എല്ലാ ചിത്രങ്ങളും കൈകൊണ്ട് വരയ്ക്കുന്നതല്ല!
അകക്കണ്ണുകൊണ്ട് നമ്മൾ വരയ്ക്കുന്ന ചിത്രങ്ങളുണ്ട്.
മറിയാമിനെപ്പറ്റി അത്തരം ചില ചിത്രങ്ങളുണ്ട്. ഒരു സന്ദേശവാഹകൻ അയാൾക്ക് ഒട്ടുമേ പരിചിതമല്ലാത്ത ഒരു വിധേയത്വഭാവത്തിൽ നടത്തുന്ന ഒരു അഭിസംബോധനയിലും ആഹ്വാനത്തിലും പരിഭ്രമിക്കുന്ന ഒരു നിരാലംബയായ ദേവാലയവാസിയായ ഒരു പെൺകുട്ടിയുടെ ചിത്രമാണതിൽ ആദ്യത്തേത്. പിന്നീട്, വഴിയമ്പലങ്ങളിൽ ഇടമില്ലാതെ ഒരു മുറി എവിടെങ്കിലും കണ്ടെത്താൻ പരതുന്ന ഒരു ഗർഭിണിയിൽ തുടങ്ങി വാളിൻ്റെ വായ്ത്തലകൾക്കിടയിലൂടെ ഒരു കുഞ്ഞിനെ മാറോടണച്ചോടുന്ന ഒരമ്മയിൽ തുടർന്ന എത്രയധികം ചിത്രങ്ങളാണ് മറിയാമിനെപ്പറ്റി ഓർക്കുമ്പോൾ നമ്മുടെ മുമ്പിൽ തെളിയുന്നത്? അവസാനം മതനിന്ദയും രാജനിന്ദയും ആരോപിച്ച് കൊല ചെയ്ത ഒരു വിപ്ലവകാരിയുടെ കഴുമരത്തിൻ്റെ ചുവട്ടിൽ നിന്ന ലോകപ്രകാരം ഹതഭാഗ്യയായ അവൻ്റെ അമ്മ.
ആത്മസംഘർഷങ്ങളുടെ കടലാഴങ്ങളിലും അവൾ സ്ഥിരചിത്തയായിരുന്നു. കോട്ടകൾ പോലെ തൻ്റെ മുമ്പിലുയർന്ന പ്രതിസന്ധികളേയും പരിഹാസങ്ങളെയും അവൾ എങ്ങനെയായിരിക്കും അതിജീവിച്ചിട്ടുണ്ടാകുക? ഭ്രാന്തനായ നസറേത്തുകാരൻ്റെ അമ്മയെന്ന ആക്ഷേപം എത്രവട്ടമവൾ കേട്ടിരിക്കാം. എങ്കിലും തൻ്റെ നിയോഗത്തെ അവിശ്വസിക്കാതെ തൻ്റെ വിളിയിൽ നിലനിന്ന ഒരുവൾ. ആ നിലനിൽപ്പിൻ്റെ ഫലമാണ് കാലാതിവർത്തിയായ ആ സ്മരണ. തലമുറകളുടെ പൈദാഹങ്ങളെ അടക്കിയ ഉറവ ഉദയം ചെയ്ത ഭൂമിയാണവൾ. ആ ഓർമ്മ തന്നെ ഒരു ധൈര്യമാണ്; ആനന്ദദായകമായ തെളിനീരു പോലൊരു ഓർമ്മ.
മനസ് ചഞ്ചലമാകുമ്പോൾ, ബോധ്യങ്ങളുലയുമ്പോൾ ഉറപ്പിച്ചു നിർത്തുവാനുള്ള ഒരു കടിഞ്ഞാണാണ് വിമല കന്യകയുടെ ഓർമ്മ. എക്കാലവും നിലനിൽക്കുന്ന ചൈതന്യവത്തായ ഒരോർമ്മ. ആ ജീവിതമപ്പാടെ ഒരു ധ്യാനമായിരുന്നു; പൂർണ അർഥത്തിൽ ഒരു പ്രാർഥനയായിരുന്നു. ഇരുൾ മൂടിയ നമ്മുടെ പാതയോരങ്ങളിൽ വെളിച്ചമേകി തെളിഞ്ഞ് കത്തുന്ന ഒരു വഴിവിളക്കാണത്. കാറ്റിലുലയാത്ത, മഴയിൽ കെടാത്തയൊന്ന്.
ഡെറിൻ രാജു
ആഗസ്റ്റ് 14, 2004
No comments:
Post a Comment