഖറിയ മാർ സേവേറിയോസിനെ വാഴിച്ചു പാരമ്പര്യം പിന്തുടർന്നു. മേൽപ്പട്ടക്കാരെ വാഴിച്ച കാതോലിക്കാമാരിൽ രണ്ടണ്ടാം കാതോലിക്കാ ബസേലിയോസ് ഗീവറുഗീസ് പ്രഥമൻ ബാവ ഇത് പിന്തുടർന്നില്ല. അദ്ദേഹം നടത്തിയ മേൽപ്പട്ടവാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന പീലക്സിനോസ് നൽകിയില്ല. പകരം ഈവാനിയോസ് നൽകി ഗീവറുഗീസ് മാർ ഈവാനിയോസിനെ വാഴിച്ചു.

No comments:

Post a Comment

കുരിശ് സംസാരിക്കുന്നത് സ്നേഹം | ഡെറിന്‍ രാജു

രണ്ടായിരം വർഷങ്ങൾക്കപ്പുറം ജറുശലേമിൻ്റെ വെളിമ്പ്രദേശത്ത് നാട്ടിയ കുരിശ് സംസാരിച്ചതും ഇന്നും സംസാരിക്കുന്നതും സ്നേഹമാണ്. രാജ്യമില്ലാത്ത രാജാവ...