ഒരു പലായനമദ്ധ്യത്തിൽ പിറന്നു വീണവന്റെ ജന്മദിനമാണ്.
ഇന്നും ലോകത്ത് പലായനമദ്ധ്യത്തിലും ചെക്ക് പോസ്റ്റുകളിലും പിറന്നു വീഴുന്നത് എത്രയോ കുരുന്നുകളാണ്.
ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഇസ്രായേൽ - പാലസ്തീൻ സംഘർഷം രൂക്ഷമായിരുന്ന ഈ നൂറ്റാണ്ടിന്റെ ആദ്യ നാല് വർഷങ്ങളിൽ 61 കുട്ടികളാണ് ചെക്ക് പോസ്റ്റുകളിൽ പിറന്നു വീണത്. അതിൽ 39 - ഉം മരിച്ചു പോവുകയും ചെയ്തു. വീണ്ടും സംഘർഷഭൂമിയായിരിക്കുന്ന പശ്ചിമേഷ്യയിൽ കുരുന്നുകളുടെ നിലവിളികൾ ഉയരുകയാണ്. ലോകമെമ്പാടും, യുദ്ധക്കെടുതികൾ ഉണ്ടാകുന്ന എവിടെയും ഇതൊക്കെ തന്നെയാണ് സാഹചര്യം.
ബേതലഹേം ഇത്തവണ ക്രിസ്തുമസ് ആഘോഷിക്കുന്നില്ല എന്ന വാർത്തയാണ് ഒടുവിൽ കേട്ടത്. റാഹേൽ മക്കളെച്ചൊല്ലി കരയുന്നു എന്ന് യിരമ്യാവ് എഴുതിയത് 2600 വർഷങ്ങൾക്ക് മുമ്പാണ്. ഇന്നും അത് അവസാനിക്കുന്നില്ല. അഭിനവ ഹെറോദാക്കളുടെ വാളിനിരയാകുന്ന ഓരോ കുഞ്ഞും മനുഷ്യരാശി മുഴുവന്റെയും വേദനയാണ്. കണ്ണിനു പകരം കണ്ണെന്ന നിയമത്തിൽ പോലും കാണാത്തതാണ് ശിശുക്കളുടെയും കുട്ടികളുടെയും ഹത്യ. അത് ഒരു വംശഹത്യ തന്നെയാണ്.
പ്രത്യാശയാണല്ലോ മനുഷ്യ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഊർജം. ക്രിസ്തുമസ് കാലം പ്രതീഷയുടേതാകട്ടെ. ഈ ലോകത്തിൽ പിറന്ന് വീഴുന്ന ഓരോ കുഞ്ഞും മനുഷ്യനിൽ ദൈവത്തിനുള്ള പ്രതീക്ഷ നഷ്ടപ്പെട്ടില്ല എന്നതിന്റെ സൂചനയാണെന്ന് ടാഗോർ എഴുതിയിട്ടുണ്ട്. പ്രത്യാശയിൽ സന്തോഷിക്കാൻ പൗലോസും എഴുതിയിട്ടുണ്ടല്ലോ. രാവുറങ്ങി ഉണരുന്നത് എപ്പോഴും പുലരിയിലേക്കാണല്ലോ. ഒരു മഴയും തോരാതിരുന്നിട്ടുമില്ല.
പ്രതീക്ഷകളുടെ ക്രിസ്തുമസ് ആശംസകൾ.
ഡെറിൻ രാജു
25.12.2023
No comments:
Post a Comment